സാഗര്‍ രാമായണം കൊറോണകാലത്ത്

69

Suja Susan George

സാഗര്‍ രാമായണം കൊറോണകാലത്ത്.

ലോകരാഷ്ട്രങ്ങള്‍ മിക്കവാറും സ്വയം പൂട്ടി അകത്തിരിപ്പാണ്.ഇതു വരെ മാനവലോകം ആര്‍ജ്ജിച്ച പൊതുജീവിതം എന്ന സംസ്ക്കാരത്തിന്‍റെ എതിര്‍വഴിയെ ആണോ കൊറോണ ലോകത്തിന്‍റെ സഞ്ചാരം എന്ന നിലക്ക് വീടിനുള്ളിലേക്ക് ലോകം പിന്‍വലിയേണ്ട സാഹചര്യം വന്നിരിക്കുന്നു. ഈ മാരകപകര്‍ച്ചപ്പനിയെ അതിജീവിക്കുക എന്ന പ്രയാസമേറിയ പോരാട്ടത്തിലൂടെ കടന്നു പോകുമ്പോഴും മനുഷ്യരുടെ ഭീതി,ഒറ്റപ്പെടല്‍,ഏകാന്തത,നിരാശ,അതിരുകവിഞ്ഞ ആകാംഷ, ദാരിദ്ര്യം,തൊഴില്‍ നഷ്ടം എന്നിങ്ങനെയുള്ള എത്രയോ ഭൗതികവും വൈകാരികവുമായ യാഥാര്‍ത്ഥ്യങ്ങളെയും ഭരണകൂടങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. മാനസികവും സാമൂഹികവുമായ പിന്തുണ കൊടുക്കേണ്ടതുണ്ട്.ഇതിന്‍റെ പ്രത്യക്ഷമായ ദൃഷ്ടാന്തമാണ് മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം കാത്തിരിക്കുന്ന മലയാളികള്‍ ! മനുഷ്യരെ ജീവിക്കാനായി പ്രേരിപ്പിക്കലും ധ്യൈര്യപ്പെടുത്തലും എല്ലാവരുടെയും ഒപ്പം സര്‍ക്കാരുണ്ട് എന്ന തോന്നലും ഇക്കാലത്ത് എത്ര ആശ്വാസമാണെന്ന് ലോകത്തുള്ള എല്ലാ മലയാളികളും അഭിമാനത്തോടെ പറയുന്നു. അതെ ,എല്ലാത്തരം വിഭാഗീയതകളെയും ദേശാതിര്‍ത്തികളെയും തട്ടി നിരത്തിയാണ് കൊറോണ വ്യാപിക്കുന്നത്. ലോകം ഒന്നായി ,ഒറ്റക്കെട്ടായി പ്രതിരോധമായി നിലകൊള്ളണ്ട കാലം.  എന്നാല്‍ രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ ഈ ലോക്ഡൗണ്‍ കാലത്ത് പുനപ്രക്ഷേപണം ചെയ്യുന്നത് സദുദ്ദേശത്തിലല്ല.അത് വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കാനാണ്.

1987-88 കാലത്താണ് അന്നു വരെ നിലവിലിരുന്ന ദേശീയബ്രോഡ്കാസ്റ്റിങ് നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് അന്നത്തെ കോണ്‍ഗ്രസ് മന്ത്രാലയം രാമായണം സീരിയലിന് പ്രക്ഷേപണാനുമതി നല്‍കിയത്. ദേശീയമാധ്യമം എന്ന നിലയില്‍ ഏതെങ്കിലും ജാതിമതവിഭാഗങ്ങളോട് പ്രത്യേക താല്‍പര്യം കാണിക്കുന്നത് നിയമവിരുദ്ധമാണ്. അന്നത്തെ സെക്രട്ടറി എസ് എസ് ഗില്ലാണ് ദൂരദര്‍ശനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് രാമായണം സീരിയലിന്‍റെയും തൊട്ടടുത്ത വര്‍ഷം ഡിഡിയില്‍ പ്രക്ഷേപണം ചെയ്ത മഹാഭാരതംസീരിയലിന്‍റെയും പിന്നിലെ ആസൂത്രകനായത്
രാമാനന്ദസാഗര്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാമായണം ഒരുക്കിയത്. ദേവത്വവും രാക്ഷസീയതയും തമ്മിലുള്ള സംഘര്‍ഷം മാത്രം കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. യാതൊരു വിധത്തിലുമുള്ള സംവാദസാധ്യതയുമില്ലാത്ത സനാതനഹിന്ദു സങ്കല്പത്തിന് ചേരുംപടി നിര്‍മ്മിച്ചെടുത്തതാണ് ഒാരോ കഥാപാത്രത്തെയും.സര്‍വ്വം സഹയായ സീതയും ശംബൂകനെ കൊന്ന രാമനും അങ്ങനെ ആധുനിക സ്ത്രീത്വത്തിന്‍റെയുംപുരുഷത്വത്തിന്‍റെയും വാര്‍പ്പ് മാതൃകയായി. പിന്നെയുള്ള ചരിത്രത്തിന്‍റെ തുടര്‍ച്ചയാണ് സിഎഎയിലും എന്‍ആര്‍സിയിലും വന്ന് നില്‍ക്കുന്ന ഭൂരിപക്ഷമതത്തിന്‍റെ രാഷ്ട്രീയം . അതിന്‍റെ മുന്‍ അധ്യായങ്ങളാണ് 2002ലെ അദ്വാനിയുടെ രഥയാത്ര,രാമജന്മ ഭൂമി,ബാബ്റിമസ്ജിദ്, ഗുജറാത്ത് വംശഹത്യ,ഒറീസാ കലാപം ,പിന്നെ ഷഹിന്‍ബാഗ്. മനുഷ്യരെ മനുഷ്യത്വത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനും സഹജീവിസ്നേഹം വളര്‍ത്തുന്നതിനും സാമൂഹ്യനീതിയും ജനാധിപത്യവും ഉറപ്പാക്കുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം സെക്ടേറിയനിസം വളര്‍ത്തുന്ന ഇടപെടലാണ് ദൂരദര്‍ശന്‍ വഴി നാളെ മുതല്‍ അരങ്ങേറാന്‍ പോകുന്നത്.

Advertisements