പായിപ്പാട് സംഭവം ​ഗൂഢാലോചനയോ കുത്തിത്തിരിപ്പോ ആകാം, പക്ഷെ സർക്കാർ ഇടപെടേണ്ട പ്രശ്നങ്ങൾ അതിഥി തൊഴിലാളികൾക്ക് ഉണ്ട്

57
സഹദേവൻ കെ എഴുതുന്നു
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് പായിപ്പാട് സംഭവിച്ചത്. ​ഗൂഢാലോചനയാകാം. കുത്തിത്തിരിപ്പാകാം. തൊഴിലാളികൾ സ്വയം സംഘടിച്ചതാകാം. എന്നാൽ ഇത്തരമൊരു സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾക്കപ്പുറത്ത്, ​ഗ്രൗണ്ട റിയാലിറ്റി മനസ്സിലാക്കിക്കൊണ്ട് ഇടപെടേണ്ടതുണ്ടെന്ന് കഴിഞ്ഞ 6 ദിവസമായി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കാരണം അവരുടെ അവസ്ഥ അത്രയും ശോചനീയമാണ് എന്നറിയുന്നതുകൊണ്ട്.
150-200 ച.അടി മുറിയിൽ 6-7 ആളുകൾ താമസിക്കുന്ന സ്ഥലങ്ങളുണ്ട്. എത്രയോ പേർ താമസിക്കുന്നത് വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. അവരുടെ താമസ കേന്ദ്രങ്ങളിലെ പ്രശ്നങ്ങളെ സംബന്ധിച്ച് എത്രയോ കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ആരും കേട്ടില്ല. വീടിന് പുറത്തിറങ്ങിയാൽ പോലീസ് തല്ലും. രോ​ഗ ഭയമുള്ളതുകൊണ്ട് നാട്ടുകാരും അകറ്റും. ഈ കൊച്ചു കുടുസ്സു മുറിയിൽ അവർ 21 ദിവസം എങ്ങിനെ ജീവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? അവരെ കുറച്ചുകൂടി വിശാലമായ കെട്ടിടങ്ങളിലേക്ക്, സ്കൂൾ, കല്യാണ മണ്ഡപങ്ങൾ, പ്രാർത്ഥനാ ഹാളുകൾ, ഒഴിഞ്ഞ കെട്ടിടങ്ങളിൽ എന്നിവിടങ്ങളിലേക്ക് പാർപ്പിക്കണമെന്നും അവരുടെ ഭക്ഷണത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക സർക്കാർ ഏറ്റെടുക്കണം എന്നും ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നിവേദനങ്ങൾ, വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കൽ തുടങ്ങിയ പല കാര്യങ്ങൾ സാധ്യമായ രീതിയിൽ ഈ ഐസലോഷൻ പിരീയഡിലും നടത്തിക്കൊണ്ടിരുന്നു.
അരമണിക്കൂർ മുമ്പുപോലും കാക്കനാട് ഇൻഫോ പാർക്കിൽ നിന്നും 450ഓളം തൊഴിലാളികളുടെ പ്രതിനിധിയായി ഒരാൾ വിളിച്ചു. വീട്ടിൽ പോകണം എന്നാവണവരുടെയും ആ​ഗ്രഹം. കാരണം രോ​ഗഭീതി തന്നെ. 1 മീറ്റർ അകലത്തിൽ കഴിയാനുള്ള സാഹചര്യമല്ല അവരുടെ താമസ സ്ഥലത്തുള്ളത്. കയ്യിലെ കാശും തീർന്നുകൊണ്ടിരിക്കുന്നു. പോലീസ് അവിടെ ചെന്നുപോലും. ഇപ്പോൾ. എല്ലാവരും വീടുകളിൽ കഴിയണം എന്ന ഉപദേശവും കൊടുത്ത്, ആളുകളുടെ നമ്പറും വാങ്ങിക്കൊണ്ട് പോയത്രെ. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഇംപാക്ട്!!
കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരന്തരം ഫോൺ വിളികൾ വരുന്നു. അവർക്ക് ഭയമുണ്ട്. തൊഴിലില്ലായ്മ, ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക, നാട്ടുകാരെക്കുറിച്ചുള്ള ഉത്കണ്ഠ, കേരളത്തിലാണ് രോ​ഗം കൂടുതലെന്ന അവരുടെ ധാരണ… ഈയൊരു സാഹചര്യത്തിൽ അവരെ ശരിയായ രീതിയിൽ പരി​ഗണിച്ചില്ലെങ്കിൽ അത് കേരളത്തിന്റെ തലക്ക് മുകളിലുള്ള ടൈംബോംബാണെന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട്. ​ആർക്കുവേണമെങ്കിലും നിയന്ത്രിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ടൈംബോബ്.
പല തവണ ആവർത്തിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. അവരുടെ സുരക്ഷ കൂടിയാണ് നമ്മുടെ സുരക്ഷ എന്നത്. കാരണം ഏപ്രിൽ 14ാം തീയ്യതി കഴിഞ്ഞാൽ കൊറോണ വൈറസുകൾ വണ്ടി കയറിപ്പോകാൻ പോകുന്നില്ല. ഈ ലക്ഷക്കണക്കായ തൊഴിലാളികൾ നമുക്കിടയിൽ തന്നെയുണ്ടാകും. നിങ്ങളെത്ര തന്നെ അകലം പാലിച്ചാലും അവർ രോ​ഗബാധിതരാണെങ്കിൽ എന്തുചെയ്യും?
ഓരോ വിഷയം ഉന്നയിക്കുമ്പോഴും അത് പ്രാദേശിക തലത്തിൽ കണ്ടറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട്. ഉദ്യോ​ഗസ്ഥ തലത്തിൽ, ജനപ്രതിനിധികളുടെ തലത്തിൽ, ആക്ടിവിസ്റ്റുകളുടെ തലത്തിൽ, രാഷ്ട്രീയ നേതൃത്വങ്ങളുടെ തലത്തിൽ… പക്ഷേ ഓരോ പ്രശ്നങ്ങളെയും വ്യക്തിതലത്തിൽ പരിഹരിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് ഇപ്പോഴുമുണ്ട്.
വീണ്ടും പറയുന്നു മഞ്ഞ് മലയുടെ മുകളറ്റം മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. അതിനാൽ ഇനിയും വൈകിയിട്ടില്ല. അവരിൽ കൂടുതൽ അസ്വസ്ഥത പടരും മുമ്പെ പരിഹാര ശ്രമങ്ങൾ ആരംഭിക്കുക.
എത്രയും പെട്ടെന്നു തന്നെ
* ഏറ്റവും ക്രൗഡഡ് ആയി താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും തൊഴിലാളികളെ വൃത്തിയും സൗകര്യങ്ങളുമുള്ള സ്ഥലങ്ങളിലേക്ക് മാറ്റുക
* അവരുടെ ഭക്ഷണം പഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് മാറ്റുക
* ഈയവസരത്തിൽ തന്നെ അവരുടെ കണക്കെടുപ്പുകൾ നടത്തുക
* അവർക്കിടയിൽ സൗജന്യ ടെസ്റ്റ് നടത്തുക
* രോ​ഗബാധിതരെ പ്രത്യേകമായി പാർപ്പിക്കാൻ സൗകര്യമുണ്ടാക്കുക
ഇത്രയും കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണ് വേണ്ടത്.