ഗോകുൽ സുരേഷേ…അച്ഛനെപ്പോലെ തരംതാഴരുതേ

0
764

സായിശ്യാം

ഗോകുൽ സുരേഷേ…ഗുരുവായൂർ ദേവസ്വം 5 കോടി രൂപ കൊറോണ പോരാട്ടത്തിനായി ഗവർമെന്റിന് നൽകിയതിനെതിരെയുള്ള താങ്കളുടെ പോസ്റ്റും, അമ്പലം അയാലും പള്ളിയായാലും ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന താങ്കളുടെ നിലപാടും, ഏതെങ്കിലും മുസ്‌ലിം ക്രിസ്ത്യൻ പള്ളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടുണ്ടോ എന്ന താങ്കളുടെ മില്യൻ ഡോളർ ചോദ്യവും കാണുകയുണ്ടായി.അമ്പലങ്ങളുടെ/ഹിന്ദുക്കളുടെ പണം കമ്മ്യൂണിസ്റ്റ് സർക്കാർ കയ്യിട്ടുവാരുന്നു എന്ന സംഘപരിവാർ നുണകളുടെ പ്രചാരണാർത്ഥം തന്നെയാണ് ഈ ആകുലത പോസ്റ്റ് ചെയ്യപ്പെട്ടത് എന്ന ഉത്തമബോധ്യത്തോടെ കുറച്ച് വസ്തുതകൾ പറഞ്ഞു കൊള്ളട്ടെ.മുസ്ലിം ക്രിസ്ത്യൻ പള്ളികൾ കോവിഡ് പ്രതിരോധത്തിനായി പണം നൽകിയിട്ടുണ്ടോ?

കേരളത്തിലെ വഖഫ് ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരുകോടി പത്തുലക്ഷം രൂപയാണ്. ഇന്ത്യയിലെ വിവിധ മുസ്ലിം വഖഫ് ബോർഡുകൾ കോവിഡ് പ്രതിരോധത്തിനായി ഗവർമെന്റ്നു നൽകിയത് 51 കോടി രൂപയാണ്. കേരളത്തിലെ കത്തോലിക്കാ സഭാരൂപതകൾ കേരളാ സർക്കാരിന് കോവിഡ് പ്രതിരോധത്തിനായി നൽകിയത് ഒരുകോടി മൂന്നരലക്ഷം രൂപയാണ്. അതിനുപുറമേ വിവിധ മുസ്ലിം ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ തങ്ങളുടെ ഹോസ്പിറ്റലുകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവ ക്വാറന്റൈനായി വിട്ടുകൊടുത്തും മെഡിക്കൽ ഉപകരണങ്ങൾ, ആയിരക്കണക്കിന്‌ PPE കിറ്റുകൾ നൽകിയും ഈ മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരിന് കരുത്തേകുന്നു. ഇതിന്റെ മൊത്തം മണി വാല്യു കണക്കാക്കിയാൽ എത്ര വരും?

ഇനി രസകരമായ ഒരു വസ്‌തുത പറയാം. മുസ്‌ലിം ക്രിസ്ത്യൻ പള്ളികളുടെ നടത്തിപ്പിനോ നവീകരണത്തിനോ വേണ്ടി സർക്കാർ പണം ചെലവാക്കാറില്ല. എന്നാൽ ദേവസ്വം ബോര്ഡിനു കീഴിൽ വരുന്ന ആയിരത്തിലേറെ അമ്പലങ്ങൾക്ക് വേണ്ടി സർക്കാർ നികുതിപ്പണം ചെലവാക്കുന്നുണ്ട്! അതായത് സർക്കാർ സഹായം കൈപ്പറ്റുന്ന ദേവസ്വം ബോർഡിന് കീഴിലുള്ള ഗുരുവായൂർ അമ്പലം, 5 കോടിരൂപ ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന് കൊടുത്ത നടപടിയെ ചോദ്യം ചെയ്യാൻ നിങ്ങൾ ഉന്നയിക്കുന്ന ചോദ്യം, സർക്കാരിന്റെ സഹായം കൈപ്പറ്റാത്ത പള്ളികൾ സർക്കാരിന് എന്തു സഹായം നൽകി എന്നാണ്.!! എന്തു അപഹാസ്യമാണത്. അവരാണെങ്കിൽ സഹായം നൽകി മാതൃക ആവുകയും ചെയ്തു.

അമ്പലങ്ങൾക്ക് സർക്കാർ എന്തു സഹായം ആണ് നൽകിയിട്ടുള്ളത്?
വരുമാനം ഇല്ലാത്ത അമ്പലങ്ങളിലും ഗവണ്മെന്റ് സാലറി സ്കെയ്ലിൽ സ്ഥിര വരുമാനമായി ശമ്പളം കൈപ്പറ്റുന്ന എത്ര ബ്രാഹ്മിൻസ് ഉണ്ടെന്നു അറിയുമോ. ആരാ ശമ്പളവും ആനുകൂല്യവും കൊടുക്കുന്നത് എന്നറിയുമോ. ദേവസ്വം ബോർഡ്. ശബരിമല പോലെ എല്ലാ ക്ഷേത്രങ്ങളും ലാഭത്തിൽ പ്രവർത്തിക്കുന്നവയല്ല. അപ്പൊ ക്ഷേത്ര പരിപാലന ആവശ്യങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന പൊതുപണം ഇന്നാട്ടിലെ എല്ലാ മതക്കാരുടെയും പണമാണ്. മാത്രവുമല്ല സർക്കാരിന്റെ പൊതുസംവിധാനങ്ങൾ ശബരിമല അടക്കമുള്ള അമ്പലങ്ങളുടെ നടത്തിപ്പിനായി ഉപയോഗിക്കുന്നുണ്ട്. ഈ ‘പൊതു’സംവിധാനങ്ങൾ ഒക്കെയും പൊതുജനങ്ങളുടെ നികുതിപ്പണമാണ്.! അല്ലാതെ ഹിന്ദുക്കൾ മാത്രം നൽകുന്ന നികുതിയല്ല.

കഴിഞ്ഞ വർഷം സംഘപരിവാർ അനുകൂലികൾ ഇതേ വിവാദം ഉയർത്തിയപ്പോൾ ദേവസ്വം മന്ത്രി തന്നെ വരവ് ചെലവ് കണക്കുകൾ പുറത്ത് വിട്ടിരുന്നു. 2017-18 കാലയളവില്‍ ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആകെ ലഭിച്ചത് 683 കോടി രൂപയാണ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളില്‍ ചിലവിനെക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളില്‍ മാത്രമാണ്. 1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സര്‍ക്കാര്‍ സഹായവും ഉപയോഗിച്ചാണ്. ഈ കാലയളവില്‍ ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചു.

പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ ആകെ ചിലവാക്കുന്ന 487 കോടി രൂപ ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ആ സാമ്പത്തിക വര്‍ഷം വേണ്ടി വന്നത് 678 കോടി രൂപയാണ്. 2017-18 സാമ്പത്തിക വർഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. ടൂറിസം വകുപ്പും ഇതിനായി പണം ചിലവഴിക്കുന്നുണ്ട്. 2017ൽ മാമംഗലം ക്ഷേത്രത്തിന്റെ നവീകരണത്തിനായി 70 ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് കൊടുത്തത്.

ഇനി ഇക്കഴിഞ്ഞ വർഷത്തെ കേരളാ ബഡ്ജറ്റ് മാത്രം പരിശോധിച്ചാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ, മലബാർ, കൊച്ചി ദേവസ്വം ബോര്ഡുകൾക്ക് 36 കോടി രൂപ, ശബരിമലയിൽ നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ ഇടത്താവളങ്ങൾ ഒരുക്കാൻ വേണ്ടി കിഫ്ബിയിലൂടെ 142 കോടി രൂപ, ശബരിമല തീര്ഥാടനത്തിനുള്ള പ്രത്യേക ഗ്രാന്റ് ആയി 30 കോടി രൂപ നീക്കി വച്ചു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം അടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷണത്തിനായി 5 കോടി രൂപയുടെ പ്രത്യേക പ്രോജക്റ്റ് പ്രഖ്യാപിക്കുകയും തത്വമസി എന്ന പേരിൽ ഒരു തീർത്ഥാടന ടൂറിസം സർക്ക്യൂട്ട് ആരംഭിക്കുകയും ട്രാവൻകൂർ ഹെറിറ്റേജ് സ്‌കീം പ്രകാരം 10 കോടി രൂപ അതിനായി നീക്കിവെക്കുകയും ചെയ്തു. എന്തിനേറെ, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഈ കോവിഡ് കാലത്ത് അനുവദിച്ചത് 10 കോടി രൂപയാണ്.!ക്ഷേത്രത്തിന്റെ പണം സർക്കാർ തോന്നിയപോലെ കയ്യിട്ടു വരുന്നില്ലേ?

ഒരു ക്ഷേത്രത്തിന്റെ സ്വത്തുക്കൾ ഗവർമന്റിന്റെയോ ഏതെങ്കിലും വ്യക്തിയുടെയോ പേരിൽ അല്ല(കുടുംബ ക്ഷേത്രങ്ങൾ ഇങ്ങിനെ അല്ലാത്തതിനാൽ അതു ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്നില്ല) പിന്നെയോ? അത് അതാത്‌ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയുടെ/ദേവന്റെ/ദേവിയുടെ പേരിലാണ് നിക്ഷിപ്തം. പക്ഷെ അമ്പലത്തിലെ പ്രതിഷ്ഠക്ക് സ്വത്തുക്കൾ സ്വന്തം തീരുമാനപ്രകാരം ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ നിയമപരമായി ആ ‘സ്വത്തുടമകളെ’ മൈനർ (minor) ആയി ആണ് കോടതി കണക്കാക്കുന്നത്. അതിനാൽ കോടതി ഇതിന്റെ മേൽനോട്ടചുമതല അതാത് സംസ്ഥാന ഗവർമെന്റ്കളെ ഏല്പിക്കുകയും ഗവർമെന്റ് അതിന്റെ മേൽനോട്ടത്തിനായി ‘ദേവസ്വം ബോർഡ്’ രൂപീകരിക്കുകയും ആണ് ചെയ്തത്. ഗുജറാത്ത് അടക്കമുള്ള ഹിന്ദു മുന്നണികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങൾ നടത്തുന്നത് ഗവർമെന്റ് ആണ്. കേരളത്തിൽ മാത്രമുള്ള സംഗതിയല്ല ഇതെന്നു ചുരുക്കം.!

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രത്തിന്റെ വരുമാനം പോവുന്നത് ട്രേഷറി ബാങ്കിലേക്ക്(സാധാ ട്രഷറി അല്ല) ആണ്. അത് പൂർണമായും റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. വേണമെങ്കിൽ ബാങ്കിൽ നിന്നും കടം എടുക്കുന്ന പോലെ അവിടുന്നു ഗവൺമെന്റിന് ലോണ് ആയി പണം എടുക്കാം. സാധാ ബാങ്ക് പലിശയെക്കാൾ ഉയർന്ന പലിശയാണതിന്. ഹൈക്കോടതിയുടെ അനുവാദത്തോടെ മാത്രമേ എടുക്കാനും സാധിക്കുകയുള്ളു. കൻഡ്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആണ് ക്ഷേത്രങ്ങളുടെ വരവ് ചിലവ് കണക്കുകൾ പരിശോധിക്കുന്നത്. പരിശോധിച്ചാൽ മാത്രം പോര അത് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ബോധിപ്പിക്കുകയും വേണം.

ദേവസ്വം നടത്തിപ്പിൽ എന്തെങ്കിലും അപാകത തോന്നുന്ന ഏതൊരാൾക്കും ഹൈക്കോടതിയെ സമീപിക്കാം, ഇത്തരം കേസുകൾ പരിഗണിക്കുന്നതിനു മാത്രമായി ഹൈക്കോടതിയിൽ ഒരു ബെഞ്ചുണ്ട്. അതിന്റെ പേര് തന്നെ ‘ദേവസ്വം ബെഞ്ചേന്നാണ്’. ഗുരുവായൂർ ക്ഷേത്രം 5 കോടി കൊടുത്തിനെതിരെ ഹിന്ദു ഐക്യ വേദി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളുകയാണുണ്ടായത്.!

ഗോകുൽ സുരേഷേ,കോവിഡ് കാലമാണ്. ലോകം പകച്ചു നിൽക്കുകയാണ്. സർവ്വസന്നാഹത്തോടെയും പൊരുതുകയാണ്. ആയിരങ്ങൾ മരിച്ചു വീഴുന്നുണ്ട്. തുച്ഛമായ സമ്പാദ്യം പോലും ഗവർമെന്റ്നെ ഏൽപ്പിച്ച് കോവിഡ് കാലത്ത് മാതൃക ആവുന്ന ആയിരങ്ങൾ ഉള്ള നാടാണിത്. 5 കോടി നൽകിയ ഗുരുവായൂർ മാത്രമല്ല, 19 കോടി നൽകിയ തിരുപ്പതി ട്രസ്റ്റും കോടികണക്കിന് രൂപ നൽകിയ ഹനുമാൻ മന്ദിറും സോമനാഥക്ഷേത്രവും സ്വാമി നാരായൺ ടെമ്പിൾ ട്രസ്റ്റ്ഉം മാനവികതയുടെ വലിയ ഉദാഹരണങ്ങളാണ്. താങ്കൾക്ക് മീൻ പിടിക്കാൻ ഉള്ള കലക്കവെള്ളം തേടി ഈ കോവിഡ് കാലത്തെങ്കിലും ഇറങ്ങരുത്. അതിജീവനത്തിനായി കേരളജനതയുടെ മുന്നിൽ നിന്നു പൊരുതുന്ന ഒരു ഗവർമെന്റ്നെ പിന്നിൽ നിന്നു കുത്തരുത്…!ഇനിയും താങ്കൾ പിന്തിരിപ്പൻ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെങ്കിൽ,

10 രൂപെടെ വിരാവവകാശം കൊടുത്തോ കോടതിയിൽ പോയോ ക്ഷേത്ര വരുമാനം ഗവൺമെന്റ് കയ്യിട്ടുവാരുന്നതിന്റെ തെളിവ് താങ്കളോ എംപിയായ താങ്കളുടെ പിതാവോ പിതാവിന്റെ പാർട്ടിയായ രാജ്യം ഭരിക്കുന്ന ബീജേപ്പിയോ പുറത്ത് വിടണം. പിണറായിയും കമ്മ്യുണിസ്റ്റ് സർക്കാരും ചമ്മിപോവട്ടെ.തയ്യാറുണ്ടോ ????