Sajan Ramanandan
വളരെ വേറിട്ട് നിൽക്കുന്ന ഒരു മലയാളം സിനിമ. കോമഡി ആയി അവതരിപ്പിക്കുന്നെങ്കിലും പക്കാ ഡാർക്ക് ത്രില്ലർ ആയ സിനിമ. Mind Chatter കൊണ്ട് പ്രധാനമായും ഡയലോഗ് ഉള്ള നായക/ വില്ലൻ കഥാപാത്രം (പ്രൊട്ടഗോണിസ്റ്റ്) ഒരു പുതുമയായി അനുഭവപ്പെട്ടു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു വിലെ വിശ്വനാഥനെ ഓർമിച്ചു പോയി. അത് കോമെഡിക് ആയ കഥാപാത്ര സൃഷ്ടിയായിരുന്നെങ്കിൽ ഇത് പൂർണമായും ഡാർക്ക് കഥാപാത്രമാണ്, സാഹചര്യം കോമെഡിക് ആയി അവതരിപ്പിക്കുന്നുണ്ടെങ്കിലും.
അഭിനവ് സുന്ദർ നായക് തന്റെ ആദ്യ സിനിമ മികച്ച രീതിയിൽ അവതരിപ്പിച്ചു. കയ്യടക്കമുള്ള സംവിധാനം. Aspect Ratio യിൽ ഉൾപ്പടെ ചില മാറ്റങ്ങൾ കാർട്ടൂൺ കോമഡി ശൈലിയിൽ അവതരിപ്പിച്ചു പ്രേക്ഷകരെ മനസിലാക്കി കൊണ്ട് പോകാൻ ശ്രമിച്ചിട്ടുണ്ട് കക്ഷി. അതെനിക്ക് ക്ഷ പിടിച്ചു. ആ ഒരു disdain humour രസമുണ്ട്. സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്ന് തിരക്കഥ എഴുതിയ സിനിമയുടെ സിനിമട്ടോഗ്രാഫി വിശ്വജിത്ത്, എഡിറ്റിങ് സംവിധായകനും നിധിൻ രാജും ചേർന്ന്, ആർട്ട് ഡയറക്ടർ വിനോദ് രവീന്ദ്രൻ, കളറിസ്റ്റ് ശ്രീക് വാരിയർ, സംഗീതം സിബി മാത്യു അലക്സ്. ഡോക്ടർ അജിത്ത് ജോയ് നിർമ്മാണം നിർവഹിച്ചു. അനിമേഷൻ ഉൾപ്പെടെ മികച്ച പ്രൊഡക്ഷൻ ഡിസൈൻ ക്വാളിറ്റി എടുത്തു പറയേണ്ടതുണ്ട്.
വിനീത് ശ്രീനിവാസൻ ഇതു വരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് മുകുന്ദൻ ഉണ്ണി എന്ന അഡ്വക്കേറ്റ്. Straight-faced, monotonous, devoid of emotions, borderline / sociopathic ആയ മുകുന്ദൻ ഉണ്ണിയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ വിനീതിന് സാധിച്ചിട്ടുണ്ട്. സ്വതസിദ്ധമായ ചിരിയോ, നിഷ്കളങ്കതയോ, സ്ഥിരം അഭിനയ സങ്കേതങ്ങളോ ഉപയോഗിക്കാതെ തന്റെ ഇതുവരെയുള്ള വേഷപ്പകർച്ചകളിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ഒരു പ്രകടനം തന്നെയാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. നായികയായെത്തിയ ആർഷാ ബൈജുവും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആർഷ, കരിക്ക് ഫ്ലിക് വഴി റിലീസ് ആയ ആവറേജ് അമ്പിളി എന്ന വെബ് സീരീസിലെ ടൈറ്റിൽ റോളിലൂടെ മികച്ച അഭിനേത്രി എന്ന അഭിപ്രായം നേടിയെടുത്തിരുന്നു.
വളരെ ആത്മവിശ്വാസം തോന്നിപ്പിച്ച, അനായാസമായ, നിയന്ത്രിതമായ അഭിനയം. രണ്ടാം നായികയായ തൻവി റാമും നന്നായിരുന്നു. സപ്പോർട്ടിങ് കാസ്റ്റിൽ പലരും കോമഡി കൈകാര്യം ചെയ്തു പേരെടുത്തവർ ആണെങ്കിലും ചിത്രത്തിൽ ചിരിപ്പിക്കാൻ ഉള്ളവർ എന്ന രീതിയിൽ അല്ല അവതരിപ്പിച്ചിരിക്കുന്നത്. അവർ ചിരിപ്പിക്കുന്നുണ്ടെങ്കിലും. സുധി കോപ്പ, ബിജു സോപാനം, സുധീഷ്, മണികണ്ഠൻ പട്ടാമ്പി, വിജയൻ കാരന്തൂർ, ജഗദീഷ് തുടങ്ങിയവരുടെ വേഷങ്ങൾ അത്തരത്തിൽ subtle ആയ വ്യത്യാസം തോന്നിപ്പിച്ചു. അൽത്താഫ് സലിം, സുരാജ് വെഞ്ഞാറമൂട് (സിനിമയുടെ രണ്ടാം പകുതിയിൽ), ശ്രീജിത്ത് രവി എന്നിവരാണ് സ്ഥിരം ടെമ്പ്ലേറ്റ് ആയി തോന്നിയത്. എങ്കിലും അവരുടെ റോളുകളും നന്നായിട്ടുണ്ട്. സലീം കുമാർ ശബ്ദം മാത്രമായി ഒരു ചെറിയ സീനിൽ വന്നു പോകുന്നു.
ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ടെന്ന് അറിഞ്ഞ് ലാസ്റ്റ് എണീക്കാതെ ഇരുന്നു. എല്ലാവരും ഇറങ്ങി പോയി തിയേറ്റർകാര് പ്രൊജക്ടർ ഓഫാക്കി ചോറുണ്ണാൻ പോയി. ങാ ott യിൽ വരുമ്പോ നോക്കാം. ഇത്തരം പരീക്ഷണങ്ങൾ നമുക്കത്ര ഭൂഷണം അല്ല കേട്ടോ! വിജയത്തിന് വേണ്ടി ഏത് അറ്റം വരെയും പോകുന്ന, തോൽക്കാൻ ഒരു തരത്തിലും തയ്യാറാവാത്ത ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. ദുഷ്ടൻ പന പോലെ വളരും, ആ വളർച്ചയുടെ കഥയാണ് ഈ സിനിമ. അയാൾക്ക് മുന്നിൽ വരുന്ന ഓരോ തടസ്സവും അയാൾ മറികടക്കുന്നതെങ്ങനെ എന്ന് പറയുന്ന സിനിമ. അത് ഉൾകൊള്ളാൻ കഴിഞ്ഞാൽ സിനിമ ശരിക്കും ഒരു riot ആണ്. പക്ഷേ message oriented cinema എന്നതാണ് നിങ്ങളുടെ cup of tea എങ്കിൽ, മുകുന്ദൻ ഉണ്ണി നിങ്ങളെ വേണമെങ്കിൽ ഫ്യൂരിഡാനും കുടിപ്പിക്കും. എന്നിട്ട് പുള്ളി സുഖമായി കിടന്നുറങ്ങുകേം ചെയ്യും.