Sajan Ramanandan
തരുൺ മൂർത്തിയുടെ ആദ്യ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഇത് തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയി. അതിന്റെ നിരാശ ഉണ്ടായിരുന്നു. കൂടെ ഒരുപാട് പോസിറ്റീവ് റിവ്യൂസ് കൂടി കണ്ടപ്പോൾ കുറച്ചധികം തന്നെ. ഇന്നലെ സിനിമ സോണി ലിവിൽ കാണുമ്പോൾ എനിക്ക് ആകെ കൺഫ്യൂഷൻ ആയി.
തുടക്കത്തിലെ ഒരു അര മുക്കാൽ മണിക്കൂർ ഓവർലാപ്പ് ആകുന്ന ഡയലോഗുകളുടെ ബഹളത്തിൽ എന്റെ തല പെരുത്തു പോകുന്നുണ്ടായിരുന്നു. ഓപ്പറേഷൻ ജാവയുടെ സംവിധായകൻ തന്നെയല്ലേ ഇത് ചെയ്തതെന്ന് ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു. ഷൂട്ട് ചെയ്യുമ്പോൾ പറയാത്ത ഡയലോഗ് വരെ ഡബ്ബിങ് സമയത്തു വെറുതെ ചേർത്ത് വിട്ടിട്ടുണ്ട്. വായും പൂട്ടി നിൽക്കുന്നവർക്ക് വരെ ചറപറാ ചിലപ്പ്. അത് കൂടാതെ ആ ഉമ്മയുടെ വായ തുറക്കുമ്പോൾ പൗളി വത്സന്റെ ശബ്ദം കൂടി കേൾക്കുമ്പോൾ ഉള്ള ഒരു ഇറിറ്റേഷനും. പുതിയ ഒരു മുഖം അവതരിപ്പിക്കാൻ ധൈര്യം കാണിച്ചപ്പോൾ അതോടൊപ്പം പരിചയം അധികമില്ലാത്ത ഒരു ശബ്ദം കൂടി നൽകാമായിരുന്നില്ലേ. പൗളി വത്സന്റെ ഹൈ പിച്ച്, ഹെവി ത്രോ ശബ്ദത്തിന്, പ്രത്യേകിച്ച് വികാരം ഇല്ലാത്ത, വായ തുറക്കാത്ത, ശരീരഭാഷയിൽ പോലും മാറ്റമില്ലാത്ത ദേവി വർമ്മ ശരീരം നൽകുന്നത് ചേർച്ചയായി തോന്നിയില്ല.
ഒറ്റ വികാരം സിനിമയുടനീളം നിലനിർത്തിയ ദേവിയുടെ അഭിനയത്തെ സംവിധായകൻ/ എഴുത്തുകാരൻ ഒറ്റ ഡയലോഗ് വഴി ജസ്റ്റിഫൈ ചെയ്യുന്നുണ്ട്. മരവിച്ച ആ വികാരത്തിനു പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ടെന്ന്. അതും അഭിനേതാവിന്റെ ക്ലോസ് ഷോട്ടുകൾ കഴിവതും ഒഴിവാക്കി തനിക്ക് വേണ്ടത് മികവോടെ പകർത്തിയെടുക്കാൻ കഴിഞ്ഞത് സംവിധായകന്റെ മികവ്. ഈ വർഷത്തെ revelation ആയ അഭിനേതാക്കളിൽ ദേവിയുടെ പേരും പലരും പ്രതിപാദിച്ചു കണ്ടു. എനിക്ക് അവർ എവിടെയും അറിഞ്ഞു കൊണ്ട് വികാരങ്ങൾ വരുത്തി ചെയ്തതായി അനുഭവപ്പെട്ടില്ല. ക്ലൈമാക്സ് സീനിൽ പോലും അവരുടെ ചെറിയ ഒരു ഭാവമാറ്റത്തെ സംവിധായകൻ സമർത്ഥമായി ഉപയോഗപ്പെടുത്തിയതാണെന്നാണ് എനിക്ക് തോന്നിയത്. എന്റെ കാഴ്ചപ്പാടാണ്, തെറ്റാവാം. കോടതികളെ നേരിട്ടല്ലാതെ തന്നെ വിമർശിക്കുന്ന തരുൺ, അവിടെയെല്ലാം തന്റെ ചാതുര്യം വെളിപ്പെടുത്തുന്നുണ്ട്. വ്യവസ്ഥിതിയ്ക്ക് നേർക്കുള്ള ചോദ്യമാണ് ആദ്യ സിനിമയിലെപ്പോലെ ഇത്തവണയും തരുൺ അവതരിപ്പിക്കുന്നത്. ഒപ്പം തേഞ്ഞു പോയ പ്രണയവും, ഉറപ്പില്ലാത്ത ജോലിയുടെ ക്ലേശങ്ങളും മുൻ സിനിമയേക്കാൾ അൽപ്പം പ്രാധാന്യം കുറച്ചു സിനിമയിൽ ഇടം പിടിയ്ക്കുന്നു.
അഭിനേതാക്കളിൽ ലുക്ക്മാൻ അവറാൻ, ബിനു പപ്പു, നിൽജ, റിയ സാറ, കിരൺ പീതാംബരൻ, വിനോദ് സാഗർ, സ്മിനു, വിൻസി തുടങ്ങിയവർ മിതത്വം പുലർത്തി. രമ്യ പതിവില്ലാതെ അൽപ്പം ഓവർ ആയി തോന്നി. അവസാനം നന്മയുള്ള ലോകം ക്ലൈമാക്സിൽ പെട്ടെന്ന് അവരുടെ കഥാപാത്രം വളരെ ഡീസന്റും ആയി. ഇത്തരത്തിൽ മാനറിസം കൊണ്ട് ഓവറാക്കി പോയ ഒരു കഥാപാത്രം ആയി തോന്നി ഗോകുലന്റെ വക്കീലും. ആ കണ്ണടയ്ക്കൽ മാനറിസം ആദ്യം രസമായി തോന്നിയെങ്കിൽ പെട്ടെന്ന് തന്നെ അത് ഓവറായി ചെയ്യുകയും പിന്നീട് inconsistent ആകുകയും ചെയ്തു. ധന്യ അനന്യ, പുള്ളിക്കാരിയുടെ ഒരു ടെമ്പ്ലേറ്റ് കഥാപാത്രം ആയി എത്തി. ഒരു ദുഃഖപുത്രി കാരക്ടർ. പൗളി വത്സന്റെ ഡബ്ബിങ്ങിന്റെ കാര്യം പറഞ്ഞത് പോലെയാണ് ധന്യയുടെ കാര്യത്തിൽ സൃന്ദയുടെ ഡബ്ബിങ്. കൊച്ചി സ്ലാങ് എങ്കിൽ സൃന്ദ അല്ലാതെ പറ്റില്ല എന്നത് പോലെ. സുജിത്ത് ശങ്കറിന്റെ പ്രകടനവും inconsistent ആയി അനുഭവപ്പെട്ടു. അയാളുടെ സ്ക്രീൻ ടൈമിന്റെ അവസാനം അയാളുടെ പ്രകടനം നന്നായിരുന്നു, എന്നാൽ തുടക്കത്തിൽ ഒക്കെ ഒട്ടും impressive ആയി തോന്നിയുമില്ല. സിദ്ധാർഥ് ശിവയുടെ വേഷവും അത്തരത്തിൽ ആയിരുന്നു. അയാളുടെ പെരുമാറ്റത്തിന് പിന്നീട് വിശദീകരണം കൊടുക്കുന്നുണ്ടെങ്കിലും സ്ക്രീനിൽ അയാൾ ഉള്ള രംഗങ്ങൾ കോമഡി ആക്കാൻ ശ്രമിച്ചു മടുപ്പിച്ചതായാണ് തോന്നിയത്.
ശരൺ വേലായുധൻ നായർ കൈകാര്യം ചെയ്ത ക്യാമറ ഡിപ്പാർട്മെന്റ് മികച്ചു നിന്നു. നിഷാദ് യുസഫിന്റെ എഡിറ്റിങ്ങും, പാലീ ഫ്രാൻസിസിന്റെ സംഗീതവും നന്നായിട്ടുണ്ട്. രണ്ടാം പകുതി ദൈർഖ്യം അനുഭവപ്പെടുന്നത് കോടതി നടപടിയുടെ ഇഴച്ചിലുമായി ഒത്തുവായിക്കുമ്പോൾ കൃത്യമാണ്. സാബു വിത്രയുടെ ആർട്ട് ഡിപ്പാർട്മെന്റും, Manu Mohan ന്റെ മേക്കപ്പും, മഞ്ജുഷ രാധാകൃഷ്ണന്റെ വസ്ത്രാലങ്കാരവും മികവ് സൂക്ഷിച്ചു. ഉർവശി തീയേറ്റർസ് ബാനറിൽ സന്ദീപ് സേനൻ ആണ് സിനിമ നിർമ്മിച്ചത്.നിസ്സാരമെന്ന് പറഞ്ഞ് എഴുതി തള്ളാവുന്ന ഒരു കോൺഫ്ലിക്ടിനെ ആധാരമാക്കി രണ്ട് മണിക്കൂർ പതിനേഴു മിനിറ്റ് ഉള്ള ഒരു സിനിമ ഒരുക്കുമ്പോൾ അതിന്റെ അവസാനം തീർത്തും ഫീൽ ഗുഡ് അല്ലെങ്കിൽ നന്മമരം ഫീൽ ഗുഡ് ആയിപ്പോകുന്നത് നന്നായോ ഇല്ലയോ എന്നത് ഡിബേറ്റബിൾ ആണ്. സിനിമയുടെ ക്ലൈമാക്സ് എന്ന് പറയാവുന്ന ആ ചായക്കട / ബൺ / ഉണ്ണിയപ്പം സീൻ ഹൃദയഹാരിയാണ്. എന്നാൽ നന്മയുള്ള കേരളമേ പാട്ട് വേണ്ടെന്ന് കോടതി തന്നെ പറയുന്നത് കാണിക്കുന്ന സിനിമ ആ നന്മയുടെ ടോർച്ച് ബെയറർ മാത്രമായി ഒതുങ്ങിയും പോകുന്നില്ലേ എന്ന് സംശയിച്ചു പോകുന്നു.