ഒരു സംഘട്ടനം നടന്ന ലക്ഷണം ഒട്ടും ഇല്ല, തോക്കു ചൂണ്ടി വളഞ്ഞ് വെടിവച്ചു കൊന്നതാവണം

0
213

Sajan Sindhu

മാവോയിസ്റ്റുകൾ വെടിയേറ്റു വീണ സ്ഥലം ഇന്നലെ (01. 11. 2019) സന്ദർശിച്ചു.

അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി ഊരിൽ നിന്നും മൂന്നു നാലു കിലോമീറ്റർ ദുർഘടമായ കാട്ടുവഴിയിലൂടെ കയറിയെത്തുന്ന കൊച്ച് ഒളിത്താവളം. 6 പേർ ദിവസങ്ങളോളം താമസിച്ച ലക്ഷണമൊന്നും അവിടെയില്ല. അന്ന് എത്തിയിട്ടേയുള്ളു എന്ന് വ്യക്തം. നിലമ്പൂർ വനത്തിൽ നിന്നും ദിവസങ്ങളോളം നടന്ന് വന്നതാണെന്ന് പോലീസ് ഭാഷ്യം. പിൻതുടർന്നെത്തിയ തണ്ടർബോൾട്ട് സംഘം അവരെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

Image may contain: plant and outdoorവരുന്ന വഴിക്ക് ഒരു മാനിനെ അവർ പിടിച്ച് കശാപ്പ് ചെയ്തിരിക്കുന്നു. ഇറച്ചി പുകച്ച് ഉണക്കാനുള്ള തട്ട് തയ്യാറാക്കിയിട്ടുണ്ട്. തട്ടിൽ പുകയടിച്ചിട്ടില്ല. ഉണക്കാൻ തുടങ്ങിയില്ല എന്നർത്ഥം.

ഒരു വശത്ത് മണ്ണിൽ ചോറും വേവിച്ച ചെറുപയറും ഈച്ചയാർക്കുന്നു. അത് കഴിക്കാൻ തുടങ്ങുമ്പോഴാവണം ആക്രമണമുണ്ടായത്.

ഒരു സംഘട്ടനം നടന്ന ലക്ഷണം ഒട്ടും ഇല്ല. തോക്കു ചൂണ്ടി വളഞ്ഞ് വെടിവച്ചു കൊന്നതാവണം. പലർക്കും നെറ്റിയിലാണത്രെ വെടികൊണ്ടത്. ചില ഉണ്ടകൾ ശരീരം തുളച്ച് പുറത്തു പോയതും തൊട്ടടുത്ത് നിന്ന് വെടിവച്ചു എന്ന ഊഹത്തെ ബലപ്പെടുത്തുന്നു. തണ്ടർബോൾട്ട് സംഘത്തിലെ ഒരംഗത്തിനു പോലും ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്നതും ശ്രദ്ധേയം.

Image may contain: shoes, plant, outdoor and natureകഴിഞ്ഞ മൂന്നു നാലു വർഷങ്ങൾക്കിടെ വല്ലപ്പോഴുമൊക്കെ ഇക്കൂട്ടർ മഞ്ചിക്കണ്ടി വനമേഖലയിൽ വന്നു പോയതായി പറയപ്പെടുന്നുണ്ട്. അവരെക്കുറിച്ച് ഊര് വാസികൾക്കും ഊര് മൂപ്പനുമെല്ലാം നല്ലതേ പറയാനുള്ളു. വളരെ സ്നേഹമുള്ളവരായിരുന്നു. സഹായ മനസ്ഥിതി ഉള്ളവരായിരുന്നു, അവർ സർക്കാരിനെതിരായി പോലും ഒന്നും പറഞ്ഞിരുന്നില്ല. ആദിവാസി യുടെ നിയമ പ്രകാരമുള്ള അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചേ അവർ സംസാരിച്ചിരുന്നുള്ളൂ…
എന്നിങ്ങനെ.

Image may contain: plant, outdoor and natureചില ആയുധങ്ങൾ അവരുടെ കയ്യിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഊര് നിവാസികൾ കണ്ടിട്ടുള്ളത് 303 തോക്കുകളും നാടൻ തോക്കുകളുമായിരുന്നു. എന്നാൽ അതൊരിക്കലും മനുഷ്യന്റെ നേരെ ചൂണ്ടിയതായോ മനുഷ്യനെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചതായോ അനുഭവമില്ല.

കീഴടങ്ങാൻ തീർച്ചപ്പെടുത്തിയുള്ള വരവായിരുന്നു ഇതെന്നും പറയപ്പെടുന്നു.

Image may contain: outdoor and natureഅവരെ അറസ്റ്റ് ചെയ്യാമായിരുന്നു. അല്ലെങ്കിൽ മുറിവേൽപ്പിച്ച് കീഴടക്കാമായിരുന്നു. എന്നിട്ട് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് വിചാരണ ചെയ്ത് അവർ ചെയ്ത കുറ്റങ്ങൾക്ക് തക്ക ശിക്ഷ കൊടുക്കാമായിരുന്നു.

Image may contain: 1 person, sitting and outdoorപിൻകുറിപ്പ്:
പോലീസുകാരും ഇൻക്വസ്റ്റിന് വന്ന ഉദ്യോഗസ്ഥരും കാട്ടിലാകെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കയ്യുറകളും വിതറിയിരിക്കുന്നു. നിയമപാലകരുടെ ഈ നിയമ ലംഘനത്തിന് ശിക്ഷിക്കാൻ വല്ല വകുപ്പുമുണ്ടോ ആവോ!