വാക്‌സിനേഷന്‍ കൊറോണവൈറസ് ഇല്ലാതാകില്ല; മനുഷ്യരുടെ കൂടെ എന്നും ഉണ്ടാകും

37

വാക്‌സിനേഷന്‍ കൊണ്ടു മാത്രം കൊറോണവൈറസ് ഇല്ലാതാകില്ല; മനുഷ്യരുടെ കൂടെ എന്നും ഉണ്ടാകും: മുന്നറിയിപ്പ്

കൊറോണവൈറസ് എന്ന മഹാമാരി എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പും ലഭിച്ചിട്ടില്ല. അടുത്ത രണ്ട് വര്‍ഷം കൂടി വൈറസ് സാന്നിധ്യം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കൊറോണവൈറസ് മനുഷ്യരുടെ കൂടെ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞന്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ കൊറോണവൈറസ് മനുഷ്യരുടെ ഒപ്പം എന്നും ഉണ്ടാകുമെന്നാണ് മുതിര്‍ന്ന യുകെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ ആവശ്യമായി വരുമെന്ന് ശാസ്ത്രജ്ഞന്‍ പറഞ്ഞു.

കൊ​റോണവൈറസ് മനുഷ്യരുടെ കൂടെ എല്ലായ്‌പ്പോഴും ഉണ്ടാകും

യുകെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതിയായ സയന്റിഫിക് അഡ്‌വൈസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗമായ സര്‍ മാര്‍ക് വാല്‍പോര്‍ട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിബിസിയുടെ റേഡിയോ 4 നോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ കൊറോണവൈറസ് മനുഷ്യരുടെ ഒപ്പം എന്നും ഉണ്ടാകുമെന്നാണ് മുതിര്‍ന്ന യുകെ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തിയത്. 8 ലക്ഷം പേരാണ് ഇതുവരെ കൊറോണ വൈറസ് മൂലം ലോകമാകെ മരിച്ചത്. 2.3 കോടി ആളുകളാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്.

കൊറോണയെ പെട്ടെന്ന് തുടച്ചുമാറ്റാന്‍ കഴിയില്ല

പെട്ടെന്ന് കൊറോണയെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാന്‍ കഴിയില്ല. കൃത്യമായ ഇടവേളകളില്‍ വാക്‌സിനേഷന്‍ നടത്തിയാല്‍ മാത്രമേ ഇതിനെ തടയാന്‍ സാധിക്കുകയുള്ളൂവെന്ന് സര്‍ മാര്‍ക് വാല്‍പേര്‍ട്ട് പറഞ്ഞു. എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന പോലെ കൃത്യമായ ഇടവേളകളില്‍ പ്രതിരോധ കുത്തിവെയ്പ്പ് അത്യാവശ്യമാണ്. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആഗോള വാക്‌സിനേഷന്‍ ആവശ്യമാണ്. പക്ഷേ, വാക്‌സിനേഷന്‍ കൊണ്ടു മാത്രം ഇല്ലാതാകുന്ന ഒരു രോഗമല്ല കൊറോണവൈറസെന്ന് അദ്ദേഹം പറഞ്ഞു.

​1918 നേതിനേക്കാള്‍ ഇരട്ടി ജനസംഖ്യ

1918 നേതിന് സമാനമല്ല നിലവിലെ ലോക ജനസംഖ്യ. സ്പാനിഷ് ഫ്‌ളൂ പടര്‍ന്നുപിടിച്ച സമയത്തെ ജനസംഖ്യയേക്കാള്‍ അനേക മടങ്ങ് ഇരട്ടിയാണ് ഇന്നത്തെ ജനസംഖ്യ. ഇത് വൈറസ് വ്യാപനത്തിന് കാരണമാകും. സ്പാനിഷ് ഫ്‌ളൂവിനെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷമാണ് വേണ്ടിവന്നത്. എന്നാല്‍, കൊറോണയുടെ കാര്യത്തില്‍ സാഹചര്യത്തില്‍ അനുകൂലമല്ല. കൊവിഡിനെ നിയന്ത്രിക്കാന്‍ ആഗോള വാക്‌സിനേഷന്‍ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

​ലോകാരോഗ്യ സംഘടന പറഞ്ഞത്

കൊവിഡ്-19 എന്ന പകര്‍ച്ചവ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞത്. ഡബ്ലുഎച്ച്ഒ മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ് ആണ് ഇക്കാര്യം അറിയിച്ചത്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞത്. സാങ്കേതിക വിദ്യയുടെ പ്രയോജനത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ മഹാമാരി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.