പൊളിറ്റിക്കൽ കറക്റ്റനെസ്സ് വാതോരാതെ പറയുന്ന ശ്യാംപുഷ്കാരന്റെ സിനിമകളിലെ ആദിവാസി – മുസ്ലിം – ദളിത് -സ്ത്രീ – മനുഷ്യത്വ വിരുദ്ധതകൾ
സന്ദേശം സിനിമയിലെ സന്ദേശം എന്താണ് എന്ന് ചോദിച്ച വരവേൽപ്പ് ഇഷ്ടമില്ലാത്ത സിനിമയായി എണ്ണുന്ന സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റനെസ്സിന് പ്രാധാന്യം ഉണ്ട് എന്ന് അഭിപ്രായം ഉള്ള തിരക്കഥാകൃത്താണ്
147 total views

ശ്യാം പുഷ്ക്കരൻ സിനിമകളിലെ ആദിവാസി – മുസ്ലിം – ദളിത് -സ്ത്രീ – മനുഷ്യത്വ വിരുദ്ധതകൾ
സന്ദേശം സിനിമയിലെ സന്ദേശം എന്താണ് എന്ന് ചോദിച്ച വരവേൽപ്പ് ഇഷ്ടമില്ലാത്ത സിനിമയായി എണ്ണുന്ന സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റനെസ്സിന് പ്രാധാന്യം ഉണ്ട് എന്ന് അഭിപ്രായം ഉള്ള തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരൻ. എന്നാൽ ശ്യാം പുഷ്ക്കരൻ സിനിമകളിൽ റീഫ്ലക്ട് ചെയ്യുന്ന രാഷ്ട്രീയം അത്ര നിഷ്കളങ്കമാണോ?
ഇന്ത്യൻ പൊതു ബോധത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന എല്ലാ മനുഷ്യത്വ വിരുദ്ധതകളും ശ്യാമിന്റെ സിനിമയിലും ഗ്ലോറിഫൈ ചെയ്യപ്പെടുന്നില്ലേ..എഴുത്തിലെ ക്രാഫ്റ്റിന്റെ കാര്യത്തിൽ മികച്ചു നിൽക്കുമ്പോഴും സിനിമ കോൺവെ ചെയ്യുന്ന ആശയം പിന്തിരിപ്പൻ ആവാറാണ് പതിവ്. പുരോഗമനമെന്ന നാട്യങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ദളിത് – സ്ത്രീ – മുസ്ലിം – ആദിവാസി വിരുദ്ധതകളെ ഒന്ന് പരിശോധിക്കാം.പോസ്റ്റിന് നീളം കൂടി പോവുമെന്നതിനാൽ സെലക്ട് ചെയ്ത സിനിമകളെ കുറിച്ചുള്ള വിഷയത്തിൽ ഊന്നിയ വളരെ ചെറിയ വിവരണം ആണ് ഉണ്ടാവുക.
ആഷിക് അബു സംവിധാനം ചെയ്തു ശ്യാം പുഷ്കരനും ദിലീഷ് നായരും ചേർന്നു തിരക്കഥ എഴുതി പുറത്തു വന്ന ചിത്രമായിരുന്നു salt n pepper. ഇതിൽ ലാലിന്റെ കഥാപാത്രം തന്റെ കൂടെ കൊണ്ട് വരുന്ന ഒരു ആദിവാസി മൂപ്പന്റെ കഥാപാത്രമുണ്ട്. മനുഷ്യൻ എന്ന യാതൊരു പരിഗണനയും ആ കഥപ്പാത്രത്തിന് കാണാൻ കഴിയുകയില്ല. കൗതുകം ജനിപ്പിക്കുന്ന ഒരു പുരാവസ്തു എന്ന രീതിയിൽ ആണ് മൂപ്പൻ പ്രത്യക്ഷപ്പെടുന്നത്. കാണികളിൽ ചിരി ഉണ്ടാക്കാൻ മാത്രമുള്ള ഒരു object. ബാംബൂ ബോയ്സ് ലൈറ്റ് എന്നത് പോലെ ഒരു കഥാപാത്രം.
ശ്യാം പുഷ്ക്കരൻ – ആഷിക് അബു സിനിമകളിൽ ഏറ്റവും പിന്തിരിപ്പനും മനുഷ്യത്വ വിരുദ്ധകളുടെ ആഘോഷവും ഉള്ളൊരു സിന്മയാണ് ഇടുക്കി ഗോൾഡ്. നാല് ബാല്യ കാല “പുരുഷ” സുഹൃത്തുക്കളുടെ ലഹരി നുരയുന്ന നൊസ്റ്റാൾജിയയുടെ കഥ പറഞ്ഞു കൊണ്ടാണ് ഇടുക്കി ഗോൾഡ് എന്ന പടം പുറത്ത് വരുന്നത്. ആൺ ആഘോഷങ്ങൾക്കൊപ്പം പുട്ടിനു പീര പോലെ സ്ത്രീ വിരുദ്ധയും ദളിത് വിരുദ്ധതയും വാരി വിതറുന്നുണ്ട് പടത്തിൽ. ഭർത്താവ് ഡിവോഴ്സ് ചെയ്തിട്ടും മറ്റെങ്ങും പോവാൻ ഇല്ലാതെ ഭർത്താവിനെ ചുറ്റി പറ്റി കഴിയുന്ന മണിയൻ പിള്ള രാജുവിന്റെ ഭാര്യയുടെ ഒരു പോർഷൻ ഉണ്ട് ഇടുക്കി ഗോൾഡിൽ. ഈ ഒരു കഥാപാത്രം കൊണ്ട് എന്താണാവോ സംവിധായകൻ ഉദ്ദേശിച്ചിട്ടുണ്ടാവുക.? മധ്യ വയസ്കരായ സ്ത്രീകൾ ഭർത്താവിനെ ചുറ്റി പറ്റി മാത്രം ജീവിക്കേണ്ടവരാണെന്നും അവർക്ക് തനിച്ചൊരു വിവാഹം സാധ്യമെല്ലെന്നോ ആയിരിക്കുമോ.? തങ്ങളുടെ കൂടെ പഠിച്ച സുന്ദരിയായിരുന്ന ഒരു പെൺകുട്ടിയെ കാലങ്ങൾക്ക് ശേഷം കാണാൻ പോവുന്ന ഒരു രംഗം ഉണ്ട്. പകുതി വെച്ച് അവർ തീരുമാനം മാറ്റുന്നു. അതിന് പറയുന്ന കാരണം ആണ് രസകരം. അവൾ ഇപ്പോൾ മധ്യവയസൊക്കെ എത്തി തടിച്ചു വയറൊക്കെ ടയറ് പോലെ ആയിട്ടുണ്ടാവും.അങ്ങനെ കണ്ട് കഴിഞ്ഞാൽ മനസിലെ മനോഹര ചിത്രം നഷ്ടപ്പെട്ടു പോവും അത്രെ.സ്ത്രീ ഒന്ന് തടിച്ചാൽ മധ്യ വയസ്സ് കഴിഞ്ഞു പോയാൽ കാണാൻ പോലും കൊള്ളാത്തവരായാണോ ഇവർ കണക്കാക്കുണ്ടാവുക.? സ്ത്രീയെ ഇത്രയും objectify ചെയ്തുള്ള ഡയലോഗിന് തിയേറ്ററിൽ പൊട്ടിച്ചിരിയും കയ്യടിയും ആയിരുന്നു എന്ന് കൂടി ഓർക്കുമ്പോൾ ആണ് ആൺ പൊതുബോധത്തെ ഇത് എത്ര മാത്രം തൃപ്തിപെടുത്തുന്നുണ്ട് എന്ന് മനസിലാവുക. ഡാ തടിയാ എന്ന തൊട്ട് മുൻപ് ഇറങ്ങിയ ഇതേ ടീമിന്റെ സിനിമ സംസാരിച്ചത് ബോഡി ഷെമിങ്ന് എതിരെ കൂടി ആയിരുന്നു എന്നത് ഒരു വിരോധാഭാസം കൂടിയാണ്. ഡാ തടിയാ യിലും ആണുങ്ങളെ ബോഡി ഷെയിം ചെയ്യുന്നത് മാത്രമാണ് വിഷയം. ശരീരം മെലിഞ്ഞപ്പോൾ മനസ് കൂടി ഇടുങ്ങിപ്പോയ നായികയും ഉണ്ട് ഡാ തടിയയിൽ എന്ന് മറക്കുന്നില്ല.നായകന്മാരുടെ കയ്യിൽ നിന്നും തല്ലും മേടിച്ചു കൂട്ടുന്ന ലാലിന്റെ ദളിത് കഥാപാത്രത്തിന്റെ ഒരേ ഒരു ആഗ്രഹം അവരുടെ കൂട്ടത്തിൽ ഇരിക്കാൻ പറ്റുന്ന ഒരാൾ ആയി മാറുക എന്നതാണ്.
പ്രതികാരത്തിന് ന്യായം ഉണ്ടായിരുന്ന പുള്ളിക്ക് അത് ക്ഷമിച്ചു കൊടുക്കേണ്ട അധിക ബാധ്യത കൂടി കൊടുക്കുന്നുണ്ട് ഇടുക്കി ഗോൾഡിൽ .അലോഷി എന്ന സവർണ ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്ന്റെ കഥ പറഞ്ഞു കൊണ്ട് അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ “ഇയ്യോബിന്റെ പുസ്തകം ” മുസ്ലിം വിരുദ്ധതയാണ് എടുത്ത് പയറ്റിയിരിക്കുന്നത്. റാവുത്തർ എന്ന ജയസൂര്യ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രം ഒരു മുസ്ലിം ആണ്. മുസ്ലിംകൾക്ക് എന്താ വില്ലൻമാരായി കൂടെ എന്ന് ചോദിക്കാം.? മുസ്ലിങ്ങൾക്ക് വില്ലൻമാരോ കള്ളന്മാരോ ക്രൂരന്മാരോ ഒക്കെ ആവാം എന്ന് തന്നെയാണ് അഭിപ്രായം. പക്ഷെ അത് എങ്ങനെ പ്ലേസ് ചെയ്യപ്പെടുന്നു എന്നതിൽ ആണ് വിഷയം. കാലാ കാലങ്ങൾ ആയി ചെയ്ത് പോരുന്ന അപര വൽക്കരണത്തിന്റെ എല്ലാ ടൂളും ഇവിടെയും ഉപയോഗിക്കപ്പെടുന്നു. തൊപ്പിയിട്ട റാവുത്തർക്ക് ഒപ്പം നാട്ടിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. അതിൽ പ്രധാനം റാവുത്തർ പരിചയപ്പെടുത്തുന്ന “ബിരിയാണി” ആണ്. ബിരിയാണിയെയും മുസ്ലിംകളെയും ഒരമ്മ പെറ്റ ഇരട്ട കുട്ടികളെ പോലെ കാണുന്ന സമൂഹത്തിലേക്ക് ആണ് ഇത് അവതരിപ്പിക്കുന്നത്. ഒരു മുസ്ലിം വീട് കാണിക്കുമ്പോൾ ബിരിയാണി ചെമ്പ് ഇല്ലാതെ മലയാള സിനിമ കാണിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.എപ്പോഴും ബിരിയാണി കഴിക്കുന്ന “കഥ പറയുമ്പോൾ” ലെ ബാലന്റെ അയൽവാസികൾ, അച്ചുവിന്റെ അമ്മയിലെ സുകുമാരിയുടെ വീട് ഇവയൊക്കെ ഉദാഹരണം. മുസ്ലിം ലീഗിനെ ബിരിയാണി ലീഗ് എന്ന് കളിയാക്കി വിളിയോളം ഉണ്ട് ബിരിയാണിയും മുസ്ലിം സ്റ്റീരിയോ ടൈപ്പും ആയി കേരള സാംസ്കാരിക ബന്ധം.വിനായകൻ അവതരിപ്പിച്ച ദളിത്/ആദിവാസി കഥാപാത്രം എപ്പോഴും സവർണ നായകന്റെ നിഴൽ ആയി നടക്കുന്ന ഒരാൾ ആണ്. സവർണ നായകൻ കൊണ്ട് വരുന്ന സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി അവരുടെ കീഴിൽ നിൽക്കാനും കൊക്കയിൽ വീഴുമ്പോൾ പച്ച മരുന്ന് പുരട്ടി കൊടുക്കാനും ക്ലൈമാക്സ്ൽ തട്ടി പോവാനും മാത്രമായിരിക്കുമോ ഇവർ ദളിതരെ കണക്കാക്കുന്നത്.
മാത്തന്റെയും അപ്പുവിന്റെയും പ്രണയ കഥ പറഞ്ഞു ഏറെ നിരൂപക ശ്രദ്ധ നേടിയ ശ്യാമിന്റെ സിനിമയാണ് മായനദി. എല്ലാ കഥാപാത്രങ്ങൾക്കും പല ലെയറുകൾ ഉള്ള സ്വന്തമായി ന്യായ അന്യായങ്ങൾ ഉള്ള പാത്ര സൃഷ്ടിയാണ് മായാനദിയിലേത്. സെക്സ് ഈസ് നോട് എ പ്രോമിസ് എന്ന് പറയുകയും അതേ സമയം തന്നെ ചുംബന സമരത്തെ തള്ളി പറയുകയും ചെയ്യുന്ന നായിക, ഫ്രോഡ് പരിപാടികൾ കയ്യിലുണ്ടെലും എവിടെയൊക്കെയോ നന്മയുള്ള സ്നേഹിക്കാൻ അറിയുന്ന ഹൃദയം ഉള്ള നായകൻ., കൂട്ടത്തിൽ ഉള്ള ഒരാളെ കൊന്നവനോടുള്ള പ്രതികാരവും ഭയപ്പെടുത്തി സർവൈവ് ചെയുക സ്റ്റേറ്റിക് യുക്തിയിൽ വരുന്ന പോലീസുകാർ ആയ വില്ലന്മാർ. പൂർണാർത്ഥത്തിൽ ഇവർ പോലും മൊത്തമായി വില്ലന്മാർ ആവാതെ ഒരു ഗ്രേയ് ഷേഡ്ലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നന്മയും തിന്മയും കൂടി കലർന്ന് “മനുഷ്യർ ” ആയി മൊത്തം കഥപ്പാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയിൽ “മനുഷ്യൻ ” എന്ന യാതൊരു പരിഗണനയും കൊടുക്കാതെ കടന്നു വരുന്ന ഒരു കഥാപാത്രം ഉണ്ട്. സൗബിൻ അവതരിപ്പിച്ച “ഇക്ക “. അയാൾക്ക് ഒറ്റ ലെയർ മാത്രമേ ഉള്ളൂ.. അത് വയലൻസ് ആണ്. കാരണം അയാളൊരു മുസ്ലിം പുരുഷൻ ആണ് എന്നത് മാത്രമാണ്.
മുസ്ലിം മെൻ = വയലൻസ് equation മനസിലാവുന്നുണ്ടല്ലോ..
തീട്ട പറമ്പിൽ താമസിക്കുന്ന നെപ്പോളിയന്റെ മക്കളുടെ അതി ജീവനത്തിന്റെ കഥയാണ് ” കുമ്പളങ്ങി നൈറ്റ്സ് ” പറയുന്നത്. സത്യത്തിൽ എന്തായിരിക്കും നെപ്പോളിയന്റെ മക്കൾ നേരിടുന്ന പ്രശ്നം? സിനിമ പറയുന്ന പോലെ പല തന്തയ്ക്കു ജനിച്ചതാവുമോ? വിവാഹ മോചിതരായ രണ്ട് പേർ വിവാഹം കഴിക്കുമ്പോൾ അവരുടെ ആദ്യ വിവാഹത്തിലെ മക്കൾ ഒരുമിച്ചു താമസിക്കുന്നത് ഒക്കെ കേരള സാഹചര്യത്തിൽ സ്വഭാവികമല്ലേ.. അവരെ പല തന്തയ്ക്ക് ജനിച്ചവർ എന്ന് വിളിക്കാറുണ്ടോ? ഇല്ലല്ലോ.. പിന്നെ എന്തായിരിക്കും ഇവർ നേരിടുന്ന സാമൂഹ്യ വിവേചനത്തിന് കാരണം? കഥാപശ്ചാത്തലത്തെ മുൻ നിർത്തി കൂടുതൽ ചിന്തിക്കുമ്പോൾ ആണ് ശ്യാം പുഷ്ക്കരൻ സ്ക്രിപ്റ്റിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞ സാമൂഹിക സാഹചര്യം മനസിലാവുക. തീട്ടപറമ്പിൽ താമസിക്കേണ്ടി വരുന്ന ഗതികേട് ഉള്ള സജി നെപ്പോളിയൻന്റെയും സഹോദരൻമാരുടെയും ജാതി എന്തായിരിക്കും? അത് തോമാശ്ലീഹ മതം മാറ്റിയ നമ്പൂതിരി ക്രിസ്ത്യൻ ആയിരിക്കുമോ..? അതോ ഏതേലും ദളിത് ക്രിസ്ത്യൻസ് ആയിരിക്കുമോ..? അത് ദളിത് ക്രിസ്ത്യൻ ആയിരിക്കാൻ അല്ലേ സാധ്യത ..അങ്ങനെ ഒരു പശ്ചാത്തലത്തിലുള്ള കഥയെ എന്തിനായിരിക്കും സാമ്പത്തിക അസമത്വത്തിലേക്ക് മാത്രം ശ്യാം ചുരുക്കി കെട്ടുന്നത്. ജാതിയെ അഡ്രെസ്സ് ചെയ്യാൻ ഉള്ള മടി അല്ലേ മുഴച്ചു നിൽക്കുന്നത്.
Nb- പ്രത്യേകം ശ്രദ്ധിക്കുക, ശ്യാം പുഷ്ക്കരൻ എന്ന വ്യക്തിയോടും അയാൾ പൊതു ഇടത്തിൽ പ്രകടിപ്പിക്കാറുള്ള രാഷ്ട്രീയ അഭിപ്രായങ്ങളോടും ബഹുമാനത്തോടെ കണ്ടു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകളിലെ രാഷ്ട്രീയത്തെ വിമർശന ബുദ്ധിയോടെ സമീപിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.അത് കൊണ്ട് തന്നെ കമെന്റുകളിൽ വ്യക്തി ഹത്യ ഒഴിവാക്കുക
148 total views, 1 views today
