UDF വൻ തോൽവിയുടെ 10 പ്രധാന കാരണങ്ങൾ

0
180

സജീഷ് മഠത്തിൽ

UDF വൻ തോൽവിയുടെ 10 പ്രധാന കാരണങ്ങൾ…

  1. കേരളത്തിലെ ഓരോ വീടുകളിലും ഈ മഹാമാരി കാലത്ത് കിറ്റുകൾ കിട്ടുകയുണ്ടായി. കേരളത്തിലെ സ്ത്രീകൾക്ക് റേഷൻകടകളിൽ നിന്നും കൊച്ചു കുട്ടികൾ ഉള്ളവർക്ക് അംഗൻവാടികൾ, സ്കൂളുകൾ, മാവേലിസ്റ്റോറുകൾ, തുടങ്ങിയ ഇടങ്ങളിൽ നിന്ന് കിറ്റുകൾ കിട്ടുകയും അത് അടുക്കളയിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകൾക്ക് വലിയ ആശ്വാസം ഉണ്ടാക്കുകയും ജോലിയും കൂലിയും ഇല്ലാത്ത കാലഘട്ടത്തിൽ ഒരു സർക്കാർ സംരക്ഷിക്കാൻ ഒപ്പമുണ്ടെന്ന പ്രതീതി, ഒരു സുരക്ഷ സ്ത്രീകൾക്ക് ഉളവാക്കി. കേരളത്തിലെ മുഴുവൻ സ്ത്രീകളും രാഷ്ട്രീയം നോക്കാതെ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുകയും ചെയ്തു.
  2. കോൺഗ്രസ് ബിജെപിക്കാരെപ്പോലെ മതത്തിനും ശബരിമല തുടങ്ങിയ മതവുമായി ബന്ധപ്പെട്ട ആചാര സംരക്ഷണ ആവശ്യങ്ങൾക്ക് പിറകെ പോയത് ചിന്തിക്കുന്നതും വായിക്കുന്നതും ആയ കുറച്ച് കോൺഗ്രസ് അനുഭാവികളെയും നിഷ്പക്ഷരെയും അകലുന്നതിന് ഇടയാക്കി.
  3. വിവാദ നായകനും ലീഗ് അനുഭാവിയും ആയിരുന്ന ഫിറോസ് കുന്നംപറമ്പിലിനെ തവനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആക്കിയത് യാതൊരു ആലോചനയും കൂടാതെ ആയിരുന്നു. അദ്ദേഹം നിലവിൽ ഒരു സെലിബ്രിറ്റി വിവാദനായകൻ ആണെന്നും അദ്ദേഹത്തിന് സീറ്റ് നൽകുന്നത് കേരളം മുഴുവൻ ഒരു വിഭാഗത്തിന് ഇടയിൽ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കും എന്നതും മറന്നു. അവരുടെ വോട്ടുകൾ കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും അകന്നു.
  4. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമെന്നത് പൂർണ്ണമായും ഇല്ലാതായി.അണികളിൽ നിന്നാണ് ആരെ സ്ഥാനാർഥിയാക്കണമെന്ന് തീരുമാനിക്കപ്പെടേണ്ടത്. ദൗർഭാഗ്യവശാൽ കോൺഗ്രസിന്റെ രണ്ടോ മൂന്നോ സംസ്ഥാന ഗ്രൂപ്പ് നേതാക്കന്മാർ തീരുമാനിക്കുകയും അത് AICC യെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യുന്ന കലാ പരിപാടി ആ പാർട്ടിയിലെ തന്നെ അണികളുടെ ഊർജ്ജത്തെ തന്നെ ഇല്ലാതാക്കി.

  5. കഴിഞ്ഞ കോൺഗ്രസ് ഭരണത്തിൽ മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം കുറഞ്ഞുവെന്ന് കാന്തപുരം പരാതി പറഞ്ഞതും നായർ സമുദായത്തിന് താക്കോൽ സ്ഥാനം വേണമെന്ന് സുകുമാരൻനായർ പറഞ്ഞതും വിവിധ പള്ളികളിലെ രാഷ്ട്രീയ നിറമുള്ള ഇടയലേഖനങ്ങളും വെള്ളാപ്പള്ളി നടേശന്റെ ആവശ്യങ്ങളും ഒന്നും ഈ ഭരണത്തിൽ തീർത്തും ഉണ്ടായിരുന്നില്ല എന്നത് ഒരു വിഭാഗം ജനങ്ങൾ തിരിച്ചറിഞ്ഞു. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ശബരിമലയിൽ സ്ത്രീകൾ കയറുക എന്നുള്ളത് ഒരു നവോത്ഥാനം തന്നെയാണെന്ന് ചിന്തിച്ച ഒരു വലിയ വിഭാഗം കേരളത്തിൽ വളർന്നു വന്നിട്ടുണ്ടെന്ന് ഇടതുപക്ഷം മനസ്സിലാക്കി. അവരുടെ വോട്ട് കൃത്യമായും ഇടതുപക്ഷത്തിന് ലഭിക്കുകയും ചെയ്തു.

  6. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഭരണം മാറി വരുന്നത് കേരളത്തിന് അനുകൂലമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. അവരും മേൽ കാരണങ്ങൾ കൊണ്ട് തന്നെ യുഡിഎഫ് ഭരണം വരുന്നതിനേക്കാൾ നല്ലത് നിലവിലുള്ള ഭരണം തുടരുന്നത് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അതുകൊണ്ട് ആ വോട്ടുകളും അവർക്ക് ലഭിക്കാൻ ഇടയായി.

  7. പല സീറ്റ് മോഹികൾക്കും സീറ്റ് ലഭിക്കാതെ വന്നപ്പോൾ അണികളെ തെരുവിലിറക്കി പ്രതിഷേധിച്ചു. പാർട്ടിയിൽ ജനാധിപത്യമില്ലാ തിരുന്നപ്പോൾ ഏകപക്ഷീയമായ തീരുമാനങ്ങൾ ഈ നേതാക്കൾ ഗ്രൂപ്പടിസ്ഥാനത്തിൽ എടുത്തപ്പോൾ ഈ അണികളുടെ പ്രതിഷേധം എവിടെ പോയിരുന്നു. സ്വന്തം നേതാവിനു സീറ്റ് കിട്ടാതിരിക്കുമ്പോൾ റോഡിൽ ഇറങ്ങാൻ വേണ്ടി മാത്രം ഉള്ളവരല്ല അണികൾ മറിച്ച് കൃത്യമായ രാഷ്ട്രീയ ഇടപെടൽ നടത്തുന്നവരും ആയിരിക്കണം എന്നത് കോൺഗ്രസ് അണികൾ മറന്നു. കോൺഗ്രസ് പ്രവർത്തകർ നിഷ്ക്രിയരായ അണികൾ മാത്രം ആണ് എന്ന് ഒരു വിഭാഗം കോൺഗ്രസുകാർ പോലും കരുതി.

  8. പി എസ് സി മുഖാന്തരം ആളെ തിരികെ കയറ്റൽ, പരീക്ഷാ തട്ടിപ്പ്, മദ്യലഭ്യത കൂടുതലായത്, ഇതിനെല്ലാം എതിരെ വ്യക്തമായ ഒരു സമരം നടത്തി വിജയിപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടുണ്ടോ? മദ്യലഭ്യത കൂട്ടിയത് ഭൂരിഭാഗം കുടുംബങ്ങളിലും കലഹങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചത് കോൺഗ്രസ് കാണാതെ പോയത് എങ്ങനെയാണ്? ആ വിഷയം എങ്കിലും കൃത്യമായി ഉയർത്തി പിടിച്ചിരുന്നെങ്കിൽ കുടുംബങ്ങളിലെ സ്ത്രീകളുടെയും മുതിർന്നവരുടെയും വോട്ടെങ്കിലും ലഭിക്കുമായിരുന്നില്ലേ?

  9. യുഡിഎഫ് ഭരണത്തിൽ ഏറിയാൽ ലീഗിന്റെ അപ്രമാദിത്വവും ആ പാർട്ടി പ്രതിനിധാനംചെയ്യുന്ന സമുദായ നിറവും മന്ത്രിസഭ രൂപീകരിക്കുമ്പോൾ മന്ത്രി സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അവരുടെ വിലപേശലും മറ്റും കുറേ ആളുകളുടെ ഇടയിൽ വെറുപ്പുളവാക്കി. ആ വിഭാഗം ആളുകളുടെ വോട്ടും യുഡിഎഫ് അങ്ങനെ നഷ്ടമാക്കി.

  10. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് എംഎൽഎമാരും എംപിമാരും, ബിജെപിയിലേക്ക് പോയത് മുസ്ലിം വിഭാഗത്തിനു കോൺഗ്രസിൽ ഉള്ള വിശ്വാസ്യത നഷ്ടമാക്കുകയും വലിയൊരുവിഭാഗം മുസ്ലിം വോട്ട് കോൺഗ്രസിനു ചെയ്യപ്പെടുന്നതിൽ നിന്ന് നഷ്ടപ്പെടാൻ ആ പ്രചരണം ഇടയാക്കുകയും ചെയ്തു.

NB: തോൽവിയുടെ കാരണങ്ങൾ പഠിക്കാൻ കെപിസിസിയുടെ കമ്മറ്റിയെ നിയോഗിക്കുകയോ കലിയുഗ ജ്യോതിഷിയെയോ സമീപിച്ചിട്ടോ യാതൊരു കാര്യവുമില്ല… എല്ലാ സാധാരണക്കാർക്കും ഇത് വ്യക്തമായി അറിയുകയും ചെയ്യാം…
കോൺഗ്രസുകാർ മാറണം, മാറ്റണം, മാറ്റപ്പെടണം