തോറ്റുകൊടുത്താൽ അറ്റുപോയ വിരലുകളുമായി കൂടുതൽ ജോസഫ്മാഷുമാർ നാടുനിറയും

0
122

Sajeev Ala യുടെ പോസ്റ്റ്

വാളയാർ അതിർത്തി കടന്നാൽ പിന്നെ കാദറും രാജീവും മാത്യുവും എല്ലാം മലയാളികൾ മാത്രമായിരുന്നു.വിദേശത്തെത്തുമ്പോൾ എല്ലാവർക്കും ഇന്ത്യക്കാർ എന്ന വിളിപ്പേരാണെങ്കിലും അവിടെയും കേരളീയർ എന്നൊരു കൂട്ടായ്മയുണ്ടായിരുന്നു.ഗൾഫിൽ ഒരേ മുറിയിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും യുക്തിവാദിയും തീപാറും ചർച്ചകളും വാഗ്വാദങ്ങളും നടത്തി ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിഞ്ഞൊരു കാലമുണ്ടായിരുന്നു.എണ്ണപ്പണത്തിന്റെ ബലത്തിൽ ഇസ്ലാമിസ്റ്റുകൾ കേരളത്തിൽ ശക്തിപ്രാപിച്ചതോടെ മതാതീത മലയാളി സൗഹൃദത്തിന് വിള്ളൽ വീണുതുടങ്ങി.സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ നരേന്ദ്രമോഡിയുമായി ഉറ്റബന്ധം പുലർത്തുമ്പോൾ ഗൾഫിലുള്ള മലയാളി മൗദൂദികളും സലഫികളും ബിജെപിയോട് അനുഭവം പുലർത്തുന്നവരുടെയും ഇസ്ലാം വിമർശകരുടെയും ജോലി കളയിക്കാനും ആളെക്കൂട്ടി കയ്യേറ്റം ചെയ്യിക്കാനും തുടങ്ങി.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുറാനും ഹദീസുകളും ഉദ്ധരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സ്വതന്ത്രചിന്തകർ നബിയുടെ മനുഷ്യവിരുദ്ധ ക്രൂരതകൾ തുറന്നുകാട്ടിയപ്പോൾ മുസ്ലീം സമുദായത്തിൽ നിന്ന് നൂറുകണക്കിന് യുവതിയുവാക്കൾ യുക്തിവാദികളായി മാറി. അങ്ങനെ പുതിയങ്ങാടിക്കാരനായ ഒരു അബ്ദുൾ കാദറും അവിശ്വാസിയായി മാറി. ജനാധിപത്യം മതേതരത്വം സ്ത്രീസമത്വം അങ്ങനെ മാനവികമായ എല്ലാത്തിനും ഭീഷണിയും വെല്ലുവിളിയും ഉയർത്തുന്ന ആറാം നൂറ്റാണ്ടിലെ അന്ധകാര വിശ്വാസ പദ്ധതിക്കെതിരെ, ഒരുകാലത്ത് കടുത്ത ഇസ്ലാമിസ്റ്റായിരുന്ന കാദർ ഫേസ്ബുക്കിലൂടെ നിരന്തരം ആഞ്ഞടിച്ചു. വിമർശനാക്രമണത്തിന് വീര്യം കൂട്ടാനായി തെറിവാക്കുകൾ ഒരു മയവുമില്ലാതെ കാദർ അഴിച്ചുവിട്ടു. അദ്ദേഹത്തിന്റെ ഈ ഭാഷാശൈലിയോട് വിയോജിക്കുമ്പോൾ തന്നെ കാദർ മുന്നോട്ട് വെക്കുന്ന വലിയ ശരികൾ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല.

മുത്തായ മുത്ത് മഹോന്നതൻ നടത്തിയ കൊള്ള കൊല ബലാത്സംഗം തുടങ്ങിയവയുടെ കണക്കുകൾ ഹദീസുകൾ ക്വോട്ട് ചെയ്ത് കാദർ തുറന്നുകാട്ടി.മയക്കുവെടിയിലൂടെ കാദറിനെ ഒതുക്കാൻ നോക്കി പറ്റാതായപ്പോൾ അദ്ദേഹത്തെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ഗൂഡതന്ത്രങ്ങൾ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികൾ മെനഞ്ഞു തുടങ്ങി.യുഎഇയിൽ ജോലി ചെയ്യുന്ന കാദറിനെ മതനിന്ദാ നിയമത്തിലൂടെ അകത്താക്കാനായി അവിടെ പരാതി നല്കി.മതം വിട്ടവന് ഇസ്ലാം വിധിക്കുന്നത് മരണശിക്ഷയാണ്. കാദറിന്റെ ശിരച്ഛേദം തന്നെയാണ് ഈ കുടില മലയാളികളുടെ ലക്ഷ്യം.അറേബ്യൻ രാജ്യങ്ങളിൽ ഏറ്റവും ലിബറലായ ഭരണസംവിധാനം നിലനിൽക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ട് സൗദി മാതൃകയിലുള്ള ശിക്ഷയൊന്നും കാദറിന് കിട്ടില്ലെന്ന വിശ്വാസം തന്നെയാണ് ഒരേയൊരു ആശ്വാസം.

വിമർശനങ്ങളുടെ തെറിയും തീയും പുകയും പുറത്തുവിടുമ്പോഴും കുഞ്ഞുങ്ങളുടേതിന് സമാനമായ നിഷ്കളങ്കതയും കാദറിൽ കാണാനാവും. അഗാധമായ മനുഷ്യസ്നേഹമാണ് കാദറിനെ എക്സ് മുസ്ലീമാക്കിയത്. കോയമ്പത്തൂരിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന ഫാറൂഖിനെ അറിയാതെ പോയ കേരളത്തിലെ ഇരുമുന്നണികളും കാദറിന്റെ മോചനത്തിനായി ചെറുവിരൽ പോലും അനക്കാൻ പോകുന്നില്ല.സ്വന്തം നാട്ടുകാരന്റെ ജീവനും ജീവിതവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ഇസ്ലാമിസ്റ്റുകളുടെ നീചതന്ത്രങ്ങൾ പരാജയപ്പെടണമെങ്കിൽ കേന്ദ്രസർക്കാർ ഇടപെടണം. അതിനായി മതാതീതമായ ഒരു മൂവ്മെന്റ് രൂപപ്പെടണം.കാദർ ഒരു ചേകന്നൂർ മൗലവിയേയും ഭൂമിയിൽ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല. കാദർ ഒരു അധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല.
കാദർ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ കാശ്മീരിൽ പോയിട്ടില്ല. കാദർ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിട്ടില്ല. കാദർ മടങ്ങിവരണം.  കാദറിനെ നമുക്ക് തിരിച്ചുവേണം. ഇന്ന് കാദർ നാളെ ഞാനും നിങ്ങളും. തോറ്റുകൊടുത്താൽ അറ്റുപോയ വിരലുകളുമായി കൂടുതൽ ജോസഫ്മാഷുമാർ നാടുനിറയും.