life story
ബിബിസി വാർത്താ വായനക്കാരിയായ യെൽഡ ഹക്കിം അഫ്ഗാനിലാണ് ജനിച്ചത്, യെൽഡയുടെ കഥ നിങ്ങൾ വായിക്കണം
ബിബിസി വേൾഡ് ന്യൂസിലെ വാർത്താ വായനക്കാരിയാണ് യെൽഡ.താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കുന്ന ഈ ദിനങ്ങളിൽ വാർത്തയും വിശകലനവും എല്ലാമായി ഫുൾടൈം
267 total views

Sajeev Ala
യെൽഡ ഹക്കീം എന്ന് കേട്ടിട്ടുണ്ടോ….?
ബിബിസി വേൾഡ് ന്യൂസിലെ വാർത്താ വായനക്കാരിയാണ് യെൽഡ.താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കുന്ന ഈ ദിനങ്ങളിൽ വാർത്തയും വിശകലനവും എല്ലാമായി ഫുൾടൈം ബിബിസിയിൽ യെൽഡ നിറഞ്ഞു നിൽക്കുന്നു.ഇനി നമുക്ക് യെൽഡയുടെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കാം.
സോവിയറ്റ് പട്ടാളവും മുജാഹിദിനുകളുമായി കൊടുംയുദ്ധം നടക്കുന്ന കാലത്ത് കാബൂളിലാണ് യെൽഡ ജനിച്ചത്.ഏതുനിമിഷവും മരണം സംഭവിക്കാവുന്ന ഭീതിജനകമായ അന്തരീക്ഷത്തിൽ നിന്ന് രക്ഷപെടാനായി യെൽഡയുടെ മാതാപിതാക്കൾ, മക്കളെയും വാരിയെടുത്ത് കിട്ടിയ കുതിരപ്പുറത്ത് കയറി പാകിസ്താനിലെത്തി. അവിടെനിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറി. അന്ന് വെറും മൂന്നു വയസ്സുകാരി പെൺകിടാവായിരുന്നു യെൽഡ
ജനാധിപത്യത്തിന്റെ സമൃദ്ധിയിൽ കുഞ്ഞി യെൽഡ വളർന്ന് മിടുമിടുക്കി പാശ്ചാത്യ പെൺകുട്ടിയായി മാറി. പിന്നെ ലോകമറിയുന്ന ന്യൂസ് റീഡറായി.അന്ന് യെൽഡയുടെ കുടുംബം അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപെടാൻ നോക്കിയില്ലായിരുന്നെങ്കിൽ ബിബിസിയിലെ പ്രശസ്ത വാർത്താ വായനക്കാരി, വെറുമൊരു ചാക്കുകെട്ടായി മാറുമായിരുന്നു.കാബൂളിൽ നിന്ന് ഭയചകിതരായ ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകൾ അയ്ക്കുന്ന സന്ദേശങ്ങൾ ഹൃദയവേദനയോടെ യെൽഡ ഹക്കീം ലോകത്തോട് പങ്കുവെയ്ക്കുന്നു.
മഹാഭാഗ്യവതികളായ കുറച്ച് യെൽഡമാർ രക്ഷപെട്ട് യൂറോപ്പിലും അമേരിക്കയിലും മറ്റും എത്തി ഇന്ന് സ്വതന്ത്ര വനിതകളായി ജീവിക്കുന്നു. അഫ്ഗാൻ അതിർത്തി കടക്കാൻ കഴിയാതെപോയ ഭാഗ്യഹീനകൾ ഭൂമിയിലെ നരകത്തിൽ വെന്തുരുകി മരിക്കുന്നു.
ഏതാണ്ട് കേരളത്തിന്റെ അത്രയും ജനസംഖ്യയുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഇങ്ങനെയൊരു ദുരന്തജീവിതം നയിക്കുവാൻ അവരെന്ത് പാതകമാണ് ചെയ്തത്….?മനുഷ്യവിരുദ്ധമായ ഒരു വിശ്വാസപദ്ധതിക്ക് മേൽക്കൈയുള്ള ഒരു പ്രത്യേക പ്രദേശത്ത് പിറന്നുവീണുപോയി എന്നൊരൊറ്റക്കാരണത്താൽ ജീവിതം ഇരുണ്ട തടവറയായിപ്പോയ പാവം സ്ത്രീകൾ.
കണ്ണും തലയും വായും മൂടിക്കെട്ടി വെറും ചാക്കുകെട്ടായി മാറ്റപ്പെട്ട ആ പെൺഹൃദയങ്ങളിലും സ്വപ്നങ്ങളുണ്ട് മോഹങ്ങളുണ്ട് വർണ്ണങ്ങളുണ്ട്.
പക്ഷെ ജനാധിപത്യ മതേതര രാജ്യങ്ങളിലെ സ്ത്രീകളെ പോലെ സ്വാതന്ത്ര്യദാഹം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ ഒന്നുകിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തും അല്ലെങ്കിൽ ചാട്ടവാർ പ്രഹരത്താൽ തളർത്തും.
ആറാം നൂറ്റാണ്ടിലെ ഭ്രാന്തൻ ജല്പനങ്ങളുടെ ചങ്ങലയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീത്വത്തെ ബന്ധനസ്ഥയാക്കുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
അവരുടെ പെണ്ണുങ്ങൾക്ക് മുഖമില്ലെങ്കിൽ നമുക്കെന്ത് നഷ്ടം എന്ന സമീപനം ആധുനിക മനുഷ്യന് ചേർന്നതല്ല.സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ നിഷേധിക്കുന്ന വിശ്വാസപദ്ധതികളെ ലോകം കരിമ്പട്ടികയിൽ പെടുത്തണം. ഹ്യൂമൻ റൈറ്റ്സ് എന്നാൽ പുരുഷന് മാത്രമുള്ള അവകാശങ്ങളാണെന്ന് ശഠിക്കുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തണം.പെണ്ണ് എന്ത് ഉടുക്കണം
പെണ്ണ് എങ്ങനെ നടക്കണം പെണ്ണ് എന്ത് ചിന്തിക്കണം എന്നൊക്കെ ഫത്വ ഇറക്കാൻ ഒരു മുല്ലാ ഉമറിനെയും അനുവദിക്കാൻ പാടില്ല.സ്ത്രീത്വത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന ഭീകരതയെ തുടച്ചുനീക്കാൻ ഏതറ്റംവരെയും പോകാനുള്ള ബാധ്യത മനുഷ്യകുലത്തിനുണ്ട്.
268 total views, 1 views today