മുപ്പത്തഞ്ച് പെണ്‍വാണിഭ കേസിലെ പ്രതി കെട്ടാന്‍ പോകുന്ന പെണ്ണും കന്യാകാത്വ ചട്ടം കര്‍ശനമായി പാലിച്ചിരിക്കണം

188

Sajeev Ala

കന്യകാത്വം ചാരിത്ര്യം

ഈ രണ്ട് ഐറ്റംസിൽ ചുറ്റിപ്പറ്റിയാണ് ഒരു ഇന്ത്യന്‍ സ്ത്രീയുടെ ജീവിതവും ഭാവിയും.പരമ പവിത്രമായ ഈ മഹദ് വസ്തുക്കള്‍ എങ്ങനേയും സൂക്ഷിച്ച് സംരക്ഷിച്ച് ഭര്‍ത്താവായി വരുന്ന ഭാരതകേസരിക്ക് നല്‍കണം. അതാണ് ആര്‍ഷ ക്രൈസ്തവ ഇസ്ളാമിക പെണ്ണിന്‍റെ ധര്‍മ്മം. മുപ്പത്തഞ്ച് പെണ്‍വാണിഭ കേസിലെ പ്രതി കെട്ടാന്‍ പോകുന്ന പെണ്ണും കന്യാകാത്വ ചട്ടം കര്‍ശനമായി പാലിച്ചിരിക്കണം. ആദ്യരാവില്‍ അംഗനയുടെ ചോരക്കറ കിടക്കയില്‍ കണ്ടില്ലെങ്കില്‍ മണവാളന്‍ അംഗവാളെടുത്തിരിക്കും. ഡിവോഴ്സോ കൊലപാതകമോ ഒന്നുറപ്പ്.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഹൈസ്ക്കൂളുകളിലും കോളേജുകളിലും കോണ്ടം വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കേള്‍ക്കുമ്പോഴേ നാം കോപം കൊണ്ട് വിറയ്ക്കും. സായിപ്പിന്‍റെ ലൈംഗിക വൈകൃതത്തെപ്പറ്റിവാചാലരായി ഭാരതപൈതൃക ഏമ്പക്കവും വിടും. പാശ്ചാത്യ രാജ്യങ്ങളില്‍ ചാരിത്ര്യസദാചാര ഗുണ്ടായിസമില്ല. വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീകള്‍ കന്യാകാത്വ പുതപ്പ് ഉപേക്ഷിച്ച് കളഞ്ഞിട്ടുണ്ടെന്ന് അവിടുള്ള ആണുങ്ങള്‍ക്കറിയാം. വെര്‍ജിനിറ്റി മൈക്രോസ്ക്കോപ്പുമായി നടക്കുന്ന പുരുഷനവിടെ പരിഹാസപാത്രമാകും,

അതുകൊണ്ട് റേപ്പ് ചെയ്യപ്പെട്ട പെണ്ണിനവിടെ റോഡപകടത്തില്‍ പരിക്കേറ്റൊരാള്‍ ആരോഗ്യം വീണ്ടെടുത്ത് ജീവിക്കുന്നതുപോലെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാവും. ഇരയ്ക്ക് പകരം പ്രതിയായ പുരുഷനവിടെ വെറുക്കപ്പെടുന്നു ഒറ്റപ്പെടുന്നു. കന്യാകാത്വം നഷ്ടപ്പെട്ട പെണ്ണിനെ തറയ്ക്കാനൊരു കുരിശും ചുമന്ന് നടക്കുന്ന നമ്മുടെ നാട്ടില്‍ റേപ്പിനെ അതിജീവിക്കുന്ന പെണ്ണ് സമൂഹത്തിന്‍റെ സദാചാര ബലാത്ക്കാരത്തിനിരയായി ചോരവാര്‍ന്ന് മരിക്കുന്നു. റേപ്പ് ചെയ്യപ്പെട്ട സ്ത്രീക്ക് പേരും മുഖവും വ്യക്തിത്വവും പാടില്ലെന്ന് നിയമപുസ്തകങ്ങൾ പോലും ശഠിക്കുന്നു.

ബലാത്ക്കാരത്തിന് ഇരയായ ഒരു പെണ്ണിന് ഇന്ത്യയിൽ അഭിമാനത്തോടെയുള്ളൊരു തുടർജീവിതം അസാധ്യമാണ്. കൊല്ലപ്പെട്ട ആ ഹൈദരാബാദ് വെറ്റിനറി ഡോക്ടർ ഒരു കണക്കിന് ഭാഗ്യവതിയാണ്. ഒരു ജന്മം മുഴുവൻ ഇരുട്ടിൽ വ്രണപ്പാടുമായി ഒളിച്ചു ജീവിക്കുന്നതിനേക്കാൾ ഭേദം പെട്ടെന്നുള്ള മരണം തന്നെയാണ്.