ഭീകരതയെ നേരിടാന്‍ ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണം. കൊള്ളാം.നല്ല ഐഡിയ പക്ഷേ എങ്ങനെ നടപ്പാക്കും? സയന്‍സ് കൊണ്ട് മാത്രം രക്ഷപ്പെട്ട ഇസ്രായേല്‍ മക്കള്‍. കരിഞ്ഞുണങ്ങിയ മരുഭൂമിയിൽ ഹൈടെക്ക് കൃഷികൊണ്ട് അദ്ഭുതം വിളയിപ്പിച്ചവര്. കുറഞ്ഞ ചെലവില്‍ അണുബോംബ് അവര്‍ ഉണ്ടാക്കിയെടുത്തു. ജൂതനില്ലാതെ നോബല്‍ സമ്മാനലിസ്റ്റില്ല. മൊസാദിന്റെ മുന്നില്‍ സി.ഐ.എ വെറും കുഞ്ഞിക്കൂനന്.
ഇത്തിരിയോളമില്ലാത്ത ഒരു രാജ്യത്തിന്റെ മുന്നില്‍ ലോകഭീമന്മാര് സാങ്കേതിക വിദ്യ പഠിക്കുവാന്‍ ക്യൂ നില്ക്കുന്നു. മഹാസംസ്ക്കാര ഭാരതഭൂമിയില്‍ മഹാവ്യാധിശമനത്തിനായി ഇന്നും ഗോമൂത്രം പിടിക്കാന്‍ ജനം തിക്കിത്തിരക്കുന്നു. പശുവിനെ ചൊല്ലി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു.റഷ്യയില്‍ നിന്ന് വാങ്ങിയ തുരുമ്പിച്ച വിമാനത്തിന്റെ ഒടിഞ്ഞുതൂങ്ങിയ ചിറകില്‍ കയറിനിന്ന് വിമാനം കണ്ടുപിടിച്ചത് നമ്മളാണെന്ന് വീമ്പിളക്കുന്നു.ശാസ്ത്രകോണ്‍ഗ്രസില്‍ ഗണപതിക്ക് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയതിനെപ്പറ്റി പറഞ്ഞ് പ്രധാനമന്ത്രി പുളകം കൊള്ളുന്നു.
പുട്ടപ്പൂര്ത്തി മജീഷ്യന്റേയും വള്ളിക്കാവ് സുധാമണിയമ്മയുടേയും മുമ്പില്‍ മുട്ടുകുത്തി നില്ക്കുന്ന ഭരണത്തലവന്മാര്.വിക്ഷേപണത്തിന് മുന്‍പ് ഉപഗ്രഹമോഡല് തിരുപ്പതിയില്‍ കാണിക്കവെച്ച് തലമൊട്ടയടിക്കുന്ന ഐ.എസ്.ആര്.ഒ. ഐന്‍സ്റ്റീനേയും ഹോക്കിംഗ്സിനേയും വെല്ലുന്ന പുലികളായിരുന്നു പുരാതന മുനിമാരെന്ന് പറയുന്ന രാജ്യത്ത് സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുതകുന്ന ഡിഫന്‍സ് ടെക്ക്നോളജി പോലും വികസിക്കാന്‍ പോകുന്നില്ല കടല്‍ കടക്കുന്നത് പാപമാണെന്ന് വിശ്വസിച്ച ഭീരുക്കളുടെനാട് എന്നും ആക്രമണകാരികളുടെ ഇഷ്ടഭൂമികയായിരുന്നു.ഇന്നും അത് തുടരുന്നു. സ്വയം സമ്പൂര്‍ണ്ണമെന്ന് വിശ്വസിക്കുന്ന ഏത് സംസ്ക്കാരവും വളര്‍ച്ച മുരടിച്ച് മരുഭൂമിയായി മാറും. അതും പ്രകൃതി നിയമമാണ്.