പണ്ട് സിമന്റ് കിട്ടണമെങ്കിൽ തഹസിൽദാർക്ക് അപേക്ഷ കൊടുക്കണമായിരുന്നു, ഇന്നോ ? നരസിംഹറാവു കൊണ്ടുവന്ന രക്തരഹിത വിപ്ലവം എന്തായിരുന്നു ?

181

Sajeev Ala ✍️

ഗൾഫിൽ നിന്ന് അവധിക്ക് വന്ന ഇസ്മായിൽ നാട്ടുകാരനായ തഹസിൽദാരെ കാണാൻ വീട്ടിലെത്തി. പളപള മിന്നുന്ന ഷർട്ടും പാന്റ്സും കൂളിംഗ് ഗ്ലാസും ഒക്കെ ധരിച്ച് ബുള്ളറ്റിൽ വന്നിറങ്ങിയ ഇസ്മായിലിന് ഒരൊറ്റ അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാപ്പ ഒരു പുതിയ തൊഴുത്ത് ഉണ്ടാക്കുന്നു. അതിനൊരു നാല്പത് ചാക്ക് സിമന്റ് വേണം. തഹസിൽദാർ സാർ കനിയണം. ഒരു ഇരുപത് ചാക്ക് ഒപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്കി തഹസിൽദാർ ഇസ്മായിലിനെ പറഞ്ഞയച്ചു.

എൺപതുകളിൽ ഇറങ്ങിയ ‘അക്കരെ’ എന്ന സിനിമയിലാണ് പുതുതലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന ഈ രംഗം ഉള്ളത്. ഒരു കാലത്ത് വീട് പണിയണമെങ്കിൽ കടമുറി പണിയണമെങ്കിൽ സിമന്റ് കിട്ടണമെങ്കിൽ തഹസിൽദാർക്ക് അപേക്ഷ കൊടുക്കണമായിരുന്നു. അമ്പത് ചാക്ക് ചോദിച്ചാൽ പത്ത് ചാക്ക് കിട്ടും. ഉദ്യോഗസ്ഥർ അഴിമതിക്കാരണെങ്കിൽ കൈമടക്ക് കൊടുത്ത് എളുപ്പത്തിൽ കാര്യം സാധിക്കാനുമാവുമായിരുന്നു.ഇതായിരുന്നു ലൈസൻസ് രാജ് ഇന്ത്യ. ഇന്ന് സിമന്റ് കമ്പനികൾ കോടികൾ പരസ്യം നല്കി ഉപഭോക്താക്കളെ വശീകരിച്ച് വിപണി പിടിക്കാൻ പെടാപ്പാട് പെടുന്നു.

ഇതാണ് നരസിംഹ റാവു കൊണ്ടുവന്ന രക്തരഹിതവിപ്ലവം. കുബേരന്മാരുടെ ധാർഷ്ട്യമായിരുന്ന ടെലിവിഷൻ ഇന്ന് വെറും സാധാരണ വസ്തുവായി മാറിയിരിക്കുന്നു.ദൂരദർശൻ മാത്രം കണ്ട് മുരടിച്ചിരുന്നവരുടെ വിരൽത്തുമ്പിൽ ഇന്ന് ബിബിസിയും സിഎൻഎനും അൽ ജസീറയും നാഷണൽ ജോഗ്രഫിക്കും ഏഷ്യാനെറ്റും കിരൺ ടിവിയും മറ്റ് നൂറുകണക്കിന് ചാനലുകളും ഓടിക്കളിക്കുന്നു.
ഒരു ലാൻഡ് ഫോൺ കണക്ഷൻ കിട്ടാനായി ടെലികോം ഓഫീസുകളിൽ മനുഷ്യർ കയറിയിറങ്ങി കൈകൂപ്പി നടന്നൊരു കാലമുണ്ടായിരുന്നു.  മാധ്യമ അപ്രമാദിത്വം അവസാനിപ്പിച്ച് ഓരോ വ്യക്തിയും ഫേസ്ബുക്കിൽ ലേഖകനായി അവരുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾ വിയോജിപ്പുകൾ എല്ലാം രേഖപ്പെടുത്തുന്നു.

ലോകത്ത് ഏതു കോണിലുമുള്ള മികച്ച ഉല്പന്നങ്ങൾ ഇന്ന് ഇന്ത്യൻ വിപണി പിടിക്കാനായി മത്സരിക്കുന്നു. ഉപഭോക്താവാണ് രാജാവ് എന്ന നിലയിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വിശാലമായി മാറിയിരിക്കുന്നു. പക്ഷെ ഇപ്പോഴും പഴയ ലൈസൻസ് രാജ് സ്വപ്നം കാണുന്ന ചില കാലാഹരണപ്പെട്ട ചിതൽപ്പുറ്റുകൾ നാട്ടിലുണ്ട്. കുത്തകകൾ മുതലാളിത്തം സാമ്രാജ്യത്വം തുടങ്ങിയ പദങ്ങൾ ഭൂതകാലത്തിന്റ ഏതോ ഇരുണ്ട ഗുഹയിൽ കൂനിക്കൂടിയിരുന്ന് അവർ ഭ്രാന്തമായി വിളിച്ചുകൂവുന്നു.പക്ഷെ മനുഷ്യകുലം മുന്നോട്ട് തന്നെ സഞ്ചരിക്കും. മണൽത്തരികളെ സ്വർണ്ണത്തരികളാക്കി മാറ്റാനുള്ള സ്വകാര്യവ്യക്തികളുടെ ഇച്ഛാശക്തിയാണ് സ്വതന്ത്ര കമ്പോള സമ്പദ്ഘടനയുടെ ഇന്ധനം.

ഭയത്തിന്റെ അവിശ്വാസത്തിന്റെ ചങ്ങലക്കൂട്ടിൽ സമൂഹത്തെ കുടുക്കിലാക്കാൻ ശ്രമിക്കുന്ന കുബുദ്ധികൾ മനുഷ്യന്റെ സ്വപ്നങ്ങളും മോഹങ്ങളും മരവിപ്പിച്ചു നിർത്തുന്ന അടഞ്ഞ സിസ്റ്റത്തിനായി വാദിക്കുന്നു.വാതിലുകളും ജനലുകളും തുറന്നിട്ട ജനസമൂഹങ്ങൾ മാത്രമാണ് പുരോഗതിയുടെ വെളിച്ചത്തിന്റെ പ്രഭാവാഹകരായി മാറിയിട്ടുള്ളത്.കടുത്ത എതിർപ്പുകളും അപവാദങ്ങളും വിഷലിപ്ത പ്രചരണങ്ങളും മറികടന്നാണ് ഭാരതത്തെ ആഗോളവൽക്കരണത്തിന്റെ വികസന പാതയിലേക്ക് നരസിംഹ റാവു നയിച്ചത് .ഇന്നിപ്പോൾ അമേരിക്കൻ ഫൈസർ കമ്പനി കോവിഡ് വാക്സിനുമായി രാജ്യത്തിന്റെ വാതിലിൽ അനുവാദത്തിനായി കാത്തുനില്ക്കുന്നു. കമ്പോളത്തെ ഭയക്കുന്നവരാണ് യഥാർത്ഥത്തിൽ കുത്തകവത്ക്കരണത്തിന്റെ വക്താക്കൾ.

Seige the headquarters ജനാധിപത്യ വിരുദ്ധരുടെ മുദ്രാവാക്യമാണ്. മറ്റെല്ലാ മേഖലകളിലും ഉദാരവൽക്കരണം വേണം അതിന്റെ എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും വേണം പക്ഷെ ഞങ്ങളുടെ സ്വന്തം തട്ടകത്തിൽ ഞങ്ങളല്ലാതെ മറ്റാരും പാടില്ല.കർഷകസമരക്കാരുടെ വാദവും ഇതുതന്നെയാണ്. Reform or perish മോഡേണിസത്തിന്റെ മുദ്രാവാക്യം എന്നും എവിടെയും ഒന്നുതന്നെയാണ്.സ്വയം പരിഷ്ക്കരിക്കാനുള്ള തുറസ്സുകൾ നിലനിർത്തുന്ന ഏത് സിസ്റ്റവും കാലത്തെ അതിജീവിക്കും. ജനാധിപത്യവും സ്വതന്ത്ര വിപണിയും കൈകോർത്ത് മുന്നോട്ട് പോകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല .