പാട്രിക് ഡേ എന്നൊരു ബോക്സർ കൊല്ലപ്പെട്ടിരിക്കുന്നു. മത്സരത്തിനിടയിൽ എതിരാളിയിൽ നിന്നേറ്റ പ്രഹരമാണ് വെറും 27 വയസ്സ് മാത്രമുണ്ടായിരുന്ന ആ അമേരിക്കൻ യുവാവിന്റെ ജീവൻ അപഹരിച്ചത്. ബോക്സിംഗ് ഒരു കായികരൂപമേയല്ല.അതൊരുതരം പ്രാകൃത ആദിമവിളയാട്ടം മാത്രമാകുന്നു .റോമന്‍ ചക്രവര്‍ത്തിമാര്‍ പണ്ട് അടിമകളെ പരസ്പരം പോരടിപ്പിച്ച് ചോരചീറ്റിച്ച് ആര്‍ത്ത് രസിച്ചിരുന്നു.
മല്ലയുദ്ധത്തില്‍ എതിരാളിയെ രൌദ്രഭീമന്മാര് വലിച്ചുകീറിയതും തലതല്ലി തകര്‍ത്തതുമായ വീരകഥകള്‍ ഇതിഹാസ ചോരത്താളുകളില് നിറയുന്നു.കല്ലെറിഞ്ഞ് കൊല്ലുന്നതും പരസ്യമായി കഴുത്ത് വെട്ടിമാറ്റുന്നതും കാണുമ്പോള്‍ ഹിംസയുടെ കുഴലൂത്തുകാര്‍ ആര്‍പ്പുവിളിക്കുന്നു.അതിപരിഷ്കൃത കുപ്പായത്തിനുള്ളിലും മനുഷ്യമനസ്സില്‍ വയലന്‍സിനോടുള്ള അഭിവാഞ്ച നിലനില്ക്കുന്നു.അതുകൊണ്ടുതന്നെ ബോക്സിംഗ് ഇന്നും ഹരം പകരുന്നു. സ്പോര്‍ട്സ് ഇനമായി കൊണ്ടാടപ്പെടുന്നു
ഇടികൊണ്ട് സര്‍വ്വത്ര ചതഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നൊരു മനുഷ്യരൂപം. അവനെ തീർക്കൂവെന്ന് ആവേശമൂര്ച്ഛയില് അലറിവിളിക്കുന്ന വിജയിയുടെ ആരാധകര്‍. അതൊരു വല്ലാത്ത ഭീകരദൃശ്യമാണ്. ബോക്സിംഗ്, റസ് ലിംഗ് വീഡിയോ കാണണമെന്ന് വാശിപിടിക്കുന്ന കുഞ്ഞുങ്ങള്‍. അതൊരു അപകട സൂചനയാണ്. ഇരയുടെ നിലവിളി കേട്ട് ആനന്ദമൂര്ച്ഛയടയുന്ന അക്രമാസക്തമായ സമൂഹത്തിന്റെ അധമലക്ഷണം
മല്‍സരം ജയിക്കില്ലെന്ന് കണ്ടപ്പോള്‍ എതിരാളിയുടെ ചെവികടിച്ച് പറിച്ചെടുത്തോണ്ട് പോന്ന മൈക്ക് ടൈസന്. തലയിൽ പഞ്ചുകളേറ്റ് പാര്ക്കിന്സണ് ബാധിതനായി ബോക്സിംഗ് എന്ന മൃഗയാവിനോദത്തിന്റെ സങ്കടക്കാഴ്ചയായി മാറിയ മുഹമ്മദാലി . ബോക്സിംഗ് റിംഗ് പൂമ്പാറ്റകളുടേയും ചിത്രശലഭങ്ങളുടേയും കളിത്തൊട്ടിലല്ല. വേട്ടമൃഗത്തിന്റെ വന്യതയും തീഷ്ണതയും ഹിംസാത്മകതയും രക്തദാഹവും ചുരമാന്തുന്ന രണ്ട് ഇരുകാലികൾ ഏറ്റുമുട്ടുന്നു.
അക്രമത്തോടുള്ള അതിപുരാതനാസക്തിയാൽ ആൾക്കൂട്ടം പല്ലുഞെരിച്ചും മുഷ്ടി ചുരുട്ടിയും ആക്രോശമൂർച്ഛയിൽ സ്വയം മറക്കുന്നു. ഇതുമാത്രം ഇത്രമാത്രമാണ് ബോക്സിംഗ്. പരിഷ്കൃതചിത്തരായി മാറാൻ മനുഷ്യവർഗ്ഗം ഇനിയും നൂറ്റാണ്ടുകൾ മുന്നോട്ട് സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ മുഷ്ടിയുദ്ധമത്സരവും.
video