നെഹ്രുവിനു പറ്റിയ തെറ്റ്, ചൈനയെ മനസിലാക്കുന്നതിലായിരുന്നു

  0
  164

  Sajeev Ala എഴുതുന്നു 

  അയലത്ത് ഒരു മതരാഷ്ട്രവും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഒന്നിച്ച് കിട്ടുന്ന ഏത് ജനാധിപത്യ മതേതര രാജ്യവും അനുഭവിക്കും, ശരിക്കും അനുഭവിക്കും. ജവഹർലാൽ നെഹ്റു തിരിച്ചറിയാതെ പോയതും ഈ യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ കാര്യം ശരിക്കും കഷ്ടം തന്നെയാണ്. അധിനിവേശ പ്രവണത കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ജീനുകളിൽ തന്നെയുണ്ട്. റഷ്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായിട്ടും മതിയാവാതെ സ്റ്റാലിൻ ബാൾട്ടിക് കുഞ്ഞുങ്ങളായ ലാത്വിയ ലിത്വാനിയ എസ്റ്റോണിയ എന്നിവയെ സോവിയറ്റ് യൂണിയനോട് കൂട്ടിച്ചേർത്തു. ഫിൻലണ്ടിനെ ആക്രമിച്ച് പിടിച്ചെടുക്കാൻ നോക്കി. പോളണ്ടിന്റെ കിഴക്കൻ ഭാഗങ്ങൾ ഹിറ്റ്‌ലറുമായി സഖ്യമുണ്ടാക്കി തട്ടിയെടുത്തു.

  ഈ സ്വഭാവം അതേപടി ചൈനയിലും കാണാം. സോവിയറ്റ് യൂണിയനുമായി മാവോ അതിർത്തിയിൽ അടിയുണ്ടാക്കി. മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിനോട് യുദ്ധത്തിനൊരുങ്ങി. നെഹ്റു ഒരു പനിനീർപ്പൂവായിരുന്നു. കാല്പനിക ജനാധിപത്യ ചിന്തകളുടെ ഇതളുകൾ വിടർന്ന് സൗരഭ്യം പരത്തിയ റോജാ പൂന്തോട്ടം. എന്നാൽ 1949ൽ ചൈനയിൽ മാവോ അധികാരം പിടിച്ചെടുത്തപ്പോൾ കറതീർന്ന ഡമോക്രാറ്റായ ചാച്ചാജി കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തെ എല്ലാ അർത്ഥത്തിലും പിന്തുണച്ചു. ചൈനയ്ക്ക് ഐക്യരാഷ്ട്ര സമയിൽ അംഗത്വവും രക്ഷാസമിതിയിൽ സ്ഥാനവും ഒപ്പിച്ചുകൊടുക്കാനും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി തന്റെ സ്റ്റേറ്റ്സ്മാൻ ഇമേജ് ഉപയോഗിച്ച് അടരാടി.

  സോഷ്യലിസത്തിന്റെ അസ്കിത ചാച്ചാജിയിൽ ഒത്തിരി ഓവറായിരുന്നു.’ഇന്ത്യാ-ചൈനാ ഭായി ഭായി’. നെഹ്റു എല്ലാ ദിവസവും ചൗ എൻ ലായിയെ സ്വപ്നം കണ്ടു. പഞ്ചശീലം ഇന്ത്യയുടെ പ്രേമമന്ത്രമായി.സങ്കുചിത ദേശീയതയുടെ വൈകൃത ചിഹ്നമായ രാജ്യാതിർത്തികൾക്കെതിരേ ഇന്ദിരാ പ്രിയദർശിനിക്ക് നിറയെ കത്തുകളെഴുതിയ നെഹ്റുവിന്റെ ഇന്ത്യയെ ചൈന ഒരു ദിവസം അപ്രതീക്ഷിതമായി ആക്രമിച്ചു.റൊമാന്റിസിസത്തിൽ നിന്ന് നെഹ്റു ഉണർന്നപ്പോൾ അരുണാചൽ പ്രദേശ് ഏതാണ്ട് പൂർണമായും മാവോയുടെ ചുവന്ന പട്ടാളം പിടിച്ചുകഴിഞ്ഞിരുന്നു. വിശ്വമാനവികതയുടെ ഉപാസകനായിരുന്ന ചാച്ചാജിയുടെ ഹൃദയം തകർന്നു.
  അസാധാരണമായ ഊർജ്ജത്തിന്റെ ചൈതന്യത്തിന്റെ ഉറവിടമായിരുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ് തളർന്ന് തകർന്ന് മരണത്തിന് കീഴടങ്ങി. ജിന്നയും മാവോയും – നെഹ്റുവിനെ വഞ്ചിച്ച ഈ രണ്ട് ദുരാത്മാക്കളുടെ വെറുപ്പും വിദ്വേഷവും ഇന്നും ഇന്ത്യയെ വേട്ടയാടുന്നു.

  ചൈനയ്ക്കും പാകിസ്ഥാനും തമ്മിൽ പൊതുവായി ഒന്നുമില്ല. ഒന്ന് ഇസ്ലാമിക രാജ്യം മറ്റേത് നിരീശ്വര രാഷ്ട്രം. സിംഗ് ജിയാംഗിലെ ഉയ്ഗർ മുസ്ലീങ്ങളെ റംസാൻ നൊയമ്പെടുക്കാൻ പോലും ചൈന അനുവദിക്കില്ല. ഒരു തരത്തിലുള്ള ഇസ്ലാമിക വിശ്വാസമോ ആചാരമോ സമ്മതിക്കാത്ത കമ്മ്യൂണിസ്റ്റ് ചൈന പാകിസ്താന്റെ ചങ്കാണ്. സ്വന്തം കയ്യിലുണ്ടായിരുന്ന കാശ്മീരിന്റെ ഒരു കഷണം ചൈനയ്ക്ക് അടിയറവച്ച് ഒന്നാന്തരം അടിമയായി പാകിസ്താൻ നടനമാടുന്നു.

  കമ്പിപ്പാരയും കല്ലും ഉപയോഗിച്ച് നമ്മുടെ ഇരുപത് സൈനികരെ ചൈന കൊലപ്പെടുത്തിയിരിക്കുന്നു. 45 ചൈനീസ് ഭടന്മാർ കൊല്ലപ്പെട്ടെന്ന പ്രചരണം ശുദ്ധ കള്ളമാണ്. ടിയാനൻമെൻ സ്ക്വയറിൽ സ്വന്തം യുവാക്കളുടെ നെഞ്ചിലൂടെ കൂറ്റൻ ടാങ്കുകൾ ഓടിച്ചു കയറ്റിയ ചൈനീസ് ഭരണകൂടത്തിന് അവരുടെ എത്ര സൈനികർ മരിച്ചാലും അത് പ്രശ്നമേയല്ല. ചോദ്യം ചെയ്യാൻ പ്രതിപക്ഷമില്ല മാധ്യമങ്ങളില്ല ജനക്കൂട്ടമില്ല. അമേരിക്കയുമായി ഉറ്റ ചങ്ങാത്തം സ്ഥാപിച്ച, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി വിദൂര അതിർത്തികളിൽ റോഡും വഴിയും വെട്ടിയ ഇന്ത്യയെ വിരട്ടിയൊതുക്കാൻ തന്നെയാണ് ബെയ്ജിംഗ് ശ്രമിക്കുന്നത്. ചൈന വലിയ സാമ്പത്തിക ശക്തിയാണ്. ആയുധം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. ശാസ്ത്ര- സാങ്കേതിക മേഖലകളിൽ ഇന്ത്യയേക്കാൾ ഒത്തിരി ഉയരത്തിലാണ്. ഭൂമിയിലെ ഏറ്റവും വലിയ ആർമി അവരുടേതാണ്.

  പക്ഷെ ഇന്ത്യയ്ക്ക് ഇവിടെ നിലനില്ക്കണം. പണക്കാരനെ നേരിടാൻ പണം തന്നെ വേണം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നവനെ ഒതുക്കാൻ സൂപ്പർ ഗൺ വേണം.നയതന്ത്രത്തിന്റെ അടിത്തറ ബലതന്ത്രമാണ്.മണൽത്തരികളെ പൊൻതരികളാക്കി മാറ്റുന്ന കമ്പോള സമ്പദ്ഘടനയുടെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്തി സയൻസിന്റെ തോളിലേറി നമുക്ക് കുതിക്കാനാകണം.
  അപ്പോൾ മാത്രമേ ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണതയെ ഭീമാകാരതയെ തോല്പിക്കാൻ അതിജീവിക്കാൻ കഴിയുകയുള്ളൂ. അതുവരെ ഡിപ്ളോമസി തന്നെ ശരണം.എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളും ഇന്നല്ലെങ്കിൽ നാളെ തകരും. ജനാധിപത്യം മുന്നോട്ട് തന്നെ പോകും.ഒരു സംശയവുമില്ല. ഡമോക്രസിയുടെ കവചമുള്ള ഭാരതത്തിന്റെ ഭാവി ശോഭനം തന്നെയാണ്.പിറന്നനാടിന്റെ അതിർത്തി സംരക്ഷിക്കാനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ. ജയ് ജനാധിപത്യം ജയ് ജവാൻ.