പുരോഹിതനും കന്യാസ്ത്രീയും അവരുടെ ഇഷ്ടപ്രകാരം രതിസുഖം തേടുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തെറ്റല്ല

364

Sajeev Ala.

കാശുള്ള വീട്ടിൽ നിന്ന് കന്യാസ്ത്രീ മഠത്തിൽ ചേരുന്നവർക്ക് താൻപോരിമയും അഹംഭാവവും കൂടും. സാറാ ജോസഫിന്റെ നോവൽ ഒതപ്പിൽ പറയുന്നത് എല്ലാവരുടേയും കാര്യത്തിൽ ശരിയല്ല. പക്ഷെ സിസ്റ്റർ ലൂസി കളപ്പുര, നോവലിസ്റ്റിന്റെ നിരീക്ഷണത്തെ എല്ലാ അർത്ഥത്തിലും സാധൂകരിക്കുന്നു.വലിയ വിഗ്രഹഭഞ്ജക, വിപ്ളവകാരി എന്നൊക്കെയാണ് അവരെപ്പറ്റി കരുതിയിരുന്നത്. പുരുഷാധിപത്യം നിലനിൽക്കുന്ന കത്തോലിക്കാ സഭ എന്ന ബൃഹദ്സ്ഥാപനത്തിന് എതിരെ ഒറ്റയ്ക്ക് പോരാടാൻ ധൈര്യവും ചങ്കൂറ്റവും കാണിച്ച കർത്താവിന്റെ മണവാട്ടിയോട് സ്നേഹവും ആദരവും ഒക്കെയുണ്ടായിരുന്നു. എന്നാൽ അവരുടെ ആ പുസ്തകം കർത്താവിന്റെ നാമത്തിൽ വായിച്ചതോടെ എല്ലാ ബഹുമാനവും ഇഷ്ടവും സ്ഥലം വിട്ടുപോയി.

ഓരോ വരിയിലും ഓരോ അക്ഷരത്തിലും താനാണ് ശരി താൻ മാത്രമാണ് ശരി എന്നുള്ള ആത്മരതി കുത്തിനിറച്ചിരിക്കുന്ന ഒരു ഏഴാംകിട കുറിപ്പ് മാത്രമാണ് ഈ കർത്താവിന്റെ നാമത്തിൽ. സിസ്റ്റർ ജെസ്മി എഴുതിയ ആമേൻ എന്ന കൊച്ചുപുസ്തകത്തിന്റെ സ്മരണകൾ ഇവിടെയും ഇരമ്പിയാർത്ത് വരുന്നുണ്ട്.മനംനിറയെ കവിതയുള്ള സിസ്റ്റർ ലൂസിയെ അത് പുറത്തേക്ക് പ്രസരിപ്പിക്കാൻ സഭ അനുവദിക്കാത്ത കദനകഥയൊക്കെ കർത്താവിന്റെ നാമത്തിൽ ഒഴുക്കുന്നുണ്ട്. എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ച കവയിത്രികളിൽ ഒരാളുടെ പേര് സിസ്റ്റർ മേരി ബനിജ്ഞ എന്നാണെന്ന് ലൂസി കളപ്പുര അറിയാതെ പോയി.അശരണരോടോ ആർത്തരോടോ അനുകമ്പ പ്രകടിപ്പിക്കുന്ന അവരോട് താദാത്മ്യം പ്രാപിക്കുന്ന ഒരുവാക്ക് പോലും മദർ തെരേസയുടെ അതേ കുപ്പായം അണിയുന്ന സിസ്റ്റർ ലൂസിയുടെ കർത്താവിന്റെ നാമത്തിലില്ല. അതേസമയം ചിക്കൻ കറി കിട്ടാത്തതിന്റെ രോഷം പൊട്ടിത്തെറിക്കുന്നുമുണ്ട്.

പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ ലൂസിയോടുണ്ടായ അവമതിപ്പ് ശരിവെക്കുന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ.മദർ സുപ്പീരിയറും ഏതോ പള്ളീലച്ചനും തമ്മിൽ അരമനയിലെ അടുക്കളയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പമ്മിപ്പതുങ്ങി മൊബൈൽ ക്യാമറയുമായി ചെന്ന സിസ്റ്റർ ലൂസി ഷൂട്ട് ചെയ്ത് ലോകത്തോട് വിളിച്ചു കൂവിയിരിക്കുന്നു.ഇവരാരാ സിബിഐ കന്യാസ്ത്രീയോ അതോ എഫ്ബിഐ സിസ്റ്ററോ…?പ്രായപൂർത്തിയായ ഒരാണും പെണ്ണും പരസ്പരസമ്മതത്തോടെ സെക്സിൽ ഏർപ്പെടുന്നിടത്തേക്ക് വലിഞ്ഞുകേറി ചെന്ന് ഒച്ചപ്പാടുണ്ടാക്കാൻ സിസ്റ്റർ ലൂസിയെ പ്രേരിപ്പിച്ചത് അസൂയ തന്നെയാണെന്ന് ആരെങ്കിലും ആരോപിച്ചാൽ കുറ്റം പറയാനാവില്ല.പുരോഹിതനും കന്യാസ്ത്രീയും അവരുടെ ഇഷ്ടപ്രകാരം രതിസുഖം തേടുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തെറ്റല്ല കുറ്റമല്ല കാനോൻ നിയമം രാജ്യത്തെ ചട്ടമല്ല അത് സഭയുടേത് മാത്രമാണ്.

ആണും പെണ്ണും ഇടപഴകുന്ന എല്ലായിടത്തും പ്രണയവും കാമവും ഉടലെടുക്കും. അക്കാര്യത്തിൽ അരമനയെന്നോ തിടപ്പള്ളിയെന്നോ പാർട്ടി ഓഫീസെന്നോ യാതൊരു ഭേദമോ വിവേചനമോ ശരീരങ്ങൾ കാണിക്കില്ല. ഇതൊന്നും തിരിച്ചറിയാനുള്ള പ്രാഥമിക മര്യാദ പോലുമില്ലാതെ ഒളി ക്യാമറയും പിടിച്ച് സദാചാര പോലീസ് കളിക്കുന്ന സിസ്റ്റർ ലൂസി അവജ്ഞ മാത്രമാണ് ബാക്കിയാക്കുന്നത്.
കത്തോലിക്കാ സഭയെ വിമർശിക്കാനുള്ള കാരണങ്ങൾ കണ്ടെത്താൻ ഒരു പാടുമില്ല. പള്ളീലച്ചൻ ഗർഭിണിയാക്കിയതിന്റെ പാപഭാരം പെൺകുട്ടിയുടെ സ്വന്തം അച്ഛന്റെ മുകളിൽ കെട്ടിവെച്ചത് ഉൾപ്പെടെ ഒത്തിരി വിഷയങ്ങൾ നമ്മുടേ മുന്നിലുണ്ട്. പക്ഷെ അതൊന്നും ലൂസി കളപ്പുരയുടെ കുത്സിതവൃത്തികളുടെ ന്യായീകരണമാവുന്നില്ല.ഫ്രാങ്കോയ്ക്കെതിരേ രംഗത്ത് വന്ന ആ കന്യാസ്ത്രീകളുടെ മൊഴിയിലും ശരീരഭാഷയിലും അനീതിക്കെതിരെ നിവൃത്തികേട് കൊണ്ട് പോരാടുന്നവരുടെ സങ്കടവും ദൃഢതയുമുണ്ടായിരുന്നു.സിസ്റ്റർ ലൂസി കളപ്പുര വെറും കലപിലപ്പുര മാത്രമാണെന്ന് കർത്താവിന്റെ നാമത്തിൽ കാട്ടിക്കൂട്ടുന്ന പബ്ളിസിറ്റി കോപ്രായങ്ങൾ തെളിയിക്കുന്നു.