കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ

700

Sajeev Ala

“ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. നമ്മൾ കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ നീ പറേന്നത്.”

ഒരു വളച്ചുകെട്ടുമില്ലാതെ പച്ചയ്ക്കാണ് അവൾ നകുലിനോട് ഇങ്ങനെ ചോദിച്ചത്.

ആകെ തളർന്ന് അപമാനഭാരത്താൽ വീടെന്ന കൊക്കൂണിനുള്ളിൽ ഒളിച്ചിരിക്കുന്ന അവനെ ആശ്വസിപ്പിച്ച് പഴയ ചൊടിയും ചുണയും വീര്യവുമുള്ള കാമുകനാക്കി തിരിച്ചു കിട്ടാൻ അവൾ മനഃപൂർവം ശ്രമിക്കുകയായിരുന്നു.

അമ്പതാം വയസ്സിൽ അമ്മ വീണ്ടും ഗർഭിണിയായി. അതായിരുന്നു അവന്റെ പ്രശ്നം.

സർക്കാർ സർവീസിൽ നിന്ന് പെൻഷനായി വീട്ടിൽ തിരിച്ചെത്തിയ അവന്റെ അച്ഛൻ ഒരു ദിവസം രാത്രി ഹരിവംശറായ് ബച്ചന്റെ മദരസം തുടിക്കുന്ന കവിത ഭാര്യയ്ക്ക് വായിച്ചു കൊടുക്കുമ്പോൾ അകമ്പടിയായി എത്തിയ ഇടിയും മിന്നലും മഴയും നിയന്ത്രണങ്ങളുടെ അദൃശ്യചങ്ങലകൾ പൊട്ടിച്ചു.

വിവാഹപ്രായമെത്തിയ മൂത്തമകൻ
പ്ളസ്ടു വിദ്യാർഥിയായ ഇളയപുത്രൻ

അപ്രതീക്ഷിതമായി അമ്മവയറിൽ രൂപം കൊണ്ട ജീവന്റെ തുടിപ്പ് കുടുംബത്തിന്റെ താളം തെറ്റിച്ചു.

വീട്ടിൽ മുന്നാമതൊരു കുഞ്ഞ് വരുന്ന വിവരം മുതിർന്ന മക്കളോട് എങ്ങനെ പറയുമെന്നോർത്ത് ആ അച്ഛനും അമ്മയും ഉരുകി.

വിവരം അറിഞ്ഞതോടെ രണ്ടുമക്കളും മാതാപിതാക്കളോട് മിണ്ടാതായി.

നാടും വീടും ബന്ധുക്കളും ചുറ്റുവട്ടവും വീർത്തുവരുന്ന അമ്മവയറിനെ, അതിനു കാരണക്കാരനായ പെൻഷൻകാരനെ പരിഹാസങ്ങൾ കൊണ്ട് മൂടി.

മൂത്തമകൻ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഒളിച്ചിരുന്നു.

കൂട്ടുകാരിൽ നിന്ന് അവന്റെ പ്രിയകാമുകിയിൽ നിന്ന് എന്തിന് വെളിച്ചത്തെ പോലും അഭിമുഖീകരിക്കാനാവാതെ അവൻ മുറിക്കുള്ളിൽ കൂനിക്കൂടി.

എന്നാൽ ഒരു ഘട്ടത്തിൽ തങ്ങളുടെ മാതാപിതാക്കൾക്കും ഒരു സ്വകാര്യ ജീവിതമുണ്ടെന്ന് അവൻ തിരിച്ചറിയുന്നു.

ശരീരകാമനകൾ ചെറുപ്പക്കാരുടെ മാത്രം അവകാശമല്ലെന്നും മധ്യവയസ്സിന്റെ ജരാനരകളിൽ മോഹങ്ങൾ മരവിക്കില്ലെന്നും ശരീരകാമനകൾ മരിക്കുന്നില്ലെന്നും അവന് ബോധ്യമാകുന്നു.

സാമ്പ്രദായിക യാഥാസ്ഥിതിക കുടുക്കുകളിൽ നിന്ന് അവനെ മോചിപ്പിച്ച് മാതാപിതാക്കളെ സ്വതന്ത്ര വ്യക്തികളായി കാണാൻ ഉൾക്കൊള്ളാൻ അവനെ പ്രാപ്തനാക്കിയത് നമ്മുടെ ചോദ്യകർത്താവായ കാമുകിയാണ്.

ഹിന്ദിചിത്രം ബദായി ഹോ

ഏറ്റവും ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള 2018ലെ ദേശീയ അവാർഡ് ലഭിച്ചത് ആയുഷ്മാൻ ഖുരാന നായകനായി അഭിനയിച്ച അമിത് ശർമ്മ സംവിധാനം ചെയ്ത ഈ പടത്തിനാണ്.

മക്കൾക്കായി മാത്രം ജീവിക്കുക
സഹോദരങ്ങൾക്കായി ജീവിക്കുക
നാട്ടുകാർക്കായി ജീവിതം ഒഴിഞ്ഞുവെയ്ക്കുക

ത്യാഗത്തിന്റെ മൂർത്തികളായി മാറി അവസാനം അവഗണിക്കപ്പെട്ട് പൊലിഞ്ഞു പോയിട്ടുള്ള എത്രയോ മനുഷ്യാത്മാക്കൾ

മറ്റുള്ളവരെ സ്നേഹിക്കാം സഹായിക്കാം അവരോട് ചേർന്നുനില്ക്കാം
പക്ഷെ സ്വന്തം ജീവിതം അതും പ്രധാനമാണ്.

ഭൂമിയുടെ മനോഹാരിതകളെ അറിഞ്ഞും ആസ്വദിച്ചും ആത്മാവിൽ ഉൾക്കൊണ്ടും ജീവിക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും ഓരോ മനുഷ്യനുമുണ്ട്.

ത്യാഗിച്ച് ത്യാഗിച്ച് വാത്സല്ല്യത്തിലെ മേലേടത്ത് രാഘവൻ നായരായോ പവിത്രത്തിലെ ചേട്ടച്ഛനായോ സ്വന്തം ജീവിതം തുലച്ചു കളഞ്ഞാൽ ഒരു നന്ദിപ്രകാശനവും എങ്ങുനിന്നും ലഭിക്കാൻ പോകുന്നില്ല

മറ്റുള്ളവർക്കായി വെയിലുകൊള്ളുന്നതിനിടയിൽ സ്വന്തമായൊരു വള്ളിക്കുടിലും ഇത്തിരി കുളിർമയും അവിടെ കൊക്കുരമ്മാനായി ഇണക്കുരുവിയും എല്ലാവർക്കും ഉണ്ടായിരിക്കണം.

ജീവിതത്തെ ആലിംഗനം ചെയ്യുവാൻ പ്രായം ഒരു തടസ്സമേയല്ല.
സായന്തനാകാശത്തിന് വർണ്ണശബളിമയേറുന്നു.

മസ്ജിദ്-മന്ദിർ കർഫ്യൂഭൂമികയെ സമാധാനോഷ്മളമാക്കുവാൻ ഒരിത്തിരി പ്രണയവും രതിയും മാത്രം മതി.

കണ്ടറിയേണ്ട ജീവിതഗാഥയാണ് ബദായി ഹോ