തീവ്രവിശ്വാസികൾ വൻക്രിമിനലുകളേക്കാൾ അപകടകാരികളാണ്, അവക്ക് സൗഹൃദങ്ങളില്ല ബന്ധങ്ങളില്ല

62

Sajeev Ala യുടെ ഫേസ്‌ബുക് കുറിപ്പ്

തീവ്രമതവിശ്വാസികളെ ഒരു കാരണവശാലും വിശ്വസിക്കാൻ പാടില്ല. ഫാറൂഖിന്റെ കൊലപാതകം നല്കുന്ന മുന്നറിയിപ്പ് അതാണ്  മിക്ക മതഭ്രാന്തരും പുറമേനിന്ന് നോക്കുമ്പോൾ ശാന്തരും സദ്സ്വഭാവികളും സ്നേഹസമ്പന്നരും സഹായമനസ്ഥിതിക്കാരും ഒക്കെ ആയിരിക്കാം.പക്ഷെ കുഞ്ഞുനാൾ മുതൽ കടുത്ത മസ്തിഷ്ക പ്രഷാളനത്തിന് വിധേയമായ ഒരു കൊടുംവിശ്വാസിയുടെ മുന്നിൽ മതത്തിന്റെ തിട്ടൂരങ്ങൾ മാത്രമാണ് പരമമായ സത്യം. സ്വന്തം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ദൈവങ്ങളെ പ്രവാചകരെ ആരെങ്കിലും വിമർശിക്കുമ്പോൾ ഉന്മാദത്തിന്റെ അതിർരമ്പുകളിലൂടെ സഞ്ചരിക്കുന്ന വിശ്വാസിക്ക് അവന്റെ മനോനിയന്ത്രണം പൂർണമായും നഷ്ടമാകുന്നു.സ്വയം ഉത്തേജിതനായി നില്ക്കുന്ന തീവ്രവിശ്വാസികൾ hardcore ക്രിമിനലുകളേക്കാൾ അപകടകാരികളാണ്. അവരുടെ ഉന്മത്ത ലോകത്ത് സൗഹൃദങ്ങളില്ല ബന്ധങ്ങളില്ല ഉറ്റവരില്ല ഉടയവരില്ല.

ഓർമ്മവച്ച നാൾമുതൽ ഓരോ ജീവകോശത്തിലും കുത്തിക്കയറ്റിയ വിശ്വാസത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ മുതിരുന്നവർ ആരായാലും അവർ കൊല്ലപ്പെടേണ്ട കീടങ്ങൾ മാത്രമാണ്. അപ്പോഴാണ് മകനേ നീയൊരു മനുഷ്യനായി മാറു എന്ന് കേണപേക്ഷിക്കുന്ന അമ്മയുടെ നെഞ്ചിലേക്ക് മതജീവി മകൻ നിറയൊഴിക്കുന്നത്.നാല് വർഷം മുമ്പ് കോയമ്പത്തൂരിൽ യുക്തിവാദിയായ ഫാറൂഖിനെ കൊലപ്പെടുത്തിയത് അയാളുടെ ഉറ്റ ചങ്ങാതിമാരായിരുന്നു.ഒരേ വാട്ട്സ്ആപ് ഗ്രൂപ്പിലുള്ള അയലത്തുകാരായ പ്രിയമിത്രങ്ങൾ രാത്രി വീട്ടിൽ നിന്ന് സ്നേഹപൂർവം വിളിച്ചിറക്കി കഴുത്തറുത്ത് ഫാറൂഖിനെ കൊന്നു. അതിന് ശേഷം കുറ്റബോധത്തിന്റെ ഒരു തരി പോലും പ്രകടിപ്പിക്കാതെ വീരകൃത്യഭാവത്തിൽ നേരിട്ട് പോലീസിൽ ചെന്ന് കീഴടങ്ങി.

രണ്ട് പൊടിക്കുഞ്ഞുങ്ങളുടെ അച്ഛനായിരുന്ന പ്രിയ കൂട്ടുകാരന്റെ കഴുത്തറക്കുമ്പോൾ ആ മതഭ്രാന്തരുടെ കൈകൾ വിറച്ചതേയില്ല. മനുഷ്യ മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന മഹാപാതകത്തിന് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്ന വമ്പൻ ഓഫറുകൾ മാത്രമായിരുന്നു അവരെ നയിച്ചത്. ഗുണ്ടകൾ വസ്ത്രത്തിനുള്ളിലാണ് മാരകായുധങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നത്. എന്നാൽ മതഭ്രാന്തരുടെ ആയുധപ്പുര അവരുടെ മലിനമാക്കപ്പെട്ട മസ്തിഷ്കമാണ്. ആദ്യത്തെ കൂട്ടരെ കണ്ടെത്തി നിരായുധരാക്കാൻ വളരെ എളുപ്പമാണ്. പക്ഷെ രണ്ടാമത്തെ കൂട്ടരെ ഒരു നിരീക്ഷണ സംവിധാനത്തിനും അത്രയെളുപ്പം തിരിച്ചറിയാനാവില്ല.

ആർദ്രതയുടെ അവസാന നീർത്തുള്ളിയും ബാഷ്പീകരിച്ച് അപ്രത്യക്ഷമാകുമ്പോഴാണ് ഒരാൾ മതഭീകരനായി രൂപാന്തരപ്പെടുന്നത്. വിശ്വാസികളിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് കൊടും തീവ്രവാദികളായി മാറുന്നത്.പക്ഷെ ഒരു ജനസഞ്ചയത്തിന്റെ ജീവൻ ചിതറിത്തെറിപ്പിക്കാൻ ഒരൊറ്റ ചാവേർ മാത്രം മതി.മതമേതായാലും തീവ്രവിശ്വാസികളെ കരുതിയിരിക്കുക.