ഹൃദയഹാരിയായ ഹൃദയം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
338 VIEWS

ഈ കോവിഡ് കാലത്തു സൂപ്പർഹിറ്റ് ചാർട്ടിൽ ഇടംനേടിയ സിനിമയാണ് പ്രണയം. നിരൂപകപ്രശംസ ഏറെ പിടിച്ചുപറ്റിയ ഈ സിനിമ കാമ്പസും പ്രണയവും ജീവിതവും എല്ലാം നമുക്ക് മുന്നിൽ വയ്ക്കുന്നു . രണ്ടുകാലങ്ങളിൽ വ്യക്തികൾക്കുണ്ടാകുന്ന ജീവിതപരവും സ്വഭാവപരമായതുമായ പരിണാമങ്ങളെയും കാണിച്ചുതരുന്നു. ഹൃദയം ഹൃദ്യമാകുന്നത് അതുകൊണ്ടുതന്നെയാണ്. Sajeev Kumar Saji എഴുതിയ ആസ്വാദനം ചുവടെ വായിക്കാം

ഹൃദയഹാരിയായ ഹൃദയം

സജീവ്കുമാർ
സജീവ്കുമാർ

 

ഒരു ഇടവേളക്കു ശേഷം വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കുന്ന, അതും പ്രണവ് മോഹന്‍‌ലാല്‍ നായകനാകുന്ന കാമ്പസ് ലവ് സ്റ്റോറി – ഇതിനു ഫസ്റ്റ് ഡേയ് ഫസ്റ്റ് ഷോയ്ക്കു തന്നെ പോകണം എന്നു തീരുമാനമെടുപ്പിക്കാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളമായിരുന്നു. പക്ഷേ ആ ആഗ്രഹം നടന്നില്ല, പടമിറങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ഇന്നലെ മാത്രമാണ്‌ കാണാനൊത്തത്. ഇതിനിടെ തുരുതുരാ വീഡിയോ റിപ്പോര്‍ട്ടുകളും അവലോകനങ്ങളും മുന്നിലെത്തിയിരുന്നു, എല്ലാറ്റിനും നേരേ കണ്ണടച്ചു – ഒരു മുന്‍‌വിധിയും കൂടാതെ വേണം ചിത്രങ്ങള്‍ ആസ്വദിക്കേണ്ടത് എന്ന അഗ്രഹം കൊണ്ടു തന്നെ. അങ്ങനെ പതിവു സങ്കേതമായ ഇടപ്പള്ളി വനിത തീയറ്ററില്‍ പടം കാണാനിരുന്നു.

ചിത്രം തുടങ്ങുന്നത് ഒരു റെയില്‍‌വേ സ്റ്റേഷനിലെ ദൃശ്യങ്ങളോടെയാണ്‌. ട്രെയിന്‍ മെല്ലെയെത്തുമ്പോള്‍ അതിനൊപ്പമുള്ള ചെറുകാറ്റില്‍ പ്ലാറ്റ്ഫോമിലെ കരിയിലകള്‍ മെല്ലെ പറന്നുനീങ്ങുന്ന ആ ദൃശ്യം കണ്ടപ്പോള്‍ത്തന്നെ മനസ്സു കുളിര്‍ത്തു, നല്ലതെന്തോ പിന്നാലെ വരുന്നുണ്ട് എന്നൊരു തോന്നല്‍.
ആ തീവണ്ടിയാത്രയിലൂടെ കഥയുടെ പ്രയാണം ആരംഭിക്കുകയാണ്‌. കഥാനായകനായെത്തുന്ന അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ കലാലയജീവിതവും, അതേകുന്ന അനുഭവങ്ങളും, അവ അരുണിന്റെയും സഹപാഠികളുടെയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും പിന്നീടുള്ള അവരുടെ ജീവിതയാത്രയിലെ വഴിത്തിരിവുകളുമെല്ലാമാണ്‌ ഈ ചിത്രം നമ്മോടു പറയുന്നത്. കൂടുതല്‍ പറഞ്ഞ് ഇനിയുമിത് കാണാത്തവരുടെ രസം കെടുത്തുന്നില്ല. ചിത്രത്തെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങള്‍ മാത്രം പങ്കുവയ്ക്കാം.

കലാലയജീവിതം പശ്ചാത്തലമാക്കി ഒരു പിടി നല്ല ചിത്രങ്ങള്‍ നമുക്കു മുന്നിലെത്തിയിട്ടുണ്ട്. അവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഏതു രീതിയിലാണ്‌ വിനീത് ഈ ചിത്രം ഒരുക്കുന്നത് എന്നായിരുന്നു എനിക്ക് ആദ്യമായി അറിയേണ്ടിയിരുന്നത്. അതോടൊപ്പം, മോഹന്‍‌ലാല്‍ എന്ന ‘നടനവിസ്മയത്തിന്റെ’ ഏകമകന്‍ എന്ന പര്‍‌വതസമാനമായ പ്രതീക്ഷാഭാരം താങ്ങാന്‍ പ്രണവ് പ്രാപ്തനായോ എന്നും അറിയേണ്ടതുണ്ടായിരുന്നു, പ്രത്യേകിച്ചും ‘മരയ്ക്കാര്‍’ എന്ന ചിത്രത്തിലൂടെ അയാളിലെ പ്രതിഭയുടെ ഒരു മിന്നലാട്ടം കണ്ടു സന്തോഷിച്ച സാഹചര്യത്തില്‍. പതിനഞ്ചോളം ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്നു കേട്ടിരുന്നു, കഥയുടേ ഒഴുക്കിനു ഭംഗം വരാതെ അവയെ എങ്ങനെ അവതരിപ്പിക്കും എന്നതുമൊരു സമസ്യയായിരുന്നു. പക്ഷേ ചിത്രം ഇതള്‍‌വിരിഞ്ഞതോടേ ഈ ചോദ്യങ്ങളെല്ലാം മനസ്സില്‍ നിന്നും മറഞ്ഞു, രസച്ചരടു പൊട്ടാതെ കഥയ്ക്കൊപ്പം യാത്രയാരംഭിച്ചു.

പ്രഗത്ഭനായ പിതാവിന്റെ യശസ്സുയര്‍ത്താന്‍ പോന്നൊരു മകന്‍ – വിനീത് ശ്രീനിവാസന്‍ ഈ വിശേഷണത്തിന്‌ തികച്ചും അര്‍ഹനാണെന്ന് ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ. കലാലയചിത്രങ്ങളുടെ പല പതിവുക്ലീഷേകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടു തന്നെ പ്രേക്ഷകനെ മടുപ്പുകൂടാതെ കഥയ്ക്കൊപ്പം ചേര്‍ത്തുനടത്താന്‍ വിനീതിനു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ചിത്രത്തിന്റെ ഒരു ഘട്ടത്തിലും അരോചകമായോ മുഴച്ചുനില്‍ക്കുന്നതായോ കഥയ്ക്കു ചേരാത്തതായോ ആയ യാതൊന്നും കടന്നുവരുന്നില്ല എന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്‌. ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്ന പതിനഞ്ചില്പ്പരം ഗാനങ്ങള്‍ – ചിലതൊക്കെ ഗാനശകലങ്ങളാണ്‌, ചിലത് മുഴുനീള ഗാനങ്ങളും – ഒരവസരത്തിലും കഥയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നില്ല, അവ കഥയെ മുന്നോട്ടു നയിക്കുക തന്നെയാണ്‌. കഥാപത്രങ്ങള്‍ക്കനുയോജ്യരായ ഒരു പറ്റം ചെറുപ്പക്കാരെ തെരഞ്ഞെടുക്കുന്നതിലും, അവരില്‍ നിന്നും തനിക്കു വേണ്ടത് സൃഷ്ടിച്ചെടുക്കുന്നതിലും വിനീത് പ്രകടിപ്പിച്ച കൈയ്യടക്കം ഏതൊരു സിനിമാപ്രേമിയെയും ഹരം കൊള്ളിക്കും.

ഇതിനകം സൂചിപ്പിച്ച ഗാനങ്ങളും പശ്ചാത്തലസംഗീതവും തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ്. പുതുമുഖസംഗീതസം‌വിധായകനായ ഹെഷാം അബ്ദുള്‍ വഹാബ് മലയാള സംഗീതലോകത്തിനൊരു മുതല്‍ക്കൂട്ടാണ്‌. സംഗീത റിയാലിറ്റി ഷോയിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പേ മനസ്സിലിടം പിടിച്ച ഈ യുവാവിന്റെ ഇത്തരത്തിലുള്ള വളര്‍ച്ച മനസ്സു നിറക്കുന്നതാണ്‌. ഛായാഗ്രണം, ചിത്രസം‌യോജനം തുടങ്ങി ഫിലിമിങ്ങിന്റെ എല്ലാ മേഖലകളിലും മികച്ച നിലവാരമാണ്‌ ‘ഹൃദയം’ കാഴ്ച്ചവയ്ക്കുന്നത്.

അഭിനേതാക്കളുടെ മികച്ച പ്രകടനം ഈ ചിത്രത്തിനു മുതല്‍ക്കൂട്ടാണ്‌. പ്രണവിന്റെ നായികമാരായെത്തുന്ന മൂന്നുപേരും – ദര്‍ശന രാജേന്ദ്രന്‍, അന്നു ആന്റണി, കല്യാണി പ്രിയദര്‍ശന്‍ – തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ചിത്രത്തില്‍ പ്രണവിനോളം തന്നെ പ്രാധാന്യമുണ്ട് ദര്‍ശനയുടെ കഥാപാത്രത്തിനും. എന്തുകൊണ്ട് ഈ കഥാപാത്രത്തിന്‌ താന്‍ അര്‍ഹയാണ്‌ എന്ന് ദര്‍ശന രാജേന്ദ്രന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു തന്റെ പ്രകടനത്തിലൂടെ. ഒതുങ്ങിയ ഭാവപ്രകടനങ്ങളിലൂടെ അന്നു ആന്റണിയും, തന്റെ കുസൃതിനിറഞ്ഞ ഭാവാഹാദികളിലൂടെ കല്യാണി പ്രിയദര്‍ശനും കഥയ്ക്കു മിഴിവേകുന്നു. അരുണിന്റെ സഹപാഠികളും സുഹൃത്തുക്കളുമായെത്തുന്ന ഓരോരുത്തരും മികച്ച പ്രകടങ്ങള്‍ കൊണ്ട് മനസ്സു നിറയ്ക്കുന്നു.

അരുണിന്റെ ജീവിതഗതിയിലും, കഥയില്‍ത്തന്നെയും ഒരു വഴിത്തിരിവു കൊണ്ടുവരുന്നു ‘സെല്‍‌വ’ എന്ന സഹപാഠിയുടെ രംഗപ്രവേശനം. മനസ്സിനെ തൊടുന്ന ഒരുപിടി നല്ല രംഗങ്ങള്‍ അതിനു ശേഷം കഥയിലെത്തുന്നു. സെല്‍‌വയായി മനസ്സില്‍ ചേക്കേറുന്ന കലേഷിന്റെ പ്രകടനം ഗംഭീരം എന്നു തന്നെ വിശേഷിപ്പിക്കണം. ഒപ്പം സെല്‍‌വയുടെ ഒപ്പമെത്തുന്ന മറ്റു തമിഴ് ചെറുപ്പക്കാരുടെ കഥാപാത്രങ്ങളും മനസ്സു നിറയ്ക്കുന്നു.

ഈ ചിത്രത്തിന്റെ കണ്ടുപിടിത്തം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അശ്വത് ലാല്‍ ഏറെ പ്രതീക്ഷകളേകുന്ന യുവനടനാണ്‌. ‘ആന്റണി താടിക്കാരന്‍’ എന്ന അരുണിന്റെ ഉറ്റസുഹൃത്തായി കഥയില്‍ അശ്വത് നിറഞ്ഞു നില്‍ക്കുന്നു. നല്ലൊരു തുടക്കമാണ്‌ഈ ചിത്രത്തിലൂടെ അശ്വതിനു ലഭിച്ചിരിക്കുന്നത്, ഏറേ ഉയരങ്ങളിലേക്ക് ഈ ചെറുപ്പക്കാരന്‍ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു.

ഇനി പ്രണവിനെപ്പറ്റി പറയട്ടെ. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, ഈ ചിത്രത്തില്‍ മോഹന്‍‌ലാലിന്റെ മകനെയല്ല, പ്രണവ് എന്ന ചെറുപ്പക്കാരനെയാണ്‌ എനിക്കു കാണാന്‍ കഴിഞ്ഞത്. അത്യധികം സന്തോഷം നല്‍കിയ പ്രകടനം. കഥാപാത്രത്തിന്റെ യൗവ്വനജീവിതത്തിന്റെ വിവിധകാലഘട്ടങ്ങള്‍ തന്മയത്തത്തോടെ, കൈയ്യടക്കത്തോടെ പകര്‍ന്നാടാന്‍ പ്രണവിനു കഴിഞ്ഞു. വശ്യമായ സ്ക്രീന്‍ പ്രസന്‍സും ചുറുചുറുക്കാര്‍ന്ന ഭാവപ്രകടനങ്ങളും മുതല്‍ക്കൂട്ടാക്കി തന്റെ ഭാഗം മികച്ചതാക്കിയ പ്രണവ് മനസ്സുകള്‍ കീഴടക്കുമെന്നതില്‍ സംശയമില്ല.

ഇത്രയും നല്ലകാര്യങ്ങള്‍ പറഞ്ഞു എന്നതുകൊണ്ട് ഈ ചിത്രം ഒരു അത്യുദാത്ത ചലച്ചിത്ര സൃഷ്ടിയാണ്‌ എന്നു പ്രഖ്യാപിക്കുകയല്ല ഇവിടെ ചെയ്യുന്നത്. മെച്ചപ്പെടുത്താവുന്ന അനവധി കാര്യങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. പ്രത്യേകിച്ചും അരുണിന്റെ പാത്രസൃഷ്ടിക്ക് ആധാരമായി ബാല്യ-കൗമാര ഘട്ടങ്ങളിലെ ചില കാര്യങ്ങള്‍ കൂടി പറഞ്ഞിരുന്നെങ്കില്‍ അത് കഥയ്ക്ക് കൂടുതല്‍ കെട്ടുറപ്പു നല്‍കുമായിരുന്നു എന്നൊരഭിപ്രായം തോന്നി. കഥയിലെ ചില ഭാഗങ്ങളിലെ അരുണിന്റെ സ്വഭാവസവിശേഷതകള്‍ എന്തുകൊണ്ട് ഈവിധമായി എന്നതിന്‌ ഒരു പിന്‍‌ബലം ആവശ്യമുള്ളതായി തോന്നി. വിജയരാഘവന്‍, ജോണി ആന്റണി എന്നിവരുടെ അച്ഛന്‍ കഥാപാത്രങ്ങള്‍ പതിവു ക്ലീഷേകള്‍ വാരിവിതറുന്നത് അല്പം അരോചകമായി എന്നു തന്നെ പറയണം. അങ്ങനെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ടാകും. ഇതൊക്കെയുണ്ടെങ്കില്‍ത്തന്നെയും ഒട്ടും മടുപ്പിക്കാതെ തീയറ്ററില്‍ മൂന്നു മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ വിനീതിനും പ്രണവിനും സംഘത്തിനും കഴിയുന്നു എന്നതുതന്നെയാണ്‌ ഈ കൊച്ചുചിത്രത്തിന്റെ വന്‍‌വിജയം.

LATEST