തിയേറ്ററിലല്ലാതെ മിന്നൽ മുരളി കണ്ടതാണ് നമ്മുടെ സമീപകാല സിനിമാദുരന്തം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
340 VIEWS

തിയേറ്ററിലല്ലാതെ മിന്നൽ മുരളി കണ്ടതാണ് നമ്മുടെ സമീപകാല സിനിമാദുരന്തം

സജീവ് കുമാറിന്റെ പോസ്റ്റ് വായിക്കാം

ബേസില്‍ ജോസഫ് – ടൊവീനോ തോമസ് റ്റീമിന്റെ മിന്നല്‍ മുരളി ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്‌ഫ്ലിക്സില്‍ കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യം തോന്നിയ കാര്യമിതായിരുന്നു – ഇത് ചെറിയ സ്ക്രീനിലല്ല, സിനിമാ തീയറ്ററുകളുടെ വലിയ സ്ക്രീനില്‍, ആ ഒരു അന്തരീക്ഷത്തില്‍ കണ്ടാസ്വദിക്കേണ്ടൊരു ചിത്രമായിരുന്നു എന്ന്. ഇതൊരിക്കലുമൊരു ബ്രഹ്മാണ്ഡ ചിത്രമൊന്നുമായിട്ടല്ല അങ്ങനെ തോന്നിയത്, പക്ഷേ സ്വയം മറന്ന് ആസ്വദിക്കാനാകുന്ന ചില രംഗങ്ങളെങ്കിലും ഈ ചിത്രത്തിലുണ്ട് എന്നതിനാലാണത്.

സജീവ്കുമാർ
സജീവ്കുമാർ

മലയാളത്തിലൊരു ‘സൂപ്പര്‍ഹീറോ’ ചിത്രം, അതു സം‌വിധാനം ചെയ്യുന്നത് താരതമ്യേന പുതുമുഖവും ചെറുപ്പക്കാരനുമായ ബേസില്‍ ജോസഫ്, കഥ നടക്കുന്നത് നഗരങ്ങളിലല്ല മറിച്ച് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ – ചിത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ നെറ്റിയില്‍ ചുളിവുകള്‍ വീഴ്ത്താന്‍ ഇത്തരം ധാരാളം ഘടകങ്ങളുണ്ടായിരുന്നു. ഒരു ‘സൂപ്പര്‍ഹീറോ’ ചിത്രത്തിന്‌ രാജമൗലിയുടെ ‘ബാഹുബലി’ പോലെ വലിയൊരു കാന്‍‌വാസും, താരനിരയും, ബജറ്റും, ഇതിവൃത്തവുമൊക്കെ വേണ്ടിവരും എന്നൊരു ധാരണയും പരക്കെ ഉള്ളതാണ്‌. എതിരുനില്‍ക്കുന്ന ഇത്രയൊക്കെ വിഷയങ്ങളെ സധൈര്യം നേരിട്ടുകൊണ്ട്, മലയാള ചലചിത്രലോകത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ഈ ചിത്രം ഇതുപോലെ അണിയിച്ചൊരുക്കിയ ബേസിലിനെയും മുഴുവന്‍ റ്റീമിനെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
പടം ഇറങ്ങിയിട്ടേയുള്ളൂ എന്നതിനാല്‍ ചിത്രത്തിന്റെ കഥയിലേക്കു കടക്കുന്നില്ല, മറ്റു കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം പറയാം.

തദ്ദേശീയനായ ഒരു ‘സൂപ്പര്‍ഹീറോ’യെ എങ്ങനെ അണിയിച്ചൊരുക്കും, ആ കഥാപാത്രത്തിന്റെ എതിര്‍പക്ഷത്ത് ആരെയൊക്കെ അണിനിരത്തും എന്നിങ്ങനെ പടം കാണും മുന്‍പേ മനസ്സില്‍ ആകാംക്ഷ നിറച്ച ഒരുപിടി വിഷയങ്ങളുണ്ടായിരുന്നു. തികച്ചും കേരളീയമായ, ഒരു ഉള്‍‌നാടന്‍ ഗ്രാമീണ അന്തരീക്ഷത്തിലാണ്‌ കഥ ഇതള്‍ വിരിയുന്നത്, മൊബൈല്‍ ഫോണിനു മുന്‍പുള്ള കാലഘട്ടം. സം‌വിധായകന്‍ തന്റെ സ്വാതന്ത്ര്യം മുഴുവനുമെടുത്ത്, വിശദമായിത്തന്നെ കഥയെയും പാത്രങ്ങളെയും നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു. ടൊവീനോയുടെ വശ്യമായ, പ്രസരിപ്പുള്ള സ്ക്രീന്‍ പ്രസന്‍സ് ഇവിടെ കുറച്ചൊന്നുമല്ല സം‌വിധായകനെ സഹായിക്കുന്നത്. പതുക്കെ നാം കഥയിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ നായകകഥാപാത്രത്തോടൊപ്പം നില്‍ക്കുന്ന മറ്റൊരു കഥാപാത്രം കൂടി കഥയിലുണ്ടെന്നു നാം തിരിച്ചറിയുന്നു, അതവതരിപ്പിക്കുന്നതോ അത്രയൊന്നും താരമൂല്യം അവകാശപ്പെടാനില്ലാത്ത ‘ഗുരു സോമസുന്ദരം’ എന്ന തമിഴ് നടനും. പിന്നീടങ്ങോട്ട് ചിത്രം അതിന്റെ മുഴുവന്‍ ഊര്‍ജ്ജവും ആവാഹിച്ച് കുതിക്കുകയാണ്‌. പ്രേക്ഷകനെ അധികമൊന്നും ചിന്തിക്കാന്‍ വിടാതെ, കാണുന്നത് വിശ്വസിപ്പിച്ച് കഥയ്ക്കൊപ്പം കൂട്ടുന്നതില്‍ ബേസില്‍ ജോസഫ് എന്ന യുവസം‌വിധായകന്‍ അസാമാന്യ കൈയ്യടക്കം പ്രദര്‍ശിപ്പിച്ചു എന്നുതന്നെ പറയാം, തീര്‍ച്ചയായും നമുക്ക് ഈ യുവാവില്‍ നിന്നും ഇനിയുമേറെ നമുക്കു പ്രതീക്ഷിക്കാം.

എന്തിലുമേതിലും കുറ്റം ചികഞ്ഞുകണ്ടുപിടിക്കാന്‍ സമര്‍ത്ഥരാണ്‌ നമ്മള്‍ മലയാളികള്‍. അങ്ങനെ ഒരു പ്രേക്ഷകസമൂഹത്തിനു മുന്നിലേക്ക് ഒരു നാടന്‍ ‘സൂപ്പര്‍ഹീറോ’യുടെ കഥ വിശ്വാസയോഗ്യമായി എങ്ങനെ പറഞ്ഞുഫലിപ്പിക്കും എന്നവിഷയത്തില്‍ ഏറെ തലപുകച്ചുകാണും ബേസിലും ടീമും. അവരുടെ പ്രയത്നം വലിയൊരളവുവരെ വിജയിച്ചു എന്നുതന്നെ പറയാം. ഇതൊക്കെ നടക്കുമോ എന്നൊന്നും തോന്നിപ്പിക്കാതെ, ഇതും നടക്കും എന്നു കാണുന്നവരെ വിശ്വസിപ്പിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ചിത്രം കണ്ടാസ്വദിക്കാം, കുറ്റപ്പെടുത്താം – അതൊക്കെ ചിത്രം കാണുന്നവരുടെ താല്‍പര്യം പോലെ എന്നതും വാസ്തവം.
ഒരു ‘സൂപ്പര്‍ഹീറോ’ ചിത്രത്തില്‍ സ്പെഷ്യല്‍ എഫക്റ്റുകള്‍ക്ക് ഏറെ പ്രാധാന്യവും സാധ്യതകളുമുണ്ട്. ഗ്രാമീണജീവിതത്തിന്റെ ലാളിത്യത്തോടൊപ്പം അവയെ മുഴച്ചുനില്‍ക്കാതെ ചേര്‍ത്തവതരിപ്പിക്കാന്‍ ആ വിഭാഗം കൈകാര്യം ചെയ്തവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. ചിത്രത്തിന്റെ സാങ്കേതിക വശങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. പശ്ചാത്തലസംഗീതമുള്‍പ്പെടെ ഓരോ വിഭാഗങ്ങളും കഥയോട് ചേര്‍ന്നുപോകുന്നു.

തിരക്കഥ കുറ്റമറ്റതല്ല എന്നാണ്‌ എന്റെ അഭിപ്രായം, കഥ ആസ്വദിക്കുമ്പോള്‍ തന്നെ അവിടവിടെ ചിലയിടങ്ങളിലെ പാളിച്ചകള്‍ മുഴച്ചുകണ്ടു, അവ ഒഴിവാക്കാമായിരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ശേഷിക്കുന്നു, ശ്രദ്ധിക്കാമായിരുന്നു.

ഇനി അഭിനേതാക്കളെപ്പറ്റി .

ടൊവീനോ തോമസ് – യുവനിരയിലെ ശ്രദ്ധേയനായ ഈ നടന്‍ ഈ ‘നാടന്‍ സൂപ്പര്‍ഹീറോ’യെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു, തികച്ചും അഭിനന്ദനാര്‍ഹമായ പ്രകടനം. ഒരവസരത്തിലും കഥയുടെ പരിധിയും പരിമിതിയും മറികടക്കാതെ തന്റെ ദൗത്യം ഗംഭീരമായി നിറവേറ്റാന്‍ ടൊവീനോയ്ക്കു കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല. ബൈജുവും അജു വര്‍ഗീസും ഹരിശ്രീ അശോകനും ബാലതാരം വസിഷ്ടുമുള്‍പ്പെടെ ഓരോരുത്തരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
എങ്കിലും എന്റെ അഭിപ്രായത്തില്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതൊന്നുമല്ല. ചിത്രം പുറത്തിറങ്ങും വരെ ആരുമറിയാതിരുന്ന ആ ഘടകം ഇതിലെ ‘ഗുരു സോമസുന്ദരം’ എന്ന തമിഴ് നടന്‍ അവതരിപ്പിച്ച ഷിബു എന്ന പ്രതിനായക കഥാപാത്രമാണ്‌. നായകനേക്കാള്‍ പാത്രസൃഷ്ടിയിലും സ്ക്രീന്‍സ്പേസിലും വില്ലനു പ്രാമുഖ്യം ലഭിക്കുക എന്നത് അത്ര സാധാരണമായൊരു കാര്യമല്ല. ഗുരു സോമസുന്ദരത്തെ മുന്‍പ് ചില ചിത്രങ്ങളില്‍ നാം കണ്ടിട്ടുണ്ട്, പക്ഷേ ഇവിടെ, മിന്നല്‍ മുരളിയില്‍ അയാള്‍ കാഴ്ചവച്ചിരിക്കുന്ന പ്രകടനം – അത് കണ്ടുതന്നെ അറിയേണ്ടുന്ന ഒന്നാണ്, അത്ര ഗംഭീരം. ഗുരു സോമസുന്ദരത്തിനു വേണ്ടി മാത്രം നമുക്കീ ചിത്രം കാണാം, ആ തലത്തിലാണ്‌ അദ്ദേഹം ഈ കഥയില്‍ ജീവിച്ചത്. ഇത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്ന് നിസ്സംശയം പറയാം. ഈ കതാപാത്രമവതരിക്കാന്‍ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത് ആരായിരുന്നാലും ‘ബലേഭേഷ്’ എന്നു തന്നെ പറയുന്നു.

അങ്ങനെ ആകെയുള്ള വിലയിരുത്തലില്‍, പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അങ്ങനെയൊന്നും ആരും കൈവയ്ക്കാന്‍ മടിക്കുന്ന ഒരു ഇതിവൃത്തത്തെ വിജയകരമായി തിരശ്ശീലയിലെത്തിക്കാന്‍ മിന്നല്‍ മുരളി റ്റീമിനു കഴിഞ്ഞു എന്ന് സന്തോഷപൂര്‍‌വ്വം പറയാം. ഇത് മലയാള സിനിമയുടെ കൂടി വിജയമാണ്‌ – ഇവിടെയും ഇതൊക്കെ സാധ്യമാണ്‌ എന്ന് തലയുയര്‍ത്തിപ്പിടിച്ച് നമുക്കിനി പറയാം

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ