സിനിമാ സംവിധായകൻ സജീവൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വേഷം കള്ളിമുണ്ടും മുഷിഞ്ഞ ഷർട്ടും.ഷേവ് ചെയ്യാത്ത മുഖം. ഇരുണ്ട ദേഹം.സമയം രാത്രി. ഇത്രക്കും മതി ഒരു പോലീസ് ജീപ്പിന് സഡൻ ബ്രേക്കിട്ടു നിർത്താൻ. പിന്നെ ചോദ്യം; എവിടന്നു വരുന്നു ? എവിടെ പോകുന്നു ? എവിടെ താമസം? പോലീസുകാർ ഈ മൂന്നു ചോദ്യങ്ങളും ചോദിക്കുന്നത് എന്തിനാണ് ?
ഇയ്യാളെ പിടിച്ചു കൊണ്ടുപോയാൽ വല്ല രാഷ്ട്രീയക്കാരനും പണക്കാരനും അന്വേഷിച്ചു വരാൻ സാധ്യതയുണ്ടോ എന്നറിയാനാണത്. ഇല്ല എന്നുറപ്പായാൽ
“പിടിച്ചു കയറ്റവനെ “ എന്ന കൽപ്പന വരും.

sajeevan anthikad
sajeevan anthikad

പിന്നെ സ്റ്റേഷനിൽ കൊണ്ടുപോയി വിസ്തരിച്ച് ചോദ്യം ചെയ്ത് അവസാനം വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടു തള്ളും.അങ്ങനെ തള്ളപ്പെട്ട ഒരു ചെറുപ്പക്കാരനെ കാണിച്ചു കൊണ്ടാണ് ഡോ. ബിജുവിന്റെ അദൃശ്യജാലകങ്ങൾ എന്ന സിനിമ തുടങ്ങുന്നത്. പുറമ്പോക്കായി അഭിനിയിക്കുന്നത് ടൊവീനോ തോമാസ് .അയാളവിടെ ഭ്രാന്തിന് ചികിത്സയുമായി ആറുമാസം കഴിയേണ്ടി വരുന്നു. പുറമ്പോക്കുകളുടെ മറ്റൊരു പുതിയ ബാച്ച് ഭ്രാന്താശുപത്രിയിലെത്തുമ്പോൾ സ്ഥല പരിമിതി മൂലം പഴയ ബാച്ച് സ്വതന്ത്രമാക്കപ്പെടുന്നു. അങ്ങനെ ആറുമാസത്തിനു ശേഷം ടൊവീനോ പുറം ലോകം കാണുന്നു. അദൃശ്യജാലകത്തിലെ ടൊവീനോ അഭിനയിക്കുന്ന കഥാപാത്രത്തിന് പേരുള്ളതായി നാം നാം കാണുന്നില്ല. പുറമ്പോക്കുകൾക്ക് ഐ.ഡി. ഇല്ലെന്ന് വ്യക്തം. ഈ പുറമ്പോക്കി താമസിക്കുന്ന ഇടവും ഏറെ വ്യത്യസ്തമാണ്. അതിവിശാലം എന്ന് തന്നെ വിളിക്കാവുന്ന ഒഴിഞ്ഞൊരിടത്ത് , എന്നോ ഉപേക്ഷിക്കപ്പെട്ട ഒരു തീവണ്ടിബോഗിയിലാണയാളുടെ താമസം. വൈദ്യുതോപകരണങ്ങളിലും നാടൻ ഇലക്ട്രോണിക്സിലുമാണയാളുടെ കമ്പം.

മറ്റൊരു ബോഗി കൂടി അവിടുണ്ട്. അവിടെ ഒരു കാണാൻ കൊള്ളാവുന്ന ഇരുണ്ട നിറക്കാരി താമസം തുടങ്ങിയിരിക്കുന്നു. (നിമിഷ സജയൻ) പണത്തിന് ശരീരം കൊടുത്താണവൾ ആനന്ദിക്കുന്നത്. ഇത്തിരി ദൂരെയായി ഒരു ചെറിയ വീടുണ്ട്. അവിടത്തെ കുട്ടികൾ ടൊവീനോയെ അമ്മാവൻ എന്നാണ് വിളിക്കുന്നത്. ആ വിളിക്ക് രക്തബന്ധത്തിന്റെ ആഴം പ്രതീക്ഷിക്കേണ്ടതില്ല. അദൃശ്യജാലകങ്ങളിലെ ഇപ്പറഞ്ഞ കഥാപാത്രങ്ങളെല്ലാം വളരെ ചെറിയ ഒരു ലോകത്ത് ജീവിക്കുന്നവരാണ്. ജനിച്ചതു കൊണ്ട് മാത്രം ജീവിച്ചു പോകുന്ന ജീവികൾ മാത്രമാണവർ.അപ്പുറത്ത് മറ്റൊരു ലോകമുണ്ട്. അവിടെ കുറെ കൂടി വലിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന “സംസ്ക്കരിക്കപ്പെട്ട “ മനുഷ്യരുണ്ട്.അവർ അവിടെ ഒരു രാസായുധ ഫാക്ടറി തുടങ്ങിയിരിക്കുന്നു. പുറമ്പോക്കികളുടെ ഭൂമിയെല്ലാം ആ ഫാക്ടറിക്കായി അക്വയർ ചെയ്തു കഴിഞ്ഞതാണ്.
അവിടുത്തെ യൂണിഫോമിട്ട ചെറുപ്പക്കാരാണ് ബോഗിയിലെ ഇരുണ്ട സുന്ദരിയുടെ ഇടപാടുകാർ. ആ പ്രദേശത്തെ മുഴുവൻ 24 മണിക്കൂറും സർവയലൻസിൽ നിർത്താനായി രണ്ട് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നുണ്ട്.

ആറുമാസത്തെ ഭ്രാന്താശുപത്രിവാസത്തിനു ശേഷം പുറത്തു വരുന്ന ടൊവീനോ കേൾക്കുന്നത് രാജ്യം ഒരു യുദ്ധത്തെ അഭിമുഖീകരിക്കാൻ പോകുന്ന വാർത്തയാണ്. എന്നാൽ പുറമ്പോക്കികൾക്ക് യുദ്ധം എന്തിനാണെന്നന്നോ ആർക്കു വേണ്ടിയാണെന്നോ അറിയുകയില്ല. അവർ തല ചായ്ക്കുന്നിടം ഫാക്ടറിയുടേതായതിനാൽ ഫാക്ടറിയുദ്യോഗസ്ഥർ ഇടക്കിടക്ക് കയറി വന്ന് “ഒഴിയടാ “ എന്ന് പറയുന്നതാണ് അവരഭിമുഖീകരിക്കുന്ന ജീവിതപ്രശ്നം . ഈ ചിത്രത്തിന്റെ ഒരു പ്രധാന സവിശേഷതയായി ഞാൻ കാണുന്നത് തന്നെ ഇത്തരമൊരു ആഖ്യാനത്തെയാണ്. സാധാരണ സിനിമകളിൽ പ്രധാനകഥാപാത്രമാണല്ലോ ആ സിനിമയുടെ സ്വഭാവം നിർണ്ണയിക്കുന്നത്.എന്നാൽ അദൃശ്യജാലകങ്ങളിലെ നായകനും നായികയും പ്രത്യേകതകളൊന്നുമില്ലാത്ത – അഡ്രസ്സില്ലാത്ത – ലോകവിവരങ്ങളൊന്നുമില്ലാത്ത – ജീവജാതികളിൽ ഒന്നു മാത്രമാണ്.

അവരല്ല സിനിമയുടെ രാഷ്ട്രീയം പറയുന്നത്. അവർ ജീവിക്കുന്ന സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുക വഴി രാഷ്ട്രീയം സിനിമയിൽ പറയപ്പെടുകയാണ്. ഇതിന് തരക്കേടില്ലാത്ത രചനാവൈഭവവും സംവിധാനപാടവവും ആവശ്യമാണ്. രണ്ടും ഡോ.ബിജു നിർലോഭമായി ഈ സിനിമയിൽ പുറത്തെടുത്തിട്ടുണ്ട്. അദൃശ്യജാലകങ്ങൾ ഒരു റിയലിസ്റ്റിക് സിനിമയാണ് അതിലുപരി അതൊരു സറിയലിസ്റ്റിക് സിനിമയാണ്.മരിച്ചവർ സംസാരിക്കുന്ന – മരിച്ചവർ മെഴുകുതിരിയുമായി കാണാതായ പെൺകുട്ടിയെ അന്വേഷിച്ചു നടക്കുന്ന – ഒരു സിനിമയാണിത്.ആറുവർഷത്തെ ഭ്രാന്താശുപത്രി ജീവിതമാണോ, ചികിത്സയുടെ ഭാഗമായുള്ള ഷോക്കടിപ്പിക്കലാണോ ഏതെന്ന് നിശ്ചയമില്ല ടൊവീനോക്ക് അത്തരം മായക്കാഴ്ചകളുണ്ട്. അവന്റെ പാർട്ട് ടൈം ജോലിയെന്ന് പറയാവുന്നത് മോർച്ചറി യുടെ സൂക്ഷിപ്പാണ്. ഭ്രാന്താശുപത്രിയിൽ നിന്നും വന്നതിനു ശേഷം ജോലിക്ക് പോയ ആദ്യ രാത്രി മോർച്ചറിയിൽ ഒരു ശവമുണ്ട്. സാധാരണ ചെയ്യുന്ന പോലെ ശവത്തെ ഒരു നോക്കു നോക്കി പിന്തിരിഞ്ഞപ്പോഴാണ് ആദ്യമായി ശവം സംസാരിക്കുന്നത് ടൊവീനോ കേൾക്കുന്നത്. പിന്നെ മരിച്ചവർ ടൊവീനോയോട് നിരന്തരം സംസാരിച്ചു തുടങ്ങി.കൾബൂർഗ്ഗിയെ പോലൊരധ്യാപകനായിരുന്നു ഇന്ദ്രൻസ് , അദ്ദേഹത്തെ വർഗ്ഗീയ വാദികൾ വെടിവെച്ചു കൊന്നതായിരുന്നു.

ഇന്ദ്രൻസിന്റെ ശവം ടൊവീനോയോട് സംസാരിക്കുമ്പോൾ പറയുന്നത് “ ആളുകളെല്ലാം തോക്കിന് പകരം പുസ്തകം കയ്യിലെടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ലോകത്തുള്ളൂ “ എന്നാണ്.ടൊവീനോയോട് സംസാരിച്ച മറ്റൊരു ശവം ഒരു ഗിറ്റാറിസ്റ്റാണ്. ആ ഗിറ്റാറിസ്റ്റിന്റെ അഭിപ്രായത്തിൽ എല്ലാവരും സംഗീതത്തെ ഉൾക്കൊണ്ടാൽ തീരുന്ന പ്രശ്നങ്ങളെ ലോകത്തുള്ളൂ.ഇത്തരം സർറിയലിസങ്ങളും പുറമ്പോക്കു ജീവിതം എന്ന റിയലിസവും ചേർത്തടുക്കിയ “ഒരവാർഡ് / ഫെസ്റ്റിവെൽ സിനിമ”യാണ് അദൃശ്യ ജാലകങ്ങൾ. അൽപ്പം നിർമ്മാണ ചെലവ് കൂടിയ സിനിമയാണിത്.

“കച്ചവട സിനിമകൾക്കൊപ്പം വല്ലപ്പോഴും ഒരാർട്ട് സിനിമയും ചെയ്യണം” എന്ന് മനസ്സാ ഉറപ്പിച്ച ഒരു സ്റ്റാർ നടൻ ഉണ്ടെങ്കിൽ മാത്രമെ ഇത്തരം സിനിമകൾ സംഭവിക്കുകയുള്ളൂ. ശ്രീ ടൊവീനോ തോമാസ് അതിനു തയ്യാറായി എന്നു മാത്രമല്ല അദ്ദേഹത്തിന്റെ കരിയറിൽ ഒരു മൈൽസ്റ്റോൺ എന്ന് തന്നെ പറയാവുന്ന ഒരു കഥാപാത്രം ചെയ്ത് ഗംഭീരമാക്കുകയും ചെയ്തു. പ്രത്യേകിച്ചും ആ വേഷപ്പകർച്ച, മുഖത്തു കൃത്രിമമായും നടന വൈഭവത്താലും ഉണ്ടാക്കിയെടുത്ത പുറമ്പോക്കി ലുക്ക് -എന്തായാലും ആ സദുദ്യമത്തിന് ഫലമുണ്ടായിരിക്കുന്നു.

നെറ്റ്ഫ്ലിക് സ് ഈ സിനിമയുടെ OTT റിലീസ് ഏറ്റെടുത്തിരിക്കുന്നു.അതോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എ കാറ്റഗറി ഫിലിം ഫെസ്റ്റിവല്ലുകളിലൊന്നായ എസ്റ്റോണിയയിലെ താലിൻ ഫെസ്റ്റിവെല്ലിൽ ഈ സിനിമ പ്രീമിയർ ചെയ്യപ്പെട്ടു.FlAPH ന്റെ എ കാറ്റഗറിയിലേക്ക് ഇന്ത്യയിൽ നിന്നും കഴിഞ്ഞ വർഷം തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമയായി അദൃശ്യജാലകങ്ങൾ മാറി. മാത്രമല്ല പോർച്ചുഗലിലെ പോർട്ടോ ഫിലിം ഫെസ്റ്റിവെല്ലിലും ധാക്ക ഫിലിം ഫെസ്റ്റിവെല്ലിലും അദൃശ്യജാലകങ്ങൾ ഇടം നേടി കഴിഞ്ഞു.
IFFK യിലെ ഫെസ്റ്റിവെൽ കാലിഡോസ്കോപ്പിലും അദൃശ്യജാലകങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിലെ 80 ഓളം തിയ്യറ്ററുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ചു വരുന്ന ഈ ചിത്രത്തിന് പ്രേക്ഷകർ കുറവാണെന്ന് തന്നെ പറയാം.അതിന് രണ്ടു കാരണങ്ങൾ പ്രധാനമായി ചൂണ്ടിക്കാണിക്കാം.

1 ) പുറമ്പോക്കിൽ ജീവിക്കുന്നവരെ തിരശ്ശീലയിൽ കാണിക്കുമ്പോൾ സിനിമക്കൽപ്പം കളറ് കുറയും.
2) “ ജീവിതത്തിൽ രക്ഷപ്പെട്ടു “ എന്ന് സ്വയം വിശ്വസിക്കുന്നവരിലധികം പേരും മുൻകാലങ്ങളിൽ അവരനുഭവിച്ച ദുരിതങ്ങൾ ഓർമ്മിപ്പിക്കുന്ന ആളുകളെയും സന്ദർഭങ്ങളെയും ഒഴിവാക്കാൻ ശ്രമിക്കും.

You May Also Like

ആ ഒരു കഥാപാത്രത്തിന്റെ പിറവി അവിടെ നിന്നായിരുന്നു..

An UnExpected Police Story Rageeth R Balan ഒരു അഭിമുഖത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ്…

‘സിനിമ ലോകത്തെ പലരും താൻ പ്രായപൂർത്തിയാകും മുൻപ് തന്നെ ശാരീരികമായി പലവട്ടം ഉപയോഗിച്ചു’, കന്നട നടിയുടെ വെളിപ്പെടുത്തൽ

കന്നഡയിലെ പ്രശസ്ത നടിയാണ് സംഗീത ഭട്ട് . സിനിമയിൽ എത്തുന്നതിനു മുമ്പ്, പഞ്ജരദ ഗിലി (കസ്തൂരി…

മോഹൻലാലിനെ കണ്ടതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ പി.വി സിന്ധു

ബാഡ്മിന്റണിലൂടെ ഇന്ത്യയുടെ യശ്ശസ് വാനോളം ഉയർത്തിയ താരമാണ് പി.വി സിന്ധു. ഗോവയിലെ ഒരു ജിംനേഷ്യത്തിൽ വച്ച്…

ചേച്ചിയുടെ കൂടെ നിൽക്കുന്ന ഈ താരം ആരാണെന്ന് മനസ്സിലായോ?

എപ്പോഴും ആരാധകർക്ക് കൗതുകമുള്ള കാര്യമാണ് പ്രിയ താരങ്ങളുടെ പഴയ കാല ചിത്രങ്ങൾ കാണുന്നത്.