Sajhu Mathew

മാമുക്കോയ എന്ന നടന്റെ തഗ്ഗ് ലൈഫ് ഒരു പാട് ആഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഒരു പ്രശ്നം വരുമ്പോൾ, വാദിയെ പ്രതിയാക്കി രക്ഷപ്പെടുന്ന അദ് ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പ്രത്യേകതകളാണ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ളത്.

വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫറായ മാമുക്കോയ, താനെടുത്ത് കുളമാക്കിയ ഫോട്ടോയുമായി ശ്രീനിവാസന്റെ അടുത്തേക്കു വരുന്ന ഭാഗമുണ്ട്. സത്യത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടത് മാമുക്കോയയാണ്. എന്നാൽ ഫോട്ടോയുമായി അദ്ദേഹം വരുന്നത് പക്ഷേ, പരീക്ഷക്ക് വട്ടപ്പൂജ്യം വാങ്ങിച്ച കുട്ടിയുടെ ഉത്തരക്കടലാസ് കൊടുക്കാൻ വരുന്ന ക്ലാസ് ടീച്ചറെപ്പോലെയാണ്. “ഫോട്ടോ എന്താ ഇങ്ങിനെ?” എന്ന് ചോദിക്കുന്ന ശ്രീനിവാസനോട് ,”അതു തന്നാ ഞാനും ചോദിക്കുന്നത് ഇതെന്താ ഇങ്ങിനെ?” എന്നാണ് മാമുക്കോയയുടെ മറുചോദ്യം.

May be an image of 8 people, people standing and text that says "VEGA KIRAN"“സ്റ്റെഡീ…സ്റ്റെഡീന്ന് നൂറ് വട്ടം പറഞ്ഞതല്ലേ? പിന്നെന്തിനാ അനങ്ങാൻ പോയേ? ” തെറ്റ് മുഴുവൻ ശ്രീനിവാസന്റെ തലയിലിട്ടു കൊടുക്കുകയാണ് മാമുക്കോയ. ശ്രീനിവാസന് ദേഷ്യപ്പെടാനുള്ള ചാൻസേ കൊടുക്കുന്നില്ല . ആ ബോഡി ലാംഗ്വേജ് തന്നെ അങ്ങിനെയാണ്.


പ്രാദേശിക വാർത്തകളിലെ പ്രൊജക്ടർ ഓപ്പറേറ്റർ ജബ്ബാർ.
തലേ ദിവസത്തെ സിനിമാ പ്രദർശനത്തിൽ ഒരു റീൽ പ്രദർശിപ്പിക്കാതെ നേരത്തേ പടം അവസാനിപ്പിച്ച് മുങ്ങിയതിനെപ്പറ്റി ജയറാം ചോദിക്കുമ്പോൾ മാമുക്കോയ :
“ഒരു എഡിറ്റിംഗ് നടന്നു എന്നുള്ളത് സത്യമാണ്. പതിമൂന്നാമത്തെ റീൽ വേണ്ടാന്ന് തോന്നി. ഭയങ്കര ലാഗ്. ”
സാധാരണ ഗതിയിൽ മാപ്പ് പറഞ്ഞ് തടിയൂരേണ്ട സ്ഥലമാണ്. അവിടെയാണ്,
ഒരു സംവിധായകൻ തന്റെ സിനിമയെപ്പറ്റി പറയുന്ന പോലെ വളരെ ആധികാരികമായി പുള്ളി എഡിറ്റിംഗിനെപ്പറ്റിയൊക്കെ തട്ടി വിടുന്നത്.

” ആവശ്യമില്ലാത്ത കരച്ചിലും കഷ്ടപ്പാടും.. നായകന് ബ്ലഡ് കാൻസറ്,
നായികക്കും ഉണ്ട് എന്തോ ഒരസുഖം. ഈ ഓഡിയൻസിനെ ബോറടിപ്പിക്കുന്നത് എനിക്കിഷ്ടമല്ല.” പടത്തിന്റെ തിരക്കഥ ജബ്ബാറായിരുന്നോ എന്ന് ചിന്തിച്ചു പോകുന്ന ഒരു നിമിഷം.
അങ്ങനെ ആ റീൽ ഒഴിവാക്കേണ്ടിയിരുന്നതിന്റെ അനിവാര്യതയെപ്പറ്റി ജയറാമിന് ക്ലാസെടുത്തു കൊടുത്ത്‌, അവസാനം ജയറാമിന്റെ കയ്യിൽ നിന്ന് അമ്പത് രൂപയും വാങ്ങിയാണ് പുള്ളി സ്ഥലം വിടുന്നത്.


ചെറിയലോകവും വലിയ മനുഷ്യരും എന്ന സിനിമയിലെ അബു.
താൻ നടത്തിയിരുന്ന ഉഡായിപ്പ് ലക്കി സെന്റർ നാട്ടുകാർ തല്ലിപ്പൊളിച്ചു. കടയിൽ പ്രദർശിപ്പിക്കാൻ, കടം വാങ്ങി വച്ചിരുന്ന ടിവിയും സൈക്കിളും എല്ലാം പോയി. അങ്ങനെ ആകെ മൊത്തം അപടലം ആയി ഇരിക്കുമ്പോഴാണ് കടം കൊടുത്തവർ സാധനങ്ങൾ തിരിച്ചു ചോദിക്കാൻ വരുന്നത്.
പതിവുപോലെ ഇങ്ങോട്ട് ചോദിക്കാൻ വരുന്നവരെ നേരെ അങ്ങോട്ടു പോയി മുട്ടുകയാണ് മാമുക്കോയ.
കടം വാങ്ങിയ സാധനങ്ങളെവിടെ? എന്നു ചോദിക്കുന്നവരോട്
“അതു പറയാൻ ഞാൻ നിങ്ങളെ വന്നു കാണണം എന്നു വിചാരിച്ചതാ. ഇപ്പ കണ്ടതു നന്നായി ” എന്നാണ് ഒട്ടും കുലുക്കമില്ലാതെയുള്ള മറുപടി.

” ഞാനെന്റെ ലക്കി സെന്റർ അടിച്ചു പൊളിച്ചു. ഇൻഷുറൻസ് പൈസ കിട്ടാൻ വേറെ മാർഗ്ഗമൊന്നും ഞാൻ കണ്ടില്ല. ” സംസാരത്തിൽ അപാര കോൺഫിഡൻസ്.
തുടർന്ന്, കിട്ടാൻ പോകുന്ന ഇൻഷുറൻസ് തുകയെപ്പറ്റി അവരെപറഞ്ഞ് വിശ്വസിപ്പിച്ച് അവസാനം ഇൻഷുറൻസ് ക്ലെയിമിന് പോവാനെന്നും പറഞ്ഞ്, ഓരോരുത്തരുടെ കയ്യിൽ നിന്നും പത്തു രൂപായും വച്ച് വാങ്ങിയാണ് പുള്ളി സ്ഥലം വിടുന്നത്.
പോകുമ്പോൾ, ” ഇനി ഇൻഷുറൻസ് കിട്ടാതെ നമ്മൾ തമ്മിൽ കാണുന്ന പ്രശ്നമില്ല” എന്നൊരു ഡയലോഗും പുള്ളി കാച്ചുന്നുണ്ട്.

തിരക്കഥാകൃത്തുകൾ അദ്ദേഹത്തിനു ചേർന്ന ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുന്നതാണോ അതോ അദ്ദേഹം ഇംപ്രൊവൈസ് ചെയ്ത് അത് അങ്ങിനെ ആക്കുന്നതാണോ… അറിയില്ല. എന്തായാലും മനോഹരമാണ് മാമുക്കോയയുടെ ഈ കഥാപാത്രങ്ങൾ. എത്ര കണ്ടാലും മതിവരാത്ത അസാദ്ധ്യ പെർഫോമൻസുകൾ!

You May Also Like

താരതമ്യങ്ങളില്ലാത്ത ബോഡി ബിൽഡർ റോണി കോൾമാന് സംഭവിച്ചത് എന്താണ് ?

റൊണാൾഡ് ഡീൻ കോൾമാൻ ഒരു വിരമിച്ച അമേരിക്കൻ പ്രൊഫഷണൽ ബോഡി ബിൽഡറാണ് . എട്ട് വർഷം…

ഉറങ്ങുമ്പോള്‍ ഉണരുന്ന ഉള്‍ക്കാഴ്ച

ഇന്നത്തെ എറണാകുളം കൊയമ്പത്തൂർ യാത്രയിൽ അധികം ആളില്ലാത്ത തീവണ്ടി മുറിയിൽ എന്നെ വല്ലാതെ വിവശനാക്കിയ ഒരു ദ്യശ്യം ഇവിടെ പറയട്ടെ.

ഒരേയൊരു വോട്ടർ മാത്രമുള്ള പോളിംഗ് സ്‌റ്റേഷൻ ഇന്ത്യയിൽ എവിടെ ആയിരുന്നു ?

ഗിര്‍ വനത്തിനുള്ളില്‍ നിന്ന് 55 കി.മീ അകലെയുള്ള ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്താണ് പോളിങ് ബൂത്ത് സാധാരണ സജ്ജീകരിക്കുന്നത്‌. ജുനാഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ബനേജ്.

അത് കൊണ്ട് തന്നെ ആ സ്‌ഫടികം മാജിക്ക് അദ്ദേഹത്തിന് ഉടയോനിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല

വെള്ളിത്തിരയിൽ തന്റെ മോഹങ്ങൾ പൂവണിയിപ്പിച്ച മലയാളസിനിമയുടെ ഉടയോൻ – ഭദ്രൻ ദി ഗ്രെയ്റ്റ്‌. Aneesh Nirmalan…