മലയാള സിനിമയ്ക്ക് അപരിചിതമായ ശൈലി ആയതുകൊണ്ടുതന്നെ ചിത്രത്തിന് പരാജയപ്പെടാനായിരുന്നു വിധി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
380 VIEWS

Saji Abhiramam

സീസൺ 🎺

അമേരിക്കൻ എഴുത്തുകാരനായ സ്റ്റീഫൻ കിങ്ങിന്റെ റീത്ത ഹേവർ‌ത്ത് ഏൻഡ് ഷഷാങ്ക് റിഡംപ്ഷൻ ( Rita Hayworth and Shawshank Redemption is a novella by Stephen King) എന്ന നോവലിനെ ആസ്പദമാക്കി തിരക്കഥ എഴുതി പത്മരാജൻ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സീസൺ.
“എന്‍റെ പേര് ജീവന്‍ രണ്ടുവര്‍ഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞുകാണാന്‍ സാധിക്കൂ. രണ്ടുവര്‍ഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തിനില്‍ക്കുന്നത് കാണാന്‍ അനുവാദമുള്ളൂ. അതോര്‍ക്കുമ്പോള്‍ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ ഇനിയിപ്പോള്‍ സങ്കടപ്പെടുകാന്നുപറഞ്ഞാല്‍…” മോഹൻലാലിന്റ ഈ സംഭാഷണത്തോടെയാണ് സിനിമയുടെ ആരംഭം.

മലയാള സിനിമ അതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു വ്യത്യസ്ഥ പ്രമേയമായിരുന്നു പത്മരാജന്‍ ആ സിനിമയിലൂടെ പറഞ്ഞത്. മയക്കു മരുന്നു കച്ചവടവും ഒരു ബീച്ചും അതായിരുന്നു പ്രമേയ പശ്ചാത്തലം. പൂര്‍ണമായും ഒരു റിവഞ്ച് ത്രില്ലറായിരുന്ന പത്മരാജന്‍റെ സിനിമാ കരിയറിലെ ഏറ്റവും പരുക്കന്‍ ചിത്രങ്ങളിലൊന്നായിരുന്നു സീസണ്‍. പ്രണയവും രതിയും ചതിയും ദുരന്തവും കൊലപാതകവും പ്രതികാരവുമെല്ലാമുണ്ടായിരുന്ന കോവളം ബീച്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു അസാധാരണ ത്രില്ലര്‍. ജീവിതവും മരണവും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഒരു പത്മരാജന്‍ രചനയായിരുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രം സഞ്ചരിക്കാത്ത ജീവിതസമസ്യങ്ങള്‍ വിരളം.

വളരെ ലളിതമായ നരേഷനായിരുന്നു ഈ ചിത്രത്തിന്‍റേത്. എന്നാല്‍ ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് ഇത്ര ലളിതമായി പത്മരാജന്‍ പറഞ്ഞുവയ്ക്കുന്നതെന്ന് ആദ്യത്തെ ചില രംഗങ്ങള്‍ കൊണ്ടുതന്നെ മനസിലാകും. പത്മരാജന് മാത്രം സാധ്യമാകുന്ന ശൈലിയില്‍ തുടങ്ങുകയും അതേ അനായാസ ശൈലി പിന്തുടര്‍ന്ന് അവസാനിക്കുകയും ചെയ്യുകയാണ് സീസണ്‍.

ഹിപ്പിയിസത്തിൻ്റെയും അതിനോടിണങ്ങി രൂപംകൊണ്ട ചടുലസംഗീതത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ആകർഷണവലയം ഇന്നാട്ടിൽ അവശേഷിച്ചിരുന്ന ഒരു കാലത്തു തന്നെയാണ് പത്മരാജൻ്റെ ‘സീസൺ’ എന്ന ചലച്ചിത്രം സംഭവിക്കുന്നത്. സ്വാഭാവികമായും, ആ ഘടകങ്ങളെ കര തിരമാലകളെയെന്ന പോലെ ആശ്ലേഷിച്ച കോവളം ചിത്രത്തിൻ്റെ ഭൂമികയായി.

കടപ്പുറത്ത് റെസ്റ്റോറൻ്റ് നടത്തുന്ന, ‘അങ്കിൾ’ എന്ന് നാട്ടുകാർ വിളിക്കുന്ന, ജീവൻ എന്ന ദുരൂഹതകളുള്ള ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. ഒളിഞ്ഞും തെളിഞ്ഞും കള്ളക്കടത്തു സാധനങ്ങളുടെ വില്പനയിലും ജീവൻ ഏർപ്പെടുന്നുണ്ട്. പണ്ട് മയക്കുമരുന്ന് ഇടപാടുകാരുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു എന്നതിൻ്റെ ചില സൂചനകൾ ചിത്രത്തിലുണ്ട്. ജീവന് അടുപ്പമുള്ള രണ്ട് ചെറുപ്പക്കാർ ദരിദ്രമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കരകയറാനുള്ള അവസാന വഴിയെന്നോണം, ടൂറിസ്റ്റായ ഫാബിയൻ എന്ന സായിപ്പുമായി മയക്കുമരുന്നു കച്ചവടത്തിലേർപ്പെടാനൊരുങ്ങുന്നു. എന്നാലത് അവരുടെ കൊലപാതകങ്ങളിലാണ് കലാശിക്കുന്നത്. കേസിൽ പ്രതിയാക്കപ്പെടുന്ന ജീവൻ ജയിലിൽ വച്ച് യഥാർത്ഥ കുറ്റവാളിയായ ഫാബിയനെ കണ്ടുമുട്ടുന്നതും തന്ത്രപരമായി അയാളോട് പ്രതികാരം നിർവ്വഹിക്കുന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയമായി വരുന്നത്.

ജീവൻ എന്ന കഥാപാത്രമായി മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ വില്ലനായി വന്ന ഗെവിൻ പക്കാഡിൻ്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഛായാഗ്രാഹകനെന്ന നിലയിൽ വേണുവിൻ്റെ ഏറ്റവും മികച്ച വർക്കുകളിലൊന്നാണ് സീസൺ. കോവളത്തിൻ്റെ തുറസ്സുകളിലെ പ്രകടനപരതയെയും അതേസമയം മറവുകളിലെ രഹസ്യാത്മകവും ദുരൂഹവുമായ ജീവിതപരിസരങ്ങളെയും യാഥാർത്ഥ്യബോധത്തോടെ പകർത്തിയെടുക്കാൻ വേണുവിനായി. ചിത്രത്തിൻ്റെ മൂഡിനെ സജീവമായി നിലനിർത്തുന്നതിൽ ഇളയരാജയുടെ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോൺലീനിയർ തിരക്കഥയെന്ന് സീസണെ വിശേഷിപ്പിക്കാം. എന്നാൽ പതിറ്റാണ്ടുകളായി നേർരേഖയിലുള്ള കഥ പറച്ചിൽ കണ്ടുശീലിച്ച പ്രേക്ഷക സമൂഹത്തിന് വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേയ്ക്കും തിരിച്ചും കയറിയിറങ്ങിക്കൊണ്ടുള്ള ചിത്രത്തിൻ്റെ ആഖ്യാനരീതി വേണ്ടതുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിക്കാം. ചിത്രം തിയേറ്ററുകളിൽ പരാജയമായമായെങ്കിലും യൂട്യൂബിലൂടെയും നിരവധി പ്രേക്ഷകർ ഇപ്പോഴും കാണുന്ന സിനിമ. “വീണ്ടും എനിക്ക് തെരുവുവിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു. ഇത്തവണ എത്ര കാലത്തേക്ക് എന്നറിയില്ല. പക്ഷേ ഒരാശ്വാസമുണ്ട്. ഇത്തവണ, എനിക്കെതിരെ സാഹചര്യത്തെളിവുകള്‍ ഒന്നുമില്ല. ഉള്ളതുമുഴുവന്‍ തെളിവുകളാണ്. എന്‍റെ ദേഹത്തും ഷര്‍ട്ടിലും വരെ തെളിവുകള്‍” – അതിലളിതമായിത്തന്നെ അവസാനിക്കുന്ന സീസണിലൂടെ ഉജ്ജ്വലമായ ഒരു പ്രതികാരകഥയുടെ അതിനൂതനമായ ആഖ്യാനമാതൃകയാണ് സൃഷ്ടിക്കപ്പെട്ടത്.

മലയാള സിനിമയ്ക്ക് അപരിചിതമായ ശൈലി ആയതുകൊണ്ടുതന്നെ ചിത്രത്തിന് പരാജയപ്പെടാനായിരുന്നു വിധി. വ്യത്യസ്തമായ കഥാപരിസരത്തുനിന്നുകൊണ്ട് വളരെ റോ ആയ ഒരു സിനിമ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് സീസണിലൂടെ പത്മരാജന്‍ സാധ്യമാക്കിയത്. സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും വ്യത്യസ്തമായ ആഖ്യാന ശൈലിയും, മോഹൻലാലിന്റെ അഭിനയവും, കോവളത്തെ മയക്കുമരുന്നു മാഫിയയുടെ വാസ്തവമായ ആവിഷ്ക്കാരവും ഈ ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് എടുത്തു നിർ‌ത്തുന്നു. മണിയൻപിള്ള രാജു , അശോകൻ, തിലകൻ ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, അസീസ്, ശാരി, ലീന നായർ, തൊടുപുഴ വാസന്തി, വത്സല മേനോൻ തുടങ്ങി ചുരുക്കം താരങ്ങൾ അഭിനയിച്ച ഈ സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ചു ഇളയരാജ സംഗീതം നൽകിയ രണ്ട്‌ ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്. ജയചന്ദ്രൻ പാടി പത്മരാജന്റെ വാക്കുകൾ ഉൾപ്പെടുത്തിയ ‘പോയ് വരൂ പോയ് വരൂ……’ മൂന്ന് സ്വരത്തിൽ ചിത്ര പാടിയ ‘സ്വപ്നങ്ങൾ തൻ തെയ്യം….
💕💕
( Rita Hayworth and Shawshank Redemption is a novella by Stephen King from his 1982 collection Different Seasons, subtitled Hope Springs Eternal. The novella has also been published as a standalone short book. The story is entirely told by the character Red, in a narrative he claims to have been writing from September 1975 to January 1976, with an additional chapter added in spring 1977)
Saji Abhiramam

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.