അഭിനയത്തിന്റെ അഭ്രപാളിയിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്ന സ്മിതാ പാട്ടീലിന്റെ 37-ാംചരമവാർഷികം 

Saji Abhiramam

ഇന്ത്യന്‍ സിനിമയുടെ രാജ്ഞിയെന്ന് വിശേഷിപ്പിക്കുന്ന,  പുരുഷാധിപത്യം നിറഞ്ഞ സിനിമാ രംഗത്ത് തന്റെതായ അഭിനയത്തിലൂടെ അതി ശക്തമായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച അഭിനയത്തിന്റെ പെൺകരുത്ത്, പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, നിശ്ചയദാർഡ്യം നിറഞ്ഞ പ്രകൃതം ഇതായിരുന്നു സ്മിതാ പാട്ടീല്‍.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജി റാവു പാട്ടീലിന്‍റെയും സാമൂഹ്യ പ്രവര്‍ത്തകയായ വിദ്യാ തായ് പാട്ടീലിന്റെയും മകളായി 1955 ഒക്ടോബര്‍ 17 നായിരുന്നു സ്മിതയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു അവർ. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം നേടി സ്മിത.മനോജ് കുമാറിന്റെ റോട്ടി കപ്പടാ മക്കാനിലേക്കും ദേവാനന്ദിന്റെ ഹരേ രാമ ഹരേ കൃഷ്ണയിലേക്കും സ്മിതയ്ക്കു നായികയാകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ പഠനത്തിനു പ്രാമുഖ്യം കൊടുത്ത സ്മിതയുടെ കുടുംബം ക്ഷണം നിരസിക്കുകയായിരുന്നു.

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഇന്ത്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന സ്മിത ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായാണ് കരിയര്‍ ആരംഭികച്ച ആരെയും ആകര്‍ഷിക്കുന്ന സ്മിതയുടെ മുഖം പെട്ടെന്നുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.ആദ്യ സിനിമ അഭിനയം ഒരു കുട്ടികളുടെ സിനിമയിലൂടെ ആയിരുന്നു. സ്മിത അഭിനയിച്ച ഒരു ഫിലിം ഡിപ്ലോമ ചിത്രം കണ്ട ശ്യാം ബെനഗൽ അവരെ ചരൺ ദാസ് ചോർ എന്ന ചിത്രത്തിൽ അവതരിപ്പിച്ചു. പിന്നീട് മേരേ സാത് ചല്‍ എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. പിന്നീട് ബെനഗലിന്റെ നിശാന്ത്. ഈ സിനിമയിലായിരുന്നു സ്മിത ഷബാന ആസ്മിയുടെ കൂടെ ആദ്യമായി അഭിനയിച്ചത്.

മറാത്തി അഭിനേത്രി ഹൻസ വാഡ്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഭൂമിക’ എന്ന ചിത്രത്തിൽ ബെനഗൽ വീണ്ടും സ്മിതയെ അഭിനയിപ്പിച്ചു. ഈ കഥാപാത്രത്തിന്റെ അഭിനയ തികവ് ഏവരെയും അത്ഭുതപ്പെടുത്തി. അവർ മികച്ച നടിക്കുള്ള ദേശീയ അവാർഡിന് അർഹയായി. മൗനം കൊണ്ടു പോലും വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുക എന്ന കഴിവ് ഇത്ര എളുപ്പം ക്യാമറയ്ക്കു മുന്നിൽ സഫലീകരിക്കാൻ സ്മിതയ്ക്കല്ലാതെ വേറെ ഒരു ഇന്ത്യൻ അഭിനേതാവിനോ / അഭിനേത്രിക്കോ കഴിയില്ലെന്ന് അമോൽ പലേക്കറും സ്മിതയുടെ കണ്ണുകൾക്ക് പ്രേക്ഷകരുമായി സംവദിക്കാനുള്ള അപൂർവ കഴിവ് ഉണ്ടായിരുന്നു എന്നു ശ്യാം ബെനഗലും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേതൻ മേത്തയുടെ മിർച്ച് മസാലയിലെ സ്മിതയുടെ പ്രകടനം നിരൂപക പ്രശംസ ഏറെ പിടിച്ചു പറ്റിയ ഒന്നാണ്. അസാധ്യമായ ഭാവങ്ങളെ ഉൾക്കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം സ്ത്രീകളുടെ യാതനകളുടെയും വേദനകളുടെയും ചെറുത്തു നില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും മുഖഭാവങ്ങളായിരുന്നു സ്മിതാ പാട്ടില്‍ തന്‍റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിലേക്കു എത്തിച്ചിരുന്നത്

ഒട്ടേറെ അവസരങ്ങള്‍ സ്മിതയെ തേടിയെത്തിയെങ്കിലും കലാമൂല്യങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങളിൽ മാത്രം അഭിനയം പരിമിതപ്പെടുത്തി.ഗോവിന്ദ് നിഹലാനി, ശ്യാം ബെനെഗല്‍, മൃണാള്‍ സെന്‍, സത്യജിത്ത് റായ്, രമേഷ് സിപ്പി തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ സ്മിതാ പാട്ടില്‍ തന്‍റെ അഭിനയ മികവു തെളിയിച്ചിട്ടുണ്ട്. സമാന്തര സിനിമയ്ക്കൊപ്പം മുഖ്യധാരാ സിനിമകളായ
രമേഷ് സിപ്പി സംവിധാനം ചെയ്ത ശക്തി, പ്രകാശ് മെഹ്റയുടെ നമാകാം ഹലാൽ എന്ന സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അതി മനോഹരമായ ഗാനരംഗം ആജ് റപട്, അത് അവരെ ഒത്തിരി വേദനിപ്പിച്ച ഒന്നായിരുന്നു. താൻ ഒരിക്കലും ചെയ്യാൻ ഉദ്ദേശിച്ച ഒന്നല്ല അതെന്നും അതിൽ നിരാശ ഉണ്ടെന്നുമാണ് സ്മിത അഭിപ്രായപ്പെട്ടത്. ബി. സുഭാഷിന്റെ ഡാൻസ് ഡാൻസ് എന്ന ഹിറ്റ് ചിത്രത്തിൽ മിഥുൻ ചക്രവർത്തിയുടെ കൂടെയും അഭിനയിച്ചു. ഏകദേശം 11 വര്‍ഷം നീണ്ടുനിന്ന അഭിനയ കാലത്ത് മലയാളം, മറാത്തി, പഞ്ചാബി, തെലുങ്ക് ഭാഷകളിലായി 75 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

1985 ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡും കേരള സര്‍ക്കാരിന്‍റെ അഞ്ചു ഫിലിം അവാര്‍ഡുകളും നേടിയ പ്രശസത സംവിധായകന്‍ ജി. അരവിന്ദന്‍റെ “ചിദംബര” ത്തിലെ ശിവകാമിയെ മലയാളിക്ക് ഒരുകാലത്തും മറക്കാനാവില്ല.
ഭാരതീയ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവത്തകയും മുംബൈ വിമൻസ് സെന്ററിന്റെ മെമ്പറും ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളിൽ മുന്നിട്ടിറങ്ങാൻ സ്മിത സ്ഥിരോത്സാഹം കാണിച്ചിരുന്നു. അവരെ തേടി വന്ന പല കഥാപാത്രങ്ങളും പരമ്പരാഗത ഇന്ത്യൻ സമൂഹത്തിൽ സ്ത്രീയുടെ പങ്കും, പങ്കില്ലായ്മയും, ലൈംഗികതയും, നഗരവാസികളായ മദ്ധ്യവർഗ്ഗ സ്ത്രീകൾ അനുഭവിക്കുന്ന ആശങ്കകളും പങ്കുവയ്ക്കുന്നതായിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.രാജ് ബബ്ബർ സ്മിതാ ജോഡികളുടെ ‘ഭീഗി പാൽക്കിൻ’ എന്ന ചിത്രത്തിൽ നിന്ന് ‘ജന്മാം ജാനാം കാ സാത്ത ഹായ് തുമ്ഹാര ഹമാര’ എന്ന ഗാനം വളരെ പ്രശസ്തമായിരുന്നു. കടുത്ത ഫെമിനിസ്റ്റ് എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന സ്മിത തന്റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിന്റെ മുഖം മാറ്റാന്‍ ശ്രമിച്ചു. വളരെയധികം സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സ്മിത സജീവമായിരുന്നു. രാജ് ബബ്ബറുമായുണ്ടായ പ്രണയം സ്മിതയെ പല കുഴപ്പത്തിലും ചാടിച്ചു. തജൂര്‍ബാ, ഭീഗി പാല്‍ക്കന്‍, ആജ് കീ ആവാസ്, ഹം ദോ ഹമാരേ ദോ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച പരിചയം പ്രണയത്തിനു വഴിമാറുകയായിരുന്നു. ഈ പ്രണയം രാജ് ബബ്ബര്‍ ആദ്യ ഭാര്യയെ ഡൈവോഴ്‌സ് ചെയ്യുന്നതിലേക്ക് നയിച്ചു. പിന്നീട് സ്മിതയെ വിവാഹം ചെയ്ത രാജ് ബബ്ബര്‍ തങ്ങളുടെ ആദ്യകുഞ്ഞിന് ജന്മം നല്‍കി രണ്ടാഴ്ചയ്ക്കു ശേഷം 1986 ഡിസംബർ 13 ന് സ്മിത ലോകത്തോടു വിടപറയുന്നതിനും സാക്ഷ്യം വഹിച്ചു.1977, 1980 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും 1981,1982 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്മിതയെ തേടിയെത്തി. 1985ല്‍ മികവിനുള്ള അംഗീകാരമായി പദ്മശ്രീയും സ്മിതയ്ക്കു ലഭിച്ചു.

പുതു തലമുറയില്‍ അഭിനയമികവു പ്രകടിപ്പിക്കുന്ന നടിമാരെ ഇന്നും താരതമ്യപ്പെടുത്തുന്നത് സ്മിതയോടാണ്. നന്ദിതാ ദാസും വിദ്യാബാലനുമെല്ലാം ഇങ്ങനെ സ്മിതയുടെ പിന്‍ഗാമികള്‍ എന്ന വിശേഷണം ഏറ്റുവാങ്ങിയവരാണ്. സ്മിതയേപ്പോലൊരു നടി അവര്‍ക്കു മുമ്പും അവര്‍ക്കു ശേഷവും ഉണ്ടായിട്ടില്ലെന്നത് പരമാര്‍ഥം. അതേ സ്മിത ജീവിക്കുകയാണ് ഇന്ത്യന്‍ ജനഹൃദയങ്ങളിലൂടെ ”ആജ് രപട് ജായേ തോ ഹമേ നാ ഉതെയ്യോ” ആര്‍ക്കാണ് ഈ പാട്ടും സ്മിതയെയും മറക്കാനാവുക.

You May Also Like

മോഹന്‍ തോമസ് (മലയാള സിനിമയിലെ പ്രതിനായകർ – 5)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

സിനിമ നിർമ്മിക്കാൻ അല്ലറചില്ലറ മോഷണങ്ങൾ നടത്തിയ മനുഷ്യൻ ഒടുവിൽ സ്വന്തം മരണവും ഡിസൈൻ ചെയ്തു നടപ്പാക്കി

Arunima Krishnan ഒരിക്കൽ സിനിമ നിർമ്മിക്കുന്നതിനായി ഒരു ചെറുപ്പക്കാരൻ ആഗ്രഹിച്ചു. അതിൻ്റെ ഭീമമായ നിർമ്മാണ ചിലവുകൾ…

ഒറ്റ വാക്കിൽ ഈ സിനിമയെ ഒരു എഴുത്തുകാരൻ്റെ വിപ്ലവം എന്ന് അടയാളപ്പെടുത്താം

‘അറ്റെൻഷൻ പ്ലീസ് ‘ Faisal K Abu ഒറ്റ വാക്കിൽ ഈ സിനിമയെ ഒരു എഴുത്തുകാരൻ്റെ…

“നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ തിരക്കിലാണ്”

“നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ തിരക്കിലാണ്” ബിഎസ്എൻഎൽ കേരള സർക്കിളിലെ ഫോൺ, മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ടു…