മലയാള സിനിമയുടെ പെരുന്തച്ചൻ തിലകന്റെ 88-ാം ജന്മവാർഷികദിനം

Saji Abhiramam

മോനെ നിന്റെ അച്ഛനാടാ പറയുന്നേ… കത്തി താഴെ ഇടടാ….. എന്നു പറഞ്ഞ കിരീടത്തിലെയും, ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്നു പറഞ്ഞ സ്ഫടികത്തിലെ ചാക്കോ മാഷിനെയും ആവിസ്മരണീയമാക്കിയ…. മൂന്ന് പതിറ്റാണ്ട് അരങ്ങിനെ വിസ്മയിപ്പിച്ച….. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളിലൂടെ അരങ്ങിനെ വിസ്മയിപ്പിച്ച….43 നാടകങ്ങള്‍ സംവിധാനം ചെയ്ത… മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കരുത്തുറ്റ നടന്മാരിൽ ഒരാളായ കെ. സുരേന്ദ്രനാഥ തിലകന്‍.

അഭിനയരീതിയിലും സംഭാഷണ വിന്യാസത്തിലും പ്രകടിപ്പിച്ചതും വിസ്മയിപ്പിക്കുന്ന രീതിയില്‍ അഭിനയിച്ച് ഫലിപ്പിച്ചതുമാണ് തിലകന്‍ എന്ന നടനെ മറ്റുള്ള നടന്മാരിൽ ഏറെ വ്യത്യസ്തനാക്കിയത്. പി.എസ്.കേശവന്‍ – പി.എസ് ദേവയാനി ദമ്പതികളുടെ മകനായി 1935 ഡിസംബര്‍ 8ന് പത്തനംതിട്ട റാന്നിയിലെ പ്ലാങ്കമൺ എന്ന സ്ഥലത്ത് ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. കുട്ടിക്കാലം മുതല്‍ നാടകാഭിനയത്തില്‍ ആകൃഷ്ഠനായി… സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് തിലകനിലെ നടന്‍ അരങ്ങുകാണുന്നത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ട് കാലത്തോളം നാടകരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയായിരുന്നു. ഏകദേശം 1985 വരെ കേരളത്തിലെ 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ അഭിനേതാവായി ജീവിച്ചു. അഭിനയ ശൈലിയിലും ശബ്ദ-ഭാവ ക്രമീകരണങ്ങളിലും തിലകന്‍ പുലര്‍ത്തിയ അര്‍പ്പണമനോഭാവമാണ് അദ്ദേഹത്തെ അക്കാലത്തെല്ലാം നാടകവേദിയിലെ തിളങ്ങുന്ന സാന്നിധ്യമാക്കി മാറ്റിയത് 1973 ലാണ് തിലകന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തിലകനിലെ നടനെ കാത്തിരുന്നത് സെല്ലുലോയ്ഡിലെ വിസ്മയങ്ങളായിരുന്നു.

അവയെല്ലാം മികവുറ്റതാക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നിങ്ങനെ 250 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു വിവിധ കഥാപാത്രങ്ങളായി ജീവിച്ചു. 1950 കളില്‍ മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നാടകനടനാവുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ നാടകങ്ങളും പാട്ടുകളും അവതരിപ്പിച്ച് മുണ്ടക്കയം തിലകന്‍ അഭിനയത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവന്നു.

അക്കാലത്ത് മിക്ക രാഷ്ട്രീയ യോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് നാടക സംവിധാനത്തിലേക്ക് കടക്കുന്നത്. നാടകരംഗത്ത് തിലകന് എന്നും പ്രണാമം അര്‍പ്പിക്കാനുണ്ടായിരുന്നത് പി.ജെ. ആന്റണിയായിരുന്നു. പല അഭിമുഖങ്ങളിലും അദ്ദേഹം അത് വ്യക്തമാക്കിയിട്ടുമുണ്ട്. 1973 ല്‍ പുറത്തുവന്ന പെരിയാര്‍ എന്ന ചിത്രമാണ് തിലകന്റെ ആദ്യസിനിമ. പി.ജെ.ആന്റണി തന്നെയായിരുന്നു ആ സിനിമാപ്രവേശനത്തിന് പിന്നിലും. ഇതിനിടെ യുവത്വത്തിലെ നാടകകാലത്ത് പട്ടാളത്തില്‍ ചേരാനും തിലകന്‍ പോയി. സൈന്യത്തില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്കായും മൂന്നുവര്‍ഷം കാര്‍ഗിലില്‍ ബാരക്ക് ആന്റ് സ്റ്റോര്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. പിന്നീട് പട്ടാളത്തില്‍ നിന്ന് വിട്ടുപോരുകയായിരുന്നു.

കോട്ടയം നാഷണല്‍ തിയ്യറ്റേഴ്‌സ്, ചങ്ങനാശേരി മെട്രോ ആര്‍ട്‌സ് ക്ലബ്, കായംകുളം പിപ്പീള്‍സ് തിയ്യറ്റേഴ്‌സ്, കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, ഇടപ്പള്ളി പി.ജെ.തിയ്യറ്റേഴ്‌സ് എന്നിങ്ങനെയുള്ള നാടകസമിതിയിലൂടെ തിലകന്‍ ഏറെക്കാലം അരങ്ങുവാണത്. തുടർന്ന് യവനിക, പഞ്ചാഗ്നി, കാട്ടുകുതിര, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പഞ്ചവടിപ്പാലം, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, മൂന്നാംപക്കം, യാത്ര, സ്ഫടികം, കിരീടം, നരസിംഹം, ഗോഡ്ഫാദര്‍, മണിച്ചിത്രത്താഴ്, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, സസ്‌നേഹം, കണ്ണെഴുതി പൊട്ടുംതൊട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഏകാന്തം, കിലുക്കം, ഇവിടം സ്വര്‍ഗമാണ്… എന്നിങ്ങനെ നൂറുകണക്കിന് മികച്ച വേഷങ്ങള്‍ തിലകന്‍ അഭിനയിച്ച് അമ്പരപ്പിച്ചിട്ടുണ്ട്.

കരുത്തുറ്റ വേഷം മാത്രമല്ല ഹാസ്യവും തനിക്ക് നല്ല പോലെ ഇണങ്ങുമെന്ന് ബോധ്യപ്പെടുത്തിയ ചിത്രങ്ങളായിരുന്നു മൂക്കില്ലാ രാജ്യത്തും കിലുക്കവും ഉള്‍പ്പെടെയുള്ളവ. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ തിലകന്‍ പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും അച്ഛന്‍ വേഷങ്ങളിലുമെത്തി. പത്മരാജനും ജോര്‍ജിനും മുതല്‍ ലോഹിതദാസിനും പ്രിയദര്‍ശനുമെല്ലാം ഒഴിവാക്കാന്‍ കഴിയാത്ത നടനവൈഭവമായിരുന്നു തിലകന്റേത്. കെ.ജി.ജോര്‍ജിന്റെ ഏതാണ്ടെല്ലാ ചിത്രങ്ങളിലും മികച്ച വേഷങ്ങളാണ് തിലകന്‍ അതരിപ്പിച്ചത്.

മലയാളത്തിലെ മികച്ച നായകനടന്‍മാരുടെ ഒപ്പത്തിനൊപ്പം കിടപിടിക്കാവുന്ന ഒരുപക്ഷേ പലപ്പോഴും അവരേക്കാള്‍ മികച്ചു നില്‍ക്കുന്ന ഭാവപ്രകടനങ്ങളാണ് തിലകന്‍ പല ചിത്രങ്ങളിലും പുറത്തെടുത്തത്. ഇന്ത്യന്‍ റുപ്പി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ പുതിയ ചിത്രങ്ങളില്‍ നായകതുല്യമായ വേഷങ്ങളാണ് അവസാന കാലത്തും ഈ നടനെ തേടിയെത്തിയത്. തമിഴില്‍ ക്ഷത്രിയന്‍, ഉടന്‍പിറപ്പ്, കാര്‍ത്തവരായന്‍, മൂണ്‍റെഴുത്തില്‍ മൂച്ചിരിക്കും, കറുപ്പുവെള്ളെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ബിഫോര്‍ ദ റെയ്ന്‍സ് എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രത്തിലും തിലകന്‍ വേഷമിട്ടു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നന്ദിതാദാസ്, രാഹുല്‍ബോസ് തുടങ്ങിയവര്‍ക്കൊപ്പം മികച്ച വേഷമാണ് തിലകനെ തേടിയെത്തിയത്.

മരണകാലത്തിന് തൊട്ടുമുമ്പ് നടീനടന്‍മാരുടെ സംഘടനയായ അമ്മയ്ക്ക് അനഭിമതനായ ശേഷവും അദ്ദേഹം നാടകരംഗം സജീവമാക്കിയിരുന്നു. കുറച്ചുനാള്‍ നാടകവേദിയില്‍ സജീവമാകുകയും ചെയ്തു. പിന്നീട് സിനിമയിലെ നല്ല വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത് സിനിമയിലേക്ക് ഒരു തിരിച്ചുപോക്കിന് തന്നെ കാരണവുമായി.

നാടകരംഗത്തെ പ്രകടനങ്ങള്‍ക്ക് കേരളസംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ഉള്‍പ്പെടെ 1986, 2005, 2007 വര്‍ഷങ്ങളില്‍ സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1982 ല്‍ കെ.ജി.ജോര്‍ജിന്റെ യവനികയിലെ വേഷത്തിനും 1985 ല്‍ യാത്ര എന്ന സിനിമയിലെ അഭിനയത്തിനും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 1988 ലും 89 ലും 98 ലും മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. 1990 ല്‍ പെരുന്തച്ചനിലെ അഭിനയത്തിന് തിലകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തേടിയെത്തി. ദേശീയ പുരസ്‌കാരം കയ്യെത്തുംദൂരത്ത് വെച്ച് നഷ്ടപ്പെട്ടതും ഇതേ വേഷത്തിന് തന്നെ. 1994 ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം നേടി. 2006 ല്‍ ഏകാന്തത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ജൂറിയുടെ ദേശീയ പ്രത്യേക പുരസ്‌കാരവും നേടി അദ്ദേഹം. 2006 ല്‍ ഫിലിം ഫെയര്‍ അവാര്‍ഡിന് അര്‍ഹനായ അദ്ദേഹത്തിന് 5 തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1998 ല്‍ തിക്കൊടിയന്‍ പുരസ്‌കാരവും തേടിയെത്തി. 2012 സെപ്റ്റംബർ 24ന് അന്തരിച്ചു.

ദേശീയ-സംസ്ഥാന തലത്തിലായി പന്ത്രണ്ടോളം ശ്രദ്ധേയമായ പുരസ്‌കാരങ്ങള്‍, നൂറുകണക്കിന് ചെറുതും വലുതുമായ അംഗീകാരങ്ങള്‍ എന്നിവ തിലകന്റെ മികവാണ് വ്യക്തമാക്കിത്തരുന്നത്. കാര്‍ക്കശ്യവും കമ്യൂണിസ്റ്റ് പരുക്കന്‍ ശൈലിയും മരണം വരെയും തിലകനെ വിട്ടുപോയില്ല. മകന്‍ ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റായ ഷോബി തിലകന്‍ എന്നിവര്‍ ഉള്‍പ്പെടെ 6 മക്കളുണ്ട്. രണ്ടുതവണ വിവാഹിതനായി. ഭാര്യ സരോജം. മറ്റു മക്കള്‍-ഷാജി, ഷിബു, സോണിയ, സോഫിയ.

You May Also Like

എല്ലാവരും ഒരു സിനിമ കാണുന്നു, ഒരേ സ്വരത്തിൽ നല്ല സിനിമ എന്ന് പറയുന്നു

അജയ് പള്ളിക്കര എല്ലാവരും ഒരു സിനിമ കാണുന്നു കണ്ട് കഴിഞ്ഞതിനുശേഷം എല്ലാവരും ഒരേ സ്വരത്തിൽ നല്ല…

കാലുകളെ കൊണ്ട് ഇരകളുടെ ദുരവസ്ഥ പറയിക്കുന്ന ‘വിക്ടിമ’

ഹാജ സംവിധാനം ചെയ്‌ത ഷോർട്ട് മൂവിയാണ് VICTIMA അഥവാ ഇര. ഈ ഷോർട്ട് മൂവി വ്യത്യസ്തത…

റോളക്‌സ് പുരാണം : ദക്ഷിണായണം

റോളക്‌സ് പുരാണം : ദക്ഷിണായണം Maathan Varkey ചുറ്റുമുള്ളവയിൽ സാദൃശ്യം കണ്ടെത്തുന്നത് ഒരു EVOLUTIONARY TRAIT…

താരപുത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, ഞെട്ടിച്ച് മഞ്ജു പിള്ളയുടെ മകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജുപിള്ള. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ…