എന്തുകൊണ്ട് ആനവണ്ടി

ഇന്നലത്തെ ദിവസം മറക്കാനാവാത്തതായിരുന്നു. തൃശ്ശൂരും എറണാകുളത്തുമായി രണ്ടു പരിപാടികളില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി. യാത്രചെയ്യാന്‍ ksrtc യെ മാത്രം ആശ്രയിക്കുന്ന ഒരാളാണ് ഞാന്‍. കാലു നിവര്‍ത്തി നീട്ടിയിട്ട് ഇരിക്കാം സമാധാനമുള്ള യാത്രയും അനുഭവിക്കാം. മിക്കവാറും യാത്രകളില്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ കൈയില്‍ കരുതും. കാരണം നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ഗ്രാമീണ സൗന്ദര്യത്തിലേക്ക് കടക്കുമ്പോള്‍ പച്ചപ്പുകളിലേക്ക് മുങ്ങിയിറങ്ങുകയും ചെയ്യാം.

രാവിലെ തൃശ്ശൂര്‍ അക്കാദമിയില്‍ നിന്ന് ഗിന്നസ് ആദൂരിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് എറണാകുളത്തുവെച്ച് നടക്കുന്ന നിധിയുടെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ksrtc യില്‍ പിന്‍വശത്തെ വാതിലിനു പിറകിലുള്ള സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീറ്റാണ് അത്. ഉച്ചസമയം ആയതുകൊണ്ട് ആളുകള്‍ കുറവായിരുന്നു. പുസ്തകം തുറന്ന് വായിച്ചുതുടങ്ങി. വായനയില്‍ ഒഴുകിനടക്കുമ്പോഴാണ് ബസ്സ് ഒരു ഹംബ് ചാടിയത്. പിറകുവശത്തുള്ള മുഴുവന്‍ ആളുകളും മുകളിലേക്ക് തെറിച്ച് താഴേക്കുവീണു. കൂട്ടത്തില്‍ ഞാനും. വായനയിലായതുകൊണ്ട് പെട്ടന്നുള്ള ചാട്ടത്തില്‍ കൈമുട്ട് സൈഡിഡിലെ കമ്പിയിലിടിച്ചു.കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും കൈ നീരുവെച്ച് വീര്‍ത്തു. കണ്ടക്ടര്‍ ഒരു ചേച്ചിയായിരുന്നു. ബസ്സ് ചാടിയതിന്‍റെ ആഘാതം അവരും അനുഭവിച്ചിരുന്നു. ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞു. കാരണം കൈമുട്ട് പന്തുപോലെ വീര്‍ത്തിരുന്നു. ഡ്രൈവര്‍ ബസ്സ് അങ്കമാലി ഡിപ്പോയിലേക്ക് കയറ്റി. എന്നെയും കൂട്ടി സൂപ്രണ്ടിനെ ചെന്നു കണ്ടു.ആശുപത്രിയില്‍ പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കിത്തന്നു. വേണമെങ്കില്‍ ട്രിപ്പ് കാന്‍സല്‍ ചെയ്ത് കൂടെവരാമെന്ന് പറഞ്ഞു. അതുവേണ്ടെന്നും ഇത്രയധികം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും ഞാന്‍ പറഞ്ഞപ്പോള്‍ കണ്ടക്ടറായ ജീജ ചേച്ചി അവരുടെ ഫോണ്‍നമ്പര്‍ തരികയും എന്തു പ്രശ്നമുണ്ടെങ്കിലും വിളിക്കുകയോ വാട്സാപ്പില്‍ മെസേജിടുകയോ ചെയ്യൂ ..വേണ്ടതു ചെയ്യാമെന്നും പറഞ്ഞു.
കൈയിലുണ്ടായിരുന്ന ടിക്കറ്റ് വാങ്ങിച്ച് അതേ ടിക്കറ്റില്‍ യാത്ര തുടരാനുള്ള സംവിധാനം ഒരുക്കിത്തന്ന ksrtc ക്ക് അഭിവാദ്യങ്ങള്‍ .

ശരിക്കും എനിക്ക് വലിയ സന്തോഷം തോന്നിയ നിമിഷമാണത്. കാരണം ഈ ഒരു സമീപനമാണ് ആനവണ്ടിയെന്ന് നമ്മള്‍ വിളിക്കുന്ന ksrtc യിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്.

കൈ ആശുപത്രിയില്‍ കാണിച്ച്‌ xray എടുത്തു കൈക്ക് പൊട്ടലുകളൊന്നുമില്ല. ചതവില്‍ നീരുവന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കണ്ടക്ടറെ വിളിച്ചു പറഞ്ഞു. കുഴപ്പമൊന്നും ഇല്ലെന്ന്. അതിനുശേഷം ksrtc ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു.

(ആ തിരക്കിനിടയിലും കവിയാണെന്നറിഞ്ഞ് എന്‍റെ രണ്ടു പുസ്തകങ്ങള്‍ കണ്ടക്ടര്‍ വാങ്ങുകയും അതിന്‍റെ കാശ് തരികയും ചെയ്തത് വലിയ സന്തോഷമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു.)

യാത്രകള്‍ ആനവണ്ടിയിലാവട്ടെ സുരക്ഷിതമാണ്,അവര്‍ കൂടെയുണ്ടാവും

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.