സയിം സാദിഖിൻ്റെ ഒരു മാസ്റ്റർ പീസ് ❤️
Sajid AM
മനസ്സ് നിറക്കുന്ന എന്നാല്‍ എവിടെയോ ഒരു നോവ് അനുഭവപ്പെടുന്ന ചിത്രം Joyland. സമൂഹത്തിൽ നിലനിൽക്കുന്ന വിഷയങ്ങളെ സ്പർശിക്കുന്ന ഈ ചിത്രം പാകിസ്താൻ്റെ ഏറ്റവും അസംസ്കൃതവും സത്യസന്ധവുമായ രൂപത്തിലുള്ള ഒരു പ്രതിഫലനമാണ്.മുൻപ് ഞാൻ കണ്ട Dakthar, Bol എന്നീ ചിത്രങ്ങളെ പോലെ തന്നെ അവതരണ മികവുകൊണ്ടും പ്രമേയ തീക്ഷ്ണത കൊണ്ടും ഈ ചിത്രവും എന്നെ ശരിക്കും ഞെട്ടിച്ചു. ആ സിനിമകളിലേതു പോലെ ശക്തമായ കഥാപാത്രങ്ങളും അവരുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും ഈ സിനിമയിലും പ്രസക്തമാവുന്നു.
ഫ്രെയിമിൽ വരുന്ന ഓരോ മനുഷ്യരും നമ്മുടെ സമൂഹത്തിന്റെ വിഷലിപ്തമായ കണ്ടീഷനിംഗിൻ്റെ ഇരകളാണ്. ലാഹോറിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ ഇളയ മകനായ ഹൈദറിന്റെ കഥയായിട്ടാണ് ചിത്രം ചിത്രത്തിൻ്റെ തുടക്കം. വിവാഹം കഴിഞ്ഞ് ഏറെ ആയിട്ടും ജോലി ഒന്നും തന്നെ ആവാത്തത് കൊണ്ട് ഭാര്യയായ മുംതാസ് ജോലിക്ക് പോകുമ്പോ ഹൈദർ വീട്ട് കാര്യം നോക്കിയും വീൽ ചെയറിൽ കഴിയുന്ന പിതാവിനെ നോക്കിയുമാണ് ഓരോ ദിവസം തള്ളി നീക്കുന്നത്. അതിന് ഒരു പരിഹാരം എന്ന നിലയിൽ കൂട്ടുകാരൻ മുഖാന്തരം ഹൈദർ ഒരു ഇറോട്ടിക് ഡാൻസ് തിയേറ്ററിൽ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയി ജോലിക്ക് പ്രവേശിക്കുന്നു. അവിടെ വെച്ച് ബിബയെ എന്ന സുന്ദരിയായ ട്രാൻസ് യുവതിയുമായി പ്രണയത്തിലാകുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോവുന്നത്.
ഹൈദറിൻ്റെ കഥ എന്ന നിലയിൽ സിനിമ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുമ്പോഴും സമൂഹത്തിലെ വിവിധ തട്ടിലുള്ള മനുഷ്യരെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവരെ അലട്ടുന്ന പ്രശ്നങ്ങളും ഇവിടെ ചർച്ച ചെയ്യുന്നുണ്ട്. ഒപ്പം മതത്തിൻ്റെയും പുരുഷാധിപത്യത്തിൻ്റെയും ഇടയിൽ പെട്ട് നിസ്സഹായരായി നിൽക്കുന്ന പെണ്ണുങ്ങളെയും ഇവിടെയും കാണാം. എന്തായാലും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉന്നം വെച്ച സന്ദേശങ്ങളൊക്കെ അതിന്റെ തീവ്രതയോടെയും മനസ്സിൽ സ്പർശിക്കുന്ന രീതിയിലും എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെയാണ് പാകിസ്താനിൽ നിന്ന് ചിത്രം ഓസ്കാർ എൻട്രി നേടിയത്. എന്നാല്‍ സമൂഹത്തിന്റെ സാമൂഹിക മൂല്യങ്ങളോടും ധാർമ്മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും, മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങളോട് വെറുപ്പുളവാക്കുന്നതുമായ കാര്യങ്ങൾ സിനിമയിൽ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചു പാകിസ്താനിൽ ഈ ചിത്രത്തിന് നിരോധനമുണ്ട്. Anyway I recommend everyone from all socioeconomic strata to watch this movie once.