സ്പോർട്സ് ഡ്രാമ ചിത്രമാണെങ്കിലും ഇന്ത്യൻ ജാതി വ്യവസ്ഥയെയും സ്ത്രീവിരുദ്ധതയും തുറന്നുകാണിക്കുന്നു

0
191

Sajid AM

നമ്മൾ എപ്പോഴും പറയാറുള്ള അല്ലെങ്കിൽ പലരും നമ്മളോട് പറഞ്ഞിട്ടുള്ള ഒരു ഡയലോഗാണ് ” ആഗ്രഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി ആത്മാർഥമായി പരിശ്രമിച്ചാൽ ഈ ലോകം തന്നെ കൂടെ നിൽക്കുമെന്ന്.” ഇത് പലരുടെയും ജീവിതത്തിൽ സത്യമായതായി നമ്മുക്ക് കാണാനും കഴിയും. എന്നാൽ ജീവിതത്തിലെ പല സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മറ്റുള്ളവർക്ക് വേണ്ടി ഒരു ചെറുനൊമ്പരത്തോടെയും സന്തോഷത്തോടെയും ഉപേക്ഷിക്കേണ്ടി വന്നവരും അല്ലെങ്കിൽ സ്ത്രീ ആയതുകൊണ്ട് മാത്രം തന്റെ സ്വപ്നങ്ങൾളും ആഗ്രഹങ്ങളും സമൂഹത്തിന്റെയും ആണധികാരത്തിന്റെയും സമ്മർദംകൊണ്ട് കുഴിച്ചു മൂടേണ്ടി വന്നവരുമുണ്ട്.

Skater Girl Full Review Review: Netflix's 'Skater Girl' Wins Us With Its  Warmth & Sincerityഅത്തരത്തിൽ രാജസ്ഥാനിലെ ഒരു ചെറിയ ഉൾഗ്രാമത്തിൽ നിന്ന് സ്കേറ്റിംഗിലൂടെ സ്വപ്നം കാണാൻ പഠിച്ച കൗമാരക്കാരിയായ പ്രേരണയുടെ കഥപറയുന്ന മഞ്ജരി മക്കിജനി സംവിധാനം ചെയിത ഒരു സ്പോർട്സ് ഡ്രാമയാണ് skater girl. രാജസ്ഥാനിലെ വളരെ ഓര്‍ത്തഡോക്‌സായൊരു ഗ്രാമത്തിലേക്ക് ജെസീക്കയെന്ന ബ്രിട്ടീഷ് വനിത തന്റെ അച്ഛന്റെ വേര് അന്വേഷിച്ചു കടന്ന് വരുകയും അവരിലൂടെ ആ ഗ്രാമത്തിലെ പ്രേരണയെന്ന പെൺകുട്ടിയുടെ ജീവിതം തന്നെ മാറ്റി മറിക്കുകയാണ്.

പ്രേരണ ഒരു ദളിത് അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിയുടേയും പുരുഷാധിപത്യത്തിന്റെയും ഒരുപാട് അലിഖിത നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് അവളുടെ ജീവിതം. അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഉത്തരേന്ത്യയിലെ കുട്ടികളെ ജീവിതം നമുക്ക് ഊഹിക്കാനാകുമല്ലോ. അപ്പോൾ പിന്നെ പെൺകുട്ടികൂടി ആയാലുള്ള അവസ്ഥ പറയണോ ? ഭാവിയിൽ തനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയാതെ സമൂഹം ചിട്ടപ്പെടുത്തിയ പരിമിതികളിൽ ജീവിച്ചു തീർക്കുന്നതിന് ഇടയിലാണ് ജെസീക്ക വഴി അവൾ സ്‌കേറ്റിംഗിലേക്ക് കടക്കുന്നത്. സ്‌കേറ്റിംഗ് ബോര്‍ഡിലേക്ക് ആദ്യമായി കയറി നില്‍ക്കുന്നതോടെ അതിരുകൾ ഇല്ലാത്ത സ്വതന്ത്ര്യ ലോകത്തിലേക്ക് എത്തുകയാണ്. ആരെയും ഭയക്കാതെ തന്റെ ഇഷ്ടത്തിന് അനുസരിച്ച് എങ്ങോട്ടും എങ്ങനെ വേണമെങ്കിലും ചലിക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ടുതന്നെ അവളുടെ ജീവിതത്തിന്റെ ഒരു പ്രധാനഘടകമായി അത് മാറുന്നു.

Skater Girl Twitter Review: Netizens hail Rachel Saanchita Gupta starrer;  Call movie inspirational for kids | PINKVILLAഒരു സ്പോർട്സ് ഡ്രാമ ചിത്രമാണെങ്കിലും ഇന്ത്യൻ സാമൂഹിക ചുറ്റുപാടിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വ്യവസ്ഥയെയും വീടുകളിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതേയുമെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്. കുടിവെള്ളം എടുക്കുന്ന സ്ഥലത്തെ പോലും ജാതിയുടെ വേലിയാൽ തരംതിരിച്ചിരിക്കുന്നു, മാത്രമല്ല ജാതി വ്യത്യാസങ്ങളുടെ പിരിമുറുക്കം മൂലം ഉയര്ന്ന ജാതിയിൽ പെട്ട സഹപാഠിയുമായുള്ള പ്രേണയുടെ പ്രണയവും തകർക്കപെടുന്നുണ്ട്. പക്ഷെ സ്‌കേറ്റിംഗ് ആ ഗ്രാമത്തേയും അവിടുത്തെ കുട്ടികളുടേയും ജീവിതത്തില്‍ പുതിയ മാനങ്ങള്‍ കൊണ്ടുവരുകയും അതിലൂടെ
ജാതി മതിലുകൾ തകർത്തു എല്ലാ കുട്ടികളും സ്‌കേറ്റിംഗ് ബോര്‍ഡില്‍ കയറി പറക്കുന്നതായും അവസാനം കാണാം.

ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു ഫീൽഗുഡ് ചിത്രമാണിത്. വലിയ സംഭവബഹുലമായ സ്കേറ്റിംഗ് മത്സരങ്ങളും ഇടിവെട്ട് ക്ലൈമാക്സ് ഒന്നുമില്ലെങ്കിലും വളരെ സിംപിളും മനോഹരവുമായ ഒരു ചിത്രമെന്ന നിലയിൽ കണ്ടുനോക്കാവുന്നതാണ്, നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്