The Bra
Sajid AM
സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ മൃദുലമായ സ്പർശനത്തോടെ മനോഹരമായി ചിത്രീകരിച്ച ഒരു ജർമ്മൻ കോമഡി സൈലന്റ് ഡ്രാമയായാണിത്. അല്ലെങ്കിലും ചില കാര്യങ്ങൾ മനസിലാക്കാൻ സംഭാഷണങ്ങൾ വേണമെന്നില്ല.
ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും തന്നെ ധാരാളം.ഇത് അത്തരമൊരു ചിത്രമാണ്.വൃദ്ധനും വളരെ നിഷ്കളങ്കനുമായ ഒരു ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. അദ്ദേഹം ഓടിക്കുന്ന ട്രെയിൻ കടന്ന് പോകുന്നത് ചെറിയ ഒരു ചേരിയിലൂടെയാണ്. അവിടെയുള്ള മനുഷ്യർ ആണെങ്കിൽ പാളത്തിലാണ് കച്ചവടം ചെയ്യുന്നതും കളിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും തുണികൾ അലക്കി ഇടുന്നതും എല്ലാം. ട്രെയിൻ വരുമ്പോൾ റോഡ് സൈഡിൽ താമസിക്കുന്ന ഒരു അനാഥനായ കുട്ടി വിസിലടിച്ചുകൊണ്ട് മുന്നറിയിപ്പ് കൊടുക്കും അതോടെ ട്രാക്കില്ലുള്ളവർ ചട പട സാധങ്ങൾ എല്ലാം എടുത്തുകൊണ്ട് ഓടി മാറും.
അതുകൊണ്ട് തന്നെ ട്രെയിൻ കടന്ന് പോകുമ്പോൾ പല സാധനങ്ങളും ട്രെയിനിൽ കുടുങ്ങി കിടക്കും. നമ്മുടെ നായകൻ ആണെങ്കിൽ എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ആ സാധനങ്ങൾ ഉടമയ്ക്ക് തിരികെ കൊണ്ട് പോയി കൊടുക്കുകയും ചെയ്യും. അങ്ങനെ റിട്ടയർമെൻറിന് തൊട്ട് മുൻപുള്ള ട്രെയിൻ യാത്രക്കിടയിൽ അയാളുടെ എഞ്ചിനിൽ ഒരു ബ്രേസ്സിയർ കുടുങ്ങുന്നു. തുടർന്ന് ആ ബ്രേസ്സിയറിൻ്റെ ഉടമയെ കണ്ടെത്തി അത് തിരിച്ചു കൊടുക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് ഈ ചിത്രം.
വളരെ രസകരമായ ഒരുപാട് സംഭവങ്ങങ്ങളും മനോഹരമായ ഫ്രെയിമുകളും കൊണ്ട് സമ്പന്നമായ ഈ ചിത്രം ലോജിക്കും റിയാലിറ്റിയുമൊക്കെ മാറ്റി വെച്ച് കണ്ട് നോക്കാവുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ്. കാരണം സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ അവതരണ മികവ് കൊണ്ട് അത്യുജ്ജ്വലമായ ഒരു ദൃശ്യവിരുന്നാണ് ഈ ചിത്രം കാഴ്ചക്കാരന് സമ്മാനിക്കുന്നത് !!
**