ജനാധിപത്യം എന്താകരുത് എന്നതിന് ഉദാഹരണമാണ് ഇന്ത്യ, ജനാധിപത്യം എന്താകണം എന്നതിന് ഉദാഹരണമാണ് സ്വീഡൻ

222

( Sajidbabu Elattuparambil )

“നമുക്ക് സ്വപ്നം കാണാൻ പോലും യോഗമില്ലാത്ത കാര്യങ്ങളാണ്, എങ്കിലും വെറുതേ ഒന്ന് വായിച്ചു പൊക്കോളൂ… 😊
താഴെയുള്ളത് കമ്പ്യൂട്ടർ ഗ്രാഫിക്സ് ഫോട്ടോ അല്ല. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം നഗരത്തിന്റെ ഒറിജിനൽ ഫോട്ടോ ആണിത്. ഇങ്ങനെ സ്വീഡനിൽ നിന്നുള്ള ആയിരക്കണക്കിന് ഫോട്ടോകൾ നിങ്ങൾക്കും ഇന്റർനെറ്റിൽ പരതിയാൽ ലഭിക്കും. ഈ ചിത്രം ഇവിടെ പോസ്റ്റ്‌ ചെയ്യാൻ കാരണം ആ രാജ്യം ഒരു പുരോഗതിയുള്ള രാജ്യമാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.
ഇത്തരം മനോഹരമായ നഗരങ്ങൾ ഒരുക്കുന്നതിൽ മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസ നിലവാരം, പോഷകാഹാരം, തൊഴിൽ തുടങ്ങി എല്ലാ മേഖലയിലും ലോകത്തിലെ മുൻനിര രാജ്യമാണ് സ്വീഡൻ.

ഇനി പറയാൻ പോവുന്ന കാര്യമാണ് ഏറ്റവും പ്രധാനം. പലർക്കും വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നിയേക്കും.
(അവർക്ക് വേണ്ടി ന്യൂസ് ലിങ്ക് .) https://www.legit.ng/…/1241309-swedish-politicians

കാര്യമെന്താണെന്ന് വെച്ചാൽ, സ്വീഡനിൽ കേന്ദ്ര മന്ത്രിമാർക്കും എംപിമാർക്കുമൊന്നും സാധാരണ പൗരന്മാർക്കുള്ളതിൽക്കവിഞ്ഞ യാതൊരു ആനുകൂല്യങ്ങളുമില്ല. ഔദ്യോഗിക വാഹനം ഇല്ല. സർക്കാർ വക ഡ്രൈവർ ഇല്ല. സാധാരണ ആളുകളെ പോലെ യാത്ര ചെയ്യാനുള്ള മാർഗം അവരും കണ്ടെത്തണം. സ്വന്തം വാഹനം ഉള്ളവർക്ക് അതിൽ പോകാം. പക്ഷേ സാധാരണ പൗരന്മാരെപ്പോലെ മിക്ക മന്ത്രിമാരും എംപിമാരും ബസിലും ട്രെയിനിലും തന്നെയാണ് യാത്ര ചെയ്യാറുള്ളത്.സ്വീഡനിൽ എം.പി ആയാലും മന്ത്രി ആയാലും പ്രത്യേകമായി നിയമത്തിന്റെ സഹായം ഒന്നുമില്ല. എന്തെങ്കിലും കേസ് വന്നാൽ സാധാരണക്കാരെ പോലെ നിയമം വഴി നീങ്ങണം. അതേ പോലെ എം.പിമാർക്ക് പ്രൈവറ്റ് സെക്രട്ടറിയില്ല. ജോലി ഒറ്റക്ക് തന്നെ ചെയ്യണം. എം.പിമാർക്കും മന്ത്രിമാർക്കും ലഭിക്കുന്ന ഓഫീസ് പോലും വളരെ ചെറുതായിരിക്കും.

എം.പിയോ മന്ത്രിയോ ആയാൽ വമ്പൻ ശമ്പളവും ലഭിക്കില്ല. ഒരു സ്കൂൾ ടീച്ചർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി മാത്രമാണ് എംപിക്കുള്ള ശമ്പളം. ഇങ്ങനെ തുടങ്ങി ഒരു രീതിയിലും കേന്ദ്ര മന്ത്രിമാർക്കോ എം.പിമാർക്കോ സാധാരണ ആളുകളേക്കാൾ യാതൊരു പരിഗണനയുമില്ല. പ്രധാനമന്ത്രിക്ക് മാത്രം ചില ഇളവുകളുണ്ട്. അതും കർശന നിബന്ധനകൾ. കേന്ദ്ര മന്ത്രിമാരുടെ കാര്യം അതാവുമ്പോൾ അതിനു താഴേക്കുള്ളവരുടെ കാര്യം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് സുഖിക്കാൻ വേണ്ടിയും ഓസിനു ജീവിക്കാൻ വേണ്ടിയും സ്വീഡനിൽ ആരും രാഷ്ട്രീയത്തിലിറങ്ങില്ല. ജനസേവനം ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം രാഷ്ട്രീയത്തിലെത്തും. അവർ കൗൺസിലർ ആവുകയും സെനറ്റർ ആവുകയും എം.പിയാവുകയും മന്ത്രിയാവുകയും ചെയ്യും.
അങ്ങനെ സ്വീഡൻ ലോകത്തിലെ മുൻനിര രാജ്യമായി നിലകൊള്ളുന്നു.