സഹ്യന്റെ മക്കളേ, മാപ്പ്

860

Sajith Kumar Illathuparambil എഴുതുന്നു

സഹ്യന്റെ മക്കളേ, മാപ്പ്……..

പൂരപ്രേമികളേ, ഇതാണ് ഇന്നലെ നമ്മൾ കൊട്ടിഘോഷിച്ച് കൊണ്ടാടിയ യഥാർത്ഥ ‘ആന’പ്പൂരം. സാംസ്കാരിക ജില്ലയുടെ അഭിമാനമെന്നു നമ്മൾ അഹങ്കരിക്കുന്ന തൃശൂർ പൂരം.

ഈ പൂരത്തിൽ മാത്രമല്ല, മുസ്ലിം പള്ളികളിൽ നടക്കുന്ന നേർച്ചകളിലും ചില ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളുകളിലും ഇതേ ആനകളുടെ ‘പൂരം’ തന്നെയാണ് നമ്മൾ ആഘോഷിക്കുന്നത്.

പൂരത്തിന് അണിനിരക്കുന്ന ഈ മിണ്ടാപ്രാണികളുടെ നിറഞ്ഞ കണ്ണുകളിലേക്ക് ശരിക്കും ഒന്നു നോക്കിയിട്ടുണ്ടോ ? നമ്മുടെ മൊബൈൽ കാമറയ്ക്കു മുൻപിൽ പോസ് ചെയ്യുമ്പോഴുണ്ടാവുന്ന അഭിമാനം കൊണ്ടോ ഫാൻസുകളുടെ ആർപ്പുവിളികളിൽ മനം നിറഞ്ഞതു കൊണ്ടോ ഉണ്ടായ ആനന്ദാശ്രുക്കളൊന്നുമല്ല അവിടെ കാണുന്നത്. ശരീരമാസകലം വെട്ടിയും കുത്തിയും ചതച്ചും ഉണ്ടാക്കിയ മുറിവുകളിൽ ഈച്ചയാർക്കുമ്പോൾ അതിനെയൊന്നു ആട്ടാൻ പോലുമാവാതെ നിസ്സഹായതയോടെ , നിശ്ശബ്ദമായി, നിശ്ചലമായി നിൽക്കുന്ന ആ സാധു ജീവികളുടെ വേദന.. കൊടിയ വേദന ഒന്നു കൊണ്ടു മാത്രമാണ് ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്..

അവയും നമ്മളെപ്പോലെത്തന്നെ സൃഷ്ടിക്കപ്പെട്ട ഒരു ജീവി തന്നെയല്ലേ? അപ്പോൾ സഹജീവികളോട് കാണിക്കേണ്ട കരുണ നമ്മൾ അവയോടും കാണിക്കേണ്ടതല്ലേ? അങ്ങനെയല്ലാത്തിടത്തോളം കാലം നമ്മുടെ മാനസികനിലയ്ക്ക് എന്തോ തകരാറ് സംഭവിച്ചിരിക്കുന്നു എന്നല്ലേ പറയേണ്ടത്? ഒരു സാധുജീവിയെ ഇത്ര മാത്രം കൊല്ലാക്കൊല ചെയ്യുന്നതാണോ നമ്മുടെ സാംസ്കാരിക പെരുമ!

പൂരത്തിൽ പങ്കെടുത്ത ആനകളെയെല്ലാം ഒന്ന് അടിമുടി നോക്കണം നമ്മൾ. പ്രത്യേകിച്ചു അവയുടെ കാലുകളും ചെവികളും വാലുമെല്ലാം. അങ്ങനെ നോക്കിയാൽ നമുക്കറിയാൻ പറ്റും ആനയുടെ യഥാർത്ഥ സൗന്ദര്യം. ഏതെങ്കിലും തരത്തിലുള്ള മുറിവുകളില്ലാത്ത ഒരൊറ്റ ആനയെപ്പോലും കാണാൻ സാധിക്കില്ല പൂരപ്പറമ്പിൽ. പീഡനം മൂലം അവയുടെ കാലിന്റേയും വാലിന്റേയും ആകൃതി തന്നെ മാറിയിട്ടുണ്ടാകും. ചെവികളിൽ ദ്വാരങ്ങൾ വീണിട്ടുണ്ടാകും.

ഒരു വന്യമൃഗം ആയ ആനയെ ഒരിക്കലും പൂർണ്ണമായും മെരുക്കാനാവില്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് . മുഴുവൻ സമയവും ബന്ധനത്തിലായതുകൊണ്ട് മാത്രമാണ് അതിന് ഓടാനോ ചാടാനോ സാധിക്കാത്തത്. എന്നിട്ട് നമ്മൾ പറയും അത് നന്നായി ഇണക്കമുള്ള ആനയാണെന്ന്. ഇതിലും വലിയ വിഡ്ഢിത്തം വേറെ എന്തുണ്ട്. മെരുക്കൽ എന്ന് പറഞ്ഞു നടപ്പാക്കുന്ന ഭീതിദമായ ഓർമ്മകളാണ് ആനയെ ഒരു അനുസരണയുള്ള ജീവിയാക്കുന്നത്. മെരുക്കിയതിനുശേഷവും പീഡനങ്ങളുടെ ഒരു വലിയ തുടർച്ച തന്നെയാണ് ആ പാവം ജീവി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. പ്രശ്നക്കാർ എന്ന് പറയുന്ന ചില ആനകളെ നിയന്ത്രിക്കാൻ മുള്ളുകൾ ചേർത്തുവച്ച് ഉണ്ടാക്കിയ ചങ്ങല ഉപയോഗിക്കുന്നു. ആനയെ പേടിപ്പിക്കാനായി വായിൽ ചൂടുവെള്ളം ഒഴിക്കുന്നു. നഖത്തിനിടയിൽ കുഞ്ഞാണികൾ അടിച്ചു കയറ്റിവച്ചു പുറത്ത് കരി പുരട്ടുന്നു. പാപ്പാൻ പറയാതെ ഒന്നനങ്ങിയാൽ ആ ആണിയിൽ ചവിട്ടുന്നു. കൂടാതെ തൃശൂരിലെ ചില പാപ്പാന്മാർക്കു മാത്രം സ്വന്തമായ ഒരു ക്രൂരതയുണ്ട്. അവരുടെ ചെരിപ്പിനടിയിൽ തന്നെ ആണി പിടിപ്പിച്ചിട്ടുണ്ടാവും. ആവശ്യം വരുമ്പോൾ അത് കൊണ്ടാണ് ചവിട്ട്. ഒരിക്കലും ഉണങ്ങാത്ത ചില മുറിവുകൾ പാപ്പാന്മാർ ഇവരുടെ ശരീരത്തിൽ ഉണ്ടാക്കി വയ്ക്കാറുണ്ട്. എന്നിട്ട് ആന അനുസരണക്കേടു കാണിക്കുമ്പോൾ ആ മുറിവിൽ തോട്ടികൊണ്ട് കുത്തി അനുസരണയുള്ളവൻ ആക്കും. ഒരു പേരും നൽകിയിട്ടുണ്ട് ഇവർ ആ വ്രണത്തിന്. അതാണ് ചട്ടവ്രണം. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.

കാട്ടിൽ സാമൂഹ്യ ജീവികൾ ആയി ജീവിക്കുന്ന ആനകൾ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സഹായിക്കാറുണ്ട്. അനാഥരായ ആനക്കുട്ടികളെ സംരക്ഷിക്കാറുണ്ട്. അവയുടെ ആരോഗ്യസംരക്ഷണത്തിനായി കിലോമീറ്ററോളം നടക്കാറുണ്ട്. എന്നാൽ പാവം നാട്ടാനകളുടെ അവസ്ഥയോ? പൂരപ്പറമ്പുകളിൽ അല്ലാതെ ഭൂരിപക്ഷം ആനകൾക്കും സഹജീവികളെ ഒന്നും കാണാൻ കൂടി സാധിക്കില്ല. അടിച്ചേൽപ്പിച്ച ബ്രഹ്മചര്യം വേറെ. ലോറികളിൽ മാത്രമുള്ള സഞ്ചാരം അവരുടെ ആരോഗ്യം അപകടത്തിലാക്കുന്നു. ആനക്ക് ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നവയാണ് തീയും ഒച്ചയും. കാട്ടാനകളെ ഓടിക്കുന്നത് ചെണ്ട കൊട്ടിയും തീയിട്ടുമാണ്. അങ്ങനെയുള്ള ഈ പാവങ്ങളെയാണ് ചെണ്ടമേളത്തിന്റെയും തീവെട്ടികളുടെയും ഇടയിൽ നിർത്തി പീഡിപ്പിക്കുന്നത്. അവയുടെ സ്വാഭാവിക തീറ്റയായ പുല്ലും മരങ്ങളുടെ ഇലകളും തൊലികളും ഒഴിവാക്കിക്കൊണ്ട് പനമ്പട്ടയും ചോറും മാത്രം നൽകി വയർ കേടാക്കുന്നു. ആനയൂട്ട് എന്ന് ഓമനപ്പേരിട്ട് നടത്തുന്ന പരിപാടികളിൽ വയറിന് ദോഷകരമാകുന്ന ശർക്കരയും തേങ്ങയും മരുന്നെന്നും പറഞ്ഞ് മറ്റെന്തെല്ലാമോ സാധനങ്ങളും ചേർത്തുണ്ടാക്കിയ ഭക്ഷണം നൽകുന്നു. എന്നിട്ട് എരണ്ടക്കെട്ട് എന്ന രോഗം സമ്മാനിക്കുന്നു. ചിലപ്പോൾ അതുവഴി മരണത്തിലേക്കും തള്ളിവിടുന്നു. ഉത്സവ സീസണിൽ വിശ്രമമില്ലാതെ അവയെ പണിയെടുപ്പിക്കുന്നു.

ഏറ്റവും സുന്ദരനായ ആന എന്ന് ആനപ്രേമികൾ പറഞ്ഞുനടക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് കുറച്ചു ദിവസങ്ങളായി പൂരച്ചർച്ചകളിൽ വന്ന് നിറയാറുള്ളത്. പതിമൂന്നോളം ആളുകളേയും രണ്ട് ആനകളേയും കൊന്ന ഈ ആനയെ ഇപ്പോഴും ‘കുറുമ്പൻ’ എന്നാണ് ‘ആനപ്രേമികൾ’ എന്ന ഒരു പ്രത്യേക വർഗ്ഗം മനുഷ്യർ വിളിച്ചു കൊണ്ടു നടക്കുന്നത്. 2013 ജനുവരി 27ന് പെരുമ്പാവൂരുള്ള ഒരു അമ്പലത്തിൽ വച്ച് ആ ആന മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു ജനുവരി 25 നു ഉച്ച മുതൽ വൈകിട്ട് വരെയും രാത്രി 12 മുതൽ 26 നു വെളുപ്പിന് അഞ്ചു മണി വരെയും ഈ ആനയെ കുന്നംകുളത്തെ ഒരമ്പലത്തിൽ എഴുന്നള്ളിച്ചിരുന്നു. അതിനുശേഷം കോട്ടയത്തേക്ക് കൊണ്ടുപോയി. അന്ന് പകലും രാത്രിയും അവിടെ എഴുന്നള്ളിപ്പ്. അതിനുശേഷമാണ് 27 നു പുലർച്ചെ പെരുമ്പാവൂരിലേക്ക് എത്തിച്ചത്. 48 മണിക്കൂറിനുള്ളിൽ 160 കിലോമീറ്റർ ദൂരമാണ് ആന സഞ്ചരിച്ചത്. അതും ആവശ്യത്തിന് ഉറക്കവും വെള്ളവും ഭക്ഷണവും ഇല്ലാതെ. എങ്ങനെയുണ്ട് ആനപ്പ്രേമം. അങ്ങനെ ഒരവസ്ഥയിലാണ് പെരുമ്പാവൂർ വച്ച് ആനയിടഞ്ഞതും മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയതും.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുന്നൂറ്റമ്പതോളം പേരാണ് ആനയുടെ ആക്രമണങ്ങളിൽ കേരളത്തിൽ കൊല്ലപ്പെട്ടത്. അതിൽ പാപ്പാന്മാരും പൂരം കാണാൻ വന്നവരും ഉൾപ്പെടും. മൂന്നാല് വർഷങ്ങൾക്കു മുമ്പ് ഇരിങ്ങാലക്കുട കൂടൽമാണിക്യം അമ്പലത്തിലെ ആറാട്ട് കാണാൻ അമ്മാമ്മയുടെ ഒക്കത്തിരുന്ന് വന്ന ഒരു പിഞ്ചുകുഞ്ഞ് മരണത്തിന് ഇരയായത് അവിടെ ആനയിടഞ്ഞിട്ടാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങൾ ആനയിടച്ചിൽ കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചവയാണ് . അതിലൊന്നാണ് നമ്മുടെ ജില്ലയിലെ കൂടൽമാണിക്യം.

കുറച്ചു വർഷം മുൻപ് വീടിനടുത്തുള്ള കുഴുർ അമ്പലത്തിലെ ഏകാദശിക്ക്‌ പോയതോർക്കുന്നു. ഭാര്യയും കുട്ടികളും കൂടെയുണ്ട്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ആനകൾ വെള്ളം കുടിക്കാൻ ജനക്കൂട്ടത്തിനിടയിലൂടെ ടാങ്കിനടുത്തേക്കു പാഞ്ഞു വന്നത് ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണ്. അതിന് ശേഷം ഏകാദശിക്ക്‌ പോയിട്ടില്ല ഞങ്ങൾ.

സാംസ്കാരികമായി ഉന്നതിയിലേക്ക് പോകുന്ന ഒരു സമൂഹത്തിന് ഒരിക്കലും ചേർന്നതല്ല മിണ്ടാപ്രാണികളെ ആചാരം എന്ന പേരിൽ അമ്പലങ്ങളിലെയും പള്ളികളിലെയും ആഘോഷങ്ങൾക്ക് ഇങ്ങനെ എഴുന്നള്ളിക്കുന്നത്. തമിഴ്നാട്ടിലെ അമ്പലങ്ങളിലെല്ലാം ആനകൾക്ക് പകരം മറ്റൊരുപാട് വഴികൾ കണ്ടെത്തിക്കഴിഞ്ഞു. കേരളത്തിലും ഇത്തരത്തിലുള്ള കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് അഭിനന്ദനാർഹമാണ്. തൃശ്ശൂർപൂരം അടക്കമുള്ള എല്ലാ പൂരങ്ങളിലും പെരുന്നാളുകളിലും ആനയെ ഒഴിവാക്കാൻ തീരുമാനം ഉണ്ടാകണം.

ടൂറിസത്തിനെക്കുറിച്ച് പറയുമ്പോൾ നമ്മൾ എപ്പോഴും പറയുന്ന ഒന്നാണ് തൃശൂർ പൂരവും ആനകളും. എന്നാൽ ഒരു വിദേശസഞ്ചാരി പോലും ഇങ്ങനെ ആനകളെ ചങ്ങലക്കിട്ടു നിർത്തുന്നത് ആസ്വദിക്കുന്നുണ്ടാവില്ല എന്നുറപ്പാണ്.

കേരളത്തിൽ ആനകൾക്ക് നേരെ നടക്കുന്ന പീഡനത്തെക്കുറിച്ചറിഞ്ഞ പ്രശസ്ത ഹോളിവുഡ് നടിയായ പമേല ആൻഡേഴ്സൺ കുറച്ച് നാളുകൾക്കു മുൻപ് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കു എഴുതിയ കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു, വിനോദസഞ്ചാരത്തിനു വേണ്ടി എത്തുന്ന വിദേശികൾ ഒരു മിണ്ടാപ്രാണിയെ ഇങ്ങനെ ചങ്ങലക്കിട്ടു പീഡിപ്പിക്കുന്നത് കണ്ടാൽ ഒരിക്കലും സന്തോഷിക്കുകയില്ല എന്ന്. മാത്രമല്ല ഇത്തരം കാഴ്ചകൾ അവരുടെ അവധിക്കാലത്തെ വേദനാജനകമാക്കുമെന്നും. ഒരു പക്ഷേ ഇത്തരം കാഴ്ചകൾ കണ്ട് മനം നോവാതിരിക്കാൻ ഇനി അവർ ഈ നാട്ടിലേക്കു വരാതിരിക്കുകയും ചെയ്യാം.

നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനിയും വേണോ ഈ ആനപ്പൂരം? വേണ്ട എന്ന് തന്നെയല്ലേ മനസ്സ് പറയുന്നത്? അങ്ങനെ പറയുന്നുവെന്നുണ്ടെങ്കിൽ നമ്മുടെ മനസ്സുകളിൽ ഇപ്പോഴും നന്മ അവശേഷിക്കുന്നുണ്ട് എന്ന് തന്നെയാണർത്ഥം. ആയതു കൊണ്ടു തന്നെ ഈ മിണ്ടാപ്രാണികൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കാൻ നമ്മളാൽ ചെയ്യാൻ പറ്റുന്നത് ചെയ്തേ പറ്റൂ . ആനപ്പൂരം എന്നും പറഞ്ഞു വരുന്ന സംഭാവനക്കാരെ കാര്യം പറഞ്ഞു മനസ്സിലാക്കി പറഞ്ഞു വിടാം. ഒരു മതക്കാരുടെയും തത്വശാസ്ത്രങ്ങളിൽ പറയുന്നില്ല, ദൈവങ്ങൾ പ്രസാദിക്കാൻ മിണ്ടാപ്രാണികളെ അവരുടെ മുന്നിൽ അണിനിരത്തണമെന്ന്. മനുഷ്യരെപ്പോലെത്തന്നെ ആനകളും ദൈവത്തിന്റെ സൃഷ്ടികൾ തന്നെയാണെന്നും അവയെ പീഡിപ്പിക്കുന്നത് ആ ദൈവത്തിനു ഇഷ്ടമാവില്ലെന്നും ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും സംഘാടകർ മനസ്സിലാക്കട്ടെ. അങ്ങനെ പതുക്കെപ്പതുക്കെ ആനകളെ പൂരങ്ങളിൽ നിന്നും പെരുന്നാളുകളിൽ നിന്നും നേർച്ചകളിൽ നിന്നും ഒഴിവാക്കട്ടെ. പകരം പൊയ്ക്കുതിരകളേയോ രഥങ്ങളെയോ മറ്റോ ഉപയോഗിക്കട്ടെ. അങ്ങനെയൊരു കാലം അധികം താമസിയാതെ തന്നെ വരും എന്ന് പ്രതീക്ഷിക്കാം നമുക്ക്. അങ്ങനെ വന്നതിനു ശേഷം മാത്രം പറയാം നമുക്ക്, ഇതാണ് സാംസ്‌കാരികകേരളം എന്ന്.