പുള്ളിന്റെ സൗന്ദര്യത്തിൽ മനം നിറഞ്ഞ ദിനം

56

സജിത് കുമാർ.

പുള്ളിന്റെ സൗന്ദര്യത്തിൽ മനം നിറഞ്ഞ ദിനം

ഏറെ നാളുകളായുള്ള വലിയൊരു ആഗ്രഹമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ കോൾപ്പാടങ്ങളിലൊന്നായ പുള്ള് പാടം ഒന്ന് കാണണമെന്നത്. ഇന്ദുവിന്റെ വീടായ അന്തിക്കാട് നിന്നും വളരെ അടുത്തായത് കൊണ്ട് കല്യാണം കഴിഞ്ഞ നാൾ മുതൽ പുള്ള് കാണാൻ പോകാം എന്ന് പറഞ്ഞ് അവളെന്നേയും ഞാൻ അവളേയും മോഹിപ്പിച്ചു കൊണ്ടിരുന്നു. ഇത് കൂടാതെ പുള്ളിന്റെ Image may contain: 4 people, including Bindhu VR and Sajith Kumar Illathuparambil, outdoorസൗന്ദര്യത്തെക്കുറിച്ച് പലരിൽ നിന്നും കേട്ടും പലതിൽ നിന്നും വായിച്ചും ആ മോഹം കൂടിക്കൂടി വരുകയും ചെയ്തു. അങ്ങനെ ആറ്റുനോറ്റിരുന്ന ആഗ്രഹം കഴിഞ്ഞ ദിവസം പൂർണമായെന്നു പറഞ്ഞാൽ മതിയല്ലോ. ഇന്ദുവിനേയും കുട്ടികളേയും കൂട്ടി പോയി കണ്ടു, മനോഹരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പുള്ളിനെ. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളേയും പൂത്തുനിറഞ്ഞു നിൽക്കുന്ന താമരപ്പാടത്തിനേയും പാറിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങളെയും നിറഞ്ഞൊഴുകുന്ന നീർച്ചോലകളേയും കണ്ട് ഹൃദയം നിറച്ചു ഞങ്ങൾ.

Image may contain: bird, outdoor, nature and waterലോകത്തെമ്പാടുമുള്ള തണ്ണീർത്തടങ്ങൾ ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് ശാസ്ത്രജ്ഞർ വിളിക്കാറുള്ളത്. നമ്മുടെ രാജ്യവും തണ്ണീർത്തടങ്ങളാൽ സമൃദ്ധമാണ്. എന്നാൽ ഇന്ത്യയിലെ മറ്റു തണ്ണീർത്തടങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങളുള്ള ത‌ണ്ണീർത്തടമാണ് മലപ്പുറം, തൃശൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന തണ്ണീർത്തടങ്ങൾ. ഈ സംര‌ക്ഷിത തണ്ണീർത്തടങ്ങളെ നമ്മൾ കോൾപ്പാടങ്ങൾ എന്നാണ് വിളിക്കുന്നത്. ചാലക്കു‌ടി‌പുഴയുടേയും ഭാരതപ്പുഴയുടേയും ഇടയിലാ‌യി 13,632 ഹെക്ടർ സ്ഥലത്താണ് കോൾപ്പാടങ്ങൾ സ്ഥി‌തി ചെയ്യുന്നത്. നിരവധി കനാലുകളും തടാകങ്ങളും ഈ കോൾപ്പാടങ്ങ‌ളിൽ കാണാം. നമ്മുടെ ആഭ്യന്തര നെല്ലുല്പാദനത്തിന്റെ വലിയൊരു പങ്ക് ഈ കോൾപ്പാടങ്ങൾക്കവകാശപ്പെട്ടതാണ്. പതിനെട്ടാം നൂറ്റാണ്ട് മുതലാണ് ഇവിടുത്തെ കോൾപ്പാടങ്ങളിൽ ‌നെ‌ൽകൃഷി ആരംഭി‌ച്ചതായി പറയ‌പ്പെടുന്നത്.

Image may contain: sky, grass, tree, outdoor, nature and waterതൃശൂർ നഗരത്തിൽ നിന്നും 15 കിലോമീറ്റർ ദൂരത്താണ് പുള്ള് സ്ഥിതി ചെയ്യുന്നത്. പരന്നു കിടക്കുന്ന കോൾ പാടങ്ങളുടെ സുന്ദരദൃശ്യങ്ങൾ കൂടാതെ സീസണിൽ ഇവിടെ എത്തുന്ന വിവിധ തരത്തിലുള്ള ദേശാടനപക്ഷികളും നമുക്ക് കാഴ്ചയുടെ വസന്തമൊരുക്കും. കൂടാതെ ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും മനോഹരം തന്നെ. കൃഷിക്കുവേണ്ടി വെള്ളം വറ്റിക്കുന്നത് മുതലുള്ള ആറേഴു മാസങ്ങളാണ് ശരിക്കും ഇവിടുത്തെ സീസൺ. അതായത് നവംബർ – ഡിസംബർ മുതൽ മെയ്‌ വരെ. മഴക്കാലത്തും സുന്ദരം തന്നെ പുള്ള് . വെള്ളം നിറഞ്ഞു കിടക്കുന്ന പാടങ്ങൾ അനന്തമായ കടലിനെ ഓർമ്മിപ്പിക്കും.

Image may contain: cloud, sky, outdoor, nature and waterഉച്ച കഴിഞ്ഞ് വെയിലിന്റെ കാഠിന്യം ഒന്ന് കുറഞ്ഞപ്പോഴാണ്, അന്തിക്കാട് നിന്ന് ഞങ്ങൾ പുള്ള് കാണാൻ പുറപ്പെട്ടത്. പെരിങ്ങോട്ടുകര വഴി 15 മിനിറ്റു ദൂരം ഡ്രൈവ് ചെയ്തപ്പോഴേക്കും ദാ, നമ്മുടെ പുള്ളിന്റെ മനോഹരദൃശ്യങ്ങളിലൊന്നായ താമരപ്പാടം കൺമുന്നിൽ. വണ്ടി നിർത്തി ചാടിയിറങ്ങി. നൂറുകണക്കിന് താമരകൾ വിരിഞ്ഞു നിൽക്കുന്ന പാടം കണ്ടപ്പോൾ റിതുവിനും കണ്ണാപ്പിക്കും അത്ഭുതം, സന്തോഷം. സത്യത്തിൽ ഇങ്ങനെ കൂട്ടമായി നിൽക്കുമ്പോഴാണ് നമ്മുടെ ദേശീയപുഷ്പത്തിന് ഇത്രയും ഭംഗി വരുന്നത് എന്ന് മനസ്സിലായി. അതിർത്തി കെട്ടി തിരിച്ചിട്ടുണ്ട് പാടം. അവിടെ ഒരു ബോർഡിൽ എഴുതി വച്ചിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ പാടത്തിന്റെ ഉടമകളോ അവർ ഏർപ്പാടാക്കിയ ആരെങ്കിലുമോ ഉടനെ അവിടെയെത്തും. അവർ ഗേറ്റ് തുറന്നു തരും. രണ്ടു തോണികൾ എപ്പോഴും അവിടെയുണ്ട്. നമുക്ക് പാടത്തിലൂടെ തോണി തുഴഞ്ഞു പോകാം. പേടിയാണെങ്കിൽ തോണിക്കാരൻ നമ്മളെ കൊണ്ട് പോകും. അവിടെ ഒരു വെഡ്ഡിംഗ് ഷൂട്ട്‌ നടക്കുന്നുണ്ടായിരുന്നു ഞങ്ങൾ ചെന്ന സമയത്ത്. ഈ കോവിഡ് കാലത്ത് ഇതിൽനിന്നും ചെറിയ ഒരു വരുമാനം ഉണ്ടാവുമെന്ന് തോന്നുന്നു ഉടമകൾക്ക്. കോവിഡ് മൂർച്ഛിച്ച കാലത്ത് ഒരു പൂ പോലും ചെലവാകാതെ ഈ കൃഷിക്കാർ ദുരിതത്തിലായിരുന്നുവെന്നു മനസ്സിലായി, അവിടെ ഉണ്ടായിരുന്നവരുടെ സംസാരത്തിൽ നിന്ന്. ഇരുപത് വര്‍ഷത്തോളമായി ഇവിടെ താമരകൃഷി നടത്തി വരുന്നുണ്ട്. താമരപ്പൂ വിടരുന്നതിനു മുൻപേ വിളവെടുക്കും. മൊട്ടിനാണ് ഡിമാൻഡ് . കോവിഡിന് മുൻപ് ആയിരക്കണക്കിന് പൂക്കളാണ് ദിവസവും വിറ്റിരുന്നത് ഇവിടെ. കേരളത്തിലെ ക്ഷേത്രങ്ങൾക്ക് നൽകുന്നത് കൂടാതെ കേരളത്തിന്‌ പുറത്തേക്കും ഇവിടെ നിന്ന് മൊട്ടുകൾ കയറ്റി അയച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപിച്ച സമയത്ത് ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും വിവാഹച്ചടങ്ങുകളും കുറഞ്ഞതോടു കൂടി താമരമൊട്ടിന് ആവശ്യക്കാർ ഇല്ലാതെയായി. എന്നാൽ ഇപ്പോൾ സ്ഥിതി ഭേദപ്പെട്ടു വരുന്നുണ്ട് എന്ന് തോന്നുന്നു.

Image may contain: one or more people and outdoorതാമരപ്പാടത്തിന്റെ ഭംഗി നുകർന്ന ശേഷം അതിന്റെ എതിർഭാഗത്ത്, പച്ചച്ച് പരന്ന് കിടക്കുന്ന വയലുകൾക്ക് നടുവിലൂടെയുള്ള വരമ്പത്തു കൂടെ കുറേ ഞങ്ങൾ നടന്നു . വയലിലേക്കുള്ള വെള്ളം വരുന്ന ചെറിയ തോടുകളിൽ നിറയെയുള്ള കുഞ്ഞു കുഞ്ഞു മീനുകളെ പിടിക്കാൻ വന്ന ഒരു കൊക്കമ്മാവൻ ഞങ്ങളെ കണ്ട് ആരാ എന്താ എന്ന് ചോദിച്ച പോലെ തോന്നി. ഞങ്ങൾ നിങ്ങളെയൊക്കെ കാണാൻ വന്നതല്ലേ അമ്മാവാ എന്ന് പറഞ്ഞപ്പോൾ അതൊത്തിരി സന്തോഷത്തോടെ തലയാട്ടി.

കുറച്ചു നടന്ന് സെൽഫികളൊക്കെ എടുത്ത ശേഷം ഞങ്ങൾ തിരിച്ചു കാറിൽ കയറി. കുറച്ചു മുന്നോട്ട് പോയപ്പോൾ റോഡരികിലായി മഞ്ജു വാര്യരുടെ വീട് കണ്ടു . മഞ്ജു വാര്യർ പല അഭിമുഖങ്ങളിലും പുള്ളിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞതപ്പോൾ ഓർത്തു. അവിടെ നിന്നും കുറച്ചു കൂടി കഴിയുമ്പോഴാണ് വിശാലമായ പുള്ള് പാടശേഖരത്തിലേക്ക് നമ്മൾ എത്തിച്ചേരുന്നത്. പക്ഷികളെ കൂട്ടമായി കണ്ട സ്ഥലത്തു കാർ നിർത്തി ഞങ്ങൾ വീണ്ടും ഇറങ്ങി. ഒരുപാട് സന്ദർശകരുണ്ട് അവിടെ പക്ഷിക്കൂട്ടത്തെ കാണാൻ വന്നവരായി. ഹോ.. എത്ര തരം പക്ഷികളാണ് മീനുകളെ പിടിച്ച് വിശപ്പടക്കിയും ഇണകളോടൊത്ത് പ്രണയസല്ലാപത്തിലേർപ്പെട്ടും അവിടെ കാണപ്പെട്ടത്. ഇക്കാലമാണ് ഇവിടുത്തെ പക്ഷികളുടെ ഉത്സവകാലം. എവിടെ നിന്നൊക്കെയാണാവോ ഇത്രയും പക്ഷികൾ ഇവിടേയ്ക്ക് പാറിയെത്തുന്നത് എന്ന് നമ്മൾ അത്ഭുതപ്പെട്ടു പോകും. അതിരാവിലെ എത്തിയിരുന്നെങ്കിൽ ഇതിലുമേറെ പക്ഷികളെ കാണാമായിരുന്നുവെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞറിഞ്ഞു.

Image may contain: outdoor, nature and waterവെള്ളത്തിൽ മുങ്ങി മീൻ പിടിക്കുന്ന നീർക്കാക്കകൾ, സ്പൂൺപോലെ കൊക്കുകളുള്ള സ്പൂൺ ബില്ലുകൾ, വെള്ളത്തിലേക്കു കണ്ണുംനട്ട് ഇരിക്കുന്ന പലതരം കൊക്കുകൾ, മുകളിലൂടെ ഇരയെ തിരഞ്ഞു പറക്കുന്ന പരുന്തുകൾ, വേഗത കൊണ്ട് നമ്മളെ ഞെട്ടിച്ചു പറക്കുന്ന നീലപ്പൊന്മാനുകൾ, തലയിൽ തൊപ്പിവെച്ചപോലെയുള്ള ഒരു തരം പക്ഷികൾ, രാജഹംസമെന്ന പേരിൽ അറിയപ്പെടുന്ന ഫ്ലെമിംഗോ, വലിയ കൊക്കുള്ള പെലിക്കൺ വർഗ്ഗത്തിൽ ഉള്ള പക്ഷികൾ, എരണ്ടകൾ, കുളക്കോഴികൾ, തത്തകൾ, നീലക്കോഴികൾ, ചെറുമുണ്ടികൾ , ചിന്ന മുണ്ടികൾ , ചേരക്കോഴികൾ , കഷണ്ടി കൊക്കുകൾ , വർണ്ണ കൊക്കുകൾ തുടങ്ങി പേരറിയാത്ത ഒരുപാടൊരുപാട് പക്ഷികൾ അവിടെ സന്ദർശകരായുണ്ട് .

രാവിലെ മുതൽ തീറ്റ തേടി പാടശേഖരങ്ങളിൽ വരുന്ന ഇവരിൽ അപൂർവ ഇനം ദേശാടന പക്ഷികളുമുണ്ട് . ഒറീസയിലെ ചിൽക്ക തടാകം, ഗുജറാത്തിലെ അമിപൂർ തടാകം എന്നിവ കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തിച്ചേരുന്ന സ്ഥലമാണ് തൃശൂരിലെ കോൾപ്പാടങ്ങൾ. അതിൽ മിക്കതും പുള്ളിലും എത്തിച്ചേരുന്നു. ഏറെക്കുറെ ഇരുന്നൂറ്റിയൻപതോളം തരം പക്ഷികൾ ഇവിടെ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു വനംവകുപ്പും കാര്‍ഷികസര്‍വ്വകലാശാലയും, പുള്ള് ഉൾപ്പടെയുള്ള കോള്‍ മേഖലയില്‍ 2019 ൽ നടത്തിയ പക്ഷി സര്‍വേയില്‍ പല ഇനങ്ങളിലായി 29082 പക്ഷികളേയാണ് കണ്ടെത്തിയത്. എന്നാൽ മുൻവർഷങ്ങളിൽ കണ്ടെത്തിയതിനേക്കാൾ കുറവായിരുന്നു ഇത് എന്നത് സങ്കടകരമായ ഒരു കാര്യമാണ്.

Image may contain: people playing sport, plant, flower, outdoor, water and natureപക്ഷികളെപ്പോലെത്തന്നെ വിവിധ തരം മത്സ്യങ്ങളാലും സമ്പന്നമാണ് നമ്മുടെ കോൾപ്പാടങ്ങൾ. കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിൽ 71 ഇനം മത്സ്യങ്ങളും 5 ഇനം ചെമ്മീനുകളും 4 ഇനം ഞണ്ടുകളും 2 ഇനം കക്ക – ചിപ്പി വർഗ്ഗ ജീവികളും കോൾപ്പാടങ്ങളിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കാർ റോഡരികിൽ നിർത്തിയിട്ട്, പാടത്തിന് നടുവിലൂടെയുള്ള ചെമ്മൺപാതയിലൂടെ ഞാനും ഇന്ദുവും നടക്കാനും കുട്ടികൾ ഓടാനും തുടങ്ങി. ചില പക്ഷികൾ ഞങ്ങളെ കണ്ട് ഈ മനുഷ്യന്മാരെക്കൊണ്ട് തോറ്റല്ലോ എന്നും പറഞ്ഞ് ഇരുന്നിടത്തു നിന്ന് പറന്നു പോയി. ചിലത് ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ അവിടെ തന്നെ ഇരുന്നു. ഇരയുടെ മേലുള്ള ശ്രദ്ധ തെറ്റിച്ച ദേഷ്യത്തിലാണോ എന്നറിയില്ല, ഒരു പരുന്ത് കണ്ണാപ്പിയുടെ തലക്ക് തൊട്ട് മുകളിലൂടെ പറന്നു പോയി. ഞങ്ങൾ അത് കണ്ട് പേടിച്ചെങ്കിലും ചെക്കന് ഒരു കൂസലുമുണ്ടായിരുന്നില്ല. അവൻ പിന്നേയും പക്ഷികളെ അടുത്ത് കാണാൻ അവയുടെ അടുത്തേക്ക് പോയിക്കൊണ്ടിരുന്നു. പുള്ളിന്റെ ഭംഗി ആസ്വദിച്ചും കുറേയൊക്കെ മൊബൈലിൽ പകർത്തിയും വരമ്പത്തു കൂടെയും തോട്ടുവക്കിലൂടെയും ഞങ്ങൾ നടന്നുകൊണ്ടിരുന്നു. കുറേ നടന്നപ്പോൾ ചെറിയൊരു ക്ഷീണം തോന്നിയോ എന്നൊരു സംശയം തോന്നിത്തുടങ്ങി. അമാന്തിച്ചില്ല, നേരെ വച്ചു പിടിച്ചു, കാറിലിരുന്ന് കണ്ടു വച്ച തട്ടുകടയിലേക്ക്.

ഉച്ച കഴിയുമ്പോഴേക്കും വഴിയരികിലുള്ള തട്ടുകടകൾ തട്ടിയും മുട്ടിയും ഉണർന്നു തുടങ്ങും പുള്ളിൽ, കാഴ്ചകൾ കണ്ടു തളർന്നവർക്ക് ഇനി ഫുഡ്‌ കഴിച്ചും തളരാൻ പാകത്തിന്. ഇവിടുത്തെ അടിപൊളി ഫുഡ്‌ കഴിക്കാൻ വേണ്ടി മാത്രം വരുന്നവരും ഉണ്ട്.
ഒരിക്കലെങ്കിലും ഇവിടെ നിന്ന് ഫുഡ്‌ കഴിച്ചു പോയവർ വീണ്ടും വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ. കോഴിമുട്ട, താറാവ് മുട്ട, കാടമുട്ട തുടങ്ങിയ മുട്ട വിഭവങ്ങൾ എപ്പോഴും റെഡി. പിന്നെ കോഴി, താറാവ്, ബീഫ്, പോർക്ക്‌, മുയൽ എന്നിവയുടെ വെറൈറ്റി ഡിഷസ്. കൂടാതെ മീനും കക്കയും ഞണ്ടും വേറെ. അടിപൊളി പലിഞ്ഞീൻ ഫ്രൈ കഴിച്ചാൽ കൊതി തീരില്ല. ചായ, കാപ്പി, കട്ടൻ കാപ്പി, ചുക്ക് കാപ്പി, സോഡാ സർബത്ത്, കുലുക്കി സർബത്ത് തുടങ്ങിയ കുടി ഐറ്റംസും ആവശ്യം പോലെ കിട്ടും. ചൂടു ബജികളും നിങ്ങളെ നോക്കിയിരിപ്പുണ്ടവിടെ. ഇനി കുറച്ചു ലഹരിയും കൂടി വേണമെന്നാണെങ്കിൽ കുറച്ചു ദൂരെ കുണ്ടോളിക്കടവ് ഷാപ്പ് ഉണ്ട്. അവരും നിങ്ങളെ ഊട്ടാൻ കള്ളും കറികളുമായി കാത്തിരിക്കുന്നുണ്ടാവും.

ഫുഡ്‌ അത്യാവശ്യം വയറിന് പാകത്തിനായപ്പോൾ ഇനി വേണമെങ്കിൽ വീട്ടിൽ പോകാം എന്നൊരു തോന്നൽ കുട്ടികൾക്ക് വന്നു എന്ന് അവരുടെ ഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. ഞങ്ങൾക്കും ഏറെക്കുറെ ആ തോന്നൽ വന്നു എന്ന് ഞാനും ഇന്ദുവും പരസ്പരം മുഖത്തേക്ക് നോക്കി ഉറപ്പിച്ചു. അങ്ങനെ ആദ്യത്തെ പുള്ള് യാത്ര അവസാനിപ്പിച്ച് ഞങ്ങൾ കാർ നേരെ മാളയിലുള്ള സ്വന്തം വീട്ടിലേക്കു വിട്ടു. ഇനിയുമിനിയും ആ സൗന്ദര്യം ആസ്വദിക്കാൻ വരുമെന്ന് ഉറപ്പിച്ചുകൊണ്ട്, പുള്ളിനോട് യാത്ര പറഞ്ഞു കൊണ്ട്…

നമ്മൾ ടൂർ, ട്രിപ്പ്‌, ഔട്ടിങ് എന്നൊക്കെ ആലോചിക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന കുറേ പേരുകളുണ്ട്. അതിൽ ഒന്നും ഈ പുള്ള് വരുന്നുണ്ടാവില്ല. ഞങ്ങൾക്കും വന്നിരുന്നില്ല . എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളോട് ധൈര്യമായി പറയുന്നു, അടുത്ത ഒരു ട്രിപ്പിനെ കുറിച്ച് ആലോചിക്കുമ്പോൾ ഇനി നിങ്ങൾ പുള്ളിനേയും ഓർത്തോളൂ. പറ്റിയാൽ ഈ സീസണിൽ പുലർച്ചെ എത്തുക. പക്ഷികളെ കണ്ടു കണ്ടു നിങ്ങൾക്കും ചിറകുകൾ മുളയ്ക്കും. അല്ലെങ്കിൽ ഉച്ച കഴിഞ്ഞു വെയിലാറിയിട്ട് വരൂ. കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ അസ്തമയ സൂര്യന്റെ സൗന്ദര്യത്തിൽ നിങ്ങൾ മയങ്ങിനിന്നു പോകരുതെന്ന് മാത്രം. എന്തായാലും, എവിടെ ചെന്നാലും കിട്ടാത്ത ഒരു പ്രത്യേക അനുഭൂതി പുള്ള് നിങ്ങൾക്ക് സമ്മാനിക്കും. തീർച്ച…☘️☘️☘️