Sajith M S
സ്ഫടികം സിനിമയിൽ വഴിത്തിരിവ് ഉണ്ടാക്കുന്ന ഒരു സംഭവമാണ് ജാൻസിയുടെ വിവാഹം. വിവാഹത്തിന് തോമാച്ചായനെ ചാക്കോ മാഷ് നേരിട്ട് വിളിക്കണം എന്ന് എല്ലാവരും ആവശ്യപ്പെടുന്ന പ്രകാരം ചാക്കോ മാഷ് മകനേ വിവാഹത്തിന് ക്ഷണിക്കാൻ തയാറാകുന്നു. അതിൻപ്രകാരം പള്ളിയിൽ എല്ലാവരും ഒരുമിച്ച് കൂടുന്നു. എന്നാൽ പതിനെട്ടാം പട്ട തെങ്ങു വച്ചതിനേക്കാൾ ക്രൂരമായാണ് അപ്പോൾ ചാക്കോ മാഷ് മകനേ നിന്ദിക്കുന്നത്.
തന്നെ ചാക്കോ മാഷ് വിവാഹത്തിന് ക്ഷണിക്കും എന്ന് തന്നെ തോമാച്ചായൻ കരുതുന്നുണ്ട്. പള്ളിയിലേക്ക് കടന്നു വരുന്ന അദ്ദേഹം അച്ചൻ നൽകുന്ന മധുരം എടുക്കുന്നതും വളരെ സന്തോഷത്തോടെയായിരുന്നു. പക്ഷേ “കെട്ട് കഴിഞ്ഞ് എന്റെ വീട്ടിൽ ഊണ്…!” എന്ന് ചാക്കോ മാഷ് പറയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അപ്പോഴാണ് കെ പി എ സി ലളിതയുടെ അമ്മച്ചി ഇടപെടുന്നത്. “അവൻ വരില്ല.. എന്റെ മോൻ തെണ്ടിയല്ല! എന്തിനാടാ ഇവിടെ നിക്കുന്നത്. ഇറങ്ങി പോടാ..” എന്ന് പറഞ്ഞ് അവർ മകനെ തള്ളിവിടുന്നു. പള്ളിമേടയിൽ നിന്ന് തോമാച്ചായൻ ഇറങ്ങി വരുമ്പോൾ റെയ്ബാൻ ഗ്ലാസിനിടയിലൂടെ ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങുന്നത് തുളസി നോക്കിനിൽക്കുന്നു(ആ രംഗത്തിൽ ഏതാനം നിമിഷങ്ങൾ ഉള്ള ഒരു ബിജിഎം ഉണ്ട് 🥹).

തോമസ് ചാക്കോ ഒരു തെണ്ടിയല്ല എന്നും അയാൾക്കും മൂല്യമുണ്ടെന്നും ചാക്കോ മാഷ് ആദ്യമായി തിരിച്ചറിയാൻ പോകുന്നത് അവിടം മുതൽക്കാണ്. തുളസി ഒരു നെക്ക്ലെസ് വാങ്ങി വല്യേട്ടൻ തന്നതാണെന്ന് പറഞ്ഞു ജാൻസിയ്ക്ക് നൽകുന്നു – “ചാക്കോ മാഷിന്റെ അന്പത്തൊന്ന് പവന്റെ ഇടയിൽ ഈ നെക്ക്ലെസ് മുക്കിക്കളയല്ലേ എന്ന് പറയാൻ പറഞ്ഞു..” എന്ന് കൂടി അവൾ പറയുന്നു.
അവിടെ ജാൻസി ഒരു സ്ട്രോങ്ങ് തീരുമാനം എടുക്കുന്നു. എനിക്ക് അപ്പച്ചന്റെ സ്ത്രീധനം വേണ്ട.!അങ്ങനെ തീരുമാനിച്ചാൽ വധൂ പിതാവിന്റെ സ്ഥാനത്ത് അപ്പച്ചൻ ഉണ്ടാവുക പോലുമില്ല എന്ന ചാക്കോ മാഷിന്റെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ അവൾ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. “പൊന്നിട്ടു പടിയിറങ്ങാം.. എന്റെ വല്യേട്ടൻ എവിടെ?” എന്നാണ് അവൾ ചോദിക്കുന്ന ചോദ്യം.മകൾ വലിച്ചെറിഞ്ഞു പോയ അന്പത്തിയൊന്നു പവന്റെ കൂടെ ഇതാ ഈ വീടിന്റെ താക്കോൽ എന്ന് പറഞ്ഞു കൊണ്ട് പൊന്നമ്മയും ആ വീടിന്റെ പടിയിറങ്ങി പോകുന്നു.”മകൾ ഇറങ്ങാൻ ആണ് കാത്തിരുന്നത്.. ” എന്ന് പറയുന്നുണ്ടെങ്കിലും ജാൻസിയുടെ ആ ഇറങ്ങിപ്പോക്ക് തന്നെയാണ് അവരെക്കൊണ്ടും അങ്ങനെയൊരു പടിയിറക്കത്തിന് പ്രേരിപ്പിച്ചത്.
ഓട്ടക്കാലണയ്ക്കും വിലയുണ്ടെന്ന് തുളസി ചാക്കോ മാഷിനെ പഠിപ്പിക്കുന്നു. അത് അദ്ദേഹം തിരിച്ചറിയുന്നത് അതുവരെ ആ വീട്ടിൽ തനിക്ക് വിധേയപ്പെട്ടു തന്റെ അധികാരത്തിന് കീഴിൽ നിന്നവർ അദ്ദേഹത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് ഇറങ്ങിപ്പോകുമ്പോൾ ആണ്. സ്ഫടികം സിനിമയിലേ നായകന്റെ അമ്മ,അനിയത്തി, കാമുകി എന്നീ റോളുകൾ വ്യത്യസ്തമാകുന്നതും ഇന്നും ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നതും സിനിമയിൽ അവർക്കുള്ള പ്രാധാന്യം കൊണ്ടാണ്.സ്ഫടികത്തിനെ ക്ലാസ് ആക്കി നിർത്തുന്നതും ഇതൊക്കെ തന്നെയാണ്.