വിജയ് നായർ സിൻഡ്രോമും മലയാള സിനിമയിലെ നാടോടിക്കഥകളും !

125
Sajith M S
വിജയ് നായർ സിൻഡ്രോമും മലയാള സിനിമയിലെ നാടോടിക്കഥകളും !
ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ മോഹൻലാലിനോട് നേരെ ചൊവ്വേ ഒരു ഇന്റർവ്യൂവിൽ ചോദിച്ച ചോദ്യം ഇങ്ങനെ –
”താങ്കളെക്കുറിച്ച് ഒരുപാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയെപ്പറ്റിയാണ് അടുത്ത ചോദ്യം. മോഹൻലാലിനൊപ്പം കിടക്ക പങ്കിട്ട സ്ത്രീകളുടെ എണ്ണം മൂവായിരം ആണെന്നും. ആ ‘നേട്ടം ‘ ഒരു വലിയ ആഘോഷം ആയിരുന്നു എന്നും ഒരു കഥ ”
”മൂവായിരം അല്ല ചിലപ്പോൾ അതിൽ കൂടുതൽ കാണും ” എന്നായിരുന്നു മോഹൻലാൽ അതിന് കൊടുത്ത ഉത്തരം. തുടർന്ന് അദ്ദേഹം പറയുന്നത് ഇത്തരത്തിൽ പ്രചരിക്കുന്ന അനേകം ‘കഥ’കളെപ്പറ്റിയാണ്. തനിക് ജനിച്ച കുട്ടികളെക്കുറിച്ചുള്ള കഥകൾ, വൃക്ക മാഫിയ ആണെന്ന കഥകൾ. കേൾക്കുന്നവനും പറയുന്നവനും നുണ ആണെന്ന് ഉറപ്പുള്ള അനേകം നാടോടിക്കഥകൾ. ഊഹാപോഹങ്ങളും ഭാവനയും ആണ് ഇതിന്റെയെല്ലാം അടിസ്ഥാനം. എന്നാലും ഒരു മുഖ്യധാരാ മാധ്യമത്തിൽ രാജ്യം അംഗീകരിച്ച ഒരു കലാകാരന് ഈ കഥകളെക്കുറിച്ചും ഉത്തരം പറയേണ്ടതായി വരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കേട്ട് കഴിഞ്ഞു ചോദ്യകർത്താവിന്റെ ചിരിയാണ് ആ ചോദ്യത്തെക്കാൾ മെയിൻ!
വിജയ് പി നായർ എന്ന youtuber ചെയ്ത വീഡിയോയിൽ അയാൾ അവതരിപ്പിക്കുന്നതിൽ ഒരു അശ്ലീലം ഇത് പോലെ ഒരു ‘കഥ’യാണ്. അയാളുടെ സുഹൃത്തായ സിനിമ പ്രവർത്തകൻ ആണെന്ന് അയാൾ തന്നെ പറയുന്ന ഏതോ ഒരു തങ്കപ്പൻ പറഞ്ഞത് എന്ന് പറഞ്ഞാണ് അയാൾ അത് അവതരിപ്പിക്കുന്നത്. മോഹൻലാലിനോട് ചോദിച്ച ചോദ്യം ആ ചോദ്യകർത്താവിന് കിട്ടിയതും അദ്ദേഹത്തിന്റെ സുഹൃത്വലയത്തിൽ ഉള്ള ഏതെങ്കിലും തങ്കപ്പനിൽ നിന്ന് തന്നെയാവണം. തനിക്ക് നേരെ വരുന്ന ഗോസിപ്പുകളെക്കുറിച്ച് ഉത്തരം പറയാൻ മോഹൻലാലിന് അവസരം കൊടുത്തതാണ് എന്ന് വേണമെങ്കിൽ ആ ചോദ്യത്തെ ന്യായീകരിക്കാം. ഇത്തരം നുണകൾക്ക് മറുപടി കൊടുക്കേണ്ട എന്ത് ബാധ്യതയാണ് മോഹൻലാലിന് ഉള്ളത് എന്ന് തിരിച്ചും ചോദിക്കാം. പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് കൊടുക്കുക എന്നതാണല്ലോ മാധ്യമപ്രവർത്തനം.
ഗോസിപ്പ് അഥവാ അപരാധം പറച്ചിൽ കാലദേശവ്യത്യാസമില്ലാതെ എല്ലാ സിനിമാ മേഖലകളിലും ഉള്ള പ്രവണതയാണെന്ന് തോന്നിയിട്ടുണ്ട്. ബോളിവുഡ് മായി താരതമ്യം ചെയ്യുമ്പോൾ മലയാളമൊക്കെ എന്ത്… ഏതായാലും മലയാളസിനിമയിൽ ഇത്രയധികം കഥകളിൽ നായകൻ ആയ ഒരാളും മോഹൻലാൽ തന്നെയാവണം. മോഹൻലാലിന്റെ പ്രണയങ്ങൾ, അവ തകരാൻ ഉള്ള കാരണങ്ങൾ എന്ന് തുടങ്ങി എത്രയെത്ര കഥകൾ. ! കാലം മാറി, ആഗോളവൽക്കരണം വന്നു അന്നേരം വാമൊഴി പ്രചരണങ്ങളിൽ നിന്ന് ഈ നാടോടിക്കഥകൾ mass media യിലേക്ക് ചേക്കേറി. അപ്പോൾ സംഭവിച്ചത് ഈ കഥകൾക്ക് വിപണിമൂല്യം വന്നു എന്നതാണ്. പറയുന്ന ആളുടെ മനസുഖം എന്നതിൽ നിന്ന് ഓരോ വ്യൂവിനും watch hour വച്ച് പണം കിട്ടിത്തുടങ്ങി.
സിനിമാ മേഖലയിലെ ഗോസിപ്പ് വില്പനയുടെ ചരിത്രം ഇതിനും മുൻപേ തുടങ്ങി. ഇവിടുത്തെ ഒരു entertainment ചാനലിനും അതിൽ നിന്ന് കൈ കഴുകാൻ സാധിക്കില്ല. ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന ടാഗ്‌ലൈൻ ഉള്ള കൈരളി ടി വി ‘ലൗഡ്സ്പീക്കർ ‘ എന്ന പേരിൽ ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഗോസിപ്പുകൾ മസാല ചേർത്ത് അവതരിപ്പിക്കുക ആണ് content. ഈ ടീംസ് എല്ലാം മേക്കപ്പ് ഇട്ട് പറഞ്ഞതാണ് വിജയ് പി നായർ ആഭാസമായി അവതരിപ്പിച്ചത് എന്ന് മാത്രം. അത് പറഞ്ഞതിനെതിരെയുള്ള കേസ് നടത്താൻ ഉള്ള പണം ആ വീഡിയോ കൊണ്ട് തന്നെ അയാൾക്ക് കിട്ടുകയും ചെയ്യും എന്ന് തോന്നുന്നു. ശാന്തിവിള ദിനേശ് ഒക്കെ ഏതോ കാലത്ത് സിനിമയിൽ ഉണ്ടായിരുന്നു എന്ന പേർ ഉപയോഗിച്ച് വിൽക്കുന്നതും ഇത്തരം അപരാധ കഥകൾ മാത്രമാണ്.
സിനിമാ താരങ്ങൾ ചെണ്ടകൾ ആണ് എന്ന ധാരണയിൽ, പ്രത്യേകിച്ച് സിനിമയിലെ സ്ത്രീകൾ നിന്നാണ് അവരെക്കുറിച്ച് എന്തും പറയാം എഴുതാം എന്ന നിലയിൽ പൊതുബോധം എത്തിയത്. പലതിന്റെയും കമന്റ്‌ ബോക്സ്‌ നോക്കിയാൽ മനസിലാവും കിടക്ക പങ്കിട്ടാണ് ഇന്നത്തെ എല്ലാ നടിമാരും ഈ നിലയിൽ എത്തിയത് എന്നും മിക്കവാറുമുള്ള എല്ലാ യുവ നടന്മാരും കഞ്ചാവും അസാന്മാർഗിക പ്രവർത്തകരും ആണ് എന്നുമാണ് ഒരു വിഭാഗം മനുഷ്യർ ആത്മാർത്ഥമായി വിശ്വസിക്കുന്നത്. അവരെ തൃപ്തിപ്പെടുത്തി ജീവിക്കുക എന്നതാണ് ഈ ടൈപ്പ് നായർ / ഓൺലൈൻ മീഡിയ കളുടെ അവതാരലക്ഷ്യം.
എന്താണ് ആരും ഒന്നും മിണ്ടാത്തത്?? എന്നായിരുന്നു സംശയം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു സുപ്രധാന ചോദ്യങ്ങൾ ഉയർന്നു. അതിന്റെ ഭാവി എന്താവും എന്നറിയില്ല. എങ്കിലും ആരെങ്കിലും ഒക്കെ മിണ്ടിത്തുടങ്ങി എന്ന് പ്രതീക്ഷിക്കാം.
ഭാഗ്യലക്ഷ്മി ചോദിക്കുന്നു – അധ്വാനിച്ചു ജീവിച്ചൂടെടോ??
റോഷൻ ചോദിക്കുന്നു – കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?