എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും ബന്ധപ്പെട്ടു ദേശീയവാർഡ് ജേതാവ് നടി അപർണ്ണ ബാലമുരളി, നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, സംഗീതസംവിധാകൻ ബിജിബാൽ ..തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയി എത്തിയിരുന്നു. വേദിയിൽ വച്ച് ഒരു വിദ്യാർത്ഥി നടി അപർണ്ണ ബാലമുരളിയോട് മോശമായി പെരുമാറിയത് വിവാദം സൃഷ്ടിച്ചിരുന്നു. നടി അവിടെവച്ചുതന്നെ പ്രതികരിക്കുകയും ചെയ്തു. കോളേജ് യൂണിയൻ അപർണ്ണയോട് ക്ഷമചോദിക്കുകയും ശിക്ഷാനടപടിയായി കോളജധികൃതർ വിദ്യാർത്ഥിയെ സസ്പെന്റ് ചെയുകയും ചെയ്തു. എന്നാൽ അതെചൊല്ലിയുള്ള വിവാദം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്.
എന്നാലിപ്പോൾ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവയ്ക്കുകയാണ് നടി സജിത മഠത്തിൽ. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയായിരുന്നു തന്നോട് അത്തരത്തിൽ പ്രവർത്തിച്ചതെന്നും സജിത തന്റെ കുറിപ്പിൽ പറയുന്നു. കുറിപ്പ് വായിക്കാം.
“ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള് എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്! ”