കാലാപാനി എന്ന പ്രിയന്റെ സിനിമയിലെ മുസ്ലിം വിരുദ്ധത

0
229

Sajjad Vaniyambalam

“വാരിയൻകുന്നനെ” കുറിച്ചുള്ള online വാഗ്വാദങ്ങൾ കണ്ടപ്പോൾ ഓർക്കുന്നു. കാലാപാനി എന്ന പ്രിയന്റെ സിനിമയിലെ മുസ്ലിം വിരുദ്ധത. അന്തമാനിലെ സെല്ലുലാർ ജയിലിൽ അടക്ക പെട്ടവരിൽ മിക്കവരും ഞങ്ങളുടെ ഏറനാട് വള്ളുവനാട് മേഖലയിൽനിന്നുള്ള ഖിലാഫത്ത് പോരാളികൾ ആണ്. അന്തമാനിലെ പല സ്ഥലപ്പേരും ഇപ്പോഴും ഞങ്ങളുടെ നാട്ടിലെ വണ്ടൂരും പാണ്ടിക്കാടും നിലമ്പൂരും ഒക്കെയാണ്. ജയിൽ മോചിതരായ തിനുശേഷം അന്തമാനിൽ നിന്നും മടങ്ങി നാട്ടിലെത്തി ഇവിടെ വന്ന് മരണപ്പെട്ടവരും ഞങ്ങളുടെ നാട്ടിലുണ്ട്.

പക്ഷേ പ്രിയദർശനും മോഹൻലാലും കാലാപാനി സിനിമയാക്കിയപ്പോൾ പ്രഭു അവതരിപ്പിച്ച മുകുന്ദ് അയ്യങ്കാർ എന്ന ബ്രാഹ്മണനും മോഹൻലാൽ അവതരിപ്പിച്ച ഗോവർദ്ധൻ എന്ന നായരും മുഖ്യ വ്യാജ കഥാപാത്രങ്ങളായത് ചില ചരിത്ര സ്വാംശീകരണ തമസ്കരണ അജണ്ടയുടെ ഭാഗമാണ് എന്ന് വ്യക്തമാണ്.സെല്ലുലാർ ജയിലിൽ ബ്രിട്ടീഷ് അധികാരികളുടെ കാലു നക്കിയും മാപ്പുഎഴുതികൊടുത്തും ജയിലിൽ നിന്ന് രക്ഷപ്പെട്ട സവർക്കർ ആ സിനിമയിൽ മാന്യൻ ആയത് യാദൃശ്ചികം അല്ലല്ലോ.

ഡേവിഡ് ബെറി എന്ന ക്രൂരനായ ജയിലർ ചരിത്രത്തിലുള്ളത് തന്നെയാണ്. എന്നാൽ മീർസാ ഖാൻ എന്ന പേരിൽ അംരേഷ് പുരി അവതരിപ്പിച്ച ക്രൂരനായ മതനിഷ്ഠയുള്ള മറ്റൊരു മുസ്ലിം ജയിലർ സിനിമയ്ക്കുവേണ്ടി കൃത്രിമമായി തട്ടിപ്പടച്ച് ഉണ്ടാക്കിയ കഥാപാത്രമാണ്.സിനിമയിൽ ജയിലിലെ ഒരു ഒറ്റുകാരൻറെ കഥാപാത്രത്തിനെ വ്യാജമായി സൃഷ്ടിച്ചപ്പോൾ അയാളെ കണാരൻ എന്ന ദലിതനാക്കി ശ്രീനിവാസനെ ക്കൊണ്ട് അവതരിപ്പിച്ചതും അയാൾ ജയിലിൽ മൂസ എന്ന മുസ്ലിം പേരായിരുന്നു ഉപയോഗിച്ചിരുന്നത് എന്ന വരുത്തിയതിനും പിന്നിലുള്ള വർഗീയ ജാതീയ അജണ്ടയും വ്യക്തമാണല്ലോ.

ജയിലിൽ പന്നിയിറച്ചി വിളമ്പി എന്ന് കേൾക്കുമ്പോഴേക്ക് ഹാലിളകുന്ന മാപ്പിള മാരായി കുറച്ച് എണ്ണത്തിനെ കാലാപാനി സിനിമയാക്കിയപ്പോൾ ഉൾപ്പെടുത്തിയെന്നത് കൊണ്ട് മാപ്പിളമാരെ പൂർണ്ണമായും പ്രിയദർശൻ തിരസ്കരിച്ചു എന്നു പറയാൻ വയ്യ. ഇതേ പ്രിയദർശൻ-മോഹൻലാൽ ടീം കുഞ്ഞാലിമരയ്ക്കാരെ സിനിമയിൽ എടുത്താൽ എങ്ങിനെ ഒക്കെ ആയിത്തീരും എന്ന് ഇപ്പോൾ തന്നെ ഊഹിക്കാമല്ലോ.