കൃത്യമായി സ്ത്രീകൾ സാമൂഹിക സംസ്കാരികമായി ഇടപെടൽ നടത്തുന്ന വേളയിൽ ഇത്തരം ഹദീസുകളും ഫത്തുവകളും വന്നു ചേരാറുണ്ട്

0
149

Sajna Zakir

ഫത്ത്വവകളിലെ സ്ത്രീ

“സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല”..(മുഹമ്മദ് നബി) .

ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന ഒരു ഹദീസാണ് മേൽ ഉദ്ധരിച്ചത്. കൃത്യമായി സ്ത്രീകൾ സാമൂഹിക സംസ്കാരികമായി ഇടപെടൽ നടത്തുന്ന വേളയിൽ ഇത്തരം ഹദീസുകളും ഫത്തുവകളും വന്നു ചേരാറുണ്ട് .സ്ത്രീയുടെ നൻമക്ക് എന്ന പേരിൽ അവരെ പുരുഷാധിപത്യത്തിന്റെ കാഴ്ച്ചപ്പണ്ടമാക്കുന്ന രീതി എല്ലാ കാലത്തും കാണാൻ സാധിക്കും. നൂറ് വർഷങ്ങൾക്ക് മുൻപ് പൗരോഹിത്യം കേരളം ആകെ പാടിപറഞ്ഞ ഒരു ഹദീസ് ഉണ്ടായിരുന്നു. “സ്ത്രീകളെ മാളികമുകളിൽ താമസിപ്പിക്കരുത്, എഴുത്ത് പഠിപ്പിക്കരുത്,അവർക്ക് നൂൽനൂൽക്കലും സൂറത്ത് നൂറും പഠിപ്പിച്ചുകൊടുക്കുവിൻ…”

എന്നാൽ ആ കാലഘട്ടത്തിൽ വക്കം മൗലവി തന്റെ അൽ-ഇസ്‌ലാം (1906) മാസികയിൽ “സ്ത്രീകളെ കൈഎഴുത്ത് പഠിപ്പിക്കാമോ?”. എന്ന ലേഖന പരമ്പരയിലൂടെ പാരമ്പര്യ ഉലമാക്കളുടെ വാദങ്ങളെ നിരന്തരം സംവാദത്തിലൂടെ നിരാകരിച്ചു കൊണ്ടിരുന്നു.[ഈ ഹദീസ് കുട്ടിക്കാലത്ത് കവലയിൽ മതപ്രസംഗത്തിൽ ഒരു ഉസ്താദ് പറയുന്നത് കേട്ടതിനെ കുറിച്ച് ഹലീമാബീവി തന്റെ ഓർമ്മകുറിപ്പിൽ പറയുന്നുണ്ട് ഉസതാദ് പറഞ്ഞ് നിർത്തുന്നത് “അതിനാൽ പള്ളികൂടത്തിൽ പോകുന്നവർ കാഫിരിച്ചികളാണ്”].

തീർച്ചയായും ഈ പരിഷ്കർത്താക്കളുടെയും സ്ത്രീകളുടെയും കഠിനമായ പരിശ്രമം തന്നെയാണ് കേരളത്തിലെ മുസ്‌ലിം സ്ത്രീകൾക്ക് പൊതുഇടത്തിൽ ദൃശ്യതവന്നത് ആധുനികതയുടെ ഭാഗമായി മാത്രം ഇത്തരം മാറ്റങ്ങളെ വിലയിരുത്തപ്പേടേണ്ടതില്ല. ഇവിടെ ആധുനിക പൂർവ്വകാലത്ത് പള്ളിദർസിൽ ഓതിയിരുന്നസ്ത്രീകളെ കാണാൻ സാധിക്കും.പദ്യം അറിവിന്റെ കൈമാറ്റത്തിനായി ഉപയോഗിക്കുന്ന കാലഘട്ടത്തിൽ മാപ്പിളപാട്ടിലൂടെയും ഒപ്പനപാട്ടിലൂടെയും ദീനിനെയും സംസ്കാരത്തെയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സ്ത്രീകൾക്ക് പങ്കുണ്ടായിരുന്നു.1950വരെ ഒത്തുപള്ളക്കൂടങ്ങൾ നടത്തിയിരുന്ന സ്ത്രീരത്നങ്ങൾ മലബാറിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കാണാൻ സാധിക്കും.

ഒരു പ്രദേശത്തിന്റെ അറിവിന്റെയും ദീനിന്റെ ചിട്ടവട്ടങ്ങളുടെയും ഭാഗമായിരുന്നു ഇവർ .എന്നാൽ പിന്നീട് ‘വലിയ പണ്ഡിതരുടെ’ വരവിന്റെ ഘട്ടത്തിൽ ഇവരിൽ എന്ത് സംഭവിച്ചു എന്നത് സാമൂഹികചരിത്രത്തിന്റെ ഭാഗമായി വായിച്ച് എടുക്കേണ്ടതാണ്.1930തോടുകൂടി വിദ്യാഭ്യാസത്തിന്റെ പൊതുനിരത്തിലേക്ക് മുസ്ലിംപെൺകുട്ടികൾ കടന്നുകയറിയത് ഒരു പാട് ക്ലേശങ്ങൾ സഹിച്ചാണ്. അന്നും ഈ ഉണർവിനെ ആണിയടിക്കാൻ ഇത്തരം പൗരോഹിത്യം മുന്നിലുണ്ടായിരുന്നു.പക്ഷെ ആ ഉയർത്തെഴുന്നേൽപ്പിലൂടെയാണ് ഇന്ന് കേരളത്തിന്റെ പൊതുഇടം സ്ത്രീകൾക്ക് ക്കൂടി അവകാശപ്പെട്ടതായത്
1938-ൽ ടിസി കുഞ്ഞാച്ചുമ്മ എന്ന മുസ്ലിംസ്ത്രീക്ക്സർവേന്ത്യാ മുസ്ലിലീഗ് പ്രതിനിധിയായി പങ്കെടുക്കാൻ സാധിച്ചിരുന്നു ,(മാളിയേക്കൽ തറവാടിന്റെ ചരിത്രം നോക്കാവുന്നതാണ്)

ഇതേ വർഷം തന്നെ തിരുവല്ലയിൽ നിന്ന് ഒരു മുസ്ലിം സ്ത്രീ സ്വന്തമായി ഒരു മാസിക പ്രസിദ്ധികരിച്ചിരുന്നു (ഹലീമാബീവി )തീർച്ചയായും ഈ സ്ത്രീകളെല്ലാം സ്ഥാപിതമായ വ്യവസ്തയോട് നിരന്തരം കലഹിച്ച് കൊണ്ട് തന്നെയാണ് ഈ പാത പാകപ്പെടുത്തിയത്….

കേരളത്തിലെ സ്ത്രീസമരങ്ങൾ ഒരു കാലഘട്ടത്തിൽ നേടിയെടുത്തതിൽ നിന്നും ഒരിക്കലും പിന്നോട്ട് പോയ ചരിത്രമില്ല . അത്രയും ശക്തമായി നിലനിൽക്കാൻ സ്ത്രീകൾക്കേ സാധിക്കൂ .ഒരിക്കൽ മുഖം ലഭിച്ചവരാണ് നമ്മൾ. ഇനി ഒരിക്കലും മുഖമില്ലാത്തവളും ,പുരുഷരൂപത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നവരും ആവരുത്.പകരം ഒപ്പത്തിനൊപ്പം നിന്ന് അധികാരവും അവകാശവും നേടിയെടുക്കൽ തന്നെയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത .
🙁”നിങ്ങളിൽ ആണാവട്ടെ പെണ്ണാവട്ടെ ,പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങളെ നാം ഒരിക്കലും നിഷ്ഫലമാക്കില്ല”) (ഖുർആൻ3:191).


Photos.1.ടിസി കുഞ്ഞാച്ചുമ്മ
2.മുസ്ലിംമഹിളാ സമാജം വാർഷികാഘോഷം (തലശ്ശേരി)
പോസ്റ്റ്‌ by sajna zakir