കന്നഡ സിനിമ മാറിക്കഴിഞ്ഞു മലയാളമേ… കല കൊണ്ടും പണം കൊണ്ടും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
184 VIEWS

Saju Gangadharan

ഫിലിം ഫെസ്റ്റിവലിലൊക്കെ പോകുന്നതുകൊണ്ട് ഗിരീഷ് കാസറവള്ളിയെ അറിയാമായിരുന്നു. കൂട്ടത്തില്‍ ബി വി കാരന്തിനെയും ഗിരീഷ് കര്‍ണ്ണാഡിനെയും. പിന്നെ കവിതാ ലങ്കേഷിനെ കേട്ടു. ശ്രീകുമാരന്‍ തമ്പിയുടെ പ്രശസ്തമായ മ്യൂസിക്കല്‍ ‘ഗാനം’ എന്ന സിനിമയിലെ നായകനായി അംബരീഷ് വന്നു. പിന്നീട് അംബരീഷിന്റെ നിര്‍ബന്ധത്തില്‍ ഒരു കന്നഡ സിനിമ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്തു. 1985ല്‍. ഒണ്ടെ രക്ത (ഒരേ രക്തം). ആ അംബരീഷ് മലയാളികളുടെ പ്രിയപ്പെട്ട ക്ലാരയെ വിവാഹം കഴിച്ചു. 1992ല്‍ ഇറങ്ങിയ മമ്മൂട്ടി ഹിറ്റ് കൌരവരിലെ റഫ് ആന്‍ഡ് ടഫ് പോലീസ് ഓഫീസറെ അങ്ങനങ്ങ് മറക്കാന്‍ പറ്റുമോ? വിഷ്ണുവര്‍ധന്‍. അതിനിടയില്‍ സുന്ദരമായ മറ്റൊരു മ്യൂസിക്കല്‍ ബയോപ്പിക്കില്‍ ഒരു കന്നഡ നടന്‍ നായകനായി. അനന്ത നാഗ്. ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുനാളില്‍. ദക്ഷിണേന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കള്‍ട്ട് ക്ലാസിക് മണിച്ചിത്രത്താഴിലെ രാമനാഥന്‍ എന്ന നര്‍ത്തകനായി വന്നതും ഒരു കന്നഡിഗനാണ്. ഡോ. ശ്രീധര്‍ ശ്രീറാം.

1994ല്‍ ‘ഇല്ലി ഭാരോ ബഡ്ഡി മകനെ’ എന്ന തെറിവിളിയുമായി പട്ടേലര്‍ എന്ന തുളുനാടന്‍ ജന്‍മിയായി മമ്മൂട്ടി പകര്‍ന്നാടി. അടൂരിന്റെ വിധേയനില്‍. ലവ് എന്ന സിനിമയിലൂടെ 2004ല്‍ മോഹന്‍ ലാലും കന്നഡ സിനിമയില്‍ ചുവടുവെച്ചു. പിന്നീടാ ചിത്രം ഹെയ് ടാക്സി എന്ന പേരില്‍ മലയാളത്തിലേക്കു ഡബ് ചെയ്തു. വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ രാജ് കുമാറിനെ കുറിച്ചും അറിഞ്ഞു. തമിഴിലെ സൂപ്പര്‍താരം രജനീകാന്തിന്റെയും രാഷ്ട്രീയം കൊണ്ടും വേറിട്ട അഭിനയശൈലികൊണ്ടും ശ്രദ്ധേയനായ പ്രകാശ് രാജിന്റെയും വേരുകള്‍ കന്നഡ മണ്ണിലാണ് എന്നു വായിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ആകസ്മിക നിര്യാണത്തിലൂടെ പുനീത് രാജ്കുമാര്‍ വേദനയായി. ഇത്രയൊക്കെയേ കന്നഡ സിനിമയെ കുറിച്ച് അറിയുമായിരുന്നുള്ളൂ..

എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിഥി എന്ന സിനിമ കണ്ടതോടെ ഒരു പുതു തലമുറ കന്നഡ സിനിമയില്‍ രൂപംകൊള്ളുന്നുണ്ടെന്ന സൂചന കിട്ടി. രാം റെഡ്ഡി എന്ന യുവ സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു അത്. മലയാളത്തില്‍ ഇറങ്ങി ശ്രദ്ധ നേടിയ തമാശയുടെ മുന്‍ഗാമി ഒരു കന്നഡ സിനിമയാണെന്ന്- ഒരു മൊട്ടയ് കഥ- അറിഞ്ഞപ്പോള്‍ ഉറപ്പിച്ചു. കന്നഡ സിനിമ മാറിക്കഴിഞ്ഞിരിക്കുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ മലയാളിയുടെ പ്രിയംങ്കരനായി മാറിയ സെന്ന ഹെഗ്ഡെ പാതി കന്നഡിഗന്‍. രണ്ടാമത്തെ സിനിമ കഥയോണ്ടു ശുരുവാഗിടെ. ഇതിനിടയില്‍ കെജി എഫ് തരംഗത്തില്‍ ‍ദക്ഷിണേന്ത്യ ആകെയൊന്നുലഞ്ഞു. ഏറ്റവും ഒടുവില്‍ കാന്താര. ഒരു ഋഷബ് ഷെട്ടിയും. നമ്മുടേതെന്ന് അഹങ്കരിച്ചിരുന്ന തെയ്യത്തിന്റെ മിത്തിനെ അതിഗംഭീരമായി സിനിമയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നു. (നമുക്കഭിമാനിക്കാന്‍ ഒരു കളിയാട്ടവും പുലിജന്‍മവും മാത്രം) കന്നഡ സിനിമ മാറിക്കഴിഞ്ഞു മലയാളമേ… കല കൊണ്ടും പണം കൊണ്ടും…

NB: Sarkari Hi. Pra. Shaale, Kasaragodu, Koduge: Ramanna Rai ഇതൊന്നു കണ്ടു നോക്കണം. ഋഷബ് ഷെട്ടിയുടെ 2019 സറ്റയര്‍ ഫിലിം. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം. ഒരു തുളുനാടന്‍ ചിത്രം. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോട്ടെ ഒരു സ്കൂളിന്റെ കഥ

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ