Saju Joseph

ഓയ്മ്യക്കോൺ.. അതിജീവനത്തിന്റെ അസുരഭാവം.

ഓയ്മ്യക്കോൺ …. ഈ പേരു കേൾക്കുമ്പോൾ തന്നെ ഇതേപ്പറ്റി അറിയാവുന്നവരുടെ ശരീരം ഒന്നു വിറകൊള്ളും . മനസ്സൊന്നു പിടക്കും . അതിനവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഭൂമിയിലെ സ്ഥിരവാസമുള്ള എറ്റവും തണുപ്പേറിയ പ്രദേശമാണിത്. മൈനസ് 50 ഡിഗ്രി സെന്റീഗ്രേഡ് തണുപ്പാണ് മഞ്ഞുകാലത്തെ ഇവിടുത്തെ ശരാശരി കലാവസ്ഥ. മൈനസ് 68 ഡിഗ്രി വരെ തണുപ്പിവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

Image result for oïmiakon"റഷ്യയുടെ ഭാഗമായ സൈബീരിയയുടെ കിഴക്കേയറ്റത്തുള്ള ഒരു ചെറിയ പട്ടണമാണ് ഓയ്മക്യോൺ. ലോകത്തിലെ തന്നെ സ്ഥിരവാസമുള്ള ഏറ്റവും തണുപ്പേറിയ പ്രദേശമെന്ന ബഹുമതിയുള്ള പട്ടണം. സൈബീരിയ എന്നു കേൾക്കുമ്പോൾ തന്നെ പലരുടേയും മനസ്സിലേക്ക് അതിശൈത്യം അരിച്ചിറങ്ങും. വിരോധാഭാസമെന്ന് പറയട്ടെ ഓയ്മക്യോൺ എന്ന വാക്കിന്റെ അർത്ഥം സൈബീരിയായിലെ ഈവൻ (Even) ഭാഷയിൽ ” water that doesn’t freeze ” എന്നാണ്. ഇവിടെയുള്ള ഒരിക്കലും ഐസാകാത്ത ചൂടു നീരുറവയുമായി ബന്ധപ്പെടുത്തി വന്ന പേരാണിത്. ഒരു സ്കൂൾ , പോസ്റ്റോഫീസ്, ബാങ്ക് , അവശ്യസാധനൾ വിൽക്കുന്ന ഒരു കട എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളുകൾ മൈനസ് 52 ഡിഗ്രി സെലിഷ്യസ് ഊഷ്മാവിൽ താഴെ വന്നാലെ പ്രവർത്തിക്കാതിരിക്കൂ.

Image result for oïmiakon"1920 വരെ റയിൻഡിയറുകളെ വളർത്തുവർ ആശ്രയിച്ചിരുന്ന ഈ പ്രദേശത്തിന്റെ ജീവനാഡിയായ ഏക ചൂടുറവ തേടി വരുന്നവർ മാത്രമെ ഇവിടം സന്ദർശിച്ചിരുന്നുള്ളു. എന്നാൽ അതിനു ശേഷം റഷ്യൻ ഗവണ്മെന്റ് ഇതൊരു കോളനിയാൻ ആരംഭിച്ചു. നിയന്ത്രിക്കാൻ വളരെ പ്രയാസമുള്ള, വൃത്യസ്ഥമായ ആചാരമുറകളുള്ള നാടോടികളെ ഇവിടെ കൊണ്ടുവന്ന് അവർ കുടിയിരുത്തി.

ലോകത്തിലെ കുഴിച്ചെടുക്കാനുള്ള രത്നങ്ങളുടെ 20 ശതമാനത്തോളം ഇവിടുത്തെ തണുത്തുറഞ്ഞ മണ്ണിനടിയിലാണ്. കൂടാതെ പ്രകൃതി വാതകവും ,എണ്ണയും കൊണ്ട് സമ്പന്നവുമാണ് ഈ പ്രദേശം.

ഇവിടെയെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം 560 മൈൽ അകലെയുള്ള yakutsk Air strip അല്ലെങ്കിൽ Magadu വിമാനത്താവളം വഴിയാണ്. അവിടെ നിന്ന് വീണ്ടും രണ്ടു ദിവസം വരെയെടുത്ത് വിജനമായ പൊട്ടിപ്പൊളിഞ്ഞ റോഡിൽക്കൂടി ഡ്രൈവ് ചെയ്താണ് ഇവിടെ എത്തുന്നതു്.

Image result for oïmiakon"ഏകദേശം 500 ഓളം സ്ഥിരതാമസക്കാരേ ഈ ചെറു പട്ടണത്തിലുള്ളു. തണുപ്പുകാലമായ നവംബർ മുതൽ മാർച്ചുവരെ 21 മണിക്കൂർ രാത്രിയും, മൂന്നു മണിക്കൂർ പകലും മാത്രമേ ഇവിടുള്ളു. ശൈത്യകാലത്ത് ജനങ്ങളെ പുറത്തു കാണുന്നത് അപൂർവ്വമാണ്. വസ്ത്രങ്ങളൊന്നുമില്ലാതെ വെളിയിൽ നിന്നാൽ ഒരു മിനിറ്റിനകം തണുപ്പു കൊണ്ട് മരണപ്പെട്ടിരിക്കും. വിലയേറിയ രോമക്കപ്പായം മാത്രമേ ഇവിടുത്തെ തണുപ്പിനെ ചെറുക്കുകയുള്ളു. അതിനാൽ തന്നെ കൊള്ളയടിക്കപ്പെടുകയാണെങ്കിൽ പണമല്ല രോമക്കുപ്പായമായിരിക്കും നഷ്ടപ്പെടുക. വെളിയിലെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ പുറത്തിറങ്ങിയാൽ കൺ പീലികളിൽ മഞ്ഞുറഞ്ഞു നിൽക്കും. വായ് തുറന്നാൽ വായിലെ ഉമിനീർ ചെറിയ ചെറിയ സൂചികൾ പോലെ തണുത്തുറഞ്ഞ് നമ്മെ കുത്തി നോവിക്കും.

തന്നുപ്പിന്റെ അവസാനവാക്കിന്റെ സ്ഥലമാണെങ്കിലും വളരെക്കുറച്ച് വേനൽക്കാലവും ഇവിടെയുണ്ട്. വേനലിലെ കൂടിയ ചൂട് 23 ഡിഗ്രി സെന്റീഗ്രേഡാണ്.ഈ സമയത്ത് പകൽ 21 മണിക്കൂറും രാത്രി 3 മണിക്കൂറും ആയിരിക്കും.

Image result for oïmiakon"ജനങ്ങളുടെ ശരാശരി വരുമാനം 600 ഡോളർ ആണ്. പക്ഷെ നല്ലൊരു രോമക്കുപ്പായത്തിന്റെ വില 1600 ഡോളറോളമാണ്. ഇത് പലർക്കും താങ്ങാൻ സാധിക്കാത്തതിനാൽ അതു വാങ്ങാൻ മാത്രം ബാങ്കുകൾ വായ്പ കൊടുക്കാറുണ്ട്.

ജനങ്ങളുടെ പ്രധാന ഭക്ഷണം മാംസവും,, മത്സ്യവുമാണ് . റെയിൻഡിയറിന്റേയും
കുതിരയുടേയും മാംസമോ, രക്തം ശീതീകരിച്ച് കട്ടിയാക്കിയതോ , സാൽമൺ, വൈറ്റ് ഫിഷ് മുതലായ മത്സ്യങ്ങൾ തണുത്തുറഞ്ഞത് ചീകിയെടുത്തതോ പാകം ചെയ്യാതെ കഴിക്കുന്നത് സർവ്വ സാധാരണമാണ് . മരം കോച്ചുന്ന തണുപ്പിൽ ജീവിക്കാൻ മതിയായ ഊർജ്ജം ലഭിക്കാൻ മാംസാഹാരം അനിവാര്യമാണ്. അതുപോലെ പോഷക സമൃദ്ധമായ പാലും ഇവരുടെ ആരോഗ്യത്തിന്റെ രഹസ്യമാണ്. വളരെ ചെറിയ തോതിൽ പച്ചക്കറികൾ നീളം കുറഞ്ഞ വേനൽക്കാലത്ത് കൃഷി ചെയ്യാറുണ്ട്.

Image result for oïmiakon"ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ റയിൻഡിയറുകളെ വളർത്തുന്നതും, വേട്ടയാടലും , ഐസ് ഫിഷിംഗുമാണ്.
ജനങ്ങൾ അതികഠിനമായ തണുപ്പുള്ള വെള്ളത്തിൽ കുളിക്കുന്നത് സാധാരണയാണ്. ഇത് രോഗപ്രതിരോധ ശക്തി ലഭിക്കാനാണത്രേ. പുരുഷന്മാർ മാത്രമല്ല സ്ത്രീളും കുട്ടികളും ഇതിൽ ഭാഗഭഗുക്കളാണ്. എന്തായാലും ഇവർ പലരും ആയുർദൈർഘ്യം കൂടുതലുള്ളവരാണ്. നൂറു വയസ്സിൽ കുടുതൽ ജീവിക്കുന്നവർ അസാധാരണമല്ല.

ചൂടില്ലാത്ത വണ്ടിപ്പുരകളിൽ പാർക്കു ചെയ്യാത്ത പല വാഹനങ്ങളും ഇരുപത്തിനാല് മണിക്കൂറും സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും. എന്നാൽ തന്നേയും പലപ്പോഴും തണുത്തുറഞ്ഞു പോകുന്ന ഡീസൽ ഉരുക്കാൻ ടാങ്കിനടിയിൽ തീ കൊണ്ട് ചൂടാക്കുന്നത് സർവ്വ സാധാരണമാണ്.
തിളച്ചുമറിഞ്ഞ വെള്ളം പുറത്തു വച്ചാൽ ഒരു മിനിറ്റിനകം അത് ഉറച്ച് മഞ്ഞുകട്ടിയാകും. കുട്ടികൾക്ക് അവർ മുന്നറിയിപ്പുകൊടുക്കുന്നത് വല്ലിടത്തും കയറി വീഴരുതെന്നല്ല… മറിച്ച്‌ വീടിനു പുറത്തെ ലോഹ വസ്തുക്കളിൽ തൊടരുതെന്നാണ്. അതിശൈത്യത്തിൽ ശരീരം ലോഹ വസ്തുക്കളിൽ ഒട്ടിപ്പിടിച്ചാൽ ആംബുലൻസ് വിളിക്കേണ്ടുന്ന സാഹചര്യമാവാം ഉണ്ടാവുക.

Image result for oïmiakon"മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്നു ദിവസം മുന്‍പേ കുഴി എടുത്ത് തുടങ്ങണം. കല്‍ക്കരി കത്തിച്ച് ഉരുക്കിനേക്കാൾ കാഠിന്യമുള്ള തണുത്തുറഞ്ഞ മണ്ണ് ചൂടാക്കുന്നു. 5000 അടി താഴ്ച വരെയുള്ള മണ്ണ് പാറപോലെ ഉറഞ്ഞതാണ്. പക്ഷെ ഒറ്റ പ്രാവശ്യം രണ്ടോ മൂന്നോ ഇഞ്ചേ കുഴിക്കാൻ സാധിക്കൂ. വീണ്ടും വീണ്ടും ചൂടാക്കി മതിയായ ആഴത്തിൽ കുഴിക്കാൻ ഇത്രയും ദിവസം ആവശ്യമാണ്. ശവമടക്കി രണ്ടോ മൂന്നോ മാസം കഴിഞ്ഞു ചെന്ന് നോക്കിയാലും മരിച്ചയാള്‍ അത് പോലെ കിടക്കുന്നുണ്ടാവും. ശൈത്യകാലങ്ങളില്‍ ബോഡി ഉറഞ്ഞു ജീര്‍ണ്ണിച്ചുപോവാന്‍ അവര്‍ നോർവ്വെയിലെ ഓസ്ലോയില്‍ കൊണ്ട് പോയി ശവമടക്ക് നടത്തുകയാണ് ഇതിനു കണ്ട ഒരു പരിഹാരം. അടക്കി വർഷങ്ങൾ കഴിഞ്ഞ് ശവപ്പെട്ടികൾ മണ്ണിനടിയിൽ നിന്ന് തനിയെ പൊങ്ങി വരുന്നത് സാധാരണമാണ്. വേനക്കാലത്ത് തണുത്തുറഞ്ഞ ഐസു ചേർന്ന മണ്ണ് ഉരുകുകയും, വീണ്ടും ഐസാകുകയും ചെയ്യുമ്പോൾ സംഭവിക്കുന്നതാണിതു്.

കോളനിയുടെ ആരംഭകാലത്ത് സൈബീരിയയിൽ നിലനിന്നിരുന്ന ആചാരമായ sky burial ന്റെ ഭാഗമായി മരങ്ങളിൽ പൊതിഞ്ഞു കെട്ടിത്തൂക്കുകയായിരുന്നു. എന്നാൽ റഷ്യൻ
ഗവണ്മെന്റ് ഈ രീതി പിന്നീട് നിരോധിച്ചു.

Image result for oïmiakon"മൊബൈൽ ഫോണുകൾ ഇവിടെ പ്രവർത്തിക്കാറില്ല. ലോഹങ്ങൾ ശരീരത്തിൽ മുട്ടിയാൽ ഒട്ടിപ്പിടിച്ചിരിക്കും. പേനയിലെ മഷി തണുത്തുറഞ്ഞു പോകും. തണുപ്പറിയാതിരിക്കാൻ ജനങ്ങളെ ഒരു പരിധി വരെ രക്ഷിക്കുന്ന വോഡ്ക വെളിയിൽ വച്ചാൽ തണുത്തുറഞ്ഞു പോകും.

ടോയിലറ്റിൽ പോകുകയെന്നത് ജനങ്ങൾക്ക് കൊല്ലുന്ന വാശിയാണ്. കാരണം മിക്ക ശൗചാലയങ്ങളും വീടിന് വെളിയിലാണ്. കൊടും തണുപ്പിൽ വേണം കാര്യം സാധിക്കുവാൻ. പൈപ്പുകൾ തണുത്തുറഞ്ഞു പൊട്ടി പോകുന്നതനാിലാണിതു്.

ഏറ്റവും അടുത്ത പട്ടണം 600 മൈൽ അകലെയാണ് ഒരു സുഹൃത്തിനേയോ , കുടുബാംഗങ്ങളേയോ കാണാൻ 200 മൈലൊക്കെ വണ്ടിയോടിക്കുക എന്നതിൽ അവർക്ക് അസാധാരണത്വമൊന്നുമില്ല.

ഓയ്മ്യക്കോൺ ഒത്ഭുതമാണ്. അതിജീവനത്തിന്റെ രസതന്ത്രം അറിയാവുന്നവരുടെ മാത്രം സ്ഥലം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.