Saju Pulikkan
പൊറിഞ്ചു മറിയം ജോസ്’കണ്ട ദിവസമുള്ള എന്റെ ഒരു തോന്നല്‍
2019 കടന്നുപോകുമ്പോള്‍ ‘പൊറിഞ്ചു മറിയം ജോസ്’ പ്രേക്ഷകന് സമ്മാനിച്ച ജോഷി സാറിന് ബിഗ് സല്യൂട്ട്- ഒരുപാട് ഇഷ്‌ടമായ ചിത്രമെങ്കിലും, ചിത്രം കണ്ടുകൊണ്ടിരിക്കുമ്പൊ തോന്നിയ എന്റെ കാഴ്ചപ്പാട് ഒന്ന് കുറിക്കുന്നു-തെറ്റാണെങ്കില്‍ ക്ഷമ-
80 കളിലെ മുതലാളി കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തനായ ഐപ്പേട്ടനെ പണ്ട് കാലങ്ങളിലെ വിഷം ഉള്ളില്‍ സൂക്ഷിക്കുന്ന മുതലാളി കഥാപാത്രങ്ങളിലൊന്നായി ട്വിസ്‌റ്റ് ചെയ്യിച്ചത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്, പെശക് കാരക്‌ടറാണെങ്കിലും, ക്ലൈമാക്‌സിന് തൊട്ട് മുന്‍പ് വരെ ഐപ്പിന്റെ ചങ്കിന്റെ കോണിലെവിടെയൊ നേരിന്റെ ഒരു തരി ഉണ്ടെന്നുള്ള എന്റെ തോന്നലും, അതുകൊണ്ടുള്ള ഇഷ്‌ടം കൊണ്ടുമാണ്–
അകമെ പരുക്കന്മാരെങ്കിലും ഉള്ളില്‍ ചില ശരികളുള്ള ഐപ്പിന്റേയും പൊറിഞ്ചുവിന്റേയും സാമ്യതയാണ് ഞാന്‍ ഇഷ്‌ടപ്പെട്ടത്-മറ്റൊന്ന്, ചിത്രത്തിനവസാനം പൊറിഞ്ചുവിന്റേയും മറിയത്തിന്റേയും പേരെഴുതിയ കല്ലറക്കു മുന്നില്‍ അകം നീറി നില്‍ക്കുന്ന മറിയത്തിനേയും ചെറുതായി ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല-കാരണം ഏത് നിര്‍ണ്ണായക ഘട്ടത്തിലും മുഖത്ത് കാണുന്ന കൂസലില്ലായ്‌മ ചിത്രത്തിലുടനീളം കണ്ടിരുന്നതുപോലെ തന്നെ അവസാനം കാണുമെന്നായിരുന്നു പ്രതീക്ഷ- മനസിന്റെ ആ പവര്‍ ആണ് മറിയം എന്ന കാരക്‌ടര്‍ എന്ന് ഞാന്‍ കരുതുന്നു-ഞാന്‍ പ്രതീക്ഷിച്ച ഐപും മറിയവും ഇങ്ങനെയായിരുന്നു-
സന്ധ്യ-
ഐപിന്റെ വീടിന് മുന്നില്‍ വന്നുനിന്ന പ്രദക്ഷിണം.ബാന്‍ഡ് മേളത്തിന് നടുവിലേക്ക് നടന്നുവന്ന പൊറിഞ്ചുവിനൊപ്പം ഐപ് എല്ലാം മറന്ന് ചുവട് വക്കുന്നു-പെട്ടെന്ന്, ആഴ്ത്തിലുള്ള കുത്ത് പിന്നില്‍ നിന്നേറ്റ് പൊറിഞ്ചു വേച്ച് പോകുന്നു-വീണുപോകുന്ന പൊറിഞ്ചു കാണുന്നു, തന്നെ കുത്തിയ കത്തി താഴെയിട്ട ശേഷം നിലത്ത് തന്റെ അരികിലേക്കിരിക്കുന്ന മറിയത്തെ-കനത്ത നിശബ്ദതയില്‍, ഐപ്പും മറ്റുള്ളവരും പതറി നില്‍ക്കുന്നിടത്ത്, പൊറിഞ്ചുവിന്റെ ശിരസ് താങ്ങിയെടുത്ത് തന്റെ മടിയില്‍ വച്ച്, ഇടര്‍ച്ചയുണ്ടെങ്കിലും മുഖത്തെ കൂസലില്ലായ്‌മയുടെ ആ സിഗ്നേച്ചറോടെ പതിഞ്ഞ ശബ്ദത്തില്‍ മറിയം പറഞ്ഞു-
‘ടാ പൊറിഞ്ചൂ, നീയറിയാത്ത വേറൊരു ലോകം ഇവിടുണ്ട്. ഇവിടെ നീ ഇഞ്ച് ഇഞ്ച് ആയി ചാകുന്നത് കണ്ട് നിക്കാന്‍ മറിയത്തിന് പറ്റില്ലടാ! നീ പോ!മറിയത്തിന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി കിടന്ന് പൊറിഞ്ചുവിന്റെ മുഖത്ത് അയാളുടെ സിഗ്നേച്ചറായ പുഞ്ചിരി ഒന്ന് മിന്നി, ശേഷം കണ്ണുകള്‍ കൂമ്പിയടഞ്ഞു-
മറിയം മുഖമുയര്‍ത്തി ചുറ്റുമൊന്ന് നോക്കി-അവളുടെ കണ്ണുകള്‍ പതിവില്ലാത്തവിധം നിറഞ്ഞു തുളുമ്പിനിന്നു. ചുറ്റിനും നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഇടകലര്‍ന്ന് നില്‍ക്കുന്ന എന്തിനും പോന്ന പത്തോളം ക്വട്ടേഷന്‍ ക്രിമിനലുകളെ മറിയത്തിന്റെ കാഴ്‌ചയില്‍ കാമറ കണ്ടു-ഏത് സെക്കണ്ടിലും പ്രയോഗിക്കാന്‍ തയ്യാറായി, ബെല്‍റ്റില്‍ താഴ്‌ത്തിയിരിക്കുന്ന ആയുധങ്ങളുടെ പിടിയില്‍ അവരോരുത്തരുടേയും കൈകള്‍ പിടിമുറുകിയിരുന്നു-
വല്ലാത്തൊരു ഞെട്ടലില്‍ ഐപ്പും ഇത് കണ്ടു. അയാളുടെ കാഴ്‌ച തന്റെ രണ്ട് മക്കളില്‍ എത്തി നിന്നു- അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു സംതൃപ്‌തി അദ്ദേഹം ചങ്ക് വേദനയോടെ കണ്ടു-കനത്ത നിശബ്ദത-
ഐപ് സാവധാനം നടന്ന് തന്റെ വീടിന്റെ ഗെയ്‌റ്റ് കടന്ന്, ഗെയ്‌റ്റ് അകത്തു നിന്നും അടക്കുന്നതിനിടയില്‍, ഒന്ന് നിന്ന് -ശബ്‌ദത്തിലെ ഉള്ളില്‍ തട്ടുന്ന ഇടര്‍ച്ചയില്‍, എന്നാല്‍ ഉറച്ച നിശ്‌ചയത്തില്‍ പറഞ്ഞു-
‘ഈ വീട്ടില്‍ ഐപ് ഇനി ഒറ്റക്കാ! ഐപ്പിന് മക്കളില്ല!ഗെയ്‌റ്റ് മുഴുവനായും അടച്ച്, കുറ്റിയിട്ട് ഐപ് മുറ്റത്തുകൂടി വീട്ടിലേക്ക് നടന്നു.സീന്‍ സാവധാനം മങ്ങിത്തെളിയുന്നത്- അപ്പന്‍ തൂങ്ങിമരിച്ച മരക്കൊമ്പ് ഉള്‍പ്പെടുത്തി,താഴ്ന്ന് വന്ന്- മറിയത്തിന്റെ തറവാട്ടുവീട് ദൃശ്യമാക്കി നിശ്ചലമാകുന്ന ഭംഗിയുള്ള ക്രെയിന്‍ ഷോട്ടിലാണ്- മുറ്റത്ത് ആ പഴയ പ്രീമിയര്‍ പത്മിനി -സമയം രാത്രി എട്ട്മണി
തുടര്‍ന്ന്, വീടിന്റെ വലിയ വിസിറ്റിങ് റൂമിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിന്റെ കാഴ്‌ചയില്‍ വര്‍ഷം 2019 എന്ന് മനസിലാകുന്നു- പക്ഷെ മുറിക്കൊ സംവിധാനങ്ങള്‍ക്കൊ യാതൊരു മാറ്റവുമില്ല.
തുടര്‍ന്നുള്ള കാഴ്‌ചയില്‍ മുറിയുടെ കോര്‍ണ്റിലുള്ള വലിയ ചാരുകസേരയില്‍ ഇരുന്ന്, കൈയ്യില്‍ നാലാക്കിമടക്കിയ മുറുക്കാന്‍ വായിലേക്ക് വക്കുന്ന മറിയം. മുഖത്തും കണ്ണുകളിലും തരിമ്പ് പോലും മാറ്റമില്ലാത്ത അതേ തീക്ഷ്‌ണത- വയസ് 76.
പതിയെ മുഖമുയര്‍ത്തി, മറിയം ഭിത്തിയിലേക്ക് നോക്കി- ഭിത്തിയില്‍ മൂന്ന് വലിയ ഫോട്ടൊ ഫ്രെയിമുകള്‍- ആദ്യത്തേത് പൊറിഞ്ചു മൂന്നാമത് ജോസ് നടുവിലുള്ള ഫ്രെയിം ബ്ലാങ്ക്! ഭിത്തിയിലേക്ക് നോക്കി മുറുക്കാന്‍ ചവച്ചുകൊണ്ട് പഴയ അതേ പുഞ്ചിരിരിയില്‍ മറിയം പറഞ്ഞു-
‘നാള പെരുന്നള് കൊടിയേറ്റാണ്-ടാ പൊറിഞ്ച്വേ, ങ്ങള് എപ്പഴാ ഇങ്ങെത്താ? ങേ?
ക്ലോസിങ് ക്രെഡിറ്റ്‌സ്