കേട്ട വിവരങ്ങള്‍ സത്യമായിരുന്നു.
അത്‌ സ്ഥിരീകരിക്കുന്നതിന്‌ വേണ്ട തെളിവുകള്‍ വിശ്വസ്‌തരില്‍ നിന്ന്‌ തന്നെ ലഭിച്ചു. അപ്പോള്‍ സന്തോഷവും സങ്കടവും ഒരു പോലെയുണ്ടായി ആയിഷുമ്മക്ക്‌. പട്ടാളത്തിലുള്ള ജോലിയല്ലെ. വീട്ടിലിരിക്കുന്നവര്‍ക്ക്‌ ഒരു സമാധാനവും തരാത്തതാണത്‌. ഇനി എന്തായാലും കുഞ്ഞാലി നാട്ടില്‍ തന്നെയുണ്ടാകുമല്ലോ. എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ. അതിലായിരുന്നു അവര്‍ക്ക്‌ ആശ്വാസം. എന്നാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാനുണ്ടായ കാരണങ്ങളറിഞ്ഞപ്പോഴാണ്‌ ആയിഷുമ്മയില്‍ രോഷം തിളച്ചത്‌. കുഞ്ഞാലിയോട്‌ വിരോധമുണ്ടായിരുന്ന ചിലര്‍ ഊമക്കത്ത്‌ അയച്ചതിന്റെ പുറത്താണെത്രെ നടപടി.

രണ്ടാം ലോക മഹായുദ്ധത്തിന്‌ തിരശ്ശീല വീണു.
1945ലായിരുന്നുവത്‌. സ്വാതന്ത്ര്യ സമരത്തില്‍ സഖ്യകക്ഷികളായിരുന്നു കോണ്‍ഗ്രസും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും. അവര്‍ക്കിടയില്‍ യുദ്ധകാലത്തേ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ പേരിലായിരുന്നുവത്‌.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്നത്‌. അവര്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്തും ഭൂവുടമകളിലും വരുത്തിയ `മാറ്റങ്ങളില്‍’ അങ്ങേയറ്റത്തെ അസംതൃപ്‌തിയും ഉണ്ടായിരുന്നു. അവരുടെ കൊള്ളരുതായ്‌മകള്‍ അസന്തുഷ്‌ടിയിലുമാക്കി. അതെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പട്ടാളത്തിലിരിക്കുമ്പോള്‍ തുറന്ന്‌ പറയുന്നതിനും കുഞ്ഞാലി ആരെയും ഭയപ്പെട്ടിരുന്നില്ല.

ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ആധിപത്യം നിലനില്‍ക്കുന്നതിന്‌ സഹായകമായിരുന്നത്‌ നിരവധി കാരണങ്ങളായിരുന്നു.
നാട്ടു രാജാക്കന്‍മാര്‍ തമ്മിലുണ്ടായിരുന്ന അനൈക്യം. വാണിജ്യ വ്യവസായ പ്രമുഖര്‍ തമ്മിലുണ്ടായിരുന്ന ഐക്യം. ഭരണാധികാരികളെ പ്രീതിപ്പെടുത്താനായി മത്സരിച്ചിരുന്ന ഉദ്യോഗസ്ഥരുടെ വിനീത സേവനം. ഇതിനെല്ലാം പുറമേ ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ കരുത്തുറ്റ അടിത്തറ ഇന്ത്യക്കാരായിരുന്ന പട്ടാളത്തിന്റെ പിന്‍ബലവും ആത്മാര്‍ഥതയുമായിരുന്നുവെന്ന്‌ കണ്ടെത്തിയത്‌ നേതാജി സുഭാഷ്‌ ചന്ദ്രബോസാണ്‌. ആ ഘടകത്തെ ഇല്ലായ്‌മ ചെയ്യുന്നതിലും നേതാജിക്ക്‌ വിജയിക്കാനായി. മുന്‍ ബ്രിട്ടീഷ്‌ സൈനികര്‍ ഉള്‍കൊള്ളുന്ന ഇന്ത്യന്‍ ദേശീയ സൈന്യത്തെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധമുഖത്തേക്ക്‌ ഇറക്കികൊണ്ടാണ്‌ നേതാജി മിടുക്ക്‌ തെളിയിച്ചത്‌. പഴയ കൂലി പട്ടാളക്കാരെ അര്‍പ്പണ ബോധമുള്ള രാജ്യസ്‌നേഹികളാക്കി പടനയിക്കാനും അദ്ദേഹത്തിന്‌ സാധിച്ചു. കുഞ്ഞാലിയും സുഭാഷ്‌ ചന്ദ്രബോസിന്റെ ആരാധകനായിരുന്നു.

ബ്രിട്ടീഷ്‌ ഇന്ത്യന്‍ സൈന്യത്തിലെ ജവാന്‍മാര്‍ക്ക്‌ ഐ എന്‍ എയെപ്പറ്റി വലിയ മതിപ്പായിരുന്നു. രാജ്യ സ്‌നേഹികളായ ഐ എന്‍ എ ഭടന്‍മാരെ ബഹുമാനിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു രഹസ്യ ബാലറ്റ്‌ വഴി വോട്ടെടുപ്പില്‍ അവര്‍ അഭിപ്രായപ്പെട്ടത്‌. അതുമൂലമായിരുന്നു ജീവപര്യന്തത്തിനും നാടുകടത്തലിനും വിധിക്കപ്പെട്ട ഐ എന്‍ എ ഓഫീസര്‍മാരെ നിരുപാധികം മോചിപ്പിച്ചത്‌.

ഇന്ത്യന്‍ സൈന്യത്തെ ഇനി വിശ്വസിക്കാനാവില്ലെന്നായിരുന്നു വൈസ്രോയി വേവലിന്റെ അഭിപ്രായം. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യം നിലനിര്‍ത്തണമെങ്കില്‍ അടിയന്തരമായി പത്തുലക്ഷത്തോളം വെള്ളപട്ടാളത്തെകൂടി എത്തിക്കണമെന്ന്‌ വൈസ്രോയി രഹസ്യമായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക്‌ റിപ്പോര്‍ട്ടയച്ചു. എന്നാല്‍ തന്ത്രശാലിയായ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആറ്റ്‌ലി അതിന്‌ സമ്മതം മൂളിയില്ല. ബ്രിട്ടീഷ്‌ വ്യാപാര വ്യവസായങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കണെമെങ്കില്‍ ഉടന്‍ തന്നെ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നല്‍കി ഭാരതീയരുടെ ഇഷ്‌ടം സമ്പാദിക്കുകയാണ്‌ വേണ്ടതെന്നാണ്‌ നയ തന്ത്രജ്ഞനായ ആറ്റ്‌ലി തീരുമാനിച്ചത്‌.

1946ല്‍ നാവിക കലാപം പൊട്ടി പുറപ്പെട്ടു. അത്‌ പടര്‍ന്ന്‌ വ്യാപിച്ചു. അപ്പോള്‍ വ്യോമസേനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അതിശക്തനായ പ്രചാരകനായി തീര്‍ന്നിരുന്നു കുഞ്ഞാലി. അക്കാലത്തെ കലാപകാരികളെ എല്ലാം ബ്രിട്ടീഷ്‌ അധികൃതര്‍ കമ്യൂണിസ്റ്റായി മുദ്ര കുത്തപ്പെട്ടു. ഇത്‌ കുഞ്ഞാലിക്കും വിനയായി.

കുഞ്ഞാലിയുടെ പേരില്‍ ചില പരാതികളും ലഭിക്കുകയുണ്ടായി അധികൃതര്‍ക്ക്‌. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്ന ചില കോണ്‍ഗ്രസുകാരായിരുന്നുവത്രെ ഈ പരാതികള്‍ക്കും ഒറ്റിക്കൊടുക്കലുകള്‍ക്കും പിന്നില്‍. ഇതിന്റെ ഫലമായിട്ടായിരുന്നു കുഞ്ഞാലിയെ നാവികസേനയില്‍ നിന്നും പിരിച്ചുവിട്ടത്‌.
മൂന്നു വര്‍ഷത്തെ സൈനിക ജീവിതം മതിയാക്കി കുഞ്ഞാലി നാട്ടില്‍ തിരിച്ചെത്തി.

ഒരിക്കലും നിരാശനായിരുന്നില്ല കുഞ്ഞാലി. ഇനി എന്ത്‌ എന്ന ചോദ്യവും അയാള്‍ക്കു മുന്നില്‍ അപ്രസക്തമായിരുന്നു. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. അതുകൊണ്ട്‌ തന്നെ ഭാവിജീവിതവും ഭാരിച്ച ഉത്തരവാദിത്വങ്ങളും നീണ്ടുകിടക്കുന്നു.
അതു മാത്രവുമല്ല, കുഞ്ഞാലി സൈന്യത്തില്‍ ചേരാന്‍ പോകുമ്പോഴുണ്ടായിരുന്ന കാരണങ്ങള്‍ക്ക്‌ അന്ന്‌ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ അല്ലെങ്കിലും സാമ്രാജ്യത്വ ശക്തിക്കു വേണ്ടി എത്രനാള്‍ ദാസ്യവേല ചെയ്യാന്‍ കഴിയും കുഞ്ഞാലിയെപ്പോലെരാള്‍ക്ക്‌….?

അപ്പോഴേക്കും കുഞ്ഞാലി ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവായി മാറിയിരുന്നു. യൗവനത്തിന്റെ ചോരതിളപ്പ്‌ മാത്രമായിരുന്നില്ല, ദേശീയബോധവും വര്‍ഗ സ്‌നേഹവും സ്വാതന്ത്ര്യദാഹവും എല്ലാം ഒത്തിണങ്ങിയ സാഹസികനായ ഒരു പോരാളിയായും മാറിക്കഴിഞ്ഞിരുന്നു.

പിന്നെ പൊതു പ്രവര്‍ത്തനത്തിലേക്കാണിറങ്ങിയത്‌.
അതിന്റെ തുടക്കം സൈനിക ജീവിതത്തില്‍ നിന്നും വിരമിച്ചവരുടെ ഒരു കൂട്ടായ്‌മ ഒരുക്കിക്കൊണ്ടായിരുന്നു. അവശതയും കഷ്‌ടതയും അനുഭവിച്ച്‌ കഴിഞ്ഞ്‌ കൂടിയിരുന്ന ഒരു ജനവിഭാഗം. അവര്‍ നാടിന്റെ ഏതൊക്കെയോ മുക്കുമൂലകളില്‍ ചിതറിക്കിടക്കുന്നു. സംഘടിതരല്ല. അവകാശങ്ങള്‍ നേടി എടുക്കുന്നില്ല. അവരെ എല്ലാം ഒരുമിച്ച്‌ കൂട്ടണം.

തങ്ങളെല്ലാവരും ഒരേ തൂവല്‍ പക്ഷികളാണെന്ന ബോധവും ബോധ്യവും അവരില്‍ ഉണ്ടാക്കി എടുക്കണം. ആവശ്യങ്ങളും നിലവിളികളും നിശബ്‌ദമായി ഒടുങ്ങുകയായിരുന്നു ഇതുവരെ. അവയ്‌ക്ക്‌ പരിഹാരമില്ല. പരാതിക്കാരില്ല. പിന്നെ എങ്ങനെ പരിഹാരം ഉണ്ടാക്കാനാവും? വിമുക്തഭടന്‍മാര്‍ക്കായി ഒരു സംഘടനയുണ്ടാക്കണം. അവര്‍ പരസ്‌പരം ഒത്തുകൂടണം. ഒരുമിച്ച്‌ കൂട്ടണം.

മഞ്ചേരിയില്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നവരെയെല്ലാം പങ്കെടുപ്പിച്ച്‌ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രചാരണവുമായി കുഞ്ഞാലിയുടെയും ഡോ. സുന്ദരത്തിന്റെയും നേതൃത്വത്തില്‍ ഒരു കാല്‍നട പ്രചാരണ ജാഥ നടത്തി. ജാഥ ഏറനാട്‌ താലൂക്കിന്റെ മുക്കു മൂലകളില്‍ ചുറ്റി നാടിനെ ഉണര്‍ത്തി. വേറെ പലരും ഉണ്ടായിരുന്നു നേതൃനിരയില്‍. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെത്തുമ്പോഴും കുഞ്ഞാലിയും ഡോ. സുന്ദരവും പ്രസംഗിച്ചു. അവര്‍ വിമുക്ത ഭടന്മാര്‍ അനുഭവിക്കുന്ന വിഷമങ്ങളും ജീവിത ദുരിതങ്ങളും വരച്ചുകാട്ടി. പ്രാദേശിക വാസികളായ ഭടന്മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്നവര്‍ പുസ്‌തകങ്ങളും ലഘുലേഖകളുമായി കേള്‍വിക്കാരെ സമീപിച്ചു. കടകള്‍ കയറി ഇറങ്ങിയും അവ വിറ്റും സമ്മേളനത്തിനുള്ള ഫണ്ട്‌ ശേഖരിച്ചു.
ഈ സമ്മേളനം വന്‍ വിജയമായി.

മഞ്ചേരിയുടെ തെരുവ്‌ വീഥികളിലൂടെ പട്ടാള യൂനിഫോം ധരിച്ചെത്തിയ ജാഥാ അംഗങ്ങളുടെ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ മഞ്ചേരിയെ പ്രകമ്പനം കൊള്ളിച്ചു. സമ്മേളനത്തിലൂടെ പൊതുജനത്തിന്‌ മുമ്പില്‍ വിമുക്തഭടന്മാരുടെ ജീവിതം അനാവൃതമായി. അതുവഴി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവര്‍ക്ക്‌ സഹായങ്ങള്‍ പരമാവധി നേടി എടുക്കുക എന്നതായിരുന്നു ഉദ്ദേശം.

വിമുക്ത ഭടന്മാരില്‍ വര്‍ഗബോധമുണ്ടാക്കാന്‍ കുഞ്ഞാലിക്ക്‌ ഇതിലൂടെ സാധിച്ചു. പൂര്‍ണമായും പട്ടാള ചിട്ടയിലായിരുന്നു സംഘാടനം. അത്‌ കുഞ്ഞാലിയുടെ സംഘാടന പാടവത്തിനുള്ള മികച്ച തെളിവായിരുന്നു. മഞ്ചേരിക്കതൊരു വിസ്‌മയ കാഴ്‌ചയായി.

ഇതിനിടെ കുഞ്ഞാലി സജീവ പാര്‍ട്ടി പ്രവര്‍ത്തകനായി മാറി. 1944 ജനുവരി മുതല്‍ പാര്‍ട്ടിയുടെ ജിഹ്വയായി ദേശാഭിമാനി പത്രംകോഴിക്കോട്ടു നിന്നു പ്രസിദ്ധീകരണം തുടങ്ങി. അതിലൂടെ പുതിയ വെളിച്ചവും മാര്‍ഗ നിര്‍ദേശവും ലഭിച്ചു കൊണ്ടിരുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി കുഞ്ഞാലിയെ പാര്‍ട്ടി ഏല്‍പ്പിച്ചു. നാട്ടില്‍ അരങ്ങേറിയിരുന്ന പല ഭൂസമരങ്ങള്‍ക്കും കുഞ്ഞാലി നേതൃത്വം നല്‍കി.

കൊണ്ടോട്ടിയില്‍ മുസ്‌ലിം ലീഗിന്റെ വളണ്ടിയറായിരുന്നു പറമ്പാടന്‍ മുഹമ്മദ്‌. കാഞ്ഞിരപ്പറമ്പ്‌ കുടിയിറക്കലില്‍ അയാളും കുടുംബവും ഭീഷണിയിലായി. മുഹമ്മദ്‌ മുസ്‌ലിം ലീഗുകാരനായിരുന്നിട്ടും അയാളുടെ രക്ഷക്കെത്താന്‍ പാര്‍ട്ടിയുണ്ടായിരുന്നില്ല. കാരണം കൊണ്ടോട്ടി തങ്ങളുടെ കാര്യസ്ഥനായിരുന്ന എറത്താലി ബീരാന്‍കുട്ടി ഹാജിയായിരുന്നു ഭൂവുടമ. അയാള്‍ക്കെതിരെ ചെറുവിരലനക്കാന്‍ മുസ്‌ലിംലീഗിന്‌ കഴിയുമായിരുന്നില്ല.

പക്ഷെ, ആ മനുഷ്യന്റേയും കുടുംബത്തിന്റേയും വേദനകളെ ഏറ്റു വാങ്ങാന്‍ കുഞ്ഞാലിക്കായി. സംഭവത്തില്‍ രാഷ്‌ട്രീയമുണ്ടായിരുന്നുവെങ്കിലും അവിടെ മാനുഷിക പരിഗണനക്കായിരുന്നു കുഞ്ഞാലി മുന്‍തൂക്കം കൊടുത്തത്‌. ഒപ്പം ജന്മിത്വത്തോടുണ്ടായിരുന്ന അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവും. പ്രതിരോധ സമരത്തിലൂടെ പാര്‍ട്ടിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സമരം ശക്തമായി.

ഭൂവുടമ ബീരാന്‍കുട്ടി ഹാജി കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചു. മുഹമ്മദിനേയും കുടുംബത്തേയും എന്ത്‌ വിലകൊടുത്തും കുടിയിറക്കുമെന്ന വാശിയിലായിരുന്നു ഹാജി. എന്തൊക്കെ ഭൂകമ്പങ്ങള്‍ ഉണ്ടായാലും അവരെ അവിടെ തന്നെ കുടിയിരുത്തുമെന്ന ഉറച്ച തീരുമാനത്തില്‍ കുഞ്ഞാലിയും സംഘവും നിലയുറപ്പിച്ചു. കൊണ്ടോട്ടിയിലെ ഒരു ജനതയുടെ മുഴുവന്‍ പിന്തുണയും മുഹമ്മദിനും കുടുംബത്തിനുമുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ അയാളും കുടുംബവും കുടിയിറങ്ങാതെ അവിടത്തന്നെ കഴിഞ്ഞു.
ഗത്യന്തരമില്ലാതെ മുസ്‌ലിം ലീഗിനും കുടിയിറക്കിനെതിരെ പ്രകടനം നടത്തി മുഹമ്മദിനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നു. ഇതോടെ ഹാജി വിളറിപ്പോയി. മുസ്‌ലിം ലീഗ്‌ എം എല്‍ എയായിരുന്ന കൊയപ്പത്തൊടി മുഹമ്മദ്‌ കുട്ടി ഹാജിയെ സ്വാധീനിച്ചു ഹാജിയാര്‍. കുടിയിറക്ക്‌ വിരുദ്ധ സമരം ഇസ്‌ലാമിക വിരുദ്ധമാണെന്ന്‌ പോലും അയാളെക്കൊണ്ട്‌ പ്രസംഗിപ്പിച്ചു. മുസ്‌ലിം ലീഗിനെ എങ്ങനെയെങ്കിലും സമരത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുക എന്നത്‌ മാത്രമായിരുന്നു അയാളുടെ ഉദ്ദേശം.
സംഭവ ദിവസം കൊണ്ടോട്ടിയിലാകെ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു.

മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ സഹായത്തോടെ സര്‍വ വിധ സന്നാഹങ്ങളുമായി ഉത്തരവ്‌ നടപ്പാക്കാന്‍ അധികൃതരെത്തി. ഈ നടപടിക്കെതിരെ കുഞ്ഞാലി ജനങ്ങളെ സംഘടിപ്പിച്ചു. അവര്‍ പ്രതിഷേധ പ്രകടനം നടത്തി. കുടിയിറക്കാനെത്തിയ പോലീസിനെ തടഞ്ഞു. പോലീസ്‌ ലാത്തി വീശി. കുഞ്ഞാലിയും കൂട്ടരും കൂടുതല്‍ കരുത്തോടെ മുന്നേറി. സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുമെന്ന്‌ കണ്ടപ്പോള്‍ പോലീസ്‌ പിന്‍വാങ്ങി.
അവര്‍ ആ കുടിയിറക്കിനെ അതിജീവിക്കുക തന്നെ ചെയ്‌തു.
പ്രക്ഷോഭത്തിന്‌ നേതൃത്വം വഹിച്ച കുഞ്ഞാലിയുടേയും സുഹൃത്തുക്കളുടേയും പേരില്‍ നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്യപ്പെട്ടു. മഞ്ചേരി കോടതിലായിരുന്നു കേസിന്റെ വിചാരണ. കോടതിയിലേക്കും അവിടെ നിന്ന്‌ തിരിച്ചും കുഞ്ഞാലിയും സുഹൃത്തുക്കളും പ്രകടനമായാണ്‌ പുറപ്പെട്ടിരുന്നത്‌. ഒരു കാല്‍നട ജാഥ. ജാഥയിലുടനീളം വിദേശാദിപത്യത്തിനെതിരേയും ജന്മിത്വത്തിനെതിരെയും അവര്‍ ഉറക്കെയുറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കി. ജന്മിത്വത്തിനെതിരെയുള്ള ഒരു കാമ്പയിന്‍ തന്നെയാക്കി മാറ്റി അതിനെ കുഞ്ഞാലി.
ഈ പ്രക്ഷോഭത്തിന്റെ വിജയത്തോടെ കുടിയിറക്കു ഭീഷണിയെ അഭിമുഖീകരിച്ചിരുന്ന ഇനാംദാര്‍ മുസ്‌ത്യാര്‍ഷായുടെ കുടിയാന്‍മാര്‍ക്കെല്ലാം ശാപമോക്ഷം ലഭിച്ചു. അവരും കുഞ്ഞാലിയോട്‌ നന്ദി പറഞ്ഞു.

ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഇല്ലായ്‌മകള്‍ക്കു നടുവില്‍ നിന്നും ആത്മവിശ്വാസവും നെഞ്ചൂക്കും മാത്രമുണ്ടെങ്കില്‍ ഏത്‌ വമ്പന്‍മാര്‍ക്കെതിരെയും പോരാടാം എന്ന്‌ കുഞ്ഞാലി കാണിച്ച്‌ കൊടുത്തു. ഒരുമയുണ്ടെങ്കില്‍ എല്ലാശ്രമങ്ങളും വിജയത്തിലെത്തിച്ചേരുമെന്നും.
ഈ പ്രക്ഷോഭമെല്ലാം കുഞ്ഞാലിയെ കൂടുതല്‍ ജനസമ്മതനാക്കി. സഹപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൂടി പ്രിയപ്പെട്ടവനാകാനും കുഞ്ഞാലിക്കായി. മികച്ച സംഘാടകന്‍, ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ യുവനേതാവ്‌, എന്നീ നിലകളിലേക്കെല്ലാം കുഞ്ഞാലി ഉയര്‍ന്ന്‌ കഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നു. സമരങ്ങളുടെ നായകന്‌ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള യാത്രകളുടെ തുടക്കമായിരുന്നു അവയെല്ലാം.

പിന്നീടാണ്‌ മൈസൂരില്‍ ബീഡിതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി കുഞ്ഞാലിയെ പാര്‍ട്ടി നിയോഗിക്കുന്നത്‌. മൈസൂരില്‍ അന്ന്‌ 62 ബീഡി കമ്പനികളുണ്ടായിരുന്നു. ബീഡി വ്യവസായത്തിന്റെ കേന്ദ്രമായും വളര്‍ന്ന്‌ കഴിഞ്ഞിരുന്നു മൈസൂര്‍. ഈ കമ്പനികളിലെല്ലാമായി പതിനായിരത്തില്‍പരം തൊഴിലാളികളുണ്ടായിരുന്നു.
ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുസ്‌ലിം ലേബര്‍ യൂണിയന്‍, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ എ ഐ ടി യു സി കോണ്‍ഗ്രസ്‌ നേതൃത്വത്തിലെ ഐ എന്‍ ടി യു സി എന്നീ സംഘടനകളായിരുന്നു തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാന യൂണിയനുകള്‍. സുലൈമാന്‍ സേട്ടിന്റെ മുസ്‌ലിം ലേബര്‍ യൂണിയനോടും ഐ എന്‍ ടി യു സിയോടും ഒപ്പമെത്താന്‍ എ ഐ ടിയു സിയെ നയിച്ചിരുന്നത്‌ കൊണ്ടോട്ടിക്കാരന്‍ കൊളക്കാടന്‍ ഹുസൈനായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ എ ഐ ടി യുസിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

നിരന്തരമായി ആവശ്യപ്പെട്ടു. ഇടക്കിടെ സൂചനാ സമരങ്ങള്‍. പണി മുടക്ക.്‌ എന്നിട്ടും തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തോട്‌ കമ്പനി ഉടമകള്‍ പുറം തിരിഞ്ഞ്‌ നിന്നു. പിടിച്ചു നില്‍ക്കാനാവില്ലായിരുന്നു തൊഴിലാളികള്‍ക്ക്‌. അത്രയേറെ കഷ്‌ടമായിരുന്നു വീട്ടകങ്ങളിലെ തൊഴിലാളി ജീവിതങ്ങള്‍. സഹികെട്ടപ്പോള്‍ എ ഐ ടി യുസി യൂണിയന്‍ അനിശ്ചിതകാല സമരത്തിനാഹ്വാനം ചെയ്‌തു.
1946ലായിരുന്നുവത്‌.
കമ്പനികളില്‍ ആദ്യമായി നോട്ടീസ്‌ നല്‍കി. തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രചാരണങ്ങള്‍ നടത്തി. സമരത്തിലേക്കു നയിച്ച കാരണങ്ങളും തൊഴിലാളികളുടെ ആവശ്യങ്ങളും അക്കമിട്ട്‌ നിരത്തിയ പോസ്റ്ററുകള്‍ നിരന്നു. എല്ലാത്തിനും കൊളക്കാടന്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
ടി ബി രോഗിയായിരുന്നു ഹുസൈന്‍. ഈ സമരം പ്രഖ്യാപിക്കപ്പെട്ട സമയത്തായിരുന്നു അയാളുടെ അസുഖം കൂടിയത്‌. ഡോക്‌ടറെ ചെന്ന്‌ കണ്ടു. അദ്ദേഹം കൈമലര്‍ത്തിയതേയുള്ളൂ. അവിടെ ചികിത്സയില്ല. വിദഗ്‌ധ ചികിത്സ ലഭ്യമാകണമെങ്കില്‍ മദ്രാസിലേക്ക്‌ പോകാനും ഡോക്‌ടര്‍ നിര്‍ദേശിച്ചു.
വല്ലാത്തൊരവസ്ഥയിലായി അയാള്‍.
എന്തു സംഭവിച്ചാലും സമരം പൊളിയരുത്‌. പ്രഖ്യാപിത സമരത്തില്‍ നിന്നും പിന്തിരിഞ്ഞോടരുത്‌. നേതൃത്വം വഹിക്കാന്‍ കരുത്തനായ ഒരു നേതാവിനെത്തന്നെ ലഭിച്ചെങ്കിലേ മതിയാവൂ. ഹുസൈന്‍ വിവരങ്ങള്‍ വെച്ച്‌ പാര്‍ട്ടി നേതൃത്വത്തിന്‌ കമ്പിയടിച്ചു. വൈകാതെ പകരക്കാരനെ പാര്‍ട്ടി നിയോഗിച്ചു. ഒരു യുവനേതാവിനെ.
അത്‌ കുഞ്ഞാലിയായിരുന്നു.
വലിയൊരു വെല്ലുവിളിക്കു മുമ്പിലേക്കായിരുന്നു കുഞ്ഞാലിയുടെ വരവ്‌. സൂക്ഷിക്കണം, കരുതലോടെ നീങ്ങിയില്ലെങ്കില്‍ പതിനായിരക്കണക്കിന്‌ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ്‌ തകരുക. അതിനനുവദിച്ചു കൂടാ.

ഡ്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ അക്ഷരമാലകള്‍ കുഞ്ഞാലി അവിടെ നിന്ന്‌ പഠിച്ചു തുടങ്ങി. കൊളക്കാടന്‍ ഹുസൈന്‍ എന്ന മുതിര്‍ന്ന നേതാവിന്റെ ഉപദേശങ്ങളേയും നിര്‍ദേശങ്ങളേയും കുഞ്ഞാലി ശരിക്കും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചു തുടങ്ങി. അതൊന്നും വെറുതെയായില്ല.
കുഞ്ഞാലി തന്റെ സംഘടനാപാടവം തെളിയിക്കുക തന്നെ ചെയ്‌തു.
ദിവസങ്ങളോളം ബീഡി കമ്പനികള്‍ അടഞ്ഞു കിടന്നു. തൊഴിലാളികള്‍ സമരത്തില്‍ ഉറച്ചു നിന്നു. ഒരിഞ്ച്‌ വിട്ടുവീഴ്‌ചക്കുമവര്‍ ഒരുക്കമായില്ല. കമ്പനികളില്‍ ഒന്നും നടക്കാത്ത അവസ്ഥ വന്നു. മറ്റു സംഘടനകളിലെ തൊഴിലാളികളും രഹസ്യമായി സമരത്തെ പിന്തുണച്ചു. ഒടുവില്‍ കമ്പനി ഉടമകള്‍ ചര്‍ച്ചക്ക്‌ തയ്യാറായി. ചര്‍ച്ചകളില്‍ പുതുതായി വന്ന സമര നായകന്റെ ശൗര്യം കണ്ട്‌ അവര്‍ അന്തിച്ചുനിന്നു. ഒടുവില്‍ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി.
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമരം വിജയിച്ചു. തൊഴിലാളികള്‍ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടി. അധികൃതര്‍ പുതുക്കിയ കൂലി നിശ്ചയിച്ച്‌ പുതിയ ഉത്തരവിറക്കി. കുഞ്ഞാലിയുടെ അവസരോചിതമായ ഇടപെടലുകൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മാത്രമായിരുന്നു ആ വിജയം.
അറുപത്തി രണ്ട്‌ ബീഡിക്കമ്പനികള്‍. അവയില്‍ വ്യത്യസ്‌ത സ്വഭാവക്കാര്‍, വിഭിന്ന മതക്കാര്‍, പല ഭാഷക്കാര്‍ ഒക്കെയായിരുന്നു തൊഴിലാളികള്‍. പ്രധാനമായും മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്ന നിര്‍ദേശം. പിന്നെ പിന്നെ ഇതര ഭാഷക്കാരുമായും സൗഹൃദം സ്ഥാപിച്ചെടുക്കണം. അവരിലും സ്വാധീനം ചെലുത്തണം. ഒട്ടും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു കര്‍ണാടക്കാരായ തൊഴിലാളികള്‍. അവരെയും മലയാളികളേയും ഒരുമിപ്പിച്ച്‌ കൊണ്ടുപോവുക എന്നത്‌ ഏറെ പ്രയാസകരമായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും തക്കം പാര്‍ത്തിരിക്കുന്ന മുതലാളിമാരുടേയും ഏജന്റുമാരുടെയും ഇടയില്‍ എന്നിട്ടും അതിനെ അതിജീവിക്കാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു.

ഏതെങ്കിലും കമ്പനിയില്‍ സമരം പ്രഖ്യാപിച്ചാല്‍ തൊഴിലാളികള്‍ പട്ടിണിയിലാകും. സമരം വിജയിക്കുംവരെ അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കണം. ആ ബാധ്യതയും യൂണിയനുള്ളതാണ്‌. അതിന്‌ കനത്ത ഒരുതുക തന്നെ കണ്ടെത്തേണ്ടിവരും. ഈ കുടുംബങ്ങളിലെല്ലാം റിലീഫ്‌ എത്തിച്ചുകൊടുക്കണം. യൂനിയന്റെ നേതൃത്വത്തിലും മറ്റു തൊഴിലാളികളുടെ സഹായത്തോടെയുമായിരുന്നു ഇത്‌ ചെയ്‌ത്‌ പോന്നിരുന്നത്‌.
ഇവിടെയെല്ലാം പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും നടപ്പിലാക്കിയപ്പോള്‍ എതിരാളികളെ വല്ലാതെ ഭീതിയിലാഴ്‌ത്തി. ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരന്റെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും ദിശാബോധമുള്ള കര്‍മപദ്ധതികളും കണ്ട്‌ വിളറി പൂണ്ട ചിലര്‍ കുഞ്ഞാലിക്കെതിരെ കരുക്കള്‍ നീക്കി. അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ കുഞ്ഞാലിയെ ഇകഴ്‌ത്തി കാണിക്കേണ്ടതും ജനസമ്മതിയെ ഇല്ലാതാക്കേണ്ടതും ആവശ്യമായിരുന്നു.

ഇതിനുവേണ്ടി റിലീഫ്‌ വിതരണത്തിനിടയില്‍ കുഞ്ഞാലി മലയാളികളല്ലാത്ത തൊഴിലാളികളോട്‌ വിവേചനം കാണിച്ചു എന്നൊരു പ്രചാരണം നടത്തി. യൂനിയന്‍ഫണ്ട്‌ ധൂര്‍ത്തടിക്കുന്നു എന്നതായിരുന്നു മറ്റൊരാരോപണം. കുഞ്ഞാലിയും സുഹൃത്തുക്കളും അന്ന്‌ ഇടക്കിടെ മൈസൂരിലെ ബേധപ്പെട്ട ഹോട്ടലായിരുന്ന ബോംബെ ആനന്ദഭവനില്‍ പോകുന്ന പതിവുണ്ടായിരുന്നു.

ഒരു കാലിചായ മാത്രം കുടിക്കും. വളരെനേരം സംഘടനാ പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ നിലപാടുകളും വിശദീകരിച്ച്‌ സമയംപോക്കും. ഇതായിരുന്നു പതിവ്‌. ആ കാലിച്ചായയുടെ കാശ്‌ പോലും പലപ്പോഴും കൊടുത്തിരുന്നതും കുഞ്ഞാലിയുടെ സുഹൃത്തുക്കളായിരുന്നു. ഇതിനെയാണ്‌ ഡ്രേഡ്‌ യൂണിയന്‍ രംഗത്തെ എതിരാളികള്‍ ചൂഷണം ചെയ്‌തത്‌.
ആ വിലകുറഞ്ഞ പ്രചാരണങ്ങളെ കുഞ്ഞാലിയും പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും പുച്ഛിച്ചു തള്ളിയതേയൊള്ളൂ. കാരണം അവര്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അപ്പോഴേക്കും കുഞ്ഞാലി എന്ന നേതാവിനെ, സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യ സ്‌നേഹിയെ.

കുറഞ്ഞ മാസങ്ങള്‍ മാത്രമേ കുഞ്ഞാലി മൈസൂരില്‍ ചെലവഴിക്കുകയുണ്ടായൊള്ളൂ. വീണ്ടും നാട്ടില്‍ തിരിച്ചെത്തി.
കിഴക്കന്‍ ഏറനാടിന്റെ മണ്ണിലേക്ക്‌ കുഞ്ഞാലിക്ക്‌ ക്ഷണമുണ്ടാകുന്നത്‌ പിന്നീടായിരുന്നു. യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിയുടെ കര്‍മ ഭൂമിയും കിഴക്കന്‍ ഏറനാട്ടിലെ മലയോര മേഖലയായിരുന്നുവല്ലോ.
അവിടുത്തെ ഓരോ പുല്‍കൊടിക്കും പരിചിതമായ, ഓരോ മണല്‍ തരിയേയും രോമാഞ്ചമണിയിച്ച എത്ര എത്ര പ്രക്ഷോഭങ്ങള്‍ക്കാണ്‌ പിന്നീട്‌ കുഞ്ഞാലി നേതൃത്വം നല്‍കിയത്‌. ഇന്നും മൂളുന്നുണ്ട്‌ ഏറനാടന്‍ കാറ്റ്‌ ഇതിഹാസ തുല്യമായ ആ വീരകഥകള്‍.

You May Also Like

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

പത്താംവളവ് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോൾ ചിത്രീകരണത്തിനിടയിൽ സംഭവിച്ച വലിയ തടസങ്ങൾ പറയുകയാണ് ചിത്രത്തിനു വേണ്ടി…

ഓപ്പറേഷന്‍ മാത്തപ്പന്‍ – രഘുനാഥന്‍ കഥകള്‍

‘എസ് ‘ ആകൃതിയില്‍ കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ചിരുന്ന ഞാന്‍, എന്റെ അയല്‍ക്കാരനും സുഹൃത്തും അഭ്യുദയാകാംഷിയുമായ മാത്തപ്പന്‍ ചേട്ടന്റെ ധര്‍മപത്‌നി ഒറോത ചേടത്തിയുടെ വലിയ വായിലുള്ള നിലവിളി കേട്ട് ഞെട്ടിപ്പോയി.

വളരെ ചെറിയൊരു സീൻ, മണിരത്നം എന്ന സംവിധായകൻ എത്രത്തോളം ഇന്റൻസ് ആയാണ് എടുത്തിരിക്കുന്നത്

ദളപതിയിലെ ഒരു സീൻ, ദേവരാജും സൂര്യയും തമ്മിൽ ആദ്യമായി കാണുന്ന സീൻ,ദേവരാജിനും സൂര്യക്കും പ്രത്യേകിച്ച് മുഖവുരകൾ ആവശ്യമുണ്ടെന്നു കരുതുന്നില്ല

ഫോട്ടോഷോപ്പില്‍ എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം ?

ഫോട്ടോഷോപ്പില്‍ എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം. ഫേസ് ബുക്കില്‍ പലരും ചോദിച്ചിട്ടുള്ള ഒരു കാര്യം ആണിത്. ഒന്ന് ശ്രമിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കാവുന്നതെ ഉള്ളു ഇത്.