1948 ഫിബ്രുവരി 28മുതല്‍ മാര്‍ച്ചുവരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്‌ കല്‍ക്കത്തയില്‍ നടന്നു.രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം ശരിക്കുള്ളതല്ലെന്നതായിരുന്നു വിലയിരുത്തല്‍. രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിമത്വം തുടര്‍ന്നുപോകാനാണ്‌ സാമ്രാജ്യത്വ ശക്തികള്‍ പരിശ്രമിക്കുന്നത്‌. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നാണയപെരുപ്പവും നാടിന്റെ നട്ടെല്ലൊടിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗം അരക്ഷിതാവസ്ഥയിലാണ്‌. കാര്‍ഷിക വ്യവസ്ഥ പൊട്ടിത്തെറിയുടെ വക്കിലാണ്‌. എന്നും പാര്‍ട്ടി കോണ്‍ഗ്രസ്‌ വിലയിരുത്തി. ഒരു ജനകീയ ജനാധിപത്യ വിപ്‌ളവത്തിന്‌ വേണ്ട പുതിയ സമരങ്ങളും മാര്‍ഗങ്ങളും കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി. കര്‍ഷക തൊഴിലാളികളേയും പട്ടിണിപ്പാവങ്ങളേയും ഒരുകുടക്കീഴില്‍ അണി നിരത്തി അഖിലേന്ത്യാ കിസാന്‍ സഭയെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംഘടനയാക്കുവാനും തീരുമാനിക്കപ്പെട്ടു. തെലുങ്കാന മാതൃകയില്‍ ഇന്ത്യയില്‍ എല്ലായിടത്തും അധികാരം പിടിച്ചെടുക്കണം. ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക്‌ സ്ഥാപിക്കണം. ഗറില്ലാ യുദ്ധമുറയില്‍ സായുധ വിപ്‌ളവം നടത്തുവാനും തീരുമാനിക്കപ്പെട്ടു. ബി ടി രണദിവേ അവതരിപ്പിച്ച കല്‍ക്കത്താ തീസീസ്‌ നടപ്പാക്കണം. ഇതിനായി കേരളത്തിലെ നിലവിലുള്ള കമ്മിറ്റി പിരിച്ചു വിടാനും വിപ്‌ളവ ഗ്രൂപ്പുകളെ സജ്ജരാക്കുവാനും തീരുമാനിക്കപ്പെട്ടു. സായുധ സമരത്തിനു സന്നദ്ധരാക്കാന്‍ കേഡര്‍മാരും നിയുക്തരായി. കര്‍ഷക സംഘക്കാര്‍ സംഘടിച്ചു.

ജന്‍മിമാരുടെ വീടുകള്‍ കയ്യേറി അവര്‍ പത്തായങ്ങളില്‍ നിന്ന്‌ നെല്ല്‌ പുറത്തെടുത്ത്‌ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്‌തു. സമരം ഗ്രാമങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്കു പടര്‍ന്നു കയറി. പോലീസ്‌ വേട്ടപട്ടികളെപോലെ പിന്തുടര്‍ന്ന്‌ സമരക്കാരെ അടിച്ചമര്‍ത്തി. പയ്യന്നൂരിലാണ്‌ കല്‍ക്കത്താ തീസീസിന്‌ ആദ്യ രക്തസാക്ഷി പിറന്നത്‌. പൊക്കന്‍ എന്ന ഹരിജന്‍ കര്‍ഷകത്തൊഴിലാളി പോലീസ്‌ വെടിയേറ്റു പിടഞ്ഞുവീണു. പിന്നീട്‌ മട്ടന്നൂരും കൂത്തുപറമ്പിലും ഒഞ്ചിയത്തും ചിറക്കലിലും കലാപമുണ്ടായി. എല്ലായിടത്തും ജന്‍മിമാരുടെ പത്തായം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്‌ ചോരപ്പുഴകളായി മാറിയത്‌. കണ്ണൂരിലെ തില്ലങ്കേരിയില്‍ ഏഴുപേരും ഒഞ്ചിയത്തു എട്ടുപേരും ചിറക്കലില്‍ ആരുപേരും രക്തസാക്ഷികളായി.

എല്ലായിടത്തുംപോലീസ്‌ ഭീകരത താണ്‌ഡവമാടി.
കര്‍ഷകക്കുടിലുകള്‍ ചുട്ടെരിച്ചും പോലീസ്‌ കലിതീര്‍ത്തു.1948ഏപ്രില്‍13ന്‌ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഓഫീസും പ്രസും സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു.കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മൃഗീയമായി സമരത്തെ നേരിട്ടു. ദേശരക്ഷാ നിയമപ്രകാരം മെയ്‌ 22ന്‌സര്‍ക്കാര്‍ ഓഡിനന്‍സ്‌ പുറത്തിറക്കി.നേതാക്കളെല്ലാം കരുതല്‍ തടങ്കലിലായി. ആഗസ്റ്റ്‌ ഏഴുമുതല്‍ നിയമം കര്‍ക്കശമാക്കി ഭേദഗതി ചെയ്‌ത്‌ തടങ്കല്‍ കാലയളവ്‌ ഒരു വര്‍ഷമെന്നത്‌ മൂന്നു വര്‍ഷമാക്കി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി.

1949 സെപ്‌തംബര്‍ 27ന്‌ മദ്രാസ്‌ സര്‍ക്കാര്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നിരോധിച്ചു.മുതിര്‍ന്ന നേതാക്കള്‍ ഒളിവിലിരുന്ന്‌ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും തേടി പോലീസ്‌ നരനായാട്ടിനിറങ്ങി. നേതാക്കള്‍ പലരും അറസ്റ്റിലായി. കുഞ്ഞാലിയടക്കം പല നേതാക്കളും ഒളിവില്‍ കഴിച്ചു കൂട്ടി. പലയിടത്തായിരുന്നു ഒളിവു കേന്ദ്രങ്ങള്‍. കിഴക്കന്‍ ഏറനാട്ടിലെ പല കേന്ദ്രങ്ങളിലും കുറെ നാള്‍ കഴിഞ്ഞ്‌ കൂടി. അന്ന്‌ ആ മണ്ണ്‌ കുഞ്ഞാലിയുടെ തട്ടകമായി തീര്‍ന്നിരുന്നില്ല.

1949ല്‍ ഒരിക്കല്‍ കുഞ്ഞാലി കേരള എസ്റ്റേറ്റില്‍ എത്തുകയുണ്ടായി. അവിടെ നടന്ന്‌ വന്നിരുന്ന ഒരു സമരത്തിന്റെ ചര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നുവത്‌. അന്ന്‌ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ക്കാരന്‍ ഈശ്വരന്‍ നമ്പൂതിരിയായിരുന്നു ഏറനാട്ടിലെ തോട്ടം തൊഴിലാളികള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. പല സമരങ്ങള്‍ക്കു മുമ്പിലും തൊഴിലാളികളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശ്വരന്‍ നമ്പൂതിരിക്ക്‌ കഴിഞ്ഞിരുന്നു.

എന്നാല്‍ കേരളാ എസ്റ്റേറ്റില്‍ നടന്നു വന്നിരുന്ന സമരത്തെ ഉജ്ജ്വല സമാപ്‌തിയിലെത്തിക്കാന്‍ അയാള്‍ക്ക്‌ കഴിയാതെ വന്നു. ഇതിനുള്ള പ്രധാന കാരണം എസ്റ്റേറ്റിലെ വിസിറ്റ്‌ ജനറല്‍ മാനേജരായിരുന്ന സായിപ്പിന്‌ ഇംഗ്ലീഷ്‌ മാത്രമെ അറിയുമായിരുന്നുള്ളൂ എന്നതായിരുന്നു. അദ്ദേഹത്തോട്‌ സംസാരിക്കാനാവട്ടെ ഈശ്വരന്‍ നമ്പൂതിരിക്കും വേണ്ടത്ര ഇംഗ്ലീഷ്‌ പരിജ്ഞാനം ഉണ്ടായിരുന്നില്ല.

സമരകാലത്തായാലും അല്ലെങ്കിലും തൊഴിലാളികളുടെ പ്രശ്‌നങ്ങളെല്ലാം മാനേജരെ അറിയിച്ചിരുന്നത്‌ റൈറ്റര്‍ ആയിരുന്നു. ഓഫീസ്‌ റൈറ്ററാവട്ടെ മാനേജരുടെ വിശ്വസ്ഥനായിരുന്നു. അതോടൊപ്പം വൃത്തികെട്ടവനും. സ്വന്തം താത്‌പര്യങ്ങള്‍ക്കുവേണ്ടി പ്രശ്‌നങ്ങളെ വളച്ചൊടിക്കും അയാള്‍, യാഥാര്‍ത്ഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കും. അങ്ങനെ മാത്രമെ മാനേജര്‍ക്കു മുമ്പില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ അവതരിപ്പിച്ചിരുന്നൊള്ളൂ.

ഇതുമൂലം തൊഴിലാളികളുടെ വളരെ നാളുകളായുള്ള പ്രശ്‌നങ്ങള്‍പോലും പരിഹരിക്കപ്പെടാതെ കിടന്നു.അതെത്ര നിസാരകാര്യങ്ങളായാല്‍ പോലും. ഇതുമൂലം തൊഴിലാളികള്‍ അസംതൃപ്‌തരായിരുന്നു. നാട്ടില്‍ നിലനിന്നിരുന്ന പട്ടിണിയും കഷ്‌ടപ്പാടുകളും ജനജീവിതത്തെ ദുരിതമയമാക്കിയിരുന്ന കാലം. നിസഹായരും നിരാലംബരുമായിരുന്നു തൊഴിലാളികള്‍. വിദേശ കമ്പനികളായാലും സ്വദേശ മുതലാളിമാരായാലും തരുന്നത്‌ ഒന്നിനും തികയാത്ത കൂലിയാണ്‌. ഇതുകൊണ്ട്‌ ഒരു കുടുംബം ജീവിച്ചുപോകില്ല. പൊട്ടിത്തെറിയുടെ വക്കുകളിലായിരുന്നു പല കുടുംബങ്ങളും.അവരില്‍ അസംതൃപ്‌തി നീറി പുകഞ്ഞു. കേരളാ എസ്റ്റേറ്റ്‌ കവാടം സമരോത്സുകമായി.

എ ഐ ടി യുസിയുടെ നേതൃത്വത്തിലായിരുന്നു സമരകാഹളം മുഴങ്ങിയത്‌. ആകെയുണ്ടായിരുന്നത്‌ 885 തൊഴിലാളികളായിരുന്നു. ഇവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരും പണിമുടക്കില്‍ പങ്കെടുത്തു. പന്ത്രണ്ട്‌ ആവശ്യങ്ങളായിരുന്നു തൊഴിലാളികള്‍ക്കുണ്ടായിരുന്നത്‌. അതാവട്ടെ കാലങ്ങളായി അവര്‍ ഉന്നയിച്ചു പോരുന്നതാണ്‌. അവയില്‍ പലതും സമീപ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കെല്ലാം അനുവദിക്കപ്പെട്ടതുമാണ്‌.
എന്നിട്ടും അവര്‍ക്ക്‌ മാത്രം അവ പ്രാപ്യമായി.

ഈ സമരത്തിന്റെ ചര്‍ച്ചക്ക്‌ ഇംഗ്ലീഷ്‌ അറിയാവുന്ന ഒരാളെ തന്നെ മേല്‍ കമ്മിറ്റിയില്‍ നിന്നും പങ്കെടുപ്പിക്കണമെന്ന്‌ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ്‌ കേരളാ എസ്റ്റേറ്റില്‍ നിന്നും രണ്ടു സംഘടനാ പ്രവര്‍ത്തകര്‍ കുഞ്ഞാലിയുടെ ഒളിവ്‌ കേന്ദ്രത്തിലെത്തുന്നത്‌. മണ്ണാര്‍ക്കാട്ടായിരുന്നു പാര്‍ട്ടിയിലെ പല നേതാക്കളും ഒളിവില്‍ കഴിഞ്ഞിരുന്ന ആ രഹസ്യകേന്ദ്രം.
അവര്‍ കുഞ്ഞാലിയെ കണ്ട്‌ കാര്യങ്ങള്‍ വിശദമാക്കി. കുഞ്ഞാലി ജാഗ്രതയോടെ അതെല്ലാം കേട്ടു. ചില സംശയങ്ങള്‍ തിരിച്ചുചോദിച്ചു. പ്രശ്‌നങ്ങളെ നന്നായി പഠിച്ചു. ഒളിവ്‌ ജീവിതം നയിക്കുന്നതിനാല്‍ ചര്‍ച്ചക്ക്‌ വരുന്നത്‌ കുഞ്ഞാലിയാണെന്ന്‌ ആരും അറിയരുത്‌. എന്നൊരു നിര്‍ദേശം വെച്ച്‌ കുഞ്ഞാലി അവരെ തിരിച്ചയച്ചു. പറഞ്ഞ സമയത്ത്‌ കൃത്യമായി ഞാനവിടെ എത്തിയിരിക്കും എന്നവര്‍ക്ക്‌ ഉറപ്പും നല്‍കി.

സമരത്തിലുള്ള തൊഴിലാളികള്‍ അന്ന്‌ അവിടെ അയാളെ കാത്തിരുന്നു. കൃത്യം അഞ്ചു മണിക്ക്‌ തന്നെ കുഞ്ഞാലി എസ്റ്റേറ്റ്‌ പടിക്കല്‍ എത്തിച്ചേര്‍ന്നു. മണ്ണാര്‍ക്കാട്ടു നിന്നും എടത്തനാട്ടുകര വഴിയുള്ള വനപാതയിലൂടെയായിരുന്നു അയാള്‍ അത്രയും ദൂരം നടന്ന്‌ ആ ചര്‍ച്ചക്കെത്തിയിരുന്നത്‌.

തൊഴിലാളികള്‍ മുദ്രാവാക്യം വിളി തുടങ്ങി. ആ ജനകൂട്ടം പ്രകടനമായി എസ്റ്റേറ്റുനടയിലേക്കു നീങ്ങി. കുഞ്ഞാലിയും ഒപ്പം ചേര്‍ന്നു. ഓഫീസിനകത്ത്‌ ജനറല്‍ മാനേജര്‍ സായിപ്പുണ്ടായിരുന്നു. അയാള്‍ക്ക്‌ നിവേദനം തൊഴിലാളികള്‍ സമര്‍പ്പിക്കുംവരെ മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രകടനം കണ്ട്‌ മാനേജരും റൈറ്ററും പുറത്തേക്കിറങ്ങി വന്നു. ആ സമയമാണ്‌ തൊഴിലാളികള്‍ നിവേദനം സമര്‍പ്പിച്ചത്‌.
മാനേജരത്‌ വാങ്ങി റൈറ്ററെക്കൊണ്ട്‌ വായിപ്പിച്ചു. അയാളത്‌ മനസ്സില്‍ വായിച്ച ശേഷം മാനേജര്‍ക്ക്‌ കാര്യങ്ങള്‍ തെറ്റായാണ്‌ വിശദീകരിച്ച്‌ കൊടുത്തത്‌. ശുദ്ധ അസംബന്ധങ്ങളായിരുന്നു അയാളുടെ വാക്കുകളില്‍ നിന്നും പുറപ്പെട്ടു വന്നത്‌. അതു കേട്ടപ്പോള്‍ ആള്‍ കൂട്ടത്തിനു മുമ്പിലുണ്ടായിരുന്ന കുഞ്ഞാലിയുടെ മുഖം ചുവന്നു. അയാള്‍ മുന്‍പോട്ടാഞ്ഞ്‌ റൈറ്ററോട്‌ കയര്‍ത്തു.
ഹേ മനുഷ്യാ…. നിങ്ങളൊരു നല്‍ക്കാലിയാണോ? എല്ലാവരും ഈ പാവങ്ങളെ പോലെ ഇംഗ്ലീഷ്‌ അറിയാത്തവരാണെന്ന്‌ കരുതിയോ?
കുഞ്ഞാലിയുടെ കനത്ത ശബ്‌ദവും തുറിച്ചു നോട്ടവും കണ്ടപ്പോള്‍ റൈറ്റര്‍ വിരണ്ടുപോയി. എന്താണ്‌ പ്രശ്‌നമെന്ന്‌ മാനേജര്‍ ചോദിച്ചു. അപ്പോള്‍ കുഞ്ഞാലി മാനേജരോട്‌ ഇംഗ്ലീഷില്‍ തന്നെ സംസാരിച്ചു. നിവേദനത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അക്കമിട്ട്‌ നിരത്തി. ഈ ആവശ്യങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും ഇതിനായി നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനുകാരണം അങ്ങയുടെ ഈ റൈറ്ററാണെന്നും കുഞ്ഞാലി വെട്ടിത്തുറന്ന്‌ പറഞ്ഞു.

എല്ലാം കേട്ട്‌ ബോധ്യമായപ്പോള്‍ മാനേജര്‍ക്ക്‌ അത്ഭുതം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റിന്‌ യാതൊരു പ്രയാസവുമില്ല. എന്നാല്‍ തൊഴിലാളികളില്‍ നിന്ന്‌ അങ്ങനെ ഒരാവശ്യം ഉയര്‍ന്നു വന്നതായി മാനേജ്‌മെന്റിന്‌ അറിവില്ലാത്തതിനാല്‍ അംഗീകരിക്കപ്പെട്ടില്ലെന്നേയുള്ളൂ. എന്തായാലും നിങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ മാനേജ്‌മെന്റ്‌ തയ്യാറാണ്‌.
അയാള്‍ പറഞ്ഞു.

ആ പ്രഖ്യാപനം കേട്ട്‌ തൊഴിലാളികള്‍ തുള്ളിച്ചാടി. അവരുടെ ആഹ്ലാദം ആകാശത്തോളം ഉയര്‍ന്നു. മാനേജ്‌മെന്റിനേയും തൊഴിലാളികളേയും കബളിപ്പിക്കുകയായിരുന്ന ഓഫീസ്‌ റൈറ്ററെ അവിടെ വെച്ച്‌ താക്കീത്‌ ചെയ്യുവാനും മാനേജര്‍ മറന്നില്ല.
അന്നത്തെ ഒരു തൊഴിലാളിയുടെ ഉയര്‍ന്ന കൂലി ആറ്‌ അണയായിരുന്നു. താഴ്‌ന്നത്‌ രണ്ടണയും. ഇതില്‍ രണ്ടണയുടെ വര്‍ധനവ്‌ അടക്കം തൊഴിലാളികളുടെ 12 ഡിമാന്റുകളും അംഗീകരിക്കപ്പെട്ടു. മുദ്രാവാക്യ വിളികളോടെ തന്നെ പ്രകടനം എസ്റ്റേറ്റ്‌ പടിക്കലേക്ക്‌ നീങ്ങി. ഉടനെ അവിടെ ഒരു ആഹ്ലാദയോഗം ചേര്‍ന്നു. യോഗത്തില്‍ അല്‍പ സമയം മാത്രം കുഞ്ഞാലി പ്രസംഗിച്ചു. കരഘോഷങ്ങള്‍ക്കിടയില്‍ തന്നെ ആ തീപ്പൊരി പ്രസംഗം അവസാനിപ്പിച്ച്‌ ആ മനുഷ്യന്‍ വന്ന വഴികളിലേക്ക്‌ തന്നെ അപ്രത്യക്ഷനായി.

കണ്ടു നിന്നവര്‍ക്കും കേട്ടു നിന്നവര്‍ക്കും ഒരത്ഭുതമായിരുന്നു ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ തന്റേടം, വാക്കുകളിലെ നിശ്ചയ ദാര്‍ഢ്യം, കനത്ത വാക്കുകളില്‍ അടങ്ങിയിരുന്ന പ്രതിഷേധത്തിന്റെ ആഹ്വാനം. എല്ലാം അവരെ അമ്പരപ്പിച്ചു.
എന്നാല്‍ അയാളെ കേട്ടവരിലേറെ പേര്‍ക്കും അപ്പോഴും അറിയുമായിരുന്നില്ല. അത്‌ അവര്‍ ആവേശത്തോടെ കേട്ടിട്ടുള്ള, ആരാധനയോടെ മാത്രം ഓര്‍ത്തിരുന്ന സഖാവ്‌ കുഞ്ഞാലിയായിരുന്നുവെന്ന്

You May Also Like

സമ്മിശ്ര ഭാവങ്ങളുടെ സമ്മേളനം, ചിലവ നാച്ചുറലായി, ചിലത് സിന്തറ്റിക്കും

9 ഷോർട്ടുകൾ …9 ഇമോഷനെ ബേസ് ചെയ്ത് എന്ന് അവകാശപ്പെടുന്ന വർക്കുകൾ .മണി രത്നം പ്രൊഡക്ഷനിൽ ടോപ് ക്ലാസ് ക്രിയേറ്റീവ് ടീമിൻ്റെ ഒരു കൂട്ടായ്മ അവതരിപ്പിക്കുന്നു

ഒരു എയര്‍ ഇന്ത്യാ യാത്രാനുഭവം !

മൂടല്‍ മഞ്ഞിന്റെ പ്രശ്‌നമുള്ളത് കാരണം യാത്രാസമയം നീളുമായിരിക്കും എന്ന മുന്‍വിധിയോടെയാണ്, വിമാനതാവളത്തില്‍ എത്തിയത്. എന്നാല്‍ സമയത്ത് തന്നെ പുറപ്പെടും എന്ന അറിയിപ്പിന്റെ ഭാഗമായി എല്ലാതരം പരിശോധനകളും കഴിഞ്ഞ് എല്ലാ യാത്രക്കാരും വിമാനത്തില്‍ ഇരുപ്പായി.

സിനിമ സംവിധായകന്റെ കലയെന്ന് പറയുന്നവർ പിന്നെന്തിനു നടനെ അധിക്ഷേപിക്കണം ?

ക്രഷ് തോന്നിയ അപൂർവ്വം മലയാള നടന്മാരിലൊരാൾ കൈലാഷാണ്. ഒത്ത ഉയരം, മനോഹരമായ beard, ഇന്റർവ്യൂകളിൽ സത്യസദ്ധമായ വിനയവും

മാരകമായ 3 ഇൻട്രോ സീനുകൾ

ബിഗ് ബി മലയാളം കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു സിനിമാട്ടോഗ്രഫി ഇറക്കി അമൽ നീരദ് ഞെട്ടിച്ചു. ലുസിഫെറിൽ ഒരു ഫാൻ ബോയ് എന്ന നിലയിൽ പ്രിത്വി ഏറ്റവും മികച്ചരീതിയിൽ