ഒരു രക്തസാക്ഷിയുടെ കുടുംബത്തോട്‌ കാണിച്ച നെറികേടുകള്‍

0
807

ആര്യാടാ കൊലയാളീ
കാളികാവിന്‍ കല്ലറയില്‍
ഞങ്ങളെ നേതാവുണ്ടെങ്കില്‍
ഓരോതുള്ളി ചോരക്കും
പകരം ഞങ്ങള്‍ ചോദിക്കും
ഇങ്കിലാബ്‌ ഇങ്കിലാബ്‌
ഇങ്കിലാബ്‌ സിന്ദാബാദ്‌

ഏറനാടിന്റെ മണ്ണിലും മനസിലും കമ്യൂണിസത്തിന്റെ വിത്തു വിതക്കാന്‍ നിയോഗിക്കപ്പെട്ട ധീര വിപ്ലവകാരിയായിരുന്ന സഖാവ്‌ കുഞ്ഞാലിയെ കാളികാവ്‌ പള്ളിപ്പറമ്പിന്റെ ആറടിമണ്ണില്‍ അടക്കിയശേഷം ചേര്‍ന്ന അനുശോചനയോഗത്തിനു മുമ്പ്‌ സഖാക്കള്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്‌. 1969ജൂലൈ 29ന്റെ പുലര്‍ച്ചെയില്‍ അന്ന്‌ അതേറ്റുചൊല്ലാനും അതിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പാര്‍ട്ടിസഖാക്കള്‍ മാത്രമായിരുന്നില്ല. ഒരു ജനസാഗരത്തിന്റെ ഇടറിയ കണ്‍ഠങ്ങളില്‍ നിന്നായിരുന്നു ആ പകയുടെ കനല്‍ ജ്വാലകള്‍ ഉയര്‍ന്ന്‌ പൊങ്ങിയത്‌. കുഞ്ഞാലിക്ക്‌ വെടിയേറ്റപ്പോഴും മരിച്ചപ്പോഴും ഏറനാട്‌ ഇളകിമറിഞ്ഞിരുന്നു. കാളികാവ്‌ കണ്ട ഏറ്റവും വലിയ ജനസാഗരമായിരുന്നുവത്‌.

അവിടെയെത്തിയ ഓരോ കണ്ണുകളും നിറഞ്ഞൊഴുകുന്നതായിരുന്നു. കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനെത്തുന്നവരെ തിരിച്ച്‌ ആശ്വസിപ്പിക്കേണ്ട അവസ്ഥ. ആ നിസ്വാര്‍ഥ സേവകന്റെ മരണം അനാഥമാക്കിയത്‌ ഒരുകുടുംബത്തെ മാത്രമായിരുന്നില്ല. നടുക്കിയതും തളര്‍ത്തിയതും പാര്‍ട്ടിപ്രവര്‍ത്തകരെ ഒറ്റക്കായിരുന്നില്ല. മോളെ നീയും നിന്റെ കുഞ്ഞുങ്ങളും മാത്രമല്ല അനാഥമായത്‌..ഈ നാട്ടില്‍ എന്നെപ്പോലുള്ളവരും അനാഥരായിരിക്കുന്നു, കുഞ്ഞാലിയുടെ വിധവയെ ആശ്വസിപ്പിക്കാനെത്തിയ ഒരുവൃദ്ധ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.~~

മണ്ണില്ലാത്തോര്‍ക്ക്‌ ഇത്തിരിമണ്ണും പാവങ്ങള്‍ക്കൊരു ചെറ്റക്കുടിലും നേടിയെടുക്കുന്നതിനിടെ രണാങ്കണത്തില്‍ വീണുമരിച്ച ആ മനുഷ്യന്‍ പാവങ്ങളുടെ പടത്തലവനായിരുന്നു.തോട്ടംതൊഴിലാളികളുടെ കണ്‍കണ്ട ദൈവമായിരുന്നു.

അഹന്തയുടെ ഗോപുരനടകളില്‍ കയറിയിരുന്ന്‌ വിരാജിക്കുന്ന നാടുവാഴികളോടും ഭൂ പ്രഭുക്കന്‍മാരോടും പോരാടാന്‍ ധീരതയുടെ ആള്‍രൂപമായ ഒരാളുടെ സാന്നിധ്യത്തിന്‌ ഏറനാടന്‍ മണ്ണ്‌ കാത്തിരിക്കുമ്പോഴായിരുന്നു ഒരു നിയോഗം പോലെ അയാള്‍ കടന്നുവരുന്നത്‌. ഇല്ലായ്‌മകളുടെ ജീവിത പരിസരത്തുനിന്നും വിപ്ലവത്തിന്റെ കനല്‍ പാതയിലേക്ക്‌ നെഞ്ചും വിരിച്ച്‌ നടന്ന്‌ കയറിയ സമരനായകന്‍. പട്ടിണിയെ തൊട്ടറിഞ്ഞവന്‍, പ്രതിസന്ധികള്‍ക്കു മുമ്പിലും സമരമുഖങ്ങളിലും വീറോടെ പോരാടുന്നവന്‍. അര്‍ഹതക്കുള്ള അംഗീകാരം പോലെ ജനം മനസില്‍ തൊട്ട്‌ നേതാവായി വാഴിച്ചവന്‍. അതായിരുന്നു സഖാവ്‌ കുഞ്ഞാലി.

അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്‌ നാല്‍പ്പത്തിയൊന്ന്‌ വര്‍ഷം പൂര്‍ത്തിയാകുന്നു ഈ ജൂലൈ 29ന്‌. അതോര്‍മിക്കാന്‍ ഏറനാട്ടിലേയും മലബാറിലേയും ചരിത്രം മറന്നിട്ടില്ലാത്ത ഒരുതലമുറയുണ്ട്‌. നിലമ്പൂരിലെ പാര്‍ട്ടിക്കാരുണ്ട്‌. ഓരോ ജൂലൈ 28ന്റെ പുലരികളിലും ഓരോ ഏറനാടന്‍ തെരുവുകളില്‍ നിന്നും ഇന്നും മുഴങ്ങുന്ന പ്രഭാതഭേരികളില്‍ പാര്‍ട്ടിക്കാര്‍ ഏറ്റുചൊല്ലുന്നു.

മണ്ണില്ലാത്തോര്‍ക്കിത്തിരിമണ്ണും
പാവങ്ങള്‍ക്കൊരു ചെറ്റക്കുടിലും
നേടിയെടുക്കാന്‍ നിലമ്പൂര്‍കാട്ടില്‍
അങ്കംവെട്ടി വീണുമരിച്ച
ധീര സഖാവേ കുഞ്ഞാലി
താങ്കളുയര്‍ത്തിയ മുദ്രാവാക്യം
ഞങ്ങളീ മണ്ണില്‍ ശാശ്വതമാക്കും
താങ്കളുയര്‍ത്തിയ ചോരച്ചെങ്കൊടി
ഞങ്ങളീ മണ്ണിലുയര്‍ത്തികെട്ടും

41 വര്‍ഷങ്ങള്‍ക്കിപ്പുറം ചോരച്ചെങ്കൊടി വാനില്‍ ഉയര്‍ന്ന്‌ പറക്കുന്നുണ്ട്‌. അതിനെ ഉയരത്തില്‍ പ്രതിഷ്‌ഠിക്കാന്‍ നേതാക്കളും അണികളും മത്സരിക്കുന്നുണ്ട്‌. പക്ഷേ, അദ്ദേഹമുയര്‍ത്തിയ മുദ്രാവാക്യം ഈ മണ്ണില്‍ ശാശ്വതമായോ….? അദ്ദേഹത്തിന്റെ ഓര്‍മകളില്‍ മാത്രം മുഴകി ജീവിക്കുന്ന ഒരു വിധവക്കും ആ രക്തസാക്ഷിയുടെ മക്കള്‍ക്കും നീതി ലഭിച്ചുവോ…? അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ട്‌ മാത്രം ചെങ്കൊടിക്ക്‌ കീഴില്‍ അണിനിരന്ന ജനവിഭാഗങ്ങള്‍ സ്വപ്‌നം കണ്ട സ്വര്‍ഗരാജ്യം പുലര്‍ന്നുവോ…?


ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു ഒരു ജനപ്രതിനിധി വെടിയേറ്റു മരിക്കുന്നത്‌. എന്നിട്ടും അദ്ദേഹത്തിന്റെ കൊലയാളികള്‍ ശിക്ഷിക്കപ്പെട്ടില്ല. കീഴ്‌ക്കോടതിയുടെ വിധിയെ ചോദ്യംചെയ്‌ത്‌ ആരും മേല്‍ക്കോടതിയെ സമീപ്പിച്ചില്ല….? ~ഒരുവിധവയുടേയും പറക്കമുറ്റാത്ത നാല്‌ കുഞ്ഞുങ്ങളുടേയും മുമ്പിലെ ഉത്തരമില്ലാത്ത പ്രതിസന്ധി അതിജീവനമായിരുന്നു. പക്ഷേ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പാര്‍ട്ടിപോലും ഏറനാടിന്റെ ചെഗുവേരയുടെ ഘാതകനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ എന്തുകൊണ്ട്‌ അപ്പീല്‍ നല്‍കിയില്ല….? കുഞ്ഞാലി വധത്തിലെ കൊലയാളിയെ കണ്ടെത്തി പാര്‍ട്ടിക്കാര്‍ നടത്തിയ വധശിക്ഷയെക്കുറിച്ചല്ല പറയുന്നത്‌.

കുഞ്ഞാലീ താങ്കള്‍ റൗഡിയും ദ്രോഹിയുമായിരുന്നു. താങ്കളുടെ ദ്രോഹം സഹിക്കാനാവതെ ഈ പ്രദേശത്തെ കാട്ടുരാജാക്കന്‍മാരും മുതലാളിമാരും കൊല്ലങ്ങളായി വിഷമിക്കുകയായിരുന്നു. ഇങ്ങനെയെഴുതാന്‍ എനിക്കൊരു രാഷ്‌ട്രീയക്കാരന്റേയും ഭാഷ കടം വാങ്ങേണ്ടതില്ല. അവരാണ്‌ ഈ കൊലയാളി കയ്യില്‍ തോക്കും തിരയും ഏല്‍പ്പിച്ചിരുന്നത്‌. ഏല്‍പ്പിച്ചിട്ട്‌ മാസങ്ങള്‍ പലതായിരുന്നു. ആരാണവര്‍…താങ്കള്‍ക്കതറിയാം.. ഈ നാട്ടുകാര്‍ക്കും. പക്ഷേ പറയാന്‍ പാടില്ലല്ലോ…തിരനിറച്ച തോക്കുമായി കുറെ കാട്ടാളന്‍മാര്‍ ചില മാസങ്ങളായി താങ്കള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നു നാട്ടുകാര്‍ പറയുന്നു. ഒന്നുരണ്ട്‌തവണ കാഞ്ചിയില്‍ കൈവെച്ച്‌ അവര്‍കാത്തിരുന്നിട്ടുണ്ട്‌. ആരുടെ വിരലായിരുന്നു ആ കാഞ്ചിയമര്‍ത്തിയത്‌….? അതൊരുവലിയ വിരലായിരുന്നുവെന്ന്‌ തീര്‍ച്ച. ആ വിരല്‍ താങ്കളുടെ ദ്രോഹംകൊണ്ട്‌ ഗതിമുട്ടിയ ഈ നാട്ടിലെ പ്രതിലോമശക്തികളുടെ പ്രാതിനിധ്യമുള്ളയാളായിരുന്നു എന്ന്‌ കെ ടി മുഹമ്മദ്‌ കുഞ്ഞാലിയുടെ മരണശേഷം എഴുതിയ ഒരുകത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. ആ വിരലനക്കത്തിന്റെ പ്രതിനിധി ഇന്നും അജ്ഞാത ലോകത്താണ്‌.

രക്തസാക്ഷി വിഢ്‌ഢിയാകും വിധം
രക്തസാക്ഷി വിപ്ലവത്തിന്റെ ജീവവായുവാണ്‌. രക്തസാക്ഷിയുടെ ചുടുരക്തം പ്രസ്ഥാനത്തിന്‌ വളമാകും. വെള്ളവും വെളിച്ചവുമാകും. ചെറിയ ചെറിയ വിത്തുകള്‍ അവയില്‍ നിന്ന്‌ മുളച്ചുപൊന്തും. ഇലകള്‍ തളിര്‍ക്കും. ഫലം കായ്‌ക്കുന്ന വടവൃക്ഷമായി മാറും. പിന്നെ പിന്നെ രക്തസാക്ഷി എവിടെയെല്ലാമോ ചില്ലിട്ട ഒരു ഫോട്ടോയായി ഒതുങ്ങും. ഏതെങ്കിലുമൊരുമൂലയില്‍ ഒരു രക്തസാക്ഷി സ്‌തൂപമായി പരിണമിക്കും. പ്രസ്ഥാനം കാലത്തിനൊപ്പം സഞ്ചരിക്കും. അതിന്റെ ആകൃതിയില്‍ മാറ്റംവരും. മുഖം മാറും. അസ്ഥിത്വം തന്നെ വ്യതിചലിക്കും. അപ്പോള്‍ രക്തസാക്ഷിയെ വിഢ്‌ഢിയെന്ന്‌ വിളിക്കപ്പെടാന്‍ കാലം നിര്‍ബന്ധിതതരാകും.

കൊലക്കേസിലെ ഒന്നാം പ്രതി പാര്‍ട്ടി സ്ഥാനാര്‍ഥി
ആ സഖാവിന്റെ വിയര്‍പ്പിലാണ്‌ ഏറനാട്ടില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി മുളപൊട്ടിയത്‌. അയാളുടെ ചുടുരക്തത്തിലാണത്‌ തളിര്‍ത്തു പൂത്തത്‌. ആ രക്ത തുള്ളികളെ വോട്ടാക്കി മാറ്റുകയും വിലപേശി വില്‍ക്കുകയും ചെയ്‌തു പിന്നെ ആ പാര്‍ട്ടി. ആ രക്തക്കറയുണങ്ങും മുമ്പേയായിരുന്നു കുഞ്ഞാലി വധത്തിലെ ഒന്നാം പ്രതിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്‌ പാര്‍ട്ടി തങ്ങളുടെ വോട്ട്‌ കച്ചവടം നടത്തിയത്‌. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തോടൊപ്പം ചേര്‍ന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ മത്സരഗോഥയിലിറങ്ങി. അദ്ദേഹത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു പാര്‍ട്ടി. ആ സംഭവം കുഞ്ഞാലിയുടെ മരണാനന്തരം ആ കുടുംബത്തെ നടുക്കിയ മറ്റൊരു ദുരന്തമായിരുന്നു.

കുഞ്ഞാലിയുടെ വിധവ സൈനബയെ കാണാനും വോട്ടഭ്യര്‍ഥിക്കാനും അന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ ഒരുശ്രമം നടത്തി. എങ്ങനേയും വിജയം ഉറപ്പിക്കാനുള്ള രാഷ്‌ട്രീയക്കാരന്റെ ഉളുപ്പില്ലാത്ത തന്ത്രം. പക്ഷേ അപ്പോള്‍ പൊട്ടിത്തറിക്കാതിരാക്കാന്‍ എങ്ങനെയാണ്‌ ഒരു രക്തസാക്ഷിയുടെ വിധവക്കാകുക…? അവര്‍ പൊട്ടിത്തെറിച്ചു.
സ്ഥാനാര്‍ഥി ആരുമായികൊള്ളട്ടെ.. ജയിക്കുന്നയാള്‍ക്കും തോല്‍ക്കുന്നയാള്‍ക്കും തന്റെ വോട്ടില്ല. എന്നായിരുന്നു മനസ്‌നൊന്ത അവരുടെ ശാപവാക്കുകള്‍. തന്റെ ഭര്‍ത്താവിന്റെ കൊലയാളി ആരുമായികൊള്ളട്ടെ…ഇത്രകാലവും പാര്‍ട്ടിക്കാര്‍ പറഞ്ഞ്‌ നടന്നത്‌ അത്‌ ആര്യാടനാണെന്നാണ്‌. ഞാനും അങ്ങനെ തന്നെ കരുതി. ഇന്നും അതുതന്നെ വിശ്വസിക്കുന്നു. അത്‌കൊണ്ട്‌ ആര്യാടന്‍ മുഹമ്മദ്‌ എന്ന മനുഷ്യനെ ഈ വീടിന്റെ പടികയറ്റരുത്‌. എനിക്കാ മനുഷ്യനെ കാണുകയും വേണ്ടാ..

അന്ന്‌ പറഞ്ഞ കാര്യങ്ങള്‍ അവര്‍ അടുത്തിടെ ഈ ലേഖകനോട്‌ അനുസ്‌മരിക്കുകയുണ്ടായി.
അന്നത്‌ പാര്‍ട്ടി വൃത്തങ്ങളെ ഞെട്ടിച്ചു.എതിരാളികള്‍ക്ക്‌ ലഭിക്കുന്ന ശക്തമായ ആയുധമായി മാറുമെന്നും പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞു. പിന്നെ ആ പ്രസ്ഥാവന തിരുത്താന്‍വേണ്ടി നാടകാചാര്യന്‍ കെ ടി മുഹമ്മദിനെയാണ്‌ പാര്‍ട്ടിക്കാര്‍ സമീപ്പിച്ചത്‌. അദ്ദേഹത്തിന്റെ സഹോദരിയായിരുന്നുവല്ലോ അവര്‍. അങ്ങനെ സഹോദരന്റെ നിര്‍ബന്ധം മുറുകിയപ്പോള്‍ അവര്‍ക്കും മനമില്ലാ മനസ്സോടെ അനുസരിക്കേണ്ടി വന്നു. പക്ഷേ അതോടെ അവര്‍ ഒന്നുറപ്പിച്ചിരുന്നു.

ദുരന്ത മുറിവിലേക്ക്‌ ക്രൂരതയുടെ വെടിയുണ്ട
ഭര്‍ത്താവും അവരുടെ മാതാവും അന്ത്യവിശ്രമം കൊള്ളുന്ന കാളികാവിന്റെ മണ്ണില്‍ നിന്നും മടങ്ങുക. ഒരു ദുരന്തത്തിന്റെ രക്തം കിനിഞ്ഞിറങ്ങുന്ന മുറിവിലേക്കാണ്‌ വീണ്ടും പാര്‍ട്ടിക്കാര്‍ ക്രൂരതയുടെ ആദ്യവെടിയുതിര്‍ത്തത്‌. പാര്‍ട്ടി ആ കുടുംബത്തോട്‌ കാണിച്ച ആദ്യത്തെ നിന്ദ്യമായ അപമാനിക്കലായിരുന്നുവത്‌. ഭര്‍ത്താവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടം തുളുമ്പുന്ന നാട്ടില്‍ തന്നെ ശിഷ്‌ടകാലം കഴിയാനും അതേ മണ്ണില്‍ തന്നെ അലിഞ്ഞുചേരാനുമായിരുന്നു അവര്‍ മനസ്സില്‍ തീരുമാനിച്ചുറച്ചിരുന്നത്‌.എന്നാല്‍ അതില്‍ പിന്നെയാണ്‌ ഭര്‍ത്താവിന്റെ ഓര്‍മകളിരമ്പുന്ന കാളികാവില്‍ നിന്നും അവര്‍ കോഴിക്കോട്ടേക്ക്‌ മടങ്ങിയത്‌.

ഇരുപത്‌ വര്‍ഷമായി കോഴിക്കോട്‌ മാങ്കാവിലാണ്‌ താമസം. കൂടെ മകന്‍ അഷ്‌റഫും കുടുംബവുമുണ്ട്‌. മൂന്ന്‌ പെണ്‍മക്കള്‍ വിവാഹിതരായി. മൂത്തമകള്‍ സറീന കുടുംബ സമേതം സഊദി അറേബ്യയിലാണ്‌. ഒരു വിദ്യാലയത്തിലെ അധ്യാപികയാണ്‌.
ഇപ്പോള്‍ ആ മരണത്തിന്‌ നാല്‍പ്പത്തിയൊന്ന്‌ വയസ്സായിരിക്കുന്നു.അപ്പോള്‍ കുഞ്ഞാലിയുടെ വിധവയും കുടുംബാഗങ്ങളും ആദ്യമായി മനസ്‌ തുറക്കുന്നു.

ഭാര്യയുടെ ഓര്‍മകള്‍
പോരാട്ടങ്ങളില്‍ നിന്നും പോരാട്ടങ്ങളിലേക്കുള്ള പ്രയാണം അതായിരുന്നു സഖാവ്‌ കുഞ്ഞാലിയുടെ ജീവിതം. ഒരു നാടിന്റെ ചരിത്രത്തെ തന്നെ മാറ്റി പണിയാനുള്ള ആവേശത്തില്‍ നിന്നും പിറവി കൊണ്ടതായിരുന്നു ആ ജന്മം. മലയോരത്തിന്റെ വിമോചനത്തിനായി ഉഴിഞ്ഞുവെച്ചു പിന്നെയാ ജീവിതം. മനുഷ്യനായി ജീവിച്ച്‌ മരിക്കണമെന്ന്‌ സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന ഒരു സമൂഹത്തിനു മുമ്പില്‍ സംഘബോധത്തിന്റെ കരുത്ത്‌കാട്ടി ആത്മവിശ്വാസവും അവകാശബോധവും ഊട്ടി വളര്‍ത്തി എടുത്തു ആ മനുഷ്യന്‍.

അങ്ങനെയൊരാളുടെ ജീവിതത്തിലേക്ക്‌ വൈകിയെത്തിയ അതിഥിയായിരുന്നു അവര്‍. ഈ ആയുസിനിടക്ക്‌ അയാള്‍ അയാള്‍ക്കായി ജീവിച്ചിട്ടേയില്ല. സ്വന്തമായി ഒരാവശ്യവും ഉണ്ടായിരുന്നില്ല. അതിന്റെ പേരും പറഞ്ഞ്‌ ഒരാളെയും ബുദ്ധിമുട്ടിച്ചില്ല. ആരുമായും തര്‍ക്കിച്ചില്ല. സ്വന്തമായ ഒരു ജീവിതത്തെ കുറിച്ച്‌ ചിന്തിക്കുവാനും സ്വപ്‌നം കാണുവാനും തിരക്കുകള്‍ക്കിടയില്‍ നിന്ന്‌ അയാള്‍ക്ക്‌ സമയം കിട്ടിയതുമില്ല
.
ആയുസിന്റെ വലിയൊരു ഭാഗം തന്നെ കൊഴിഞ്ഞു പോയി. അത്‌ പങ്കിട്ടെടുത്തത്‌ പാര്‍ട്ടിയും പാവപ്പെട്ട ജനവിഭാഗങ്ങളുമായിരുന്നു. ഉമ്മയുമായി ഇടക്കിടെ ഉണ്ടായിരുന്ന തര്‍ക്കവും ഇതേ ചൊല്ലിയായിരുന്നു. മകനൊരു കുടുംബമുണ്ടായി കാണാന്‍ ആ ഉമ്മ ഏറെ മോഹിച്ചു.
ഒടുവില്‍ കുഞ്ഞാലിയുടെ ഉമ്മയുടെ കാത്തിരിപ്പുകള്‍ക്കും അര്‍ഥമുണ്ടായി. 37-ാം വയസ്സില്‍ കുഞ്ഞാലിയും മണവാളനായി പന്തലിലിറങ്ങി. 1961 മെയ്‌16ന്‌ കോഴിക്കോട്ടെ ആറാംഗേറ്റിങ്കലുള്ള കെ ടി മുഹമ്മദിന്റെ തറവാട്ടുവീട്ടിലായിരുന്നു ആ വിവാഹം
.
തോട്ടം തൊഴിലാളികളും കര്‍ഷക തൊഴിലാളികളും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമെല്ലാം വിവാഹത്തിനെത്തി. ഉന്നതരായ പാര്‍ട്ടി നേതാക്കളും തിരക്കുകള്‍ മാറ്റി വെച്ച്‌ വിവാഹത്തില്‍ പങ്കുകൊണ്ടു. പൂര്‍ണമായും ഇസ്‌ലാമിക മതാചാര പ്രകാരമായിരുന്നു വിവാഹം.

വിവാഹം വന്ന വഴി
പ്രശസ്‌ത നടന്‍ നിലമ്പൂര്‍ ബാലനും സി പി ഐ നേതാവായിരുന്ന നടുക്കണ്ടി മുഹമ്മദ്‌ കോയയുമായിരുന്നു ആ ആലോചനക്കിടയിലെ ദല്ലാള്‍മാരായി വര്‍ത്തിച്ചത്‌. ഒരിക്കല്‍ കെ ടി മുഹമ്മദും നിലമ്പൂര്‍ ബാലനും മുഹമ്മദ്‌ കോയയുമൊക്കെ ഉണ്ടായിരുന്ന ആ സദസ്സിലാണ്‌ കെ ടി തന്റെ സഹോദരിയെപ്പറ്റി പറഞ്ഞത്‌. അവര്‍ക്ക്‌ പറ്റിയ പുതിയാപ്ലയെ വേണം. അപ്പോഴായിരുന്നു നിലമ്പൂര്‍ ബാലന്റെ ചോദ്യം.
മിടുക്കനായ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവുണ്ട്‌. പെങ്ങളെ അയാള്‍ക്ക്‌ വിവാഹം ചെയ്‌തു കൊടുക്കുമോ ?
ആള്‌ ആരാണെന്ന്‌ കെ ടി മുഹമ്മദ്‌ അന്വേഷിച്ചു. അത്‌ കുഞ്ഞാലിയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല. കാരണം രാഷ്‌ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ കെ ടി മുഹമ്മദിന്‌ ആരാധന തോന്നിയിരുന്ന രണ്ടേ രണ്ട്‌ സഖാക്കള്‍ മാത്രമെ അക്കാലത്ത്‌ ഉണ്ടായിരുന്നുള്ളൂ. അതിലൊരാള്‍ എ കെ ജിയും മറ്റൊന്ന്‌ സഖാവ്‌ കുഞ്ഞാലിയുമായിരുന്നു. ആ കുഞ്ഞാലിയെ തന്റെ സഹോദരിക്ക്‌ ഭര്‍ത്താവായി കിട്ടുക എന്ന്‌ പറഞ്ഞാല്‍ അതിലപ്പുറമൊരു ഭാഗ്യമുണ്ടോ?

അങ്ങനെയായിരുന്നു ആ സംഭാഷണം ഒരു വിവാഹാലോചനയിലേക്കു നീണ്ടത്‌. കോഴിക്കോട്‌ നഗരത്തില്‍ ജനിച്ചു വളര്‍ന്നവള്‍. അങ്ങനെ വാഹനപ്പെരുപ്പങ്ങളുടേയും ആള്‍തിരക്കുകളുടേയും ലോകത്ത്‌ നിന്ന്‌ നിശബ്‌ദമായ ഒരു കുഗ്രാമത്തിലേക്ക്‌ പറിച്ചു മാറ്റപ്പെട്ട ജീവിതവുമായി സമരസപ്പെടാന്‍ അവര്‍ക്ക്‌ ഏറെ പ്രയാസപ്പെടേണ്ടി വന്നു. രണ്ടേ രണ്ട്‌ ബസ്സായിരുന്നു അന്ന്‌ കാളികാവിലേക്കുണ്ടായിരുന്നത്‌.

എപ്പോഴും തിരക്കിലായ ഭര്‍ത്താവ്‌. പലപ്പോഴും തിരുവനന്തപുരത്തോ കോഴിക്കോട്ടേക്കോ നീളുന്ന യാത്രകള്‍. സ്ഥലത്തുണ്ടെങ്കില്‍ തന്നെ മീറ്റിംഗുകള്‍ക്കും ചര്‍ച്ചകളിലേക്കുമുള്ള പ്രയാണം. കാത്തു കെട്ടിക്കിടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍. സ്‌ത്രീകള്‍, കുട്ടികള്‍. രാത്രികളിലാവും പലപ്പോഴും കയറി വരിക. അപ്പോഴും തളര്‍ച്ചയോ അവശതയോ ഉണ്ടാവാറില്ല. വരുമെന്നോ വൈകുമെന്നോ വിവരമറിയിക്കാനാവില്ല. ഭര്‍ത്താവിനെ കാത്ത്‌ കാത്തിരിക്കേണ്ടി വന്നിരുന്ന ദിനരാത്രങ്ങള്‍. കുഞ്ഞാലിയുടെ ഉമ്മയുള്ളതായിരുന്നു ഏക സമാധാനം. അകന്ന ബന്ധത്തിലെ ഒരു പെങ്ങളുടെ മകളുമുണ്ടായിരുന്നു കൂട്ടിന്‌.
എട്ടു വര്‍ഷത്തെ ദാമ്പത്യം
അവരുടെ ഇഷ്‌ടങ്ങള്‍ക്കൊത്തുള്ള ഒരു ജീവിതമായിരുന്നില്ല അത്‌. നാട്ടുകാര്യങ്ങളും പൊതുപ്രശ്‌നങ്ങളും കഴിഞ്ഞ്‌ അവര്‍ക്ക്‌ മാത്രമായി ഭര്‍ത്താവിനെ തനിച്ച്‌ കിട്ടിയിരുന്നതും കുറഞ്ഞ സമയങ്ങളിലായിരുന്നു. കുടുംബത്തോടൊപ്പം ഇരിക്കാനോ കുഞ്ഞുങ്ങളെ താലോലിക്കാനോ ഒന്നും കുഞ്ഞാലിക്ക്‌ സമയമുണ്ടായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ആദ്യത്തെ വീര്‍പ്പു മുട്ടലുകളൊക്കെ ശീലമായി. പിന്നെ അതുമായും പൊരുത്തപ്പെടാന്‍ ശീലിച്ചു. ആകെ എട്ടു വര്‍ഷം അതായിരുന്നു ആ ദാമ്പത്യ ജീവിതത്തിനുണ്ടായിരുന്ന ദൈര്‍ഘ്യം.

അതില്‍ തന്നെ ഒന്നരവര്‍ഷം കുഞ്ഞാലി തടവറയിലായിരുന്നു. മൂന്ന്‌ ഘട്ടങ്ങളിലായി വിവാഹാനന്തരം കുഞ്ഞാലി ജയിലിലായി. ഒന്നര വര്‍ഷം അങ്ങനെയും ഹോമിക്കപ്പെട്ടു. ആ കാലയളവില്‍ രണ്ട്‌ ചോര പൈതങ്ങളെയും കൊണ്ട്‌ കാളികാവിലെ വീട്ടില്‍ കഴിച്ചു കൂട്ടി. സാഹയത്തിന്‌ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ആത്മധൈര്യം പകരാന്‍ കുഞ്ഞാലിയുടെ ഉമ്മയും. പിന്നെയും മിച്ചംവന്ന ആറര വര്‍ഷം. അത്രമാത്രമാണ്‌ ആ ദമ്പതികള്‍ക്ക്‌ ഒരുമിച്ച്‌ കഴിയാനായത്‌.
ആദ്യത്തെ കുഞ്ഞ്‌ പെണ്‍കുട്ടിയായിരുന്നു. സമീറ. അവള്‍ക്ക്‌ രണ്ട്‌ വയസ്സ്‌ തികഞ്ഞിരുന്നില്ല. അപ്പോഴേക്ക്‌ രണ്ടാമത്തെ കുഞ്ഞും പിറന്നു. അഷ്‌റഫ്‌. അവന്‍ ജനിക്കുമ്പോഴും കുഞ്ഞാലി ജയിലിലാണ്‌. അതിനടുത്ത്‌ തന്നെയായിരുന്നു കുടുംബത്തിന്‌ താങ്ങാനാവാത്ത ആ വിയോഗം.

കുഞ്ഞാലിയുടെ ഉമ്മയുടെ മരണം. അപ്പോഴും കുഞ്ഞാലി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. അതിനെ എല്ലാം അതിജീവിച്ചു സൈനബ. സഹോദരന്‍ കെ.ടി. മുഹമ്മദിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയുമൊക്കെ പിന്തുണയുണ്ടായിരുന്നു. ജയിലില്‍ നിന്നും കുഞ്ഞാലി മോചിതനാകുന്നത്‌ നിലമ്പൂരിന്റെ എം എല്‍ എയായിട്ടായിരുന്നു. സന്തോഷവും സന്താപവും സമ്മിശ്രമായി കടന്നുവന്നു. അതോടെ തിരക്ക്‌ ഒന്നു കൂടി വര്‍ധിച്ചു.

കുഞ്ഞാലി വീട്ടിലുണ്ടാവുമ്പോഴും ശരിയായി ഉറങ്ങാനാവില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും സാന്നിധ്യമൊഴിഞ്ഞ നേരം കാണില്ല. ഇടക്കിടെ കമ്മിറ്റികള്‍. എത്രയൊക്കെ ചര്‍ച്ച ചെയ്‌താലും തീരുമാനത്തിലെത്താത്ത ചര്‍ച്ചകള്‍. ഇതിനായെത്തുന്ന വരെ സല്‍കരിക്കുക എന്ന ബാധ്യതയും അവര്‍ക്കായിരുന്നു.
വിവാഹത്തിന്റെ ആദ്യ നാളുകള്‍ കാളികാവിലെ സുബേദാര്‍ ബംഗ്ലാവിലായിരുന്നു താമസം. പാര്‍ട്ടി കാര്യങ്ങളും കുടുംബ കാര്യങ്ങളും ഒരുമിച്ച്‌ പോകാന്‍ ചില പ്രയാസങ്ങള്‍. ആദ്യമൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്‌തു. പക്ഷെ അത്‌ പരിഹരിക്കാതായപ്പോള്‍ താമസം കാളികാവ്‌ പാലത്തിനടുത്തുള്ള വാടക വീട്ടിലേക്കായി. ഇവിടെ നിന്നത്‌ കരുവാരക്കുണ്ട്‌ റോഡില്‍ ടിബിക്കടുത്തുള്ള വീട്ടിലേക്കും മാറ്റി. അവിടെയും യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കുറവുണ്ടായിരുന്നില്ല.

പരിമിതമായി കിട്ടിയിരുന്ന സമയത്തിനിടക്ക്‌ തന്നെ വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളുമൊക്കെ ശ്രദ്ധിക്കാന്‍ കുഞ്ഞാലി ശ്രമിച്ചിരുന്നു. സമയം ഒത്തു വന്നാല്‍ അവര്‍ക്കൊപ്പം പുറത്തിറങ്ങി ചിലപ്പോള്‍ സിനിമക്കോ മറ്റോ പോയി. ഇതിനിടയിലെങ്ങാനും ആരെങ്കിലും കുഞ്ഞാലിയെ തേടി വന്നാല്‍ പിന്നെ അത്‌ പരിഹരിക്കാനാവും ശ്രമിക്കുക. വരുന്നവരുടെ വ്യക്തിപരമോ കുടുംബപരമോ ആയ കാര്യങ്ങളാവും. എന്നാലും സ്വന്തം കുടുംബകാര്യങ്ങളേക്കാള്‍ അവക്കാവും പ്രാമുഖ്യം.

എല്ലാവര്‍ക്കും പ്രിയങ്കരനും പ്രിയപ്പെട്ടവനുമായ ഭര്‍ത്താവിനെ തന്നെ അവര്‍ക്ക്‌ കിട്ടി. തിരക്കുകള്‍ക്കിടയിലും ഒരുത്തമ ഭര്‍ത്താവിന്റെയും കുടുംബനാഥന്റേയും എല്ലാ കര്‍മ്മങ്ങളും ഭംഗിയായി തന്നെ അദ്ദേഹം നിറവേറ്റി. കുഞ്ഞാലിയുടെ ഭാര്യ എന്ന നിലയില്‍ ഏവരുടേയും സ്‌നേഹത്തിനും ബഹുമാനത്തിനും പാത്രമാകേണ്ടി വന്നു. എട്ടു വര്‍ഷത്തിനിടെ നാലു കുഞ്ഞുങ്ങളുടെ ഉമ്മയായി.
ഓരോ സമരത്തെക്കുറിച്ച്‌ കേള്‍ക്കുമ്പോഴും സൈനബ ഭയന്നു. അക്രമങ്ങള്‍ക്കു നേരെ തിരിച്ചടിക്കാന്‍ ഒരുങ്ങുമ്പോഴും അവര്‍ ഉത്‌കണ്‌ഠപ്പെട്ടു. ഒരു പോരാളിയുടെ ഭാര്യക്ക്‌ ഈ ഭീതി ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. പക്ഷെ, അവരുടെ പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങള്‍. നാടിന്റെ സമര നായകനാവാം കുഞ്ഞാലി. പട്ടിണിപാവങ്ങളുടെ രക്ഷകനാവാം. ഭൂപ്രഭുക്കളുടെയും ജന്മിമാരുടെയും പേടിസ്വപ്‌നമാവാം. പക്ഷെ അവര്‍ക്ക്‌ കുഞ്ഞാലി ഭര്‍ത്താവാണ്‌. അവരുടെ കുഞ്ഞുങ്ങളുടെ ഉപ്പയാണ്‌. അതുകൊണ്ടു തന്നെ ഓരോ പുലരിയിലും ഭര്‍ത്താവിനെ യാത്രക്കുമ്പോള്‍ ഒരു ഭീതി അവരെ ഗ്രസിച്ചു. ഇടക്കിടെ അവര്‍ അയാളോടത്‌ പ്രകടിപ്പിച്ചു. നിങ്ങളിങ്ങനെ പോയാല്‍ ഞാനും നമ്മുടെ കുഞ്ഞുങ്ങളും… അപ്പോള്‍ കുഞ്ഞാലി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
മരിക്കുന്നതുപോലും എന്റെ ഭാര്യ എന്ന നിലക്ക്‌ നിനക്ക്‌ അഭിമാനകരമായി തീരുന്ന നിലയിലായിരിക്കും.
പക്ഷെ ആ മരണം.
അത്ര അരികത്തു തന്നെയുണ്ടെന്ന്‌ അവര്‍ നിനച്ചു പോയിരുന്നില്ല. ജീവിതത്തിന്റെ വസന്ത നാളുകളില്‍ തന്നെ ഒരു രക്തസാക്ഷിയുടെ വിധവയായി തീരേണ്ടി വരുമെന്നും കരുതിയിരുന്നില്ല. ആ രക്തസാക്ഷിയുടെ വിധവ എന്ന നിലയില്‍ അഭിമാനത്തോടു കൂടി തന്നെയാണവര്‍ ജീവിതത്തിന്റെ സായന്തനത്തിലും കഴിഞ്ഞ്‌ കൂടുന്നത്‌.

മക്കളുടെ ഓര്‍മകളില്‍ കുഞ്ഞാലി

കുഞ്ഞാലിയുടെ മൂത്ത മകള്‍ സമീറ 23 വര്‍ഷമായി സൗദി അറേബ്യയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളം അധ്യാപികയാണ്‌. ഭര്‍ത്താവ്‌ റിയാസുദ്ദീനും രണ്ട്‌ മക്കളും സൗദിയില്‍ തന്നെ. സമീറയുടേയും സഹോദരന്‍ അഷ്‌റഫിന്റേയും ഓര്‍മകളില്‍ ഇപ്പോഴും ഉപ്പയുണ്ട്‌. സ്‌നേഹ സമ്പന്നനായിരുന്നുവെങ്കിലും ഒരേ സമയം പേടിയുമായിരുന്നു അവര്‍ക്ക്‌ ഉപ്പയെ.അദ്ദേഹം കുട്ടികളോട്‌ സ്‌നേഹം പ്രകടിപ്പിച്ചിരുന്നത്‌ ശരീരത്തില്‍ കടിച്ചും നുള്ളിയുമൊക്കെയായിരുന്നു എന്ന്‌ മകന്‍ അഷ്‌റഫ്‌ ഓര്‍ക്കുന്നു.

വലിയ ദേശ്യക്കാരനായത്‌കൊണ്ട്‌ വേഗം വടിയെടുക്കുകയും അടിക്കുകയും ഒക്കെചെയ്യും. അത്‌കൊണ്ട്‌കൂടിയായിരുന്നു പേടിയും. നിഷാത്ത്‌, ഹസീന എന്നീ രണ്ടുപെണ്‍മക്കള്‍ക്കൂടിയാണ്‌ കുഞ്ഞാലിക്കുള്ളത്‌. ഒരാള്‍ ദുബൈയിലാണ്‌. മറ്റവള്‍ നാട്ടില്‍തന്നെ.

മരണം എന്താണെന്നോ എങ്ങനെയാണെന്നോ തിരിച്ചറിയാനാവാത്ത പ്രായത്തിലായിരുന്നു ആ വിയോഗം. സറീന ഇന്നും ഓര്‍ക്കുന്നു. കാളികാവ്‌ ടിബിക്കു മുമ്പില്‍ ഒഴുകിപ്പരന്ന ആ ജന സഞ്ചയത്തെ. ടിബിയിലായിരുന്നു അവസാനമായി കുഞ്ഞാലിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന്‌ വെച്ചിരുന്നത്‌. പുഷ്‌പ ചക്രങ്ങള്‍ക്കു നടുവില്‍ ഉപ്പ ഉറങ്ങുകയാണെന്നേ തോന്നിയൊള്ളൂ… പതിവില്ലാത്ത ആള്‍ക്കൂട്ടത്തെ കണ്ടതിന്റെ അമ്പരപ്പ്‌ മുഖത്ത്‌ ഉണ്ടായിരുന്നുവെങ്കിലും അതൊരുമരണമായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ ആ ആറു വയസ്സുകാരിക്കായിരുന്നില്ല. ഉപ്പയുടെ അന്ത്യയാത്രക്കു മുമ്പുള്ള ചടങ്ങായിരുന്നു അതെന്നും

ആളുകള്‍ കൊണ്ടുവെക്കുന്ന റീത്തില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന പൂക്കളിലായിരുന്നു ശ്രദ്ധ. അവ പെറുക്കികൂട്ടുന്നതിലായിരുന്നു ബന്ധുവായ സല്‍മുവിനോടൊപ്പം മത്സരിച്ചിരുന്നത്‌. ഇരുവരും പൂക്കളുടെ എണ്ണം നോക്കി എനിക്കാണ്‌ കൂടുതല്‍ കിട്ടിയതെന്ന്‌ പറഞ്ഞ്‌ തര്‍ക്കിക്കിച്ചു. അതെല്ലാം ആളുകള്‍ കാണുന്നുണ്ടായിരുന്നു. അവര്‍ കുഞ്ഞാലിയുടെ മകളാണ്‌ അതെന്ന്‌ ആരോടൊക്കെയൊ അടക്കിപ്പറയുന്നുണ്ടായിരുന്നു. പിന്നെ ടി ബി വരാന്തയില്‍ ഇരുന്ന്‌ പൂക്കള്‍ കൊണ്ട്‌ കൊത്തങ്കല്ല്‌ കളിച്ചു. എല്ലാവരും അപ്പോള്‍ വിങ്ങുന്ന ഹൃദയവുമായി മൃതദേഹം ഒരുനോക്ക്‌ കാണാന്‍ തിക്കി തിരക്കുകയായിരുന്നു. സറീനയും കൂട്ടുകാരിയും ഓടി നടന്ന്‌ പൂക്കള്‍ പെറുക്കി കൂട്ടികൊണ്ടേയിരുന്നു. ഇന്നും അതെക്കുറിച്ചോര്‍ക്കുമ്പോള്‍ സറീനയുടെ കണ്ണുകളില്‍ നനവ്‌ പടരുന്നു. മകള്‍ പറഞ്ഞ്‌ നിര്‍ത്തുമ്പോള്‍ ഉമ്മ സൈനബയുടെ കണ്‍ഠവും ഇടറുന്നു.

വളര്‍ന്നപ്പോഴാണ്‌ സഖാവ്‌ കുഞ്ഞാലി എന്ന മനുഷ്യന്റെ മഹത്വമറിഞ്ഞത്‌. അതില്‍ പിന്നെ ഉപ്പയുടെ പാര്‍ട്ടിയോട്‌ ആവേശമായിരുന്നു മകള്‍ക്ക്‌. ഓരോ പ്രകടനവും കാണുമ്പോള്‍ ഉപ്പയുടെ പാര്‍ട്ടിഎന്ന നിലയില്‍ സാകൂതം നോക്കി നില്‍ക്കും. കോഴിക്കോട്‌ ഗുരുവായൂരപ്പന്‍ കോളജില്‍ പഠിക്കുമ്പോള്‍ സറീന എസ്‌ എഫ്‌ ഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ ജയിച്ചിരുന്നു. കുഞ്ഞാലിയുടെ മകള്‍ എന്ന നിലയില്‍ പാര്‍ട്ടിക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വലിയ ബഹുമാനവും സ്‌നേഹവുമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇന്നും ആ വീര്‍പ്പുമുട്ടലുകള്‍ പലയിടത്തുചെല്ലുമ്പോഴും ഉണ്ടാകുന്നു. ഇ എം എസ്‌, എ കെ ജി, ഇമ്പിച്ചി ബാവ, തുടങ്ങി മണ്‍മറഞ്ഞ പാര്‍ട്ടി നേതാക്കള്‍ മുതല്‍ ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കളുമായെല്ലാം നല്ല ബന്ധമാണ്‌ തുടരുന്നത്‌. എന്നാലും എന്തെങ്കിലും ആവശ്യത്തിനായി ഒരാളെയും തേടിചെന്നിട്ടില്ല.

കുഞ്ഞാലിയുടെ മക്കളെ ആരാധനയോടെയും സഹതാപത്തോടെയും കാണുന്ന ധാരാളം പേരെ ഇന്നും കാണാറുണ്ട്‌. പക്ഷേ ഉപ്പയുടെ പാര്‍ട്ടിയുടെ വഴിയെ പോകാന്‍ എന്ത്‌കൊണ്ടോ പിന്നെ തോന്നിയില്ല. അതു തന്നെയാണ്‌ അഷ്‌റഫിന്റെ കാര്യവും. പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല. കാരണം നഷ്‌ടമുണ്ടായത്‌ ഞങ്ങള്‍ക്കല്ലേ… എല്ലാം അനുഭവിക്കേണ്ടി വന്നതും ഞങ്ങളല്ലേ…അനാഥത്വത്തിന്റെ നിഴല്‍പ്പാടിന്റെ വ്യാപ്‌തി എന്താണെന്നും എത്രയാണെന്നും അനുഭവം കാണിച്ചു തന്നപ്പോള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം വേണ്ടന്ന്‌ അഷ്‌റഫും തീരുമാനിക്കുകയായിരുന്നു.