സാകിനി ഡാകിനി റിവ്യൂ….
Muhammed Sageer Pandarathil
സുരേഷ് പ്രൊഡക്ഷൻസ്, ഗുരു ഫിലിംസ്, ക്രോസ് പിക്ച്ചേഴ്സ് എന്നീ ബാനറുകളിൽ ഡി സുരേഷ് ബാബു, സുനിത തറ്റി, ഹ്യൂൺവോ തോമസ് കിം എന്നിവർ നിർമ്മിച്ച് സുധീർ വർമ്മ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് സാകിനി ഡാകിനി. ഇത് 2017 ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് റണ്ണേഴ്സ് എന്ന കൊറിയൻ ചിത്രത്തിന്റെ റിമേക്കാണ്.ഈ ആക്ഷൻ കോമഡി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നിവേദ തോമസിന്റെ കഥാപാത്രമായ ശാലിനിയും റെജീന കസാൻഡ്രയുടെ കഥാപാത്രമായ ദാമിനിയും പോലീസ് ട്രെയിനിംഗ് വിദ്യാർത്ഥികളാണ്.
ദാമിനിയുടെ അച്ഛനും അമ്മയും പോലീസ് ഉദ്യോഗസ്ഥരാണ്. അതിന്നാൽ തന്നെ തങ്ങളുടെ മകളും അങ്ങിനെ ആകണമെന്ന വാശിയിലാണ് അവർ ഇവളെ പോലീസ് ട്രെയിനിങ്ങിനെയാക്കുന്നത്. എന്നാൽ ശാലിനിക്ക് പോലീസ് ഉദ്യോഗത്തിനോടുള്ള പ്രിയം കൊണ്ടാണ് അവിടെ ചേർന്നത്.ഇരുവരും റൂം മേറ്റ്സ് ആണെങ്കിലും കണ്ടാൽ പാമ്പും കീരിയുമാണ്. അതിന്റെ മുഖ്യകാരണം ദാമിനിക്ക് കുറച്ച് വൃത്തി കൂടുതലാണ്. തൊട്ടതിനും പിടിച്ചതിനെല്ലാം സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കികൊണ്ടിരിക്കും. എന്നാൽ അതിന്റെ നേർ വിപരീതമാണ് ശാലിനി കുറച്ച് വൃത്തി കുറവാണ്. അതിനാൽ തന്നെ ഇവർ തമ്മിൽ അടിപിടി പതിവാണ്. അതിനാൽ ഇവർക്ക് പലപ്പോഴും നല്ല ശിക്ഷകൾ കിട്ടുക പതിവായിരുന്നു.
പൃഥ്വി രാജിന്റെ കഥാപാത്രമായ പോലീസ് അക്കാദമി ഇൻസ്ട്രക്ടറായ രഘു ട്രെയിനിംഗ് വിദ്യാർത്ഥികളോട് മൃദുവായി പെരുമാറുന്ന ആളാണെങ്കിൽ ഭാനു ചന്ദറിന്റെ കഥാപാത്രമായ പോലീസ് അക്കാദമി മേധാവി പ്രതാപ് ഐപിഎസ് വളരെ സ്ട്രിക്റ്റാണ്.
ട്രെയിനിംഗ് ക്യാമ്പിൽ പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾ കൊണ്ടുവരാൻ പാടില്ല എന്ന നിയമമുണ്ട്. എന്നാൽ ശാലിനി അതനുസരിക്കാതെ വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ കൊണ്ടുവരൽ പതിവാണ്. ഇക്കാര്യം ദാമിനി റിപ്പോർട്ട് ചെയ്യുകയും ശാലിനി ശാസിക്കുകയും ചെയ്തു ട്രെയിനിംഗ് അധികൃതർ. ഇതിന് ശാലിനി പകരം വീട്ടിയത് ദാമിനിയുടെ ലാപ്ട്ടോപ്പ് അടിച്ചു തകർത്തായിരുന്നു. തുടർന്ന് അവർ തമ്മിൽ പൊരിഞ്ഞ അടി നടന്നു. അതിനുശേഷം അവർതമ്മിൽ അടുപ്പം ഇല്ലായിരുന്നു. അങ്ങിനെ ഒരിക്കൽ ട്രെയിനിങ്ങിനിടയിൽ വീണ് കാലിൽ പരിക്ക് പറ്റിയ ദാമിനിയെ ശാലിനി സഹായിക്കുന്നതോട് കൂടി അവരിരുവരും അടുത്ത കൂട്ടുകാരികളായി മാറുന്നു.
അങ്ങിനെ ഒരു ഒഴിവുദിവസം രാത്രി ഒരു പാർട്ടിയിൽ പോയി വരുമ്പോൾ കുറച്ചുപേർ ഒരു കാറിൽ വന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഇവർ കാണുന്നു. ഉടനെ ഇവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞെങ്കിലും കാര്യമായ നടപടി ഉണ്ടാകാത്തതിന്നാൽ ഇവർ ഇവരുടെ വഴിക്ക് അന്വേഷണം ആരംഭിക്കുന്നു.ആദ്യാന്വേഷണത്തിൽ ആ പെൺകുട്ടി ഒരു മസാജ് പാർലറിൽ വർക്ക് ചെയ്യുന്ന കുട്ടിയാണെന്ന് മനസിലാക്കിയ ഇവർ അവൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് തട്ടികൊണ്ടുപോയവർ ആരാണെന്ന് മനസിലാക്കുന്നു. തുടർന്ന് രഘു ബാബുവിന്റെ കഥാപാത്രമായ കൺട്രോൾ റൂമിന്റെ ചുമതലയുള്ള ബ്രഹ്മ റാവുവിന്റെ സഹായത്തോടെ ആ കാർ ഇവർ ട്രൈസ് ചെയ്യുന്നു.
അങ്ങിനെ അവരുടെ കേന്ദ്രത്തിൽ എത്തിച്ചേർന്ന അവർക്ക് അവിടെ നിരവധി പെൺകുട്ടികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ആ കാഴ്ചയാണ് കാണാനായത്. നാട്ടിലെ പലസ്ഥലങ്ങളിൽ നിന്നും തട്ടിക്കൊണ്ടുവന്ന ഇവരുടെ അവയവങ്ങൾ ആശുപത്രിയുടെ സഹായത്തോടെ വില്പന നടത്തുന്ന ഒരു സംഘമാണ് ഇതിന്റെ പിന്നിലെന്നും അവർ മനസിലാക്കുന്നു. തുടർന്ന് അവരെ രക്ഷിക്കാൻ ശ്രമിക്കുന്ന സമയത്ത് ഇവർ ആ സംഘത്തിന്റെ പിടിയിലകപ്പെടുന്നു…..
ഇവർക്ക് അവിടെ നിന്ന് രക്ഷപെടാൻ സാധിക്കുമോ? ആ സംഘം തടവിലാക്കിയ പെൺകുട്ടികളുടെ ജീവൻ നഷ്ട്ടപ്പെടുമോ? ആ സംഘത്തെ കീഴടക്കാൻ ഇവർക്ക് ആകുമോ? ഇതിന്റെ ഉത്തരങ്ങൾക്കും അതോടൊപ്പം ഈ പെൺപുലികളുടെ കിടിലൻ സംഘട്ടന രംഗങ്ങളും കാണാൻ നമുക്ക് നെറ്റ്‌ഫ്ലിക്സിലേക്ക് പോകാം…..
റിച്ചാർഡ് പ്രസാദിന്റെ ഛായാഗ്രഹണവും വിപ്ലവ് നൈഷാദത്തിന്റെ ചിത്രസംയോജനം മൈക്കൽ മക്ലെറിയുടെ സംഗീതവും ചിത്രംത്തെ കൂടുതൽ മികവുറ്റതാക്കി.
ഓഫ് ടോപ്പിക്ക് : കണ്ണൂരിൽ ജനിച്ച നിവേദ തോമസ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയീട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വരെ ബുള്ളറ്റ് ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയുമാണ്.