മുഖ്യമന്ത്രി വിമാനങ്ങൾ തടയാൻ ശ്രമിച്ചു എന്ന് വിശ്വസിക്കുന്നില്ല

25

Sakkeer Hussain Tuvvur

ചാർട്ടേഡ് വിമാനങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി തടയാൻ ശ്രമിച്ചു എന്നാണ് ആരോപണം. മുഖ്യമന്ത്രി അങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.എന്നാൽ ചാർട്ടേഡ് ഫ്ലൈറ്റ് പരിപാടികളോട് ചില സഖാക്കൾ വലിയ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അധിക ചാർജ് ഈടാക്കുന്നു എന്നൊക്കെയാണ് പുറത്തു പറയുന്ന ന്യായം.’അതിനിടക്ക് എല്ലാം കൂടി ഇങ്ങോട്ട് കെട്ടിയെടുക്കണോ’ എന്ന് ചിലർ ചോദിക്കുന്നുമുണ്ട്. കാര്യമെന്താണ്?

ഗൾഫുനാടുകളിൽ കൊറോണയുടെ സമൂഹ വ്യാപനം നടന്നു കഴിഞ്ഞിരിക്കുന്നു. ആയിരങ്ങൾ ദിനേന രോഗികളാവുന്നു. എല്ലാവർക്കും അടിസ്ഥാന ചികിത്സ പോലും നൽകാനുള്ള സൗകര്യം അവിടങ്ങളിലില്ല.അധികപേരും റൂമിലിരുന്ന് സ്വയം ചികിത്സയാണ്. സ്വാഭാവികമായും മരണസംഖ്യ കൂടുന്നു. ആളുകൾ വലിയ മനഃസംഘർഷം അനുഭവിക്കുന്നുണ്ട്. ഹൃദയാഘാത മരണങ്ങൾ കൂടാൻ അതൊരു കാരണമാണ്. പിന്നെ പലരുടെയും മരുന്നുകൾ തീർന്നു പോയത്.

നിത്യരോഗികൾ പലരും നാട്ടിൽ നിന്നുള്ള മരുന്നുകളാണ് കഴിച്ചു കൊണ്ടിരുന്നത്. നാലു മാസത്തോളമായി നാട്ടിൽ നിന്ന് ആരും വരാത്തതു കൊണ്ട് അതെല്ലാം തീർന്നു പോയി. ഇവിടെ നിന്നു വാങ്ങാമെന്നു വെച്ചാൽ പൊള്ളുന്ന വില! നാട്ടിലെ വിലയുടെ പത്തിരട്ടി വരും പല മരുന്നിനും!! ഒരുവിധ സാധാരണക്കാരൊക്കെ മരുന്നും നിർത്തിയ അവസ്ഥയുണ്ട്.സന്നദ്ധ സംഘടനകളൊക്കെ സാധ്യമായത്ര മരുന്നുകൾ സംഘടിപ്പിച്ച് എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാലും എല്ലാവർക്കും പരിമിതിയുണ്ട്.

അനേകം പേർക്ക് ജോലിയും ശമ്പളവുമില്ല. പലർക്കും ശമ്പളം കുറച്ച അറിയിപ്പ് വന്നു. ചിലർക്ക് പിരിച്ചുവിട്ട നോട്ടീസ്.വേറെ ചിലർക്ക് ജോലിയും ശമ്പളവുമൊക്കെയുണ്ടെങ്കിലും ഒന്നും വേണ്ട. ഒന്ന് നാട്ടിലും വീട്ടിലും എത്തിയാൽ മതി. രോഗവും വിഷമവുമൊക്കെ വരുമ്പോൾ മനുഷ്യർ ആദ്യം ഓർക്കുക തൻ്റെ കുടുംബത്തെയാണ്. അവർ കൂടെയുണ്ടായെങ്കിൽ എന്ന് ആശിച്ചു പോകും. ചിലർക്ക് അമ്മയെ കണ്ടാലേ സമാധാനമാവൂ.

അതു കൊണ്ടാണ് എങ്ങനെയും നാടണയാൻ പ്രവാസികളധികവും ഇപ്പോൾ ആഗ്രഹിക്കുന്നത്.പല്ലുവേദനക്ക് പോലും അമേരിക്കയിൽ കുടുംബസമേതം ചികിത്സക്ക് പോകുന്ന പുംഗവൻമാർക്കൊന്നും ഈ ഒറ്റപ്പെടലിൻ്റെ വേദന മനസ്സിലാവില്ല.സ്വന്തം പൗരന്മാരെ അവരുടെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ പല രാജ്യങ്ങളും രാജ്യത്തിൻ്റെ ചിലവിൽ സംവിധാനമൊരുക്കുമ്പോഴാണ് ഇന്ത്യ ‘ഞഞ്ഞാമിഞ്ഞ’ പറഞ്ഞ് സ്വന്തം ചിലവിൽ വരാനിരിക്കുന്നവരെ പോലും തടയുന്നത്.കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായി കേരള മുഖ്യൻ മാറരുത്..

വരുന്ന പ്രവാസികൾക്കായി വാതിൽ തുറന്നു വെക്കണം. ഒന്നും വേണ്ട, ക്വാറൻ്റൈൻ സൗകര്യം മാത്രം കൊടുത്താൽ മതി.
വരുന്നവർ വിമാനം ചാർട്ട് ചെയ്തിട്ടോ നടന്നിട്ടോ എങ്ങനെ വേണമെങ്കിലും വരട്ടെ.അവരുടെ നാട്ടിലേക്കാണ് വരുന്നത്, വീട്ടിലേക്കാണ് വരുന്നത്. അവരുടെ അച്ചനമ്മമാരുടെ അടുത്തേക്കാണ്, അവരുടെ ഭാര്യയെയും മക്കളെയും കാണാനാണ്. മരിക്കുന്നെങ്കിൽ അവരുടെ നടുവിൽ കിടന്ന് മരിക്കാനാണ്. അതിന് ആരും ഇടങ്കോലിട്ട് പാര പണിയരുത് – അപേക്ഷയാണ്.

‘കേരളം ഭൂമിയിലെ ഏറ്റവും സുരക്ഷിത ഇടമായതുകൊണ്ടാണ് പ്രവാസികൾ കൂട്ടത്തോടെ വരാൻ നിൽക്കുന്നത്, പിണറായി ഡാ’ എന്നൊക്കെ പതിവുപോലെ ചിലർ തള്ളി മറിക്കുന്നുണ്ട്. അങ്ങനെയാവട്ടെ എന്ന് പ്രാർത്ഥിക്കാം. എന്നാൽ ആ കേരളം ഇന്നലെ അവിടെ നിന്ന് വണ്ടി കയറിയ പ്രവാസിയുടേത് കൂടിയാണ്,അത് മറക്കരുത്. അന്നം തേടി അൽപം ദൂരെ പോയവരെയൊക്കെ നിങ്ങൾ എന്നാണ് പടിയടച്ച് പിണ്ഡം വെച്ചത് ?!

ആറു മാസത്തിനുള്ളിൽ 60 കോടി പേർക്ക് ഇന്ത്യയിൽ കോവിഡ് ബാധിച്ചിരിക്കും എന്നാണ് ഒരു പഠനം. കേരളം മാത്രം അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നാലോചിക്കേണ്ടതുണ്ട്. എന്നാലും നമുക്ക് സദ്വിചാരവും നൽപ്രതീക്ഷിയും വച്ചുപുലർത്താം; നമ്മുടെ കേരളം അന്നും അപ്പോഴും വേറിട്ടു നിൽക്കട്ടെ.എന്നും എപ്പോഴും വേറിട്ടു നിൽക്കട്ടെ.
മംഗളം ഭവന്തു!

Advertisements