സലാം വെങ്കി
Muhammed Sageer Pandarathil
ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവർ നിര്‍മിച്ച സലാം വെങ്കി എന്ന ഹിന്ദി ചലച്ചിത്രം നടിയും സംവിധായികയുമായ രേവതിയാണ് സംവിധാനം ചെയ്തിട്ടുള്ളത്. യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി ശ്രീകാന്ത് മൂർത്തി എഴുതിയ ദി ലാസ്റ്റ് ഹുറ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രത്തിലൂടെ ഡുചെൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) എന്ന അപൂർവ ജനിതക രോഗം ബാധിച്ച 24 കാരനായ യുവ ചെസ്സ് താരം കോലവെണ്ണ് വെങ്കിടേഷ് എന്ന വെങ്കിയുടെയും അവന്റെ അമ്മ സുജാതയുടെയും കഥയാണ് പറയുന്നത്. വിശാൽ ജേത്വയുടെ കഥാപാത്രമായ വെങ്കിക്ക് 5 വയസുള്ളപ്പോഴാണ് ഡിഎംഡി എന്ന രോഗം സ്ഥിതീകരിക്കുന്നത്. ദിവസേന പേശികള്‍ നശിച്ചുകൊണ്ടിരിക്കുന്ന വെങ്കിക്ക് പരമാവധി പ്രതീക്ഷിക്കാവുന്ന ആയുസ്സ് 24 വയസ്സ് വരെയാണെന്നാണ് ഡോക്‌ടർ പറഞ്ഞിരിക്കുന്നത്. ഏകദേശം ഈ കാലഘട്ടം ആകുമ്പോഴേക്കും വെങ്കിക്ക് രോഗം മൂർച്ഛിക്കുകയും അവൻ ആശുപത്രി കിടക്കയിൽ അഡ്മിറ്റാക്കുകയും ചെയ്യുന്നു.
മാലാപാർവതിയുടെ കഥാപാത്രമായ നേഴ്സാണ് വെങ്കിയെ അവിടെ പരിചരിക്കുന്നത്. അവരുടെ പരിചരണവും അനീത് പദ്ദയുടെ കഥാപാത്രമായ വെങ്കിയുടെ അന്ധനായ പ്രണയിനി നന്ദിനിയുടെ സന്ദർശനവും അവന് നൽകുന്ന ആശ്വാസം ചെറുതല്ല. ചെറുപ്പത്തിൽ വെങ്കിയുടെ ഈ രോഗാവസ്ഥയോട് മുഖം തിരിച്ച കമൽ സദനയുടെ കഥാപാത്രമായ അവന്റെ അച്ഛൻ കരുണേഷ് പ്രസാദിനെ ഉപേക്ഷിച്ച് വീട് വീട്ടിറങ്ങി സ്വന്തം കാലിൽ നിന്നാണ് സുജാത ഇതുവരെ അവനെ നോക്കി വളർത്തിയത്.
അന്ന് അവന്റെ സഹോദരി റിധി കുമാറിന്റെ കഥാപാത്രമായ ശാരദ അച്ഛന്റെ ഒപ്പമാണ് വളർന്നതെങ്കിലും ഇപ്പോൾ വെങ്കിക്കൊപ്പം അവളും ആശുപത്രിയിൽ അവന് കൂട്ടായ് ഉണ്ട്. ഒപ്പം അനന്ത് മഹാദേവന്റെ കഥാപാത്രമായ വെങ്കിയുടെ യോഗാചാര്യന്റെ സാന്നിധ്യവും ഒപ്പം അവളുടെ തോന്നലായി എത്തുന്ന ആമിർ ഖാന്റെ കഥാപാത്രവും വെങ്കിയുടെ ഈ അവസ്ഥയിൽ അവൾക്ക് നൽകുന്ന ശക്തി വളരെ വലുതാണ്. തന്റെ രോഗത്താൽ ആന്തരീകാവയവങ്ങൾ നിലച്ചുപോകുന്നതിനുമുമ്പ് അതെല്ലാം ദാനം ചെയ്യണമെന്ന അവന്റെ അവസാന ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി മനസ്സില്ലാ മനസ്സോടെ ദായാവധത്തിനായി രാഹുൽ ബോസിന്റെ കഥാപാത്രമായ അഭിഭാഷകൻ പർവേസ് ആലം മുഖാന്തരം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. ഇതിന് അവൾക്ക് കട്ടസപ്പോർട്ടായി വെങ്കിയെ ചികിത്സിക്കുന്ന രാജീവ് ഖണ്ഡേൽവാളിന്റെ കഥാപാത്രമായ ഡോക്ടർ ശേഖർ ത്രിപാഠിയും ഈ വിഷയം ജനങ്ങൾക്കിടയിലെത്തിക്കാൻ അഭിഭാഷകൻ പർവേസിന്റെ കൂട്ടുകാരി അഹാന കുമ്രയുടെ കഥാപാത്രമായ മാധ്യമപ്രവർത്തക സഞ്ജനയുമുണ്ട്.
എന്നാൽ ഇതിനെതിരെ വാദിക്കാൻ പ്രിയാമണിയുടെ കഥാപാത്രമായ പബ്ലിക് പ്രോസിക്യൂട്ടറായ നന്ദകുമാർ വരുന്നതോടെ എന്ത് തീരുമാനത്തിൽ എത്തണമെന്ന വിഷമത്തിലാകുകയാണ് പ്രകാശ് രാജിന്റെ കഥാപാത്രമായ ജഡ്ജി അനുപം ഭട്നാകർ.അവസാനം അയാൾക്ക് ശക്തി നൽകാൻ രേവതിയുടെ കഥാപാത്രമായ അയാളുടെ ഭാര്യ രാധ വേണ്ടി വരുന്നു. തുടർന്ന് വെങ്കിയെ ആശുപത്രിയിൽ സന്ദർശിച്ച്, ഇന്ത്യയിൽ ദയാവധം നിയമവിധേയമല്ലാത്തതിനാൽ അതിന് സാധ്യമല്ലെന്ന തന്റെ വിധി അയാൾ അറിയിക്കുന്നു.
തുടർന്ന് അധികം താമസിയാതെ വെങ്കി മരിക്കുന്നു. ദയാവധം അനുവദിക്കാത്തതുകൊണ്ട് അവന്റെ കണ്ണുകൾ മാത്രമേ ദാനം നൽകാൻ ആയുള്ളൂ. ആ കണ്ണുകൾ കൊണ്ട് അവന്റെ പ്രണയിനി നന്ദിനി ലോകത്തിലേക്ക് കണ്ണുകൾ തുറക്കുന്നതോടെ പര്യവസാനിക്കുന്ന ഈ ചിത്രം ഒരു വലിയ പരാജയമായിരുന്നു. 20 കോടി മുതൽ മുടക്കിൽ എടുത്ത ഈ ചിത്രത്തിന് 5 കോടിയിൽ താഴെ മാത്രമായിരുന്നു കളക്ഷൻ. 2022 ഡിസംബർ 9 ആം തിയതി തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം 2023 ഫെബ്രുവരി 10 മുതൽ ZEE5 ൽ ലഭ്യമാണ്.
പിൻ കുറിപ്പ് : 2004 ഡിസംബർ 17 അം തിയതിയാണ് വെങ്കിടേഷ് മരിച്ചത്.