വാർമുകിലേ…വാനിൽ നീ…

573

Salaja Madhavan Manjunath

അന്ന്….

ഇളം ചാററൽ മഴയിലുതിർന്നു വീഴുന്ന വാകപ്പൂ വസന്തവും നോക്കി മാത്സ് ഡിപ്പാർട്ട്മെൻറിന്റെ വരാന്തയിൽ നിൽക്കുമ്പോഴാണ് ആരോ പറഞ്ഞത് , ”സലജാ .. നിനക്കൊരു കത്തുണ്ട് , ലററർ ബോക്സിൽ.”

ആയിടെ, കേരള കൗമുദിയുടെ കാമ്പസ് പേജിൽ ഞാനെഴുതിയ ഒരു ലേഖനത്തിന് ചില അഭിനന്ദനങ്ങൾ എന്നെത്തേടി വന്നിരുന്നു.

തണുത്ത കാററിൽ സർപ്പഗന്ധിപ്പൂവിന്റെ മണം പരന്നു..

”നിനക്കെന്നെ അറിയില്ലായിരിക്കാം. പക്ഷേ, എനിക്ക് നിന്നെ അറിയാം. സലജ. കേരള കൗമുദിയിൽ എഴുതിയ സലജാ മാധവൻ….”

”പാലക്കാട്, എൻ.എസ്.എസ് എൻജിനീയറിംഗ് കോളജിൽ ബി. ടെക് വിദ്യാർത്ഥിയാണ്.
വഴിയരികിൽ വീണുകിട്ടിയ കടലാസിൽ നിന്നാണ് നിന്നെ വായിക്കാനായത്….
എനിക്കറിയില്ല.. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നതെന്തോ ഒന്ന് നീ നിന്റെ അക്ഷരങ്ങളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നു..”

നീണ്ടു പോകുന്ന വരികൾ..

ഒററക്കടലാസിൽ ഒരു കാവ്യം!

അക്ഷരങ്ങളിൽ മിഴിനട്ട് തിരികെ നടക്കുമ്പോൾ , മെല്ലെ വീശുന്ന തണുത്ത കാററിൽ മഴത്തുളളികളൊളിപ്പിച്ച വാകപ്പൂക്കളുതിർന്നു വീണ് അക്ഷരങ്ങൾക്ക് കുളിർന്നു.. എനിക്കും..

ദൂരെയെവിടെയോ നേർത്തൊരു പാട്ടിന്റെ ഈണം ”വാർമുകിലേ വാനിൽ നീ .. വന്നു നിന്നാലോർമ്മകളിൽ … ശ്യാമവർണ്ണം..”

രാത്രി, ഹോസ്ററലിലെ, കൃത്യം പത്തുമണിക്ക് ഓഫാകുന്ന ട്യൂബ് ലൈററിന് താഴെ, കാററിലണയാതെ ഒരു മെഴുകുതിരി തെളിച്ചു വച്ച് ,ആ കത്തിന് മറുപടിയെഴുതി ഞാൻ.

എന്തുകൊണ്ടോ അന്ന്, എന്നെക്കുറിച്ച് ഒന്നുമെഴുതാതെ..,തിരികെ ഒന്നും ചോദിക്കാതെ.., ചുററിലും തകർത്തു പെയ്യുന്ന രാത്രി മഴയുടെ ആദിമമായ വന്യതയെക്കുറിച്ച്, അതിന്റെ നിഗൂഢതയെയും അമൂർത്ത ഭാവങ്ങളെയും കുറിച്ചു മാത്രം പകർത്താനാണ് തോന്നിയത്.

പ്രതീക്ഷിച്ചതു പോലെ, മറുപടി വന്നു.
പാലക്കാടിന്റെ മണവും നിറവും നിറച്ചുവച്ച വരികൾ. പാലക്കാടൻ ചുരത്തിൽ കാററു വീശുന്നതും , പശ്ചിമഘട്ടത്തിൽ മഴ പെയ്യുന്നതും…

പിന്നെയതൊരു പതിവായി.

ഞായറാഴ്ചകളുടെ ആലസ്യത്തെ കത്തെഴുത്തിന്റെ ഉണർവ്വാക്കി. തിങ്കളാഴ്ച നേരത്തേ ഇറങ്ങി, കോളജിൽ ഫസ്ററ് ബെല്ലടിക്കും മുൻപ് പോസ്റേറാഫീസിലേക്ക് ഒരു നടത്തം..

ഒന്നിടവിട്ട ബുധനാഴ്ചകളിൽ ഏതോ ഒരു നിഗൂഢ ശൂന്യതയിൽ നിന്നും കത്തുകൾ കിട്ടിക്കൊണ്ടേയിരുന്നു എനിക്ക്..

(കത്തെഴുത്തുകൾ അന്യമാകുന്ന കാലത്തെ, അവസാനത്തെ കത്തെഴുത്തുകാർ ഒരുപക്ഷേ ഞങ്ങളാവണം..)

എനിക്കു കാണാവുന്ന ആകാശത്തിനുമപ്പുറത്ത് എവിടെയോ എന്നെക്കുറിച്ച് ചിന്തിക്കുന്നൊരാൾ !

വടക്കു കിഴക്കൻ മാനത്ത് കാർമേഘം നിറയുകയും ഓർമ്മകളിൽ ശ്യാമവർണ്ണം പടരുകയും ചെയ്യുമ്പോൾ ചുണ്ടുകൾ അറിയാതെ ആ ഈണം മൂളി.

‘വാർമുകിലേ .. വാനിൽ നീ.. വന്നു നിന്നാലോർമ്മകളിൽ .. ശ്യാമവർണ്ണൻ..’

സഹ്യന്റെ പച്ചപ്പിലേക്ക് മഴപെയ്തു നിറയുന്നു..
ചുരമിറങ്ങിവന്ന കാററിൽ കരിംപനകൾ ആടിയുലയുന്നു..
അളളാപ്പിച്ച മൊല്ലാക്ക.. അപ്പുക്ക്ളി.. രവി മാഷ്.. ചിതലിമലയും കൂമൻകാവങ്ങാടിയും..
കാണാതെ കണ്ട പാലക്കാടൻ ചിത്രങ്ങൾക്ക് മിഴിവേറുകയാണ്..

വാകയും കൊന്നയും പൂത്തു കൊഴിയുന്ന ബിഷപ്പ് മൂറിന്റെ കാമ്പസിലെ, സൗഹൃദവും സാഹിത്യവും..
SFI ..
NSS..
മാതൃകം..
സജീവമായ ബിരുദ കാലം കഴിഞ്ഞു.

എം.എസ്.ഡബ്ലിയു എന്ന, ജീവിതത്തിലെ ഏററവും വലിയ സ്വപ്നവുമായി തിരുവനന്തപുരം ലയോളയിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടു.

വിലാസമേ മാറിയുളളൂ…
പതിവുകൾ പതിവു പോലെ…

ഇടക്ക് ഫോൺ സംഭാഷണങ്ങളിലേക്ക് ഒന്നു വഴുതിയെങ്കിലും, സിനിമയും പാട്ടുകളും സ്വപ്നങ്ങളും രാഷ്ട്രീയവും യുക്തിവാദവും … എല്ലാം നിറച്ചുവച്ച വരികൾക്കായി അപ്പോഴും കാത്തിരുന്നു ഞാൻ.

പതിവു തെററാതെ ബുധനാഴ്ചകളിൽ ലെററർ ബോക്സിൽ എന്റെ പേര് വച്ചൊരു പോസ്ററു കവർ സെക്കൻഡ് അവർ കഴിയുമ്പോഴുളള ഇൻറർവെൽ കാത്തുകിടന്നു.

MSW ബ്ലോക് പ്ലേസ്മെൻറിനായി പാലക്കാട് IRTC തെരഞ്ഞെടുത്തതും വാക്കുകളിലൂടെ ആത്മാവിൽ നിറഞ്ഞ പാലക്കാടിനെ ഒന്നു കാണാനായിരുന്നു.

അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അന്നാണവനെ ആദ്യം കാണുന്നതും.

വാക്കുകളേക്കാൾ മൗനം കൊണ്ട് നിറഞ്ഞ നിമിഷങ്ങൾ. ”പിന്നെയെന്താണ്.. പറയൂ..” എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും നിശബ്ദരായി ഞങ്ങൾ.
ഒരിക്കൽ അവനെനിക്ക് വരച്ചയച്ച സ്വന്തം ചിത്രത്തിന്റെ ഓർമ്മകളോട് ഞാനവന്റെ മുഖത്തെ താരതമ്യപ്പെടുത്തി നോക്കുകയായിരുന്നു.

കരിമ്പനകളെ തൊട്ടുവരുന്ന വയൽക്കാററിൽ നെൽച്ചൂര് നിറഞ്ഞു..
വയലുകൾക്കപ്പുറം, ഞാൻ അനന്തപുരിയിലും അവൻ പാലക്കാടും നിന്നു കണ്ട അസ്തമയ സൂര്യനെ അന്ന് ഞങ്ങളൊരുമിച്ചു കണ്ടു.

IRTC യിൽ വച്ചുളള രണ്ടാമത്തെ കാഴ്ചയിലാണ് , ”ഞാനൊരു വിവാഹ പ്രൊപോസൽ വച്ചാൽ അംഗീകരിക്കുമോ” എന്ന ചോദ്യത്തിന് മുന്നിൽ പതറി നിന്നത് ഞാൻ. കാത്തിരുന്ന ചോദ്യമായിരുന്നിട്ടും..
മനസിന്റെ അടിത്തട്ടിൽ നിന്നും പേരറിയാത്തൊരു സുനാമിത്തിര കണ്ണോളമെത്തി മടങ്ങി.

”ചാച്ചനോടും അമ്മയോടും പറയൂ.. അവർ സമ്മതിച്ചാൽ…” കുലസ്ത്രീ ഭാരം കൊണ്ട് കുനിഞ്ഞ ശിരസുമായി ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു ഞാൻ..

അടുത്ത ഫോൺകാൾ ഒരു വേലിയേററം പോലെയായിരുന്നു.
”അമ്മയോടും ചാച്ചനോടും സംസാരിച്ചു ..
അവർ ഭയങ്കര ഇംപ്രെസ്ഡ് ആയി..
ചടങ്ങൊന്നുമല്ലാതെ അവരെ ഒന്നു വന്ന് കാണാൻ പറഞ്ഞു.. ഞാനെപ്പോഴാടോ വരേണ്ടത്..?”

ഏറെത്താമസിയാതെ ഒരു കുടുംബ സുഹൃത്തിനൊപ്പം സന്തോഷകരമായ ഒരു കൂടിക്കാഴ്ച.. ഇളം മഞ്ഞയിൽ വയലററ് പൂക്കൾ തുന്നിച്ചേർത്ത ഉടുപ്പണിഞ്ഞ് അണിഞ്ഞൊരുങ്ങി നിന്നു ഞാൻ.
ചാച്ചനും അമ്മക്കും ഇഷ്ടമായി.

പാലക്കാട്, പാടവും പനകളും പശ്ചിമഘവും കാണാവുന്നിടത്ത് ഒരു കുഞ്ഞു വീട്…
അരികിൽ കാട്ടു മുല്ലയും ശംഖുപുഷ്പവും ചെമ്പരത്തിയും വിരിയുന്ന പൂന്തോട്ടം..
മുററത്തൊരു പ്രാവിൻ കൂട്….

എന്തോരം സ്വപ്നങ്ങളാണ് !

ഒരു സ്വപ്നത്തിൽ നിന്നുണരും പോലെ അതൊക്കെ എപ്പോഴാണ് പൊലിഞ്ഞു തീർന്നത്…

MSW പൂർത്തിയായി തിരുവനന്തപുരത്ത് ഡൊമസ്ററിക് വർക്കേഴ്സ് മൂവ്മെൻറിൽ പ്രോഗ്രാം കോർഡിനേറററായി ജോലി തുടങ്ങിയിട്ടേയുളളൂ..
പൊതു ജനങ്ങളോട് ഇടപെട്ടും, മീററിംഗുകൾ സംഘടിപ്പിച്ചും , ക്ലാസുകൾ കൊടുത്തും സാമൂഹിക പ്രവർത്തന രംഗത്ത് ഞാനൊന്നു സജീവമായി വരുന്നതേയുളളൂ..

ഓഫീസ് ടൈമിൽ ഞാൻ ഫോൺ അററൻഡ് ചെയ്യുന്നില്ല എന്നതായിരുന്നു ഇടയിൽ വീണ ആദ്യത്തെ കരട്.

മ്യൂസിയം വളപ്പിൽ മായയുമായി സംസാരിച്ചിരിക്കുമ്പോഴാണ് കാൾ വന്നത്. ”എവിടാണ്?”
”മായയുടെ കൂടെ മ്യൂസിയത്ത് ” – എന്റെ മറുപടി.
അടുത്ത വാചകം..” അല്ല, മ്യൂസിയം അല്ല. കൂടെ മായയുമല്ല. മററാരോ..”
മായയുടെ കയ്യിൽ ഫോൺ കൊടുക്കാമെന്ന് ഞാൻ. അത് സമ്മതമല്ല.
”താൻ കളളം പറയുകയാണ്”
കളളമാണ്..
കളളമാണ്..

ഒടുവിൽ മായയുടെ കയ്യിൽ ഞാൻ ഫോൺ കൊടുത്തപ്പോഴേക്കും അവിടെ ഫോൺ കട്ട് ചെയ്തു കളഞ്ഞു..

”ഓഫീസ് ടൈം കഴിഞ്ഞും വർക്ക് ചെയ്യുന്നതെന്താണ് ?”
”ഫീൽഡിൽ താൻ തന്നെ പോകുന്നതെന്താണ് , വേറാരുമില്ലേ അവിടെ ഫീൽഡിൽ പോകാൻ?”
റോഡിലൂടെ ഫോണിൽ സംസാരിച്ച് നടന്നു വരുമ്പോൾ , ”അടുത്തേതാണ് ഒരു ആൺസ്വരം കേട്ടത്..?”

ചോദ്യങ്ങൾ..
ചോദ്യങ്ങൾ..
കുററപ്പെടുത്തലുകൾ…
അസഹ്യമായ സ്വാർത്ഥത..

കടുത്തു കൂർപ്പിച്ച സ്നേഹത്തിന്റെ വായ്ത്തല കൊണ്ട് മനസു മുറിഞ്ഞ് ചോര വന്നു.

അമ്മയോടും ചാച്ചനോടും സത്യം പറയേണ്ടി വന്നു ഒടുവിൽ. അവിശ്വസനീയമായ സത്യം…

”സ്നേഹം കൊണ്ടല്ലേ”യെന്ന് അവരെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അതേ വാചകം കൊണ്ട് ഞാൻ തന്നെ എത്ര തവണ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചതാണ് !

‘തന്റെ പാട്ട് മററാരും കേൾക്കുന്നതെനിക്ക് ഇഷ്ടമല്ലെ’ന്ന് പറഞ്ഞപ്പോൾ പാട്ട് നിറുത്തിയും, ‘മററുളളവരെ അട്രാക്ററ് ചെയ്യാനായാണ് നീയെഴുതുന്ന’തെന്ന് കുററപ്പെടുത്തിയപ്പോൾ എഴുതുന്നത് നിറുത്തിയും സ്നേഹത്തിന്റെ കുഞ്ഞു കൂട്ടിൽ മൗനത്തിന് കൂട്ടിരിക്കാൻ എത്ര തയ്യാറായതാണ് ഞാൻ…

എന്നിട്ടും….

അനിവാര്യമായ വേർപിരിയലിൽ കരഞ്ഞില്ല. ഒരു തരം നിസ്സംഗതയോടെ മൗനമായിരുന്നു.

പക്ഷേ..
ഏതാനും മാസങ്ങൾക്കു ശേഷം, അലമാരയിൽ അവന്റെ കത്തുകൾ സൂക്ഷിച്ചിരുന്ന ഡ്രോയർ തുറന്നു നോക്കിയപ്പോൾ.. അത് ശൂന്യമായിരിക്കുന്നു !
നിധിപോലെ സൂക്ഷിച്ചു വച്ചിരുന്നതാണ്..
അമ്മയോട് ചോദിച്ചപ്പോൾ അലസമായ മറുപടി. ” ഓ.. അതൊക്കെ ഇനിയെന്തിനാ .. ഞാനങ്ങ് കത്തിച്ചു കളഞ്ഞു..”
നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു അന്ന് ഞാൻ..
ഉളളിലൊരു ഇരുട്ട് പരന്നതു പോലെ..
എന്റെ ലോകം അവസാനിച്ചതു പോലെ…

പാലക്കാട് നിറഞ്ഞുനിന്ന അക്ഷരങ്ങളെ ഞാനെത്രമേൽ……

ഇന്നും.. ബാംഗളൂർ നിന്നും നാട്ടിലേക്കുളള യാത്രയിൽ , പാലക്കാട് കാണാൻ അർദ്ധരാത്രിയിലും ഉണർന്നിരിക്കാറുണ്ട് ഞാൻ.
ഇരുളിൽ മുങ്ങിയ പാലക്കാടിന്റെ നിശബ്ദ സൗന്ദര്യം മനസിലാവാഹിച്ച് , ട്രെയിൻ താളത്തിലലിഞ്ഞ മനസുമായി പഴയ സ്വപ്നങ്ങളിൽ സ്വയം മറക്കാറുണ്ട്..

”പാടവും പനയും പശ്ചിമ ഘട്ടവും കാണുന്നിടത്ത് ഒരു കുഞ്ഞു വീട്..
കാട്ടുമുല്ലയും ശംഖുപുഷ്പവും ചെമ്പരത്തിയും വിടരുന്നൊരു പൂന്തോട്ടം..
മുററത്തൊരു പ്രാവിൻ കൂട്…”
മനസിന്റെ നേർത്ത തിരശീല നീക്കി അതെല്ലാം ഞാനിന്നും കാണാറുണ്ട്..

പശ്ചിമഘട്ടത്തിന് മുകളിൽ മഴമേഘങ്ങൾ നിറയുകയും ഇളം തണുപ്പാർന്ന് കാററു വീശുകയും ചെയ്യുമ്പോൾ മനസിന്നും അറിയാതെ മൂളാറുണ്ട്..

”വാർമുകിലേ .. വാനിൽ നീ ….”