ലാൽ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകൾ’ എന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായ സലാം ബാപ്പു ചിത്രത്തെ കുറിച്ച് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ലാൽ ജോസിന്റേയും രഞ്ജിത് ശങ്കറിന്റെയും അസോസിയേറ്റ് ആയിരുന്ന സലാം ബാപ്പു, “റെഡ് വൈൻ” എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. ലാൽജോസിന്റെ,”മീശമാധവൻ” മുതലുള്ള മൂന്ന് സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായിരുന്നു. “ചാന്തുപൊട്ട്” എന്ന സിനിമയിലൂടെ അസോസിയേറ്റ്

സംവിധായകനായി.”എയ്തോ പ്രേം” എന്ന ബംഗ്ലാദേശി സിനിമയിലും ഒമാനിൽ ആദ്യമായി നിർമ്മിയ്ക്കപ്പെട്ട “അസീൽ” എന്ന സിനിമയിലും കോ-ഡയറക്ടർ ആയിരുന്നു സലാം ബാപ്പു. ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന കന്നഡ സിനിമയുടെ തിരക്കഥാകൃത്ത് കൂടെയാണിദ്ദേഹം. സലാം ബാപ്പു സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാം
***
സലാം ബാപ്പു
മലയാള മനോരമയുടെ റിയാലിറ്റി ഷോ നായിക നായകന്മാരിലെ അഭിനയ പ്രതിഭകളെ വിധികർത്താവായ ലാൽജോസ് സർ ടെലിവിഷനിലെ ചെറിയ സ്ക്രീനിൽ നിന്നും ‘സോളമന്റെ തേനീച്ചകൾ’ (Solamante Theneechakal) എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. അന്ന് നമ്മുടെ സ്വീകരണ മുറിയിലെ മിനി സ്ക്രീനിൽ വിൻസി അലോഷ്യസിനേയും ദർശനയെയും ആഡിസ് അക്കരയെയും ശംഭുവിനേയും കണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്ന പ്രേക്ഷകർ ഇന്ന് തീയറ്ററിലെ ബിഗ് സ്ക്രീനിൽ ആർപ്പു വിളികളോടെ അവരെ സ്വീകരിക്കുന്നു, ഈ തേനീച്ചകൾ മലയാള സിനിമയിൽ മികച്ച പ്രകടനത്തിലൂടെ തേൻകൂട് കൂട്ടിയിരിക്കുന്നു. ഇവരിലൂടെ മലയാള സിനിമയ്ക്ക് മധുരമുള്ള ചെറുപ്പം സമ്മാനിച്ചിരിക്കുന്നു ലാൽ ജോസ് എന്ന പ്രതിഭ.
തന്റെ ക്ലാസ് ടച്ച് കൊണ്ട് ഓരോ സിനിമകളും വൈവിദ്ധ്യങ്ങളായി അണിയിച്ചൊരുക്കുന്ന ലാൽ ജോസ് സാറിൽ നിന്നും ലഭിച്ച പുതുമയാർന്ന ചിത്രം തന്നെയാണ് ‘സോളമന്റെ തേനീച്ചകൾ’, ക്ലാസ്മേറ്റ് പോലുള്ള മർഡർ മിസ്റ്ററി റിവീൽ ചെയ്യുന്ന സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം ഇതാദ്യമായാണ്, എന്നാൽ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളുടെ ക്ലീഷേ സ്വഭാവം പൊളിച്ച് കളയാൻ അദ്ദേഹത്തിനു കഴിഞ്ഞു. അനാവശ്യമായ ഷോട്ടുകളോ ചടുലമായ മൊമെന്റുകളോ കഥയിലെ വലിച്ചു നീട്ടലുകളോ ഈ ചിത്രത്തിൽ കാണാൻ കഴിയില്ല. വളരെ കയ്യൊതുക്കത്തോടെ വ്യക്തമായും വൃത്തിയായും സോളമനെയും തേനീച്ചകളെയും സംവിധായകൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
ലാൽ ജോസ് എന്ന മലയാളികളുടെ പ്രിയ സംവിധായകൻ ഒരു പറ്റം യുവാക്കളോടൊപ്പം കൈകോർത്തപ്പോൾ യുവതയെ ത്രസിപ്പിക്കുന്ന കൊച്ചിയിലെ ഡി ജെ പാർട്ടിയിൽ നിന്ന് തന്നെയാണ് സിനിമ ആരംഭിക്കുന്നത്, സി.ഐ. ബിനു അലക്സ് എന്ന പോലീസ് ഓഫീസർ ഒരു നാർകോട്ടിക്ക് വേട്ടയിൽ നിന്നാണ് തുടക്കം, സി ഐയിൽ നിന്ന് തുടങ്ങുന്ന കഥ ഇണപിരിയാത്ത സുഹൃത്തുക്കളായ രണ്ടു യുവ വനിതാ പോലീസുകാരിൽ എത്തുന്നു, സാധാരണ സിനിമകളിൽ കാണുന്ന ഉയർന്ന റാങ്കിലുള്ള ഐ പി എസ് ഉദ്യോഗസ്ഥകളെയല്ല ലാൽ ജോസ് തേനീച്ചകളിലൂടെ അവതരിപ്പിക്കുന്നത് ഏറ്റവും താഴെ തട്ടിലുള്ള സ്റ്റേഷൻ ഡ്യൂട്ടി കോൺസ്റ്റബിൾ ആയ ഗ്ലൈന തോമസും (വിൻസി അലോഷ്യസ്), ട്രാഫിക്കിൽ പെടാപ്പാടുപെടുന്ന സുജയും (ദർശന), അവരുടെ പ്രാരാബ്ധങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളുമായി പതിഞ്ഞ താളത്തിൽ സിനിമ മുന്നോട്ട് പോകുമ്പോൾ ഇതിനിടയിലേക്ക് ഏറെ ദുരൂഹതകളുള്ള ശരത്ത് (ശംഭു) കടന്നുവരുന്നു. കൂട്ടുകാരികളിൽ ഒരാളുടെ പ്രണയം പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിൽ അശാന്തി വിതയ്ക്കുകയാണ്. സുജയുടെ എല്ലാ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കുന്ന ശരത് ഇവരെ വലിയൊരു ഊരാക്കുടുക്കിലേക്ക് ചാടിക്കുന്നു, ബിനു അലക്സിനു പകരം വരുന്ന കർക്കശക്കാരനായ സർക്കിൾ ഇൻസ്പെക്ടർ സോളമൻ (ജോജു ജോർജ്) എന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ കടന്നു വരവ് ഈ മൂന്നുപേരുടെയും ജീവിതത്തെ മുൾമുനയിൽ നിർത്തുന്നു,
ലളിതവും സ്വാഭാവികവുമായ രീതിയിൽ കഥപറഞ്ഞ് തുടങ്ങി പ്രവചനാതീതമായി അവസാനം കൊഴുപ്പിക്കുന്ന പി.ജി. പ്രഗീഷിന്റെ കെട്ടുറപ്പുള്ള സ്ക്രിപ്റ്റ് ഏറെ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. ലാൽ ജോസ് സാറിന്റെ നാൽപത്തിയൊന്ന് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രഗീഷ് സോളമനിലൂടെ മലയാള സിനിമക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അജ്മൽ സാബു പകർത്തിയ ദൃശ്യങ്ങളും മികച്ചുനിൽക്കുന്നു. രഞ്ജൻ എബ്രഹാമിന്റെ പരിചയ സമ്പന്നമായ എഡിറ്റിംഗ് ചിത്രത്തിന് മുതൽക്കൂട്ടാണ്, വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ആത്യന്തികമായി സോളമന്റെ തേനീച്ചകൾ സംവിധായകന്റെ ചിത്രം തന്നെയാണ്, ഒരിടവേളയ്ക്ക് ശേഷം മാസ്റ്റേഴ്സ് തിരിച്ചു വരുന്ന ഈ കാലത്ത് പ്രേക്ഷകരെ വലിച്ചടുപ്പിക്കാൻ ഈ ചിത്രത്തിലൂടെ ലാൽ ജോസ് സാറിന് സാധിക്കുന്നുണ്ട്, സൗഹൃദം, പ്രണയം, കുറ്റാന്വേഷണം, പിന്നെ പ്രേക്ഷകരുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ഉഗ്രൻ ക്ലൈമാക്സ്… പുതിയ ലോകത്തെ പുത്തൻ തരംഗങ്ങൾ സൂക്ഷ്മതയോടെ സംവിധായകൻ ഈ ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. തീർച്ചയായും “സോളമന്റെ തേനീച്ചകൾ” തീയറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമയാണ്. ലാൽ ജോസ് സാറിന്റെ തന്നെ രണ്ടാം ഭാവം തീയറ്ററിൽ കാണാതെ പിന്നീട് ടെലിവിഷനിലും OTT പ്ലാറ്റ്ഫോമുകളിലും സിനിമ ഇറങ്ങിയപ്പോൾ മികച്ച ചിത്രമെന്ന് പ്രശംസിക്കുന്നത് കണ്ടിട്ടുണ്ട്, അത്തരം പ്രശംസ കൊണ്ട് ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ഒരു പ്രയോജനവുമില്ല; തിയേറ്ററിൽ നിന്ന് പ്രേക്ഷകർ ചിത്രം കണ്ട് നല്ല അഭിപ്രായം പറയുമ്പോഴാണ് പിന്നണിയിൽ പ്രവർത്തിച്ചവർക്ക് കൂടുതൽ കരുത്തോടെ പ്രേക്ഷകരെ വീണ്ടും രസിപ്പിക്കാനാവുക…
സോളമന്റെ തേനീച്ചകളുടെ മധുരം നുണയാൻ എല്ലാവരും തിയേറ്ററിൽ നിന്ന് ചിത്രം കാണുക…