സലാം മുംബൈ: സംഭവകഥ

211

girl-next-door

പരീക്ഷയുടെ തൊട്ടു തലേന്ന് പോലും സെക്കന്റ് ഷോ കാണാന്‍ ധൈര്യം ഉള്ളവന്‍ …. രണ്ടര മണികൂറത്തെ പരീക്ഷ ഒറ്റമണിക്കൂറുകൊണ്ടെഴുതി ചരിത്രം ശ്രിഷ്ടിച്ചു പുറത്തിറങ്ങുന്നവന്‍ .

ഇതൊക്കെയറിയാവുന്ന എന്റെ ചങ്ങാതിമാര്‍ ചിലപ്പോള്‍ ഈ കഥ വായിച്ചേക്കാന്‍ ഇടയുള്ളതിനാല്‍ കഷ്ടപ്പെട്ടു പഠിച്ചു എന്നു പറഞ്ഞ് അവരെ നിരാശനാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പഠനത്തിനിടയില്‍ മറ്റൊരു സാഹസവും കാണിക്കാറുണ്ടായിരുന്നു.

ശനിയും, ഞായറും പിന്നെ അടുത്ത രണ്ടുദിവസങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പോലും അറിയാതെ സ്വയം അവധിയും പ്രഖ്യാപിച്ച് മലാബാര്‍ എക്സ്പ്രെസ്സില്‍ ഒരു സീറ്റ് തരപ്പെടുത്തും.

വീട്ടില്‍ എത്തിയാല്‍ അമ്മയുടെ ആദ്യ ചോദ്യം “എത്ര ദിവസത്തെ അവധിയുണ്ടെടാ” എന്നാണ്.

“നാലു ദിവസം ഉണ്ടമ്മെ” എന്ന മറുപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അമ്മയുടെ മറു ചോദ്യം വരും.

“അരാടാ ഈ ആഴ്ച്ച ചത്തത്”

അമ്മ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ ആഴ്ച്ചതോറും നേതാക്കളെ കൊന്നു. അവരുടെ ചരമവാര്‍ഷികങ്ങള്‍ ആഘോഷിച്ചു. ഒരു ദിവസം മാത്രമുള്ള പ്രധാന അവധി ദിവസങ്ങള്‍ നാലും അഞ്ചും ദിവസങ്ങളായി പുതുക്കി പരിഷ്കരിച്ചു.

മുന്നൂറ്റി അറുപത്തി അഞ്ചു ദിവസങ്ങളില്‍ മുന്നൂറും ആഘോഷിച്ചിരുന്ന ഞാന്‍ ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ എന്നെയും, എന്റെ വീട്ടുകാരെയും, നാട്ടുകാരെയും അമ്പരപ്പിച്ചു കൊണ്ട് ഫസ്റ്റ് ക്ലാസ്സില്‍
(അത് സ്വഭാവികമായും മൂന്നു മാസം കഴിഞ്ഞാണ് അറിഞ്ഞത് എങ്കിലും പറയുന്നതിന്റെ എളുപ്പത്തിനായി പറഞ്ഞു എന്നു മാത്രം) പാസായി.

പരീക്ഷ കഴിഞ്ഞ അന്നു തന്നെ നാടുപിടിച്ചു.

വളരെ പ്രതീക്ഷകളുമായാണ് നാട്ടില്‍ വന്നിറങ്ങിയത്.

ഇടക്കിടെ വരുമ്പോള്‍ കിട്ടാറുള്ള കടക്കണ്ണേറുകള്‍ പതിവാക്കാമെന്നും അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാനാകുമെന്ന ശുഭപ്രതീക്ഷ ആയിരുന്നു അതിലൊന്ന്.

ആല്‍ത്തറയിലെ പതിവു വായിനോട്ടം പൂര്‍വ്വാധികം ഭംഗിയാക്കാം എന്ന ദുരാഗ്രഹം അടുത്തത്.

എല്ലാത്തിനുപരി ചങ്ങാതിമാരുമൊത്തുള്ള കൂട്ടം.

ഇതിന്റെയെല്ലാം കോരിത്തരിപ്പായുമായാണ് മംഗലാപുരത്തെ മടുപ്പിക്കുന്ന നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയ എന്റെ ആദ്യ ദിനത്തിലേക്ക് കണ്ണുതുറന്നത്.

എന്റെ ഗ്രാമത്തിലെ ചെറുപ്പക്കരുടെ യൂണിഫോമും എന്റെ ഇഷ്ട വേഷവുമായ കാവി മുണ്ടും ടീ ഷര്‍ട്ടും “അനു“വിലെ പേപ്പര്‍ ദോശക്കു തുല്ല്യമാക്കിയെടുക്കാന്‍ മണികൂറൊന്നെടുത്തു.

കറുത്ത മുഖം വെളുപ്പിക്കാന്‍ ഒരു കുപ്പി പൌഡര്‍ , വായ് നാറ്റം അകറ്റാന്‍ രാമത്തുളസിയില. അങ്ങനെ അഴകിയ രാവണനായി പുറത്തെക്കിറങ്ങാന്‍ തുടങ്ങവെ അമ്മയുടെ വിളി.

“എടാ നീ എവിടെ പോകുന്നു. ഇപ്പോള്‍ മനോഹരന്‍ മാമ്മന്‍ വരും നിന്നെ കാണണമെന്നാണ് പറയുന്നത്“.

“ഇയാള്‍ക്ക് വരാന്‍ കണ്ട സമയം” സ്വന്തം മാമനാനെങ്കിലും ആദ്യം മനസ്സില്‍ വന്നതു അങ്ങനെയാണ്.

“എന്താ അമ്മെ വിശേഷിച്ച്” ആകാംഷയില്‍ ചോദിച്ചു.

“അതവന്‍ വരുമ്പോള്‍ പറയും“ അമ്മ എനിക്കൊന്നുമറിഞ്ഞുകൂടെ!!!! എന്ന ഭാവത്തില്‍ .

മനോഹരന്‍ മാമന്‍ . എന്റെ ഒരേയൊരു മാമന്‍ . മുംബയില്‍ ഡോംബുവില്ലിയിലാണ്. വയസ്സ് 45. കല്യാണം അലര്‍ജിയായ മനുഷ്യന്‍ . ഇപ്പോള്‍ 10 ദിവസത്തെക്ക് നാട്ടില്‍ എത്തിയതാണ്.

എനിക്ക് മനോഹരന്‍ മാമനെ വളരെ പേടിയാണ്. ഇനി കാത്തു നിന്നില്ലെങ്കില്‍ ചെവിക്കു പിടിച്ചാലോ.

കൃസ്ത്യന്‍ കോളേജിലേയും, സമീപത്തെ ടൂട്ടൊറിയല്‍ കോളേജിലേയും സുന്ദരികളോട് ക്ഷമാപണം നടത്തി വീട്ടില്‍ തന്നെ കുത്തിയിരുന്നു.

വീടിന്റെ പൂമുഖത്ത് എന്നെ കണ്ടപ്പോള്‍ തന്നെ മാമന്‍ കാര്യത്തിലേക്ക് കടന്നു.

അല്ലെങ്കിലും മാമന്‍ അങ്ങനെയാണ്. പരുക്കന്‍ സ്വഭാവം. ആരോടും ലോഹ്യം ചോദിക്കലൊന്നുമില്ല.

എടാ ഞാന്‍ തിരിച്ചു പോകുമ്പോള്‍ എന്റെ കൂടെ വന്നേക്കണം. മുംബയില്‍ നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനികളൊക്കെയുണ്ട്. നമ്മുക്ക് അവിടെയൊക്കെ ശ്രമിച്ചു നോക്കാം.

ഞാ‍ന്‍ കേട്ടതെ ഞെട്ടി. എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകുകയാണ്.

എതിര്‍പ്പിന്റെ ഒരു വിഭല ശ്രമം നടത്തി നോക്കി.

മാമാ എക്സ്പീരിയന്‍സില്ലാതെ……സര്‍ട്ടിഫിക്കേറ്റില്ലാതെ…….

“നീ ഇവിടെ നിന്നാല്‍ എക്സ്പീരിയന്‍സു താനെ നടന്നു വന്നു നിന്റെ ദേഹത്തു കേറുമോ?? കോഴ്സ് സര്‍ട്ടിഫിക്കേറ്റുണ്ടല്ലോ അതു മതി തല്‍ക്കാലം” മാമന്റെ മുഖം കറുക്കുന്നതു കണ്ടപ്പോളെ എന്റെ ഉള്ള ധൈര്യം കൂടി ഒലിച്ചു പൊയി.

അമ്മ രംഗപ്രവേശം ചെയ്തു എങ്കിലും ഞാനിതിലൊന്നുമില്ലെ എന്ന നിസംഗ ഭാവം.

ഇനി പറഞ്ഞിട്ടു കാര്യമില്ല. എതിര്‍ത്തിട്ടും കാര്യമില്ല.

അങ്ങനെ മാംഗ്ലൂരില്‍ നിന്നു വന്നതിന്റെ അഞ്ചാം ദിവസം മുംബയിലേക്ക്.

ഔട്ടര്‍ മുംബയിലുള്ള ഡോമ്പുവില്ലി ആയിരുന്നു മാമന്റെ തട്ടകം.

ഗ്രാമത്തിന്റെ ശീതളതയില്‍ നിന്നും പട്ടണത്തിന്റെ മടുപ്പിക്കുന്ന തിരക്കിലേക്ക് ഒരു പറിച്ചു നടീല്‍ .

രണ്ടു കട്ടിലുകള്‍ കഷ്ടിച്ച് ഇടാന്‍ കഴിയുന്ന ഒറ്റമുറി ഫ്ലാറ്റ്. തൂറാനിരുന്നാല്‍ കക്കൂസിന്റെ ഭിത്തികളില്‍ കാലിടിക്കും. ഭക്ഷണം പാകം ചെയ്യുന്നത് കക്കൂസിന്റെ വാതിലില്‍ വച്ച്. കഴിക്കേണ്ടതും അങ്ങനെ തന്നെ!!!!

മുംബയിലെത്തിയതിന്റെ പിറ്റേന്നു തന്നെ മാമനോടൊപ്പം ജോലി അന്വേഷണം തുടങ്ങി. ഫ്ലാറ്റിനേക്കാള്‍ മടുപ്പിക്കുന്നതായിരുന്നു നഗരം.

റെയില്‍ വേ സ്റ്റേഷന്റെ ഗേറ്റില്‍ നിന്നാല്‍ മതി എടുത്ത് ട്രെയിനുള്ളില്‍ ഇരുത്തും അത്രക്ക് തിരക്ക്. ആര്‍ക്കും ആരെയും അറിയില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല.

പല കമ്പനികളും കയറിയിറങ്ങി. എന്തോ വാശി തീര്‍ക്കാനെന്നവണ്ണം പങ്കെടുത്ത ഇന്റെര്‍വ്യൂകളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതിരിക്കാന്‍ ശ്രമിച്ചു.

അങ്ങനെ ദിവസം പതിനഞ്ചു കഴിഞ്ഞു. എന്നേക്കാള്‍ മടുപ്പ് മാമനില്‍ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ആ ദിവസം എത്തി. എനിക്ക് ആ മടുപ്പില്‍ നിന്നും രക്ഷനേടാനുള്ള ഒരു സുവര്‍ണ്ണാവസരം!!!
അന്നൊരു ശനിയാഴ്ച ആയിരുന്നു….

ജോലി തിരഞ്ഞു ഞാനും മനോഹരന്‍ മാമനും മടുത്തു തുടങ്ങിയപ്പോള്‍ ഡോംബുവില്ലിക്കാരുടെ ആസ്ഥാന തിരുമ്മുകാരനായ ( മാമന് നാട്ടു വൈദ്യവും, നാട്ടു ചികിത്സയുമാണ് ജോലി, പണിചെയ്യാന്‍ മടിയായിട്ടുള്ള ഒരു വേഷം കെട്ടലാണെന്നു ചിലര്‍ , കണ്ടവീടുകളൊക്കെ നിരങ്ങി സ്ത്രീ സുഖം അനുഭവിക്കാമെന്നു മറ്റു ചിലര്‍ , പക്ഷെ മാമന്റെ സ്വന്തം വാക്കുകള്‍ കടമെടുത്താല്‍ “ഇവിടെ മറ്റൊരു നാട്ടു ചികിത്സകന്‍ ഇല്ലാത്തതുകൊണ്ട് എന്നെ അറിയാവുന്നവര്‍ ഈ പണി നിര്‍ത്താന്‍ സമ്മതിക്കുന്നില്ല… അല്ലെങ്കില്‍ ഞാന്‍ ഇതും കളഞ്ഞിട്ട് എന്റെ പാട് നോക്കിയേനേം” … സത്യം എന്തു തന്നെ ആയാലും തിരുമ്മലും മാമനും തമ്മിലുള്ള ബന്ധം ഇരുമ്പുലക്കയും പച്ച വെള്ളവും പോലെയാണ്‍… മനസ്സിലായില്ലെ ഒരു ബന്ധവും ഇല്ലെന്നര്‍ത്ഥം!!!) മാമന്‍ എന്നോട് ചില കണ്ടീഷന്‍സ് പറഞ്ഞു.

നീ വീട്ടിലിരുന്ന് എന്തെകിലുമൊക്കെ പാചകം ചെയ്തു വയ്ക്കുക…. ഞാന്‍ ചികിത്സാര്‍ത്ഥം പോകുന്ന വീടുകളിലൊക്കെ നിന്റെ കാര്യം പറയാം…. ഞാന്‍ പോകുന്നിടത്തൊക്കെ വലിയ വലിയ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുണ്ട്…. അവര്‍ ഒരു പക്ഷെ സഹായിച്ചേക്കും!

അത്ര സന്തോഷത്തോടെയല്ലങ്കിലും ഞാന്‍ സമ്മതിച്ചു.

ഒന്നുമല്ലെങ്കില്‍ മുടിഞ്ഞ തിരക്കില്‍ നിന്നെങ്കിലും ഒന്നു രക്ഷനേടാമല്ലോ!!!

ഇവിടെയിരുന്നാല്‍ മാമന്റെ മുഷിഞ്ഞ വസ്ത്രങ്ങളുടെ മാത്രം സുഗന്ധം അനുഭവിച്ചാല്‍ മതിയല്ലോ!!

വെളിയില്‍ !!!!??

പഠനകാലത്ത് കൂട്ടുകാര്‍ക്കിടയിലെ നളനാകാന്‍ കഴിഞ്ഞതുകൊണ്ട് പാചകം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചില്ല.

അങ്ങനെ ആ ദിവസം മാമന്‍ കുളിച്ചൊരുങ്ങി യാത്രയായി.

ഞാന്‍ ആസ്ഥാന പാചക കലാകാരന്റെ വേഷം എടുത്തണിഞ്ഞു. മുഷിഞ്ഞ തോര്‍ത്തെടുത്തു തലയില്‍ ചുറ്റി, ഉടുമുണ്ട് തെറുത്തുകയറ്റി വയറ്റിനു മുകളില്‍ വച്ചു മടക്കി കുത്തി.

സാമ്പാര്‍ ഉണ്ടാക്കിക്കളയാം…. എന്നാല്‍ പിന്നെ അല്‍പ്പം കാറ്റുകൂടികൊണ്ട് ഉണ്ടാക്കാം!!

കയ്യില്‍ കിട്ടിയ പച്ചക്കറികളും, കത്തിയും, പാത്രങ്ങളും പരിവാരങ്ങളുമായി ചെറിയ ബാല്‍ക്കണിയിലേക്ക് നടന്നു.

കഷ്ണങ്ങള്‍ ഓരോന്നായി അരിഞ്ഞു തള്ളിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു നക്ഷത്രത്തിളക്കം.!!!!

നട്ടുച്ചക്കു നക്ഷ്ത്രങ്ങള്‍ ഉദിച്ചതോ??

സംശയത്തോടെ നോക്കി…. തൊട്ടടുത്ത കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലായിരുന്നു ആ നക്ഷ്ത്രങ്ങള്‍ ഉദിച്ചത്!!!!

അതെ ആ നക്ഷത്രങ്ങള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന എന്നിലേക്കാണ് കിരണങ്ങള്‍ വര്‍ഷിക്കുന്നത് എന്നത് ഒരുള്‍പ്പുളകത്തോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്…

ഒന്നു ചൂളി… മുണ്ടിന്റെ മടക്കികുത്തു വേഗത്തില്‍ അഴിച്ചിട്ട് എന്റെ മാംസമില്ലാത്ത തുടകളെ നാണത്തില്‍ നിന്നു രക്ഷിച്ചു…. തലയില്‍ കെട്ടിയ തോര്‍ത്ത് ഭവ്യതയുടെ അടയാളമായി തോളത്തു സ്ഥാനം പിടിച്ചു.

എന്റെ ആക്രാന്തം ഒരു വലിയ കര്‍മേഖമായി ആ നക്ഷത്രങ്ങളെ മറച്ചു കളഞ്ഞു!!

പിന്നെ കറിക്കരിഞ്ഞതും, ചോറു വച്ചതുമെല്ലാം ആ തിളക്കമാര്‍ന്ന കണ്ണൂകള്‍ പരതിക്കൊണ്ടായിരുന്നു..

അന്നേദിവസം ഒരിക്കല്‍ പോലും ആ നക്ഷത്രങ്ങള്‍ ഉദിച്ചില്ല….

പക്ഷെ പ്രതീക്ഷ!!!!അത് ഞാന്‍ എവിടെയാണ് നില്‍കുന്നതെന്നു പോലും മറക്കാന്‍ എന്നെ പ്രേരിപ്പിച്ചു…

അന്നു മാമന്‍ വന്നപ്പോള്‍ ഞാന്‍ പതിവിലും നിരാശനായിരുന്നു…. പക്ഷെ എന്റെ പതിവു പല്ലവിയായ “നാട്ടില്‍ ഞാന്‍ തിരിച്ചു പൊയ്ക്കോട്ടെ മാമാ” എന്ന ചോദ്യം കേള്‍ക്കാത്തത് മാമനു എന്നില്‍ അല്പം പ്രതീക്ഷ വന്നു എന്നു മുഖലക്ഷണത്തില്‍ നിന്നും ഞാന്‍ ഊഹിച്ചെടുത്തു.

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു. പതിവിനു വിപരീതമായി ഞാനന്നു കുളിച്ചു…. പരമാവധി സുന്ദരനാകാന്‍ ശ്രമം നടത്തി.

മാമനു അന്നും ആരുടെയോ വീട്ടില്‍ പോകണമായിരുന്നു…. മാമന്‍ പോകാന്‍ താമസിക്കുംതോറും എനിക്ക് ആകാംഷ കൂടി വന്നു.

മാമന്‍ റൂമിനു വെളിയില്‍ ഇറങ്ങിയതെ ഞാന്‍ ബാല്‍ക്കണിയിലേക്ക് കുതിച്ചു.

ആകസ്മികമായ എന്റെ ബാല്‍ക്കണി പ്രത്യക്ഷപെട്ട എന്നെകണ്ട് ഭയന്നു തെന്നിമാറാന്‍ ശ്രമിച്ച ആ നക്ഷത്ര കണ്ണൂകളും എന്റെ കണ്ണൂകളും തമ്മില്‍ ഒരു നിമിഷം കഥകള്‍ പറഞ്ഞു!!!

ദേവീദര്‍ശന സുഖം…. അല്പ നിമിഷങ്ങള്‍ !!!

നിമിഷങ്ങളെ ഉണ്ടായിരുന്നുള്ളു എങ്കില്‍ പോലും ആ നക്ഷത്ര കണ്ണുകളും അതിനു പിന്നിലേ സ്ത്രീ സൌന്ദര്യവും ഞാനാസ്വദിക്കുക തന്നെ ചെയ്തു!!!

സീരിയല്‍ ദേവിമാരെ നിലമ്പരിശാക്കുന്ന മുഖ സൌന്ദര്യം…..!!! ചൂരീദാറില്‍ പൊതിഞ്ഞ ശാലീനത മീറ്ററുകള്‍ പിന്നിട്ട് എന്റെ കണ്ണുകളില്‍ എത്തി….. പുന്നെല്ലുകണ്ട എലിയുടെ അവസ്ഥയിലായിരുന്നു ഞാന്‍……

കണ്ട മാത്രയില്‍ മനസ്സെന്നൊട് പറഞ്ഞു……. “ഇതാണ് നിന്റെ പെണ്ണ്… ഇതാണ് നിന്റെ പെണ്ണ്”

മനസ്സിന്റെ ബാലിശ്ശമായ അഭിപ്രായം കേട്ട് ബുദ്ധി പ്രതികരിച്ചു…..

എടാ… മണ്ടാ…. നിന്റെ കൊഞ്ചു കുത്തിയ മുഖവും, വേലിക്കമ്പിനു തീപിടിച്ച പോലെയുള്ള ശരീരവും കണ്ടാല്‍ ആരെങ്കിലും തിരിഞ്ഞു നോക്കുമോ”…. നീ ജോലി അന്വേഷിച്ചു വന്നതാണ്….. അന്യനാട്ടുകാരുടെ കായബലം പരീക്ഷിച്ചറിയാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് രംഗം വിടാന്‍ നോക്ക്”

എവിടെ??? മനസ്സ് പിടിവാശിയില്‍ തന്നെ…..

ഇല്ല ഈ സൌന്ദര്യ ധാമത്തെ അടിച്ചുമാറ്റി അല്ലാതെ മുംബൈ വിടുന്ന പ്രശ്നമില്ല!!!

ബുദ്ധി തോറ്റു പിന്മാറി….. പക്ഷെ മനസ്സിന് ഒരുപദേശം കൊടുക്കാന്‍ മറന്നില്ല….. സൂക്ഷിച്ചും കണ്ടും നിന്നാല്‍ നല്ലത്!!!

ഈ പിടിവലിക്കിടയില്‍ ബാല്‍ക്കണിയിലെ സൂര്യന്‍ അസ്ഥമിച്ചിരുന്നു….. നിരാശനായി ഞാന്‍ കുറെ നേരം അടുത്ത ഒരു ഉദയം പ്രതീക്ഷിച്ച് നിന്നു…. പക്ഷെ ഭലം നാസ്തി!!!!

ദിവസവും ഉദയവും, അസ്ഥമയനങ്ങളും പലവുരു സംഭവിച്ചു……. പക്ഷെ അതെല്ലാം നൈമിഷികമായിരുന്നു.

എങ്ങനെയാണ് അടുത്ത ഫ്ലാറ്റില്‍ എത്തുക….. അതായിരുന്നു അടുത്ത ചിന്ത….

വേലിചാട്ടം പരിചിതമാണെങ്കിലും മുംബയില്‍ വേലി ഇല്ലല്ലോ എന്നു സങ്കടത്തോടെ ഓര്‍ത്തു…..

ആങ്ങനെ ആ ദിവസം എത്തി……

ദിവാസ്വപ്നങ്ങള്‍ കണ്ട് ഒരു ചെറു പുഞ്ചിരിയുമായി അനന്ത ശയനത്തില്‍ ആയിരുന്ന ഒരു പ്രഭാതത്തില്‍ മാമന്റെ വിളി…..

“എടാ അടുത്ത ഫ്ലാറ്റില്‍ ഒരു മറാഠി കുടുഃബമാണ് താമസിക്കുന്നത്, അവിടെ ഒരു കിളവനെ തിരുമ്മാനുണ്ട്….. ഞാനിന്നവിടെക്കാണ്….. നീ വരുന്നോ??”

സ്വപനത്തിലെ സൂര്യകിരണങ്ങളെ തല്ലിക്കെടുത്തിയ ഈര്‍ഷ്യയില്‍ പറഞ്ഞു……

“ഞാനെങ്ങും വരുന്നില്ല…. മാമ്മന്‍ പൊയ്ക്കൊള്ളൂ”

വരുന്നില്ലെങ്കില്‍ വേണ്ട…. അടുത്ത ഫ്ലാറ്റായതുകൊണ്ടാണ് വിളിച്ചത്…. സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റ് വരെ വന്നാല്‍ പോരെ…. അതിനു പോലും നിനക്കു വയ്യേ?….. എന്നും വരുന്ന പയ്യന്‍ കൂടെയില്ല….. നീ ഒരു സഹായവും ആകുമല്ലോ എന്നു കരുതി വിളിച്ചതാണ്….. വരുന്നില്ലെങ്കില്‍ വേണ്ട!

തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍!!!!

അല്‍പ്പം ഉച്ചത്തിലാണ് ചോദിച്ചത്…..

സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റോ???

“അതെ”

അതല്ലെ നമ്മുടെ സൂര്യകിരണത്തിന്റെ ഫ്ലാറ്റ്…. സുവര്‍ണ്ണാവസരം!!!

മാമന്റെ മുഖത്തെ അത്ഭുതം കാണ്ടില്ലെന്നു നടിച്ച് തുണിയും വാരിചുറ്റി കുളിമുറിയിലേക്ക് ഓടി….

“…… മാമാ പോകരുതെ…. ഞാനും വരുന്നുണ്ടെ”!!!!

കൂളിക്കുന്നതിനിടയില്‍ ആ “ദിവ്യ ദര്‍ശനം” ആയിരുന്നു മനസ്സു നിറയെ….

ശ്രീനിവാസന്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ “മാമാ…മാമാ…. പോകല്ലെ” എന്ന് ഇടക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു…

ഒരു ഇന്റെര്‍വ്യൂവിനു പോയാല്‍ കൂടി അലസനായി വസ്ത്രം ധരിക്കുന്ന എന്റെ പതിവില്ലാത്ത ഒരുക്കം കണ്ട് മാമന്‍ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

എടാ ഒന്നു വെക്കം വരുമോ…. ഇനി എത്ര ഒരുങ്ങിയാലും നീ എന്റെ അനിന്ദ്രവനാ…..

മാമന്റെ കാടിക്കലത്തിനു അടികിട്ടിയപോലെയുള്ള മുഖത്തേക്ക് നോക്കിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ടു….

ജീവിതത്തിലാദ്യമായി അച്ഛനോടും അമ്മയോടും ദേഷ്യം തോന്നി…..

വരുന്നതു വരട്ടെ….. എന്തായാലും ശ്രമിച്ചു നോക്കം….. പരിശ്രമിക്കൂ ഭലം അവന്‍ നിശ്ചയിക്കും എന്നാണല്ലോ ആപ്തവാക്യം.

അതുവരെ ഉണ്ടായിരുന്ന മനൊബലം ഫ്ലാറ്റിനോട് അടുക്കുന്തോറും നഷ്ടമാകുന്നത് തിരിച്ചറിഞ്ഞു….

കൈകാലുകളില്‍ വിറയല്‍…. ശരീരമാകെ വിയര്‍ക്കുന്നു….. സത്യം പറഞ്ഞാല്‍ അപ്പിയിടണമെന്നു വരെ തോന്നി……

വാതില്‍ പാളിയില്‍ മുട്ടി മാമന്‍ ഞങ്ങളുടെ വരവറിയിക്കുമ്പോള്‍ ഞാനേതാണ്ട് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു……

തടിച്ചിരുണ്ട ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു പിന്നെ ഔപചാരികമായി “ആവോ ജീ…അന്തര്‍ ആക്കെ ബൈഠോ ജീ” എന്നു ക്ഷണിച്ചു……

മാമന്‍ അകത്തേക്ക് കയറി സോഫായില്‍ ഇരിപ്പുറപ്പിച്ചു….. ഞാന്‍ മാമനെ അനുകരിച്ചു…. പെണ്ണുകാണാന്‍ വന്ന പ്രതീതിയില്‍ ആയിരുന്നു ഞാന്‍….

തടിച്ചുരുണ്ട മറ്റൊരു രൂപം വളരെ പ്രയാസപ്പെട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു…. ഇത് ആണ്‍ രൂപമാണ്….

ഇതാണ് മാമന്റെ താഡനം ഏല്‍ക്കാന്‍ റെഡിയായി നില്‍ക്കുന്ന ശരീരം… മാമന്റെ പെരുമാറ്റങ്ങളില്‍ നിന്നു മനസ്സിലായി ……

വലിയ ഒരു പായ കൊണ്ടുവന്നു നിലത്തു വിരിച്ചു….. എട്ട് ദിക്കും കുലുക്കി ആ ദേഹം അതിലേക്ക് വീണു…..

എടാ ആ എണ്ണ എടുക്കൂ…..

മാമന്‍ ഭിഷഗ്വരനും… ഞാന്‍ നേഴ്സും ആയി…..

ആനയുടെ പുറത്ത് തിടമ്പേറ്റി ഇരിക്കും പോലെ രണ്ടുകാലുകളും വശങ്ങളിലേക്കിട്ട് എണ്ണപാത്രം കഴുത്തിനു താഴെയായി ഉറപ്പിച്ച് മാമന്‍ ഇരുപ്പായി…

എനിക്ക് നിര്‍ദ്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു…..

എന്റെ കണ്ണുകള്‍ ഉള്ളില്‍ പരതുകയായിരുന്നു…. സൂര്യകിരണങ്ങള്‍ തേടി!!!

ഇടയ്ക്ക് ശ്രദ്ധ തെറ്റിയപ്പോള്‍ ‘വായില്‍ നോക്കിയിരിക്കതെ ഇവിടെ ശ്രദ്ദിക്കൂ കഴുതെ” എന്ന ശകാരവും കേട്ടു.

“തിരുമ്മല്‍ കഴിഞ്ഞു….. സാബ് ഇനി അല്‍പ്പം ചൂടുവെള്ളം കിട്ടിയാല്‍ ഒന്നു ചൂടു വയ്ക്കാം” മാമന്‍ ആനപ്പുറത്തു നിന്നിറങ്ങി നിവര്‍ന്നു നിന്നു….

എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു വച്ചു കൊണ്ട് അയാള്‍ അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു….

“ബേഠീ…തോഡാ ഗരം പാനി ലാവോന”

‘അഭി ലായേഗേ ബാബാ” ഉള്ളില്‍ നിന്നു എന്നില്‍ ഒരു കോരിത്തരിപ്പുണ്ടാക്കി കിളിനാദം.

ഉള്ളില്‍ നിന്ന് പാദസ്വരങ്ങളുടെ ശബ്ദം അടുത്തു വരുന്തോറും എന്റെ ഹൃദയമിടുപ്പു കൂടി….

അവള്‍ പരിചയം കാണിക്കുമൊ?… അടുത്തു വന്നു എന്റെ സൌന്ദര്യം കാണുമ്പോള്‍ വെറുപ്പോടെ മുഖം വെട്ടിച്ചു പൊയ്ക്കളയുമോ?….

എന്റെ ആകാംഷക്കിടയില്‍ മനസ്സിനോട് ചോദ്യശരങ്ങള്‍ എയ്തുകൊണ്ടിരുന്നു…..

കര്‍ട്ടന്‍ നീക്കി ആ കിരണങ്ങള്‍ പ്രത്യക്ഷപെട്ടു….. ഞാന്‍ അതിനെ അടിമുടി ഒന്നുഴിഞ്ഞു…. എന്റെ ഭാവി വധുവാണ് നില്‍ക്കുന്നത്!

ഹാ….അടുത്തു കണ്ടപ്പോള്‍ അകലെ കണ്ടതിന്റെ ഇരട്ടി സൌന്ദര്യം….. സൂര്യന്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുമ്പോലെ അവളെന്റെ മുന്നില്‍ പുഞ്ചിരിച്ചു നിന്നു.

എല്ലാം മറന്ന് ആ സുന്ദര്യധാമത്തില്‍ ലയിച്ചു നില്‍ക്കുമ്പോളാണ് അവള്‍ നെഞ്ചോട് ചേര്‍ന്നു പിടിച്ചിരിക്കുന്ന വസ്തുവിലേക്ക് എന്റെ കണ്ണുകള്‍ ഉടക്കിയത്…..

തുണികൊണ്ട് പുതപ്പിച്ചിരിക്കുന്ന ആ വസ്തു ചലിക്കുന്നുണ്ട്…..

അത് ഒരു കുഞ്ഞുവാവയാണെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു!!!

ഹേയ് അതു അവളുടെ കുട്ടി ആയിരിക്കില്ല എന്നു സമാശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍, കിളവന്റെ ശബ്ദം “പാറപ്പുറത്തു ചിരട്ട ഉരക്കുമ്പോലെ“ എന്നെ അലോസപ്പെടുത്തിക്കൊണ്ട് കടന്നു വന്നു!

ഇതു എന്റെ കുട്ടിയാണ്…. ഹേമ…..കല്യാണം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി…..

കുഞ്ഞു ജനിച്ചിട്ട് രണ്ടു മാസമെ ആയിട്ടുള്ളു…. ഉടന്‍ അവള്‍ ഭതൃവീട്ടിലേക്ക് മടങ്ങി പോകും!!

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു…. “ഇതു നിനകു എന്റെ വക ചിന്ന പണി” എന്നവള്‍ മനസ്സില്‍ ചിന്തിച്ചോ?

ഇരുന്നിടം കുഴിഞ്ഞു പോകും പോലെ തോന്നി……. കുഴിയില്‍ വീഴുന്നതിനു മുന്‍പ് ഇരുന്നിടത്ത് നിന്ന് ചാടി എഴുനേല്‍റ്റു!

വിളറി നിന്ന എന്നെ നോക്കി മാമന്‍ ചോദിച്ചു…… എന്താടാ “അണ്ടി പോയ അണ്ണാനെ പോലെ“ നില്‍ക്കുന്നത്….. സാധങ്ങള്‍ എടുക്കൂ നമ്മുക്കു പോകാം….

ഇപ്പോള്‍ എന്റെ മുഖം നിങ്ങള്‍ക്ക് ഊഹിക്കാം….. സന്തൂര്‍ സോപ്പിന്റെ പരസ്യത്തിലെ മാധവനെ പോലെ!!

പക്ഷെ അന്നു ഞാന്‍ മനസ്സില്‍ കുറിച്ചു….. ‘മ’ സലാം മുംബൈ!